കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന് ജില്ലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കും. അധികസുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കൊല്ലം സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാരയുടെ അധ്യക്ഷതയില്‍ താലൂക്ക്തല യോഗം ചേര്‍ന്നു. തിരുമുല്ലവാരം, മുണ്ടക്കല്‍ പാപനാശം ക്ഷേത്രങ്ങളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. സി സി ടി വി സംവിധാനങ്ങളും സജ്ജമാക്കും. തിരുമുല്ലവാരം ക്ഷേത്രത്തിന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ ഒരുക്കും. കൂടുതല്‍ പൂജാരികളെയും നിയോഗിക്കും.
തിരുമുല്ലവാരം ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ക്ഷേത്രവും കടല്‍ത്തീരത്തെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 80 പേരെ അധികമായി നിയോഗിച്ചു. ചടങ്ങുകളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം. മുണ്ടക്കല്‍ പാപനാശത്തേക്ക് ദിശാ സൂചിക ബോര്‍ഡുകള്‍, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ കോര്‍പ്പറേഷനും വൈദ്യുതി വകുപ്പും ചേര്‍ന്ന് സ്ഥാപിക്കും. കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെയും സജ്ജരാക്കും. വാഹന പാര്‍ക്കിങ്ങിന് ബീച്ചിലും ക്ഷേത്ര പരിസരത്തും സൗകര്യം ഒരുക്കും. തിരുമുല്ലവാരത്ത് സ്‌കൂബ, ആപത് മിത്ര സംഘങ്ങളുടെ സേവനം ഉറപ്പാക്കും. അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെ നിയോഗിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ത്വരിതപ്പെടുത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തും. കുണ്ടറ-അഞ്ചാലുംമൂട് പാതയില്‍ അധിക സര്‍വീസുകള്‍ ഉണ്ടാകും. ജലലഭ്യത ഉറപ്പാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് വൃക്ഷതൈ നല്‍കാന്‍ മുണ്ടക്കല്‍ പാപനാശം ക്ഷേത്രത്തില്‍ കൃഷി വകുപ്പിന്റെ പ്രത്യേക സ്റ്റാള്‍ ഒരുക്കും.
കൊല്ലം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ജി വിനോദ് കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2005/2025)
*ഉത്സവ മേഖല*
തിരുമുല്ലവാരം ശ്രീ മഹാവിഷ്ണുക്ഷേത്രം, മുണ്ടയ്ക്കല്‍ പാപനാശം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, കോങ്ങാല്‍ പനമൂട്ടില്‍ ശ്രീ.പരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീ.സ്വര്‍ഗ്ഗപുരം ദേവീ ക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ജൂലൈ 23, 24 തീയതികളില്‍ ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണം. ക്രമസമാധാനപാലനത്തിനും ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കും. മദ്യവില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഇല്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.
കര്‍ക്കിടകവാവ്; ബലിതര്‍പ്പണത്തിന് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍
കുടുംബശ്രീ എസ്.വി.ഇ.പി കര്‍ക്കിടക ഫെസ്റ്റിന് തുടക്കമായി
കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി വെട്ടിക്കവല ബ്ലോക്ക്തല കര്‍ക്കിടക ഫെസ്റ്റിന് തുടക്കമായി. ജൂലൈ 23 നടക്കുന്ന മേളയില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കര്‍ക്കിടക കഞ്ഞിയും അസ്ത്രവും വില്‍പനയ്ക്കായുണ്ട്. കൊഴുക്കട്ട, റാഗി കേക്ക്, മില്ലെറ്റ് വിഭവങ്ങള്‍, പുഴുക്ക് തുടങ്ങിയ ലഘു ഭക്ഷണങ്ങളും കുടുംബശ്രീ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ഔഷധ കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന കര്‍ക്കിടക കഞ്ഞി – തോരന്‍ കിറ്റുകളും മേളയില്‍ നിന്നും വാങ്ങാം.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത് കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി അധ്യക്ഷയായി. വെട്ടിക്കവല ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖര്‍, മേലില പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോമോന്‍, മേലില ചെയര്‍പേഴ്സണ്‍ ശോഭ കുഞ്ഞുമോന്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കെ.ടെറ്റ് പരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണം
കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ കെ.ടെറ്റ് പരീക്ഷ കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം യഥാക്രമം ജൂലൈ 22, 23, 25, 26 തീയതികളില്‍ രാവിലെ 10.30 മുതല്‍ 3.30 വരെ നടത്തും. അസല്‍ ഹാള്‍ടിക്കറ്റുമായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തി കൈപ്പറ്റാം.
മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ വരുന്ന 2024 നവംബര്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 25 മുതല്‍ രാവിലെ 10.30 മുതല്‍ നാല് വരെ വിതരണം ചെയ്യും. അസല്‍ ഹാള്‍ ടിക്കറ്റുമായി ഹാജരാകണം.
ദുരിതം വിതച്ച് വിഫ ചുഴലിക്കാറ്റ്
വിഫ ചുഴലിക്കാറ്റ് ചൈന, കൊറിയ വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ ദുരിതം വിതയ്ക്കുകയാണ്. തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലി കാറ്റിൽ തെക്കൻ കൊറിയയിലും ഫിലിപ്പീൻസിലുമായി 22 പേർക്ക് ജീവൻ നഷ്ടമായി. ഹോങ്കോങ്ങിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടു. യാങ്ജ്യാങ്, ഹാൻജ്യാങ്, മവോമിങ് എന്നീ നഗരങ്ങൾ മഴയിൽ മുങ്ങി. 6.5 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും, ഷെൻജെൻ, ജുഹായി, മകാവു വിമാനത്താവളങ്ങളിൽ നിന്നും 400ലധികം സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാരും കുടുങ്ങി.ദുരിത മേഖലകളിൽ നിന്നും 250 ലധികം കുടുംബങ്ങളെ ഹോങ്കോങ്ങിലെ വിവിധ സ്ഥലങ്ങളിൽ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ 8 ലക്ഷത്തിലധികം പേരാണ് കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നത്. കാറ്റിലും മഴയിലും 300ലധികം സ്ഥലങ്ങൾ വെള്ളത്തിലായി, 1200ലധികം വീടുകൾ തകർന്നു.
ഐഎംഎഫിലെ ഉന്നത പദവി രാജിവച്ച് ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ്, മടക്കം ഹർവാഡിലെ അധ്യാപന ജീവിതത്തിലേക്ക്
ലോക പ്രശസ്ത മലയാളി സാമ്പത്തിക ശാസ്ത്രജ്ഞയും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ എം എഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ഗീത ഗോപിനാഥ് പദവി രാജിവച്ചു. അധ്യാപന ജീവിതത്തിലേക്ക് മടങ്ങാനാണ് ഐ എം എഫിൽ നിന്നും ഗീത പടിയിറങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ഗീത ഗോപിനാഥ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2025 ഓഗസ്റ്റിൽ ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സ് അധ്യാപികയായി മടങ്ങിയെത്തുമെന്നും അവർ വിവരിച്ചു. അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ ഗീത, 2019 ലാണ് ഐ എം എഫിലെത്തിയത്. ചീഫ് ഇക്കണോമിസ്റ്റായി ജോലിയിൽ പ്രവേശിച്ച ഗീത, 2022ൽ ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായി ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിതയായി. ഈ പദവിയിലെത്തിയ ആദ്യ വനിത എന്ന ഖ്യാതിയും ഇതോടെ ഗീതക്ക് സ്വന്തമായിരുന്നു.
ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി കാലത്ത് ഗീതയുടെ സംഭാവനകൾ വളരെ വലുതായിരുന്നുവെന്നാണ് ഐ എം എഫ് വാർത്താക്കുറിപ്പിലൂടെ വിശേഷിപ്പിച്ചത്. യുക്രെയ്ൻ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലെ ഐ എം എഫിന്റെ പ്രവർത്തനങ്ങളിലും ഗീതയുടെ സംഭാവനകൾ അതീവ പ്രാധാന്യമുള്ളതായിരുന്നു. ജി 7, ജി 20 സമ്മേളനങ്ങളിൽ ഐ എം എഫിന്റെ നയരൂപീകരണത്തിലടക്കം നൽകിയ മികച്ച ഇടപെടലുകളിലൂടെ ലോക സാമ്പത്തിക മേഖലയ്ക്ക് കരുത്തേകിയ വ്യക്തിത്വമായിരുന്നു ഗീത. കണ്ണൂർ സ്വദേശിനിയായ ഗീത ഒന്നാം പിണറായി സർക്കാരിന്‍റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2016 – 18 കാലഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി സൗജന്യ സേവനമാണ് ഗീത നൽകിയത്. ഹാർവഡിലേക്കുള്ള മടക്കം അക്കാദമിക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പുതിയ അധ്യായമാണെന്നാണ് ഗീത സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഗീതയുടെ കുറിപ്പ് ഇപ്രകാരം
ഐ എം എഫിലെ ഏഴ് വിസ്മയകരമായ വർഷങ്ങൾക്ക് ശേഷം, ഞാൻ എന്റെ അക്കാദമിക് ജീവിതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 2025 സെപ്റ്റംബർ 1 മുതൽ ഞാൻ ഹാർവഡിൽ പ്രൊഫസർ ഓഫ് ഇക്കണോമിക്സ് എന്ന പദവിയിൽ വീണ്ടുമെത്തും. ഐ എം എഫിൽ ആദ്യം ചീഫ് ഇക്കണോമിസ്റ്റായും പിന്നീട് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ച കാലഘട്ടത്തിന് ഞാൻ ഹൃദയപൂർവം നന്ദി രേഖപ്പെടുത്തുന്നു. ഐ എം എഫിന്റെ മികച്ചതും പ്രതിബദ്ധതയുള്ളതുമായ ജീവനക്കാർ, മാനേജ്മെന്റിലെ സഹപ്രവർത്തകർ, എക്സിക്യൂട്ടീവ് ബോർഡ്, രാജ്യങ്ങളിലെ അധികാരികൾ എന്നിവരോടൊപ്പം അടുത്ത് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. ഐ എം എഫിന്റെ അംഗരാജ്യങ്ങൾക്ക് സേവനം ചെയ്യാനുള്ള അവസരം നൽകിയതിൽ ക്രിസ്റ്റലീന ജോർജിയേവക്കും ക്രിസ്റ്റിൻ ലഗാർഡിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇപ്പോൾ ഞാൻ അക്കാദമിക് ലോകത്തേക്ക് മടങ്ങുകയാണ്, അവിടെ അന്താരാഷ്ട്ര ധനകാര്യം, മാക്രോ ഇക്കണോമിക്സ് എന്നിവയിൽ ഗവേഷണത്തിന്റെ അതിർവരമ്പുകൾ മുന്നോട്ടു നയിക്കാനും, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും, അടുത്ത തലമുറയിലെ സാമ്പത്തിക ശാസ്ത്രജ്ഞരെ പരിശീലിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
ശ്രീചിത്രയിലും സ്മാർട് സിറ്റിയിലും അസിസ്റ്റന്റ് അവസരം
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് അസിസ്റ്റന്റ് (എൻജിനീയറിങ്) തസ്തികയിൽ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജൂലൈ 28 ന്.
സ്മാർട് സിറ്റി
സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിലെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ (ജിഐഎസ്) 2 ഒഴിവ്. കരാർ നിയമനം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഒന്നാം ക്ലാസ് എംഎസ്‌സി ജിയോസയൻസ്/ ജിയോളജി അല്ലെങ്കിൽ ബിഇ/ ബിടെക് സിവിൽ എൻജിനീയറിങ്, ഒരു വർഷ പരിചയം. പ്രായപരിധി: 30. ശമ്പളം: 21,175.
www.cmd.kerala.gov.in
പ്രാർത്ഥനകൾ വിഫലം, കണ്ണൂരിൽ പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. രണ്ടര വയസ്സുകാരനായ കൃശിവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. എന്നിട്ടും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയത്. തുടർന്ന് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.
ഞെട്ടിക്കാൻ ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും; കയ്യടി നേടി ‘മാരീസൻ’ ട്രെയ്‌ലർ
വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “മാമന്നൻ” എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന “മാരീസൻ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രശംസ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമായ ‘മാരീസൻ’ ജൂലൈ 25 നാണു ആഗോള റിലീസായി എത്തുന്നത്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത, ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂർത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി കൃഷ്ണമൂർത്തി തന്നെയാണ്. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ.
ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലും കാണാൻ സാധിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കോമഡി, ത്രില്ല്, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. 32 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്‌ലർ ഇതിനോടകം നേടിയത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ചിത്രത്തിലെ പുറത്തു വന്ന ഗാനങ്ങൾ ഇതിനോടകം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ആഗോള തിയേറ്റർ റിലീസ് അവകാശം സ്വന്തമാക്കിയത് A P ഇന്റർനാഷണൽ ആണ്.
ഛായാഗ്രഹണം- കലൈസെൽവൻ ശിവാജി, സംഗീതം- യുവാൻ ശങ്കർ രാജ, എഡിറ്റിങ്- ശ്രീജിത് സാരംഗ്, ആർട്ട് ഡയറക്ഷൻ- മഹേന്ദ്രൻ, വസ്ത്രാലങ്കാരം- ദിനേശ് മനോഹരൻ, മേക്കപ്പ്- അബ്ദുൾ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ- എ ജയ് സമ്പത്ത്, സൌണ്ട് മിക്സിംഗ്- എം. ആർ. രാജാകൃഷ്ണൻ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സ്റ്റണ്ട്സ്- ഫീനിക്സ് പ്രഭു, വിഎഫ്എക്സ്- ലവൻ, കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ- നാക്ക് സ്റ്റുഡിയോസ്, സ്റ്റിൽസ്- ഷെയ്ഖ് ഫരീദ്, ഗാനരചന- മധൻ കർക്കി, ശബരീവാസൻ ഷൺമുഖം, പോസ്റ്ററുകൾ- യെല്ലോ ടൂത്സ്, നെഗറ്റീവ് റൈറ്റ് ഹോൾഡർ- എ പി ഇന്റർനാഷണൽ
കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർമ്മാണത്തിൽ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം “ബാംഗ്ലൂർ ഹൈ” ടൈറ്റിൽ പോസ്റ്റർ റിലീസായി
മോഹൻലാലിന്റെ കാസനോവ, മരക്കാർ, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ “ബാംഗ്ലൂർ ഹൈ” എന്നാണ്. “സേ നോ ടു ഡ്രഗ്സ്” എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ബാംഗ്ലൂരിലെ മനോഹരമായ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്നു.താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ സി. ജെ. റോയ്, സംവിധായകൻ വി. കെ. പ്രകാശ്, ഷൈൻ ടോം ചാക്കോയും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഹൈയിൽ മികച്ച താരനിരയാണ് അണിനിരക്കുന്നത്.ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സാമൂഹിക പ്രസക്തിയുള്ള സന്ദേശം പ്രേക്ഷകർക്ക് നൽകാൻ ലക്ഷ്യമിടുന്ന ചിത്രം “ബാംഗ്ലൂർ ഹൈ” യുടെ രചന ആശിഷ് രജനി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്.
ഫോട്ടോഗ്രാഫി ഡയറക്ടർ: മനോജ് കുമാർ ഖട്ടോയ്, എഡിറ്റർ: നിധിൻ രാജ് അരോൾ, സംഗീതം: സാം സിഎസ്, ലൈൻ പ്രൊഡക്ഷൻ: ട്രെൻഡ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്വയം മേത്ത, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, സൗണ്ട് ഡിസൈൻ: അജിത് എ ജോർജ്, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാലചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: സുജാത രാജൈൻ, മേക്കപ്പ്: രേഷാം മൊർദാനി,പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തിക്കൽ, സ്റ്റിൽസ്: കുൽസും സയ്യിദ, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്പ്ലാന്റ്, ഡിസൈനുകൾ: വിൻസി രാജ്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
ബാംഗ്ലൂർ ഹൈ എന്ന ചിത്രത്തിലൂടെ, ആകർഷകമായ ഒരു സിനിമാറ്റിക് അനുഭവം മാത്രമല്ല, യുവാക്കളെ മയക്കുമരുന്നിൽ നിന്ന് അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരു സാമൂഹിക പ്രസ്താവനയും നൽകാൻ നിർമ്മാതാക്കൾ ലക്ഷ്യമിടുന്നു. ഉയർന്ന നിലവാരമുള്ള പ്രകടനങ്ങൾ, വൈകാരിക ആഴം, സമൂഹത്തിന് ശക്തമായ സന്ദേശം എന്നിവയുള്ള ഒരു ആകർഷകമായ എന്റർടൈനറായിരിക്കും ബാംഗ്ലൂർ ഹൈ എന്ന് നിർമ്മാതാവ് ശ്രീ സി ജെ റോയ് ലോഞ്ച് ചടങ്ങിൽ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് മുതൽ ബാംഗ്ലൂരിൽ ആരംഭിച്ചു.
‘നിങ്ങളുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കും’; റഷ്യയുമായുള്ള വ്യാപാര ഇടപാടിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപിന്‍റെ അനുയായി
ന്യൂഡൽഹി: റഷ്യയുമായുള്ള വ്യാപാര ഇടപാടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസിലീനും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയുമായി വ്യാപാര ഇടപാട് തുടര്‍ന്നാൽ ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്നാണ് ലിന്‍ഡ്സെയുടെ മുന്നറിയിപ്പ്.
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കിൽ ഈ രാജ്യങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നും ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു. ഇന്ധനവുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് അമേരിക്ക 100ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്നും ലിന്‍ഡ്സെ അവകാശപ്പെട്ടു. റഷ്യയുടെ 80ശതമാനം ക്രൂഡ് ഓയിൽ കയറ്റുമതിയും ഈ മൂന്നു രാജ്യങ്ങളിലേക്കുമാണെന്നും ഈ ഇടപാടുകള്‍ പുടിന് യുക്രെയ്നുമായുള്ള യുദ്ധത്തിനുള്ള സാമ്പത്തികശേഷി ഉറപ്പാക്കുകയാണെന്നും ലിന്‍ഡ്സെ കുറ്റപ്പെടുത്തി.
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. റഷ്യയിൽ നിന്ന് ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയിൽ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങി യുക്രെയ്നുമായുള്ള യുദ്ധം മുന്നോട്ടുകൊണ്ടുപോയാൽ നിങ്ങളുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലിന്‍ഡ്സെ വ്യക്തമാക്കി.
റഷ്യയുടെ സമ്പത്ത് വ്യവസ്ഥ തകരുമെന്നും യുക്രെയ്ന് അമേരിക്ക ആയുധങ്ങള്‍ നൽകികൊണ്ടിരിക്കുകയാണെന്നും പുടിനെതിരെ തിരിച്ചടിക്കുന്നതിന് ഇത് സഹായിക്കുമെന്നും ലിന്‍ഡ്സെ പറഞ്ഞു. തന്‍റേതല്ലാത്ത രാജ്യങ്ങളെ പിടിച്ചടക്കാനാണ് പുടിന്‍റെ നീക്കമെന്നും ലിന്‍ഡ്സെ കുറ്റപ്പെടുത്തി.
അതേസമയം, ജനങ്ങളുടെ താത്പര്യം മുൻനിര്‍ത്തി മാത്രമെ ഇന്ത്യ തീരുമാനമെടുക്കുകയുള്ളുവെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൾ വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്നും വിപണിയിലെ സാഹചര്യമനുസരിച്ചും ആഗോള സാഹചര്യം പരിഗണിച്ചുമാണ് തീരുമാനമെടുക്കുകയെന്നും ജയ്സ്വാൾ വ്യക്തമാക്കി. അതേസമയം, നികുതി നിരക്കുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് ലിന്‍ഡ്സെ ഗ്രഹാമിന്‍റെ മുന്നറിയിപ്പ് വരുന്നത്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഒഴിവാക്കിയപ്പോൾ, റഷ്യ മറ്റുള്ള ഉപഭോക്തൃ രാജ്യങ്ങളെ ആകർഷിക്കാൻ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ സ്രോതസ്സായി മാറ്റിയിരിക്കുന്നത്. നേരത്തെ ഇന്ത്യ നാമാത്ര ഇറക്കുമതി മാത്രം നടത്തിയിരുന്നതിടത്ത്, ഇന്ന് ഇറക്കുമതിയുടെ 40 ശതമാനം വരെ റഷ്യൽ നിന്നാണ്.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലിൽ നിന്നുള്ള ഇന്ധനം ഇറക്കുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നിരോധനം ഏര്‍പ്പെടുത്തിയത്. റഷ്യൻ ക്രൂഡ് ഓയിലിന് ബാരലിന് 47.60 ഡോളറായി വെട്ടിക്കുറക്കാനാണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്‍നെഫെറ്റിന് ഇന്ത്യൻ എണ്ണ വിതരണ കമ്പനിയായ നയാരയിൽ 49ശതമാനം പങ്കാളിത്തമുണ്ട്. അതിനാൽ നയാരയുടെ ഗുജറാത്തിലെ റിഫൈനറിൽ നിന്നുള്ള എണ്ണ കയറ്റുമതിയെ ഉപരോധം ബാധിക്കും.
നിരോധനം ലംഘിച്ച് റഷ്യൻ എണ്ണയ്ക്ക് അതിന് മുകളിൽ വില നൽകുന്ന രാജ്യങ്ങള്‍ക്കുമേൽ യൂറോപ്യൻ യൂണിയൻ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യൻ യൂണിയന്‍റെ നീക്കത്തിന് പിന്നാലെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിലെ സെനറ്റര്‍ രംഗത്തെത്തിയത്.







































