കരുനാഗപ്പള്ളി. കെ എസ് ആർടിസി ബസ് ഇരുചക്ര വാഹനത്തിൽ തട്ടി വീട്ടമ്മ മരിച്ചു.മരുതൂർ കുളങ്ങര സ്വദേശി ത്രേസ്യാമ്മ 58 ആണ് മരിച്ചത്. ഗുരുതരമായി പരുക്കോ ഭർത്താവ് ശ്രീകുമാറി ( 62 ) വണ്ടാനം മെഡിക്കൽ കൊളജിൽ പ്രവേശിപ്പിച്ചു. ഒരേ ദിശയിൽ വന്ന KSRTC ഓർഡിനറി ബസുമായി കൂട്ടിയുരുമ്മിയാണ് അപകടം. ഇരുചക്ര വാഹനത്തിൽ ഭർത്താവുമൊത്ത് വരുമ്പോഴാണ് അപകടം. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് റോഡിലെ ഗതാഗതം നിയന്ത്രിക്കുന്നതിനാൽ തിങ്ങി ഞെ രുങ്ങിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതിനിടയിൽ തിരക്കുകൂട്ടുന്ന വലിയ വാഹനങ്ങൾ ഇരു ചക്ര വാഹന യാത്രക്കാരുടെ ജീവൻ പന്താടുകയാണ്. .
ഇളയ മകന്റെ ഭാര്യയോട് പ്രണയം, മകൻ അറിഞ്ഞപ്പോൾ വീട് മാറി, ഹോളി ദിവസം വീട്ടിലെത്തിയ മകനെ നെഞ്ചിൽ കത്തിയിറക്കി കൊന്നു
ആഗ്ര: മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനോട് കാണിച്ച കൊടും ക്രൂരതയുടെ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പുഷ്പേന്ദ്ര ചൗഹാൻ എന്ന 26കാരൻ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ആഗ്രയിലെ ലധംദ ഗ്രാമത്തിലെ ജഗ്ദീഷ്പുരയിൽ ഹോളി ദിനത്തിലായിരുന്നു സംഭവം. പുഷ്പേന്ദ്രയെ കൊലപ്പെടുത്തിയത് സ്വന്തം പിതാവാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിൽ വെടിയുണ്ട വച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.
മാർച്ച് 14-നാണ് പുഷ്പേന്ദ്ര ചൗഹാനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ് ആത്മഹത്യ ചെയ്തെന്നാണ് പിതാവ് ചരൺ സിംഗ് പൊലീസിനെ അറിയിച്ചത്. ഹോളി ആഘോഷിക്കാൻ വീട്ടിലെത്തിയതായിരുന്നു പുഷ്പേന്ദ്രയെന്നും പിതാവ് മൊഴി നൽകിയിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ ചരൺ സിംഗിനെയും പുഷ്പേന്ദ്രയുടെ മുത്തശ്ശി ചന്ദ്രാവതിയുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തുടർന്ന് പുഷ്പേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
ഒടുവിൽ ഇരയുടെ പിതാവും പ്രതിയുമായ ചരൺ സിംഗിന് മരുമകളുടെ മേൽ കണ്ണുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പലപ്പോഴായി മരുമകളോട് താൽപര്യമുള്ളതായി പിതാവ് പുഷ്പേന്ദ്രയോട് പറയുന്നതുവരെയും കാര്യങ്ങളെത്തി. ഈ വിഷയത്തെ ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് പുഷ്പേന്ദ്ര മഥുരയിലേക്ക് താമസം മാറിയിരുന്നു. ഹോളി ദിനത്തിൽ പുഷ്പേന്ദ്ര ആഗ്രയിലെ വീട്ടിലേക്ക് തനിച്ചായിരുന്നു വന്നത്. മരുമകളെ കൂടെ കൊണ്ടുവരാത്തതിനെച്ചൊല്ലി അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി.
സംഭവദിവസം രണ്ടുപേരും മദ്യപിച്ചിരുന്നു. വഴക്കിനിടെ ദേഷ്യത്തിൽ ചരൺ സിംഗ് മകൻ്റെ നെഞ്ചിൽ കത്തികൊണ്ട് കുത്തി. ഇത് പുഷ്പേന്ദ്രയുടെ മരണത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ, മുറിവിനുള്ളിൽ ഒരു വെടിയുണ്ട തിരുകി കയറ്റുകയും ഒരു പിസ്റ്റൾ അടുത്തായി ഇടുകയും ചെയ്തുവെന്ന് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ സോനം കുമാർ അറിയിച്ചു. ആദ്യ ദിവസം മുതൽ തന്നെ പൊലീസിന് പിതാവ് ചരൺ സിംഗിൽ സംശയമുണ്ടായിരുന്നു. തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച പ്രതിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിദിന പാർക്കിങ് ഫീസ് 26,261 രൂപ; എഫ് 35 ബി ബ്രിട്ടനിലേക്ക് പറക്കുമ്പോൾ അദാനിക്ക് കിട്ടുന്നത്……
തിരുവനന്തപുരം: ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി പോര്‍വിമാനം അറ്റകുറ്റപ്പണി കഴിഞ്ഞു പോകുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിനു കിട്ടും ഏകദേശം പത്തു ലക്ഷത്തോളം രൂപ. ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ്. ജൂണ്‍ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ജൂലൈ 22ന് വിമാനം മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ 38 ദിവസത്തെ വാടകയാവും ഈടാക്കുക.
വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കാണ് ബ്രിട്ടിഷ് അധികൃതര്‍ നല്‍കേണ്ടി വരുന്നത്. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ക്കിങ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1-2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്.
തേവലക്കര സ്കൂൾ ‘ഫിറ്റാ’ണ്, സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് പുറത്ത്
ശാസ്താംകോട്ട:
13കാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്സ് ഹൈസ്കൂൾ കെട്ടിടത്തിന് പഞ്ചായത്ത് അസ്സി.എഞ്ചിനിയർ നൽകിയ സർട്ടിഫിക്കറ്റ് പുറത്ത്. സർട്ടിഫിക്കറ്റ് നൽകിയത് മെയ് 29 നാണ്.
കോൺഗ്രസ് ഭരിക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്താണ് സി പി എം നിയന്ത്രണത്തിലുള്ള സ്ക്കുളിന് ഫിറ്റ്നസ് നൽകിയത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾക്ക് മുമ്പ് നൽകിയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്ക്കൂൾ പ്രവർത്തിച്ച് വന്നത്.
ഇതിനിടെ മിഥുൻ്റെ വീട്ടിലെത്തി കെഎസ്ഇബി പ്രഖ്യാപിച്ച ആദ്യഗഡു ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് ചീഫ് എഞ്ചിനിയർ നൽകി. കോവൂർ കുഞ്ഞുമോൻ എം എൽ എ യും ഒപ്പമുണ്ടായിരുന്നു.മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും പടിഞ്ഞാറേക്കല്ലട വിളന്തറയിലുള്ള മിഥുൻ്റെ വീട് സന്ദർശിച്ചു.
‘ചിക്കൻ വിളമ്പരുത്, സസ്യാഹാരം വിളമ്പുക, അല്ലെങ്കിൽ പൂട്ടുക’; കെഎഫ്സിക്ക് മുന്നിൽ ഹിന്ദുരക്ഷാ ദൾ പ്രവർത്തകരുടെ പ്രതിഷേധം
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്ത് കെഎഫ്‌സി ഔട്ട്‌ലെറ്റിന് പുറത്ത് ഹിന്ദു രക്ഷാ ദൾ പ്രവർത്തകരുടെ പ്രതിഷേധം. കൻവാർ യാത്രക്കിടെ ഔട്ട്ലെറ്റിൽ മാംസാഹാരം വിളമ്പരുതെന്നും സസ്യാഹാരം മാത്രമേ വിളമ്പാവൂവെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുരക്ഷാ ദൾ പ്രവർത്തകർ സമരം നടത്തിയത്. ചിലർ ഔട്ട്‌ലെറ്റിന്റെ ഷട്ടർ വലിച്ച് താഴ്ത്താനും ശ്രമിച്ചു. പ്രതിഷേധക്കാർ റസ്റ്റോറന്റിൽ പ്രവേശിച്ച് മുദ്രാവാക്യങ്ങൾ മുഴക്കുകയും ശ്രാവണ മാസത്തിൽ ഔട്ട്ലെറ്റ് അടച്ചുപൂട്ടുകയോ അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
കൻവാർ യാത്രയിൽ മാംസാഹാരം വിളമ്പുന്നതിൽ എല്ലാ ഭക്ഷണശാലകളും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അല്ലെങ്കിൽ സസ്യാഹാരം മാത്രം വിളമ്പണമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പിങ്കി ചൗധരി പറഞ്ഞു. ജില്ലയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിഷേധക്കാർ പൊതുക്രമം ലംഘിച്ചുവെന്നും സംഭവം ശ്രദ്ധയിൽപ്പെട്ട ഡിസിപി നിമിഷ് പാട്ടീൽ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 പ്രകാരം തിരിച്ചറിയാത്ത 10 വ്യക്തികൾക്കെതിരെ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.
മിഥുന്റെ സംസ്കാരം നാളെ… മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെക്കും
കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം. മിഥുന്റെ തുർക്കിയിലുള്ള മാതാവ് സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.
സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നുമാണ് വിവരം. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്ന് കരുതുന്നു.
വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പഞ്ചായത്തിന്‍റെ വീഴ്ച അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം തദ്ദേശ മന്ത്രിയോട് ആവശ്യപ്പെടുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. പ്രധാന അധ്യാപികയ്ക്കും സ്കൂള്‍ മാനേജ്മെന്‍റിനും ഗുരുതരവീഴ്ചയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സ്കൂളിലെ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ സർക്കാർ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എന്നാല്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചപറ്റിയെന്ന് ഇന്നലെ സമ്മതിച്ച വൈദ്യുതിമന്ത്രിയാകട്ടെ ഇന്ന് ചുവടുമാറ്റുകയും ചെയ്തു.
ധർമ്മസ്ഥല കൊലപാതക പരമ്പര; നിർണായക നീക്കവുമായി സർക്കാർ, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും
ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധർമ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്കാരം എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എസ്ഐടി രൂപീകരിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ല. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി പൊലീസ് റിപ്പോർട്ട് നൽകിയതിനു ശേഷം ഇക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
ധർമ്മസ്ഥല കേസുമായി റിട്ട ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ ഒരു കൂട്ടം അഭിഭാഷകർ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയത്. എസ്ഐടി രൂപീകരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ തീർച്ചയായും രൂപീകരിക്കുമെന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം. പത്തു വർഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് രംഗത്തെത്തിയത്.
ഇദ്ദേഹം ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊലപാതകങ്ങൾക്ക് താൻ സാക്ഷിയാണെന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നൽകണമെന്നും അന്വേഷവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് മുൻ ജീവനക്കാരൻറെ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവർഷത്തോളം ഒളിവിലായിരുന്ന വ്യക്തിയാണ് ഇപ്പോൾ സെക്ഷൻ 164 പ്രകാരം ബെൽത്തങ്ങാടി കോടതിയിൽ രഹസ്യ മൊഴി നൽകിയതെന്നും ഇതുസംബന്ധിച്ച രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് റിപ്പോർട്ട് നൽകുമെന്നും അതിനുശേഷം തുടർനടപടിയുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ധർമ്മസ്ഥല ക്ഷേത്രത്തിൽ 1995-2014 കാലത്ത് ജോലി ചെയ്തയാളാണ് വെളിപ്പെടുത്തൽ നടത്തിയത്. മൊഴിയെ തുടർന്ന് സ്ഥലത്ത് കുഴിച്ച് പരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നെങ്കിലും ഒരാഴ്ചയായിട്ടും നടപടി തുടങ്ങിയിട്ടില്ല. സ്വന്തം കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ മുൻ ജീവനക്കാരൻ ധർമസ്ഥലയിൽ നിന്ന് ഒളിച്ചോടി. അയൽസംസ്ഥാനങ്ങളിൽ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം തിരിച്ചെത്തുകയായിരുന്നുവെന്നാണ് മൊഴി.
ഭര്‍ത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നത് വിവാഹമോചനത്തിന് കാരണമാണെന്ന് കോടതി
മുംബൈ: ഭര്‍ത്താവുമായി ശാരീരിക ബന്ധം നിഷേധിക്കുന്നതും അയാള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും ക്രൂരതയ്ക്ക് തുല്യമാണെന്നും വിവാഹമോചനത്തിന് കാരണമാണെന്നും ബോംബെ ഹൈക്കോടതി. കുടുംബക്കോടതിയുടെ വിവാഹമോചന ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രേവതി മോഹിതെ ഡെറെ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജി അനുവദിച്ച കുടുംബക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഭാര്യയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഒരു ലക്ഷം രൂപ മാസം ജീവനാംശം ലഭിക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. 2013ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. 2015ല്‍ ഭാര്യയുടെ ക്രൂരത ആരോപിച്ച് ഭര്‍ത്താവ് പൂന കുടുംബ കോടതിയെ സമീപിച്ചു. കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവിനോട് തനിക്ക് ഇപ്പോഴും സ്‌നേഹമുണ്ടെന്നും അതിനാല്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കല്‍, വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കല്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ജീവനക്കാരുടേയും മുന്നില്‍ തന്നെ അപമാനിച്ചുകൊണ്ട് മാനസികമായി പീഡിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ ആരോപിച്ചത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കുന്നതും അംഗ വൈകല്യമുള്ള സഹോദരിയോടുള്ള ഭാര്യയുടെ പെരുമാറ്റം വേദനയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
യുപിഐ ഇടപാടുകൾ നിർത്തി വ്യാപാരികൾ, തീരുമാനം വാണിജ്യവകുപ്പിന്റെ നോട്ടീസിന് പിന്നാലെ, പ്രതിസന്ധി
ബെംഗളൂരു: സംസ്ഥാന വാണിജ്യവകുപ്പ് നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് യുപിഐ വഴി പണം സ്വീകരിക്കുന്നത് നിർത്തി കർണാടകയിൽ വ്യാപാരികളുടെ പ്രതിഷേധം. ഒരുവിഭാഗം വ്യാപാരികളാണ് പ്രതിഷേധിക്കുന്നത്. കർണാടകയിൽ സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്കരണം. പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികൾ സ്ഥാപനങ്ങളിൽ കറൻസി നോട്ടുകൾ മാത്രമേ സ്വീകരിക്കൂ എന്ന ബോർഡ് സ്ഥാപിച്ചു.
ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണമെന്നാണ് നിയമം. യുപിഐ പേമെന്റുകൾ സ്വീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെ, നിരവധി വ്യാപാരികളുടെ വിറ്റുവരവ് 40 ലക്ഷത്തിലേറെയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വാണിജ്യവകുപ്പ് വിശദീകരണം തേടി നോട്ടിസ് അയച്ചത്.
വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കടന്ന 14,000 വ്യാപാരികളെ വകുപ്പ് കണ്ടെത്തി. നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്നും അത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവരെ യുപിഐ ഇടപാടുമാത്രം വിലയിരുത്തി ജിഎസ്ടി രജിസ്ട്രേഷനെടുക്കാനും നികുതിയടയ്ക്കാനും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാർ പ്രതിഷേധിക്കുന്നത്. ജൂലൈ 25ന് കർണാടകയിൽ ബന്ദ് ആചരിക്കാനും വ്യാപാരികൾ ആഹ്വാനം ചെയ്തു. എന്നാൽ നികുതി അടയ്ക്കാനാല്ല നോട്ടീസ് അയച്ചതെന്നാണ് വാണിജ്യവകുപ്പിന്റെ വിശദീകരണം.






































