Home Blog Page 783

അമ്മയുമായി സ്കൂട്ടറിൽ പോയ യുവതിയുടെ കഴുത്തിൽ കേബിൾ കുരുങ്ങി; വാഹനം മറിഞ്ഞ് അപകടത്തിൽ 2 പേർക്കും പരിക്ക്

പത്തനംതിട്ട: കേബിൾ കഴുത്തിൽ കുരുങ്ങി വീണ്ടും അപകടം. പത്തനംതിട്ട കീഴ്വായ്പ്പൂര് സമരമുക്കിലാണ് സംഭവം. കങ്ങഴ സ്വദേശികളായ അഖില (24) , അമ്മ ശ്രീലേഖ എന്നിവരാണ് അപകടത്തിൽപെട്ടത്. ശ്രീലേഖയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി. ഇലക്ട്രിക് പോസ്റ്റിൽ കെട്ടിവെച്ചിരുന്ന കേബിൾ താഴേക്ക് വീണതിനെ തുടർന്ന് അഖിലയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന ഗുരുവിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധം, കേരളം തള്ളിക്കളയും; എം. സ്വരാജ്

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വർഗ്ഗീയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ തീർത്തും നിരുത്തരവാദപരമാണ്. ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണിത്. മതനിരക്ഷേ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങൾ കേരളം തള്ളിക്കളയുമെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു .

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍രെ വർഗീയ പരാമർശ. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നുമായിരുന്നു കോട്ടയത്ത് നടന്ന എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ പ്രസം​ഗിക്കവെ വെള്ളാപ്പള്ളിയുടെ പരാമർശം. കേരളത്തിൽ ഈഴവർ ജാതി പറഞ്ഞാൽ വിമർശനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് “തൊഴിലുറപ്പ്” പദ്ധതിയിൽ മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പ്രസം​ഗത്തിൽ പറഞ്ഞു.

വർഗീയ പരാമർശ വിവാദത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം, കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്നും വ്യക്തമാക്കി. ഞാൻ പാവങ്ങൾക്കു വേണ്ടി നിൽക്കുന്നവനാണ്. പണക്കാർക്ക് എന്നെ ഇഷ്ടമല്ല. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നു പന്തലിച്ചു. അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ; ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം' കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ;ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം’
‘വർഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളു’ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. ഞാനാണോ ഇവിടെ വർഗീയത പരത്തുന്നത്. എൻ്റെ സമുദായത്തിന് വേണിയാണ് ഞാൻ സംസാരിക്കുന്നത്. നമ്മളെന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നാകും. ശേഷം എല്ലാരും കൂടി തന്നെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇവർ ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാൽ അത് മതസൗഹാർദം. എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷമാണെന്നാണ് ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

തകര്‍ന്ന കെട്ടിടത്തിൽ ഒരു വർഷമായി ക്ലാസുകൾ നടക്കുന്നില്ലെന്ന് പ്രധാന അദ്ധ്യാപകൻ, തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും

ആലപ്പുഴ : കാര്‍ത്തിക പള്ളിയിൽ തകര്‍ന്നു വീണ സ്കൂൾ കെട്ടിടം പ്രവര്‍ത്തിക്കുന്നതായിരുന്നില്ലെന്ന പ്രധാന അദ്ധ്യാപകൻ ബിജുവിന്റെ വാദം തള്ളി വിദ്യാര്‍ത്ഥികളും നാട്ടുകാരും. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗമാണ് തകര്‍ന്നതെന്നും ഈ കെ‌ട്ടിടത്തിൽ ഒരു വര്‍ഷമായി ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നുമായിരുന്നു പ്രധാന അദ്ധ്യാപകൻ വിശദീകരിച്ചത്. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകളേ ആയിട്ടുള്ളു. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ ന‌ടന്നുവരികയാണെന്നും അധ്യാപകൻ വിശദീകരിച്ചിരുന്നു.

എന്നാൽ പ്രധാന അധ്യാപകനെ പൂര്‍ണമായും തള്ളുകയാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും. ക്ലാസുകൾ കഴിഞ്ഞ ആഴ്ച വരെ പ്രവ‍ര്‍ത്തിച്ചിരുന്നതായാണ് കുട്ടികളും നാട്ടുകാരും ചില രക്ഷിതാക്കളും പ്രതികരിച്ചത്. അപകടം നടന്നതിന് പിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്ക്കും എടുത്ത് മാറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് പ്രതിഷേധം ശക്തമാണ്.

കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ മഴയിൽ ഇന്ന് രാവിലെ തകര്‍ന്ന് വീണത്. അവധി ദിവസമായതിനാൽ കുട്ടികളില്ലാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. കെട്ടിടം പ്രവര്‍ത്തിച്ചിരുന്നോ എന്നതിൽ ഇതുവരെയും വ്യക്തതയായിട്ടില്ല.

കാർത്തികപ്പള്ളി യു പി സ്കൂളിലെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് വീണ കെട്ടിടം അപകടാവസ്ഥയിലായിരുന്നതിനാൽ ഈ വർഷം ഫിറ്റ്നസ് നൽകിയിരുന്നില്ലെന്ന് ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ വ്യക്തമാക്കി. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

പണമില്ലെങ്കിൽ ടയർ ഉരുളില്ല ‘എംവിഡി’യിൽ അടിമുടി തരികിട, കാശുമായി കറങ്ങുന്ന ഏജന്റുമാർ, ‘ക്ലീൻ വീൽസി’ൽ കണ്ടത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതി സംബന്ധിച്ച് ലഭിച്ച വിവരങ്ങളെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തി. “ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിലായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലുമായി ആകെ 81 ഓഫീസുകളിൽ ഇന്നലെ വൈകുന്നേരം 04:30 മുതൽ സംസ്ഥാന വ്യാപക പരിശോധന നടന്നു.

പരിശോധനയുടെ ഭാഗമായി വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനെത്തിയ 11 ഏജൻ്റുമാരിൽ നിന്ന് 1,40,760 പിടിച്ചെടുത്തു. നിലമ്പൂർ സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് പരിസരത്ത് നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും, വൈക്കം സബ്-റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ജനലിൽ ഒളിപ്പിച്ച നിലയിൽ പണവും കണ്ടെത്തി. 21 ഉദ്യോഗസ്ഥർ വിവിധ ഏജൻ്റുമാരിൽ നിന്ന് 7,84,598 രൂപ യുപിഐ ഇടപാടിൽ നിയമവിരുദ്ധമായി കൈപ്പറ്റിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

കൈക്കൂലി ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ഓൺലൈൻ അപേക്ഷകൾ ചെറിയ അപാകതകൾ ചൂണ്ടിക്കാട്ടി നിരസിക്കുകയും മനഃപൂർവം കാലതാമസം വരുത്തുകയും ചെയ്യുന്നു. എന്നാൽ ഏജൻ്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വേഗത്തിൽ തീരുമാനമെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാക്കുന്നതിനും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഡ്രൈവിംഗ് സ്കൂൾ ഉടമകളും വാഹന ഷോറൂമുകളിലെ ഏജൻ്റുമാരും വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്ക് വേണ്ടത്ര പരിശോധനകൾ നടത്താതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും കൈക്കൂലി വാങ്ങി അനുവദിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ജില്ല തിരിച്ചുള്ള വിവരങ്ങൾ

തിരുവനന്തപുരം: ആർ.ടി.ഒ.യിലെ ഒരു ഉദ്യോഗസ്ഥൻ ഗൂഗിൾ പേ വഴി 16,400 ഏജൻ്റുമാരിൽ നിന്ന് കൈപ്പറ്റി. വർക്കല എസ്.ആർ.ടി.ഒ.യിലെ രണ്ട് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി 82,203 കൈപ്പറ്റി.

പത്തനംതിട്ട: തിരുവല്ല എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 4,000 സഹിതം പിടികൂടി. ഇതേ ഏജൻ്റ് ഒരു ഉദ്യോഗസ്ഥയ്ക്ക് 2,500 ഗൂഗിൾ പേ വഴി അയച്ചതായും കണ്ടെത്തി.

ആലപ്പുഴ: ചേർത്തല എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 10,000 സഹിതം പിടികൂടി. ഇതേ ഏജൻ്റ് ഒരു ഉദ്യോഗസ്ഥന് 1,500 ഗൂഗിൾ പേ വഴി അയച്ചതായും കണ്ടെത്തി.

കോട്ടയം: പാല എസ്.ആർ.ടി.ഒ.യിൽ ഓഫീസിനുള്ളിൽ പ്രവേശിക്കാൻ വിലക്കുള്ള 2 ഏജൻ്റുമാരെ ഉദ്യോഗസ്ഥരോടൊപ്പം കണ്ടതിനെ തുടർന്ന് വിജിലൻസ് പിടികൂടി.

ഇടുക്കി: വണ്ടിപ്പെരിയാർ എസ്.ആർ.ടി.ഒ.യിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന ₹16,000 സഹിതം ഒരു ഏജൻ്റിനെയും, ഉടുമ്പൻചോല എസ്.ആർ.ടി.ഒ.യിൽ ₹66,630 സഹിതം മറ്റൊരു ഏജൻ്റിനെയും വിജിലൻസ് പിടികൂടി.

എറണാകുളം: എറണാകുളം ആർ.ടി.ഒ.യിലെ ഒരു ഉദ്യോഗസ്ഥൻ ഏജൻ്റുമായി ₹71,500 രൂപയുടെ പണമിടപാട് നടത്തിയതായി കണ്ടെത്തി. ഗുരുവായൂർ എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ ₹2,240 സഹിതം കണ്ടെത്തി.

മലപ്പുറം: മലപ്പുറം ആർ.ടി.ഒ.യിൽ രണ്ട് ഏജൻ്റുമാരെ 7,120 സഹിതം പിടികൂടി. നിലമ്പൂർ എസ്.ആർ.ടി.ഒ.യിൽ ഒരു ഏജൻ്റിനെ 4,500 സഹിതവും, രണ്ട് ഉദ്യോഗസ്ഥർ ഏജൻ്റുമാരിൽ നിന്ന് 42,743 കൈപ്പറ്റിയതായും, 49,300 ഓഫീസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തി. തിരൂരങ്ങാടി എസ്.ആർ.ടി.ഒ.യിൽ ഒരു ഉദ്യോഗസ്ഥൻ ഏജൻ്റിൻ്റെ പക്കൽ നിന്ന് 40,000 ഗൂഗിൾ പേ വഴി കൈപ്പറ്റിയതായി കണ്ടെത്തി.

കോഴിക്കോട്: കൊടുവള്ളി എസ്.ആർ.ടി.ഒ.യിൽ ഉദ്യോഗസ്ഥരും ഏജൻ്റുമാരും തമ്മിൽ 2,15,295 രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടന്നതായി കണ്ടെത്തി. വടകര ആർ.ടി.ഒ.യിൽ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 9,250 ഒരു ഏജൻ്റിൽ നിന്ന് പിടിച്ചെടുത്തു.

വയനാട്: കല്പറ്റ ആർ.ടി.ഒ.യിൽ രണ്ട് ഉദ്യോഗസ്ഥർ ഏജൻ്റുമാരുമായി 35,800 രൂപയുടെ ഗൂഗിൾ പേ ഇടപാടുകളും, സുൽത്താൻ ബത്തേരി ആർ.ടി.ഒ.യിൽ ഒരു ഉദ്യോഗസ്ഥന് ഏജൻ്റ് 6,000 ഗൂഗിൾ പേയിൽ അയച്ചതായും കണ്ടെത്തി.

കാസർഗോഡ്: കാസർഗോഡ് ആർ.ടി.ഒ.യിൽ രണ്ട് ഏജൻ്റുമാരെ ഉദ്യോഗസ്ഥർക്ക് നൽകാനായി കൊണ്ടുവന്ന 21,020 സഹിതം പിടികൂടി. വെള്ളരിക്കുണ്ട് സബ് ആർ.ടി.ഒ.യിൽ ഏജൻ്റുമാർ രണ്ട് ഉദ്യോഗസ്ഥർക്ക് 2,66,300 ഗൂഗിൾ പേ വഴി അയച്ചതായും കണ്ടെത്തി.

മിന്നൽ പരിശോധനയുടെ ഭാഗമായുള്ള തുടരന്വേഷണം വരും ദിവസങ്ങളിലും തുടരുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു. ഉദ്യോഗസ്ഥരുടെയും ഏജൻ്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് മന്ത്രി റിയാസിന് റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സിപിഎം പ്രവർത്തന്‍റെ തുറന്ന കത്ത്; ‘ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണം’

പാലക്കാട്: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ സി പി എം പ്രവർത്തൻ രംഗത്ത്. ബൈക്ക് യാത്രക്കിടെ ഒറ്റപ്പാലം – മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ പിലാത്തറ സ്വദേശി കബീറിനാണ് ഫേസ്ബുക്കിലൂടെ മന്ത്രിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയത്. പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന്‍റെ കാരണമെന്നും ഉദ്യോഗസ്ഥ അനാസ്ഥക്ക് പരിഹാരം കാണണമെന്നുമാണ് കബീർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പാലം പി ഡബ്ല്യു ഡി ഓഫീസിൽ പോയി എ ഇ യോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും പരിഹാരം കണ്ടിട്ടില്ലെന്നും കബീർ വ്യക്തമാക്കി. ആരെങ്കിലും അപകടം പറ്റി മരണപ്പെടുന്നത് കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു ഇതെല്ലാം ശരിയാക്കാനെന്നും സി പി എം പ്രവർത്തകൻ വിമർശിച്ചു. സർക്കാർ ഏത്ര നന്നായിട്ടും കാര്യമില്ലെന്നും ഉദ്യോഗസ്ഥർ നന്നാവില്ലെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കബീറിന്‍റെ കുറിപ്പ് പൂ‍ർണരൂപത്തിൽ

PWD ഉദ്യോഗസ്ഥരുടെ അനാസ്ഥ..

ഇന്നു രാത്രി പൂളകുണ്ട് ഡബിൾ പോസ്റ്റ് കഴിഞ്ഞ് കാഞ്ഞിര കടവിലേക്ക് വരുമ്പോൾ റോഡിൽ ഉളള കുഴിയിൽ പെട്ട് ബൈക്കിൻ്റെ നിയന്ത്രണം പോയി റോട്ടിൽ വീണു എനിക്കു പറ്റിയ അപകടത്തിൻ്റെ ഉത്തരവാദി ഒറ്റപ്പാലം PWD AE യും മറ്റ് ഉദ്യോഗസ്ഥരും തന്നെയാണ്. ഞാൻ പല തവണ വിളിച്ച് അദ്ദേഹത്തോട് ഈ കുഴികളുടെ കാര്യം സൂചിപ്പിച്ചപ്പോൾ എത്രയും പെട്ടെന്ന് അടയ്ക്കാം എന്ന് പറഞ്ഞതാണ്. ഇത് വരേയും അദ്ദേഹത്തിന് കുഴികൾ അടക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഞാൻ വീണത്തിന് ശേഷവും അദ്ദേഹത്തിന് വിളിച്ച് പറഞ്ഞിട്ടുണ്ട്.ആരെങ്കിലും അപകടം പറ്റി മരണപ്പെടുന്നത് കാത്ത് നിൽക്കുകയാണെന്ന് തോന്നുന്നു. ഇതെല്ലാം ശരിയാക്കാൻ..

സർക്കാര് ഏത്ര നന്നായിട്ടും കാര്യമില്ല..

ഉദ്യോഗസ്ഥർ നന്നാവില്ല.

നേരത്തെ ഒറ്റപ്പാലം – മണ്ണാർക്കാട് റോഡിലെ കുഴിയിൽ വീണാണ് കബീറിന് പരിക്കേറ്റത്. ഒറ്റപ്പാലത്ത് നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഒറ്റപ്പാലം ചുനങ്ങാട് പൂളക്കുണ്ട് ഡബിൾ പോസ്റ്റിന് സമീപത്തെ കുഴിയിൽപ്പെട്ടായിരുന്നു അപകടം. ഇതിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധവും ഉയർന്നിരുന്നു.

നാടിനെ നടുക്കി സർക്കാർ ആശുപത്രിയിൽ ക്രൂര കൊലപാതകം; 27 വയസുകാരിയെ ഭർത്താവ് കുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട് കരൂരിലെ സർക്കാർ ആശുപത്രിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. 27 വയസുകാരി ശ്രുതിയാണ് മരിച്ചത്. പുലർച്ചെ നാലരയോടെ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതി വിശ്രുത് ഒളിവിൽ പോയെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.

കരൂർ കുളിത്തലൈ സ്വദേശിയായ വിശ്രുത് ആണ് 27 കാരിയായ ഭാര്യ ശ്രുതിയെ കൊലപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. രണ്ട് മക്കളുണ്ട്. ചെന്നൈയിൽ ഡ്രൈവറായിരുന്നു വിശ്രുത്. ഇന്നലെ ഇയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യയുമായി വഴക്കുണ്ടായി. വിശ്രുതിൻറെ മർദ്ദനത്തിൽ മൂക്ക് പൊട്ടി ചോരയൊലിച്ച നിലയിൽ രാത്രി ശ്രുതിയെ കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാലരയോടെ ആശുപത്രിയിലെത്തിയ വിശ്രുത് ശ്രുതിയുടെ മുറിയിൽ കയറി അരയിലൊളിപ്പിച്ച കത്തി കൊണ്ട് മൂന്ന് തവണ കുത്തി. തൽക്ഷണം ശ്രുതി മരിച്ചു. ആശുപത്രി ജീവനക്കാർ എത്തും മുൻപേ വിശ്രുത് ഇറങ്ങിയോടി. ശ്രുതിയുടെ മൃതദേഹം കരൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജയലളിതയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി രാമസ്വാമിയുടെ മകനാണ് വിശ്രുത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

നിത്യനിദ്രയിൽ ‘ഉറങ്ങുന്ന രാജകുമാരൻ’: ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് പിതാവ്; സംസ്കാര ചടങ്ങുകൾ മൂന്ന് ദിവസങ്ങളിലായി നടക്കും

റിയാദ്: ‘സ്ലീപിങ് പ്രിൻസ്’ എന്നറിയപ്പെട്ടിരുന്ന സൗദി രാജകുമാരൻ അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. 2005-ലുണ്ടായ വാഹനാപകടത്തെത്തുടർന്ന് 20 വർഷത്തോളമായി കോമയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സൗദി റോയൽ കോർട്ട് സൗദി പ്രസ് ഏജൻസിയിലൂടെയാണ് അറിയിച്ചത്. ഇന്നലെ (19) ആണ് മരണവിവരം പുറത്തുവിട്ടതെങ്കിലും സംസ്കാര ചടങ്ങുകൾ ഇന്ന്(20) അസ‍ർ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും.

അല്ലാഹുവിന്റെ വിധികളിൽ ഉറച്ച വിശ്വാസത്തോടെയും അഗാധമായ ദുഃഖത്തോടെയും നമ്മുടെ പ്രിയപുത്രൻ പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ വിയോഗത്തിൽ ഞങ്ങൾ വിലപിക്കുന്നുവെന്ന് രാജകുമാരന്റെ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ തന്റെ ദുഃഖം പങ്കുവച്ചു. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം നൽകട്ടെ, അദ്ദേഹം ഇന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് മടങ്ങി.

പ്രിൻസ് അൽവലീദിന്റെ സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്ന് ദിവസങ്ങളിൽ നടക്കും. പുരുഷന്മാർക്കുള്ള പ്രാർഥന ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അസ്ര് നമസ്കാരത്തിന് ശേഷവും സ്ത്രീകൾക്കുള്ള പ്രാർഥന കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ ദുഹ്ർ നമസ്കാരത്തിന് ശേഷവും നടക്കും. അനുശോചന ചടങ്ങുകൾ പുരുഷന്മാർക്കായി അൽ-ഫാഖിരിയയിലെ പ്രിൻസ് അൽ-വലീദ് ബിൻ തലാലിന്റെ കൊട്ടാരത്തിലും, സ്ത്രീകൾക്കായി മഗ് രിബ് നമസ്കാരത്തിന് ശേഷം അൽ ഫാഖിരിയ കൊട്ടാരത്തിലും പ്രിൻസ് തലാൽ ബിൻ അബ്ദുൽ അസീസ് കൊട്ടാരത്തിലും ഒരുക്കിയിട്ടുണ്ട്.

ഇസ്‌ലാമിലെ ഏറ്റവും പുണ്യദിനങ്ങളിൽ റമസാനിലെ അവസാന രാവുകൾ മുതൽ പെരുന്നാൾ ദിവസങ്ങൾ വരെ പ്രിൻസ് ഖാലിദ് ബിൻ തലാൽ തന്റെ മകനുവേണ്ടി പ്രാർഥിക്കുന്നത് ഒരിക്കലും നിർത്തിയിരുന്നില്ല. റമസാനിലെ 29-ാം രാവിൽ തഹജ്ജുദ് നമസ്കാരത്തിന്റെ നിശ്ശബ്ദതയിലായാലും പെരുന്നാളിലെ കുടുംബ സന്ദർശനങ്ങളിലായാലും ദുഃഖിതനായ ഈ പിതാവ് ഉറച്ച വിശ്വാസത്തോടെ തന്റെ പ്രിയപുത്രന് സുഖം പ്രാപിക്കാൻ വേണ്ടി ആത്മാർഥമായി പ്രാർഥിച്ചിരുന്നു. ഈ വർഷം ജൂണിൽ പെരുന്നാളിന്റെ മൂന്നാം ദിവസം പ്രിൻസ് ഖാലിദ് ബിൻ തലാൽ തന്റെ മറ്റ് രണ്ട് മക്കൾക്കൊപ്പം പ്രിൻസ് അൽവലീദിനെ സന്ദർശിച്ചിരുന്നു. ആ നിമിഷത്തിൽ വികാരഭരിതനായ പ്രിൻസ് ഖാലിദ്, തന്റെ മകൻ്റെ ആരോഗ്യത്തിനായി പ്രാർഥിച്ചുകൊണ്ട് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരുന്നു.

വെടിനി‍ര്‍ത്തലാകുമോ? നിര്‍ണായകം, മുഖ്യമന്ത്രി രാജ്ഭവനിലെത്തി, ഗവർണറുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തെരുവിലെ പ്രതിഷേധത്തിലേക്ക് അടക്കം എത്തി നിൽക്കുന്ന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഭാരതാംബ വിവാദവും കേരള അടക്കം സർവകലാശാലയിലെ പ്രതിസന്ധിയുമടക്കം ചർച്ചയോ എന്നതിൽ വ്യക്തതയായിട്ടില്ല.

സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് അടക്കം നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിലുണ്ട്. ഈ പശ്ചാത്തലത്തിൽ, ഇരുവർക്കുമിടയിലെ മഞ്ഞുരുകുമോ എന്നും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമോ എന്നുമാണ് ഉറ്റുനോക്കപ്പെടുന്നത്. കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നോ, എത്ര സമയം നീണ്ടുനിന്നെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതുല്യയുടെ മരണം:  ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കർ വിശദീകരണവുമായി രംഗത്ത്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ മരണത്തിൽ  ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കർ വിശദീകരണവുമായി രംഗത്ത്. അതുല്യയുടെ മരണത്തിൽ താൻ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് അതിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. അതുല്യ മരിച്ച മുറിയിൽ ബെഡ് മാറി കിടക്കുന്നതും മുറിയിൽ കത്തിയും മാസ്കും കണ്ടെത്തിയതും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്ന് സതീശ് പറഞ്ഞു. അവളുടെ കൈയിൽ ഒരു ബട്ടൻസും ഉണ്ടായിരുന്നു. അത് എന്റേതല്ല. ഇക്കാര്യങ്ങളെല്ലാം തെളിയണം. ക്യാമറ പരിശോധിക്കണം. എന്റെ പ്രശ്നങ്ങളെ തുടർന്നാണ് അവൾ ആത്മഹത്യ ചെയ്തതെങ്കിൽ ഇത് ദുബായ് ആണ് അവൾക്ക് ഇട്ടിട്ട് പോകാമായിരുന്നുവെന്നും സതീശ് പറഞ്ഞു. അതുല്യ മരിച്ചതിന് ശേഷം താനും ആത്മഹത്യക്ക് ശ്രമിച്ചതായും സതീഷ് പ്രതികരിച്ചു.

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ ‘അതുല്യ ഭവന’ത്തിൽ അതുല്യ ശേഖർ (30) ഷാർജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതിന് ശരിവെക്കുന്ന വാട്സാപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സതീശ് വിശദീകരണവുമായി രംഗത്തെത്തിയത്. താൻ മദ്യപിക്കാറുണ്ടെന്നും അതുല്യയെ മർദിക്കാറുണ്ടെന്നും വിശദീകരണത്തിനിടെ സതീശ് പറഞ്ഞു.
“‘രണ്ട് മൂന്ന് കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതിലൊന്ന് കഴിഞ്ഞ നവംബറിൽ അതുല്യ ഗർഭിണിയായി. അവൾ നാട്ടിലേക്ക് പോയി എന്റെ അനുവാദമില്ലാതെ ഗർഭം അലസിപ്പിച്ചു. അതിനു ശേഷം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ കൊണ്ടുവന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത്, നിങ്ങൾക്ക് 40 വയസ്സായി. നിങ്ങൾ ഒരു ഷുഗർ രോഗിയാണ്. മറ്റൊരു കുഞ്ഞിനെ കൂടി നോക്കാൻ എനിക്കാകില്ല. കുഞ്ഞായി കഴിഞ്ഞാൽ മറ്റൊന്നിനും സാധിക്കില്ല എന്ന്. ഇക്കാര്യം ഞാൻ അവളോട് നിരന്തം ചോദിക്കാറുണ്ടായിരുന്നു. കൃത്യമായ മറുപടി അവൾ ഇതുവരെ നൽകിയിട്ടില്ല’ സതീഷ് പറഞ്ഞു.


അതുല്യ ജീവനൊടുക്കിയ ദിവസത്തിൽ സംഭവിച്ചതിനെ കുറിച്ച് സതീഷ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്…’പെട്ടെന്ന് വിളിച്ചിട്ട് പറഞ്ഞു, ചേട്ടാ എനിക്ക് ജോലിക്ക് പോകണമെന്ന്. ഓക്കേ എന്ന് ഞാൻ പറഞ്ഞു, ടാക്സിയും അതിന് വേണ്ട പണവും ഏർപ്പാടാക്കി നൽകി. എന്റെ ക്രെഡിറ്റ് കാർഡും നൽകി. എന്താവശ്യമുണ്ടെങ്കിലും ഇതിൽനിന്ന് എടുത്തോ എന്ന് പറഞ്ഞു. എല്ലാം ഓക്കെയായിരുന്നു. വഴക്കിനെ തുടർന്ന് ഒരാഴ്ചയോളമായി അവൾ താഴെയും ഞാനും മുകളിലുമായിട്ടാണ് താമസിച്ചത്. ഞാൻ മദ്യപിക്കാറുണ്ട്. വാരാന്ത്യം ആയതുകൊണ്ട് ഞാൻ കഴിച്ചിരുന്നു. വീട്ടുകാർ പറയുന്ന പോലെ ദിവസവും മദ്യപിക്കുന്ന ആളല്ല. ഷുഗർ രോഗി ആയതുകൊണ്ട് ദിവസവും മദ്യപിക്കാനാകില്ല. രണ്ടുനേരം ഇൻസുലിൻ എടുക്കുന്നുണ്ട്. പലതവണ പ്രശ്നങ്ങളുണ്ടായപ്പോഴും ഞാനവളെ ചേർത്തുപിടിച്ചു. മറ്റാരും ഇല്ലാത്തത് കൊണ്ട് അതുല്യയും ഞാനും കുറച്ച് പൊസ്സസീവ്നെസ്സ് ഉള്ളവരായിരുന്നു. ഞാൻ കൂട്ടുകാരുമായി സംസാരിക്കുന്നതും പുറത്ത് പോയി കഴിക്കുന്നതും ബന്ധുക്കളുമായി ചേരുന്നതൊന്നും അതുല്യക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ അമ്മയോട് പോലും ഞാൻ സംസാരിക്കാറില്ല. അവൾക്കും ഞാൻ തന്നെയായിരുന്നു എല്ലാം.

വാരാന്ത്യം ആയതുകൊണ്ട് ഇന്നലെ അജ്മാനിലുള്ള ഒരു സുഹൃത്ത് പാർട്ടിക്കായി വിളിച്ചു. ഞാൻ പുറത്ത് പോയി. ഈ സമയത്ത് അവൾ ഒരുപാട് വിളിച്ചിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറുണ്ട്. പുറത്ത് പോകുമ്പോഴെല്ലാം ഒരുപാട് തവണ വിളിച്ചുകൊണ്ടിരിക്കും. ഇന്നലെ ഇതുപോലെ കോളുകൾ വന്നപ്പോൾ ഞാൻ കട്ടാക്കി. ഒടുവിൽ വീഡിയോകോളിൽ ഫാനൊക്കെ കാണിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചു. അതോടെ ഞാൻ പെട്ടെന്ന് ഓടി ഇവിടേക്കെത്തി. അപ്പോൾ ഡോർ തുറന്ന് കിടക്കുകയായിരുന്നു. ഫാനിൽ തൂങ്ങി കിടക്കുകയായിരുന്നു. ഉടൻ പോലീസിനെയും മറ്റുള്ളവരെയും വിവരം അറിയിച്ചു.
പോലീസ് സ്റ്റേഷനിൽ പോയി ഞാൻ തിരിച്ച് റൂം പരിശോധിച്ചപ്പോൾ കണ്ടത്, മൂന്നുപേർ പിടിച്ചാൽ പൊങ്ങാത്ത കട്ടിലും ബെഡും മാറി കിടക്കുന്ന നിലയിലായിരുന്നു. ഒരു കത്തി അവിടെയുണ്ട്. ഉപയോഗിക്കാത്ത എട്ട് മാസ്കും അവിടെയുണ്ടായിരുന്നു. ജോലിക്ക് ഞങ്ങൾ രണ്ട് പേരും കൂടിയാണ് ഇന്റർവ്യൂവിന് പോയിരുന്നത്. ജോലി കിട്ടിയ ശേഷം അവിടെ ജോലി ചെയ്തിരുന്നവർ ശമ്പളമൊന്നും കിട്ടില്ലെന്ന പറഞ്ഞതിനെ തുടർന്ന് അത് വിട്ട കേസായിരുന്നു. പിന്നീട് പെട്ടെന്നാണ് അവൾ ജോലിക്ക് പോകണമെന്ന് പറഞ്ഞത്’ സതീഷ് പറഞ്ഞു.

അവൾ ഒരിക്കലും ജീവിതം അവസാനിപ്പിക്കില്ല. കാരണം എല്ലാ പ്രശ്നങ്ങളും അതിജീവിക്കും. ഞാൻ ഷാർജയിൽ വന്നു താമസിക്കുകയാണ്. എന്റെ ജീവിതത്തിൽ അവൾക്കറിയാത്ത ഒന്നുമില്ല. ക്യാമറ മുഴുവൻ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.

‘എന്റെ അതുല്യ പോയി ഞാനും പോകുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടശേഷം ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. ഒരുപാട് നേരം തൂങ്ങി നിന്നു. ഒടുവിൽ ശ്രമം അവസാനിപ്പിച്ചു. സാമ്പത്തികമാണ് എന്റെ പ്രശ്നമെന്ന് പറയുന്നവരുണ്ട്. 9500 ദിർഹം എനിക്ക് ശമ്പളമുണ്ട്. അതുകൊണ്ട് സാമ്പത്തിക കാര്യത്തിന് ഞാൻ അവളെ ഉപദ്രവിച്ചിട്ടില്ല’ സതീഷ് കൂട്ടിച്ചേർത്തു.

ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം; രോഗി മരിച്ചു

തിരുവനന്തപുരം വിതുരയിൽ രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം. വണ്ടിയിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെയാണ് രോഗിയായ ആദിവാസി യുവാവ് ബിനു(44) മരിച്ചത്. വിതുര സ്വദേശിയായിരുന്നു.

ആംബുലൻസിന്റെ കാലപ്പഴക്കവും ഇൻഷുറൻസ് തീർന്നതും ആരോപിച്ച് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സമരം. 20 മിനിറ്റോളം ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്

ആത്മഹത്യക്ക് ശ്രമിച്ച ബിനുവിനെ ഉച്ചയോടെയാണ് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കോൺഗ്രസ് പ്രതിഷേധ സമരവുമായി എത്തിയത്.

രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറിയതായി റിപ്പോർട്ട്. എന്നാൽ പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കൽ കോളേജിൽ എത്തിച്ച പിന്നാലെ ബിനു മരിച്ചു.