Home Blog Page 777

എഫ് 35 മടങ്ങി; ആദ്യ പറക്കൽ ഓസ്ട്രേലിയയ്ക്ക്

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയർന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്ട്രേലിയയിലേക്കാണു പറക്കുക.

വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചിരുന്നു.

കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലിൽ നിന്നു പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. ബ്രിട്ടനിൽനിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിർത്തിയിട്ടത്. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നൽകേണ്ടി വരും. ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടക എയർ ഇന്ത്യയ്ക്കും നൽകും.

കേസ് ഒതുക്കിത്തീര്‍ക്കാം എന്ന് വാക്ക്, ലിവ് ഇൻ പാർട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ; ഒടുവിൽ അറസ്റ്റ്

ബെംഗളൂരു: കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടറെയാണ് കര്‍ണാടക ലോകയുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലിവ് ഇന്‍ പാർട്നറെ ഉപദ്രവിച്ച യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്.

ബെംഗളൂരിലെ ഗോവിന്ദപുര സ്റ്റേഷനിലെ എസ്ഐ ആയിരുന്നു സാവിത്രി. മുഹമ്മദ് യൂനുസ് എന്ന പ്രതിക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. യൂനുസ് തന്നെയാണ് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട വിവരം ലോകയുക്തയെ അറിയിച്ചത്. പിന്നീട് ഇയാൾ ഉദ്യോഗസ്ഥയ്ക്ക് പണം കൈമാറുന്ന സമയത്ത് തന്നെ ലോകയുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.

യൂനുസ് ഒരു യുവതിയുമായി നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവര്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും വിവാഹിതരാവാം എന്ന തീരുമാനവും എടുത്തിരുന്നു. എന്നാല്‍ യൂനുസിന് മറ്റൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നു. ഇത് ലിവ് ഇന്‍ പാർട്നര്‍ അറിയുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നീട് യൂനുസ് രണ്ടു തവണ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യുവതി യൂനുസിനെതിരെ പൊലീസില്‍ പരാതി നല്‍കി.

ഈ കേസിലാണ് സാവിത്രി എന്ന ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത്. പ്രതിക്കെതിരെ ആവശ്യത്തിന് തെളിവുകളില്ലെന്ന റിപ്പോര്‍ട്ട് കൊടുക്കുക്കാം എന്ന് പറഞ്ഞാണ് ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. 1.25 ലക്ഷം രൂപയാണ് ഈ റിപ്പോര്‍ട്ട് കൊടുക്കാന്‍ സാവിത്രി ഭായ് ആവശ്യപ്പെട്ടത്. കൈക്കൂലി നല്‍കിയാല്‍ അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാം എന്ന് സാവിത്രി യൂനുസിനോട് പറയുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകൾ. നിലവില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്‍റ്

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. കാര്യോപദേശക സമിതി യോഗത്തിന് ശേഷം ഓപ്പറേഷന്‍ സിന്ദൂറിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമെന്ന് ചെയര്‍ നിയന്ത്രിച്ച ജഗദാംബിക പാല്‍ എംപി വ്യക്തമാക്കി.

ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം തേടി രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിച്ചത്. അതേസമയം ഉപരാഷ്ട്രപതിയുടെ രാജിയില്‍ ദുരൂഹതയേറുകയാണ്. ജഗദീപ് ധന്‍കറിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയാകുകയാണ്. വിടവാങ്ങല്‍ പ്രസംഗവും ഉണ്ടായില്ല. വെറും രണ്ട് വരിയില്‍ മാത്രം പ്രധാനമന്ത്രി ആശംസയറിയിച്ചതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ധൻകറിൻ്റെ രാജി രാജ്യത്ത് അസാധാരണ സംഭവമാണ്. ചരിത്രത്തിൽ ആരും ഇങ്ങനെ രാജി വച്ചിട്ടില്ല. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും കെ സി വേണു​ഗോപാൽ ഡൽഹിയിൽ പ്രതികരിച്ചിരുന്നു.

നാടന്‍ പ്രയോഗങ്ങളിലെ മുനകള്‍; വാവിട്ട വാക്കും വിവാദങ്ങളും, വിഎസിന്റെ ചില വിവാദ പരാമര്‍ശങ്ങള്‍!

സിപിഎമ്മിന്റെ സമുന്നത നേതാവായ വിഎസ് അച്യുതാനന്ദന്‍ പലപ്പോഴും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രാഷ്ട്രീയ ജീവിതത്തില്‍ പുലിവാല്‍ പിടിച്ചിട്ടുണ്ട്. രാഷ്ട്രീയതലത്തില്‍ വിഎസിന്റെ ചില വാക്കുകളും പ്രയോഗങ്ങളും പലപ്പോഴും ഉണ്ടാക്കിയത് പൊട്ടിത്തെറികളാണ്. ഇത്തരത്തിലുണ്ടായ ചിലത് പരിശോധിക്കാം.

‘എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ് ‘

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഈ സംഭവം. മലമ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വിഎസ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ‘ലതികാ സുഭാഷിനെ എല്ലാവര്‍ക്കും അറിയാമല്ലോ. അവര്‍ പ്രശസ്തയാണ്, ഏത് തരത്തില്‍ എന്ന് നിങ്ങള്‍ അന്വേഷിച്ചാല്‍ മതി’ എന്ന് വി എസ് പാലക്കാട് പ്രസ് ക്ലബില്‍ മുഖാമുഖത്തിലായിരുന്നു വിഎസ് പറഞ്ഞത്.

മുഖ്യമന്ത്രി വിഎസ് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി പരാതി നല്‍കിയപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ അത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയുമാക്കി. 23440 വോട്ടുകള്‍ക്ക് വിഎസ് വിജയിച്ചെങ്കിലും എതിരാളികള്‍ ഇന്നും ഇത് ചര്‍ച്ചയാക്കുന്നുണ്ട്.

സിന്ധു ജോയിക്കെതിരെ നടത്തിയ പരാമര്‍ശം

2012 പിറവം ഉപതെരഞ്ഞെടുപ്പ് സമയം തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് സിപിഎമ്മിന്റെ നെയ്യാറ്റിന്‍കര എംഎല്‍എ ശെല്‍വരാജ് യുഡിഎഫിലേക്ക് കാലുമാറിയത്. ഇതിനെ പരാമര്‍ശിച്ചാണ് അന്ന് പ്രതിപക്ഷ നേതാവായ വിഎസ് സിന്ധുജോയിക്കെതിരെ പരാമര്‍ശം നടത്തിയത്. 2011ല്‍ സിന്ധു ജോയി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനെ സൂചിപ്പിച്ച് വിഎസ് ‘അഭിസാരികകളെയെന്ന പോലെ’ സിന്ധുജോയിയെ യു.ഡി.എഫ് ഉപയോഗിച്ച് തള്ളിയെന്ന് പറഞ്ഞത് വിവാദമായി. താന്‍ ഉദ്ദേശിച്ചത് സിന്ധുവിനെ കോണ്‍ഗ്രസ് കറിവേപ്പില പോലെ തള്ളിയെന്നാണെന്ന് വി.എസ് പിന്നീട് വ്യക്തമാക്കിയിരുന്നു എങ്കിലും ഇത് സംബന്ധിച്ച് വിവാദം അന്ന് കത്തിയാളി. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധവും വിഎസിന്റെ പ്രസ്താവനയായിരുന്നു.

വിഎസിന്റെ ‘മലപ്പുറം’ പരാമര്‍ശം

2005-ലെ സംസ്ഥാന മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ച സമയത്താണ് ‘മലപ്പുറത്തെ കുട്ടികള്‍ മുഴുവന്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസാകുന്നത്’ എന്ന് അന്നത്തെ പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദന്‍ പറഞ്ഞതായി പലപ്പോഴും രാഷ്ട്രീയ എതിരാളികള്‍ പറയാറുണ്ട്. എന്നാല്‍ ഇത് 2005-ലെ എന്‍ട്രന്‍സ് പരീക്ഷാ ഫലം വന്നപ്പോള്‍, ആ വര്‍ഷത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് അതെ കുറിച്ച് അന്വേഷണം നടത്തണം എന്നാണ് പറഞ്ഞതെന്ന് വിഎസ് പിന്നീട് വ്യക്തമാക്കി. മുസ്ലീം ലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കണ്‍ ട്രോളര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിന്റെ പ്രസ്താവന.

‘പട്ടിപ്രയോഗം’ മുതല്‍ ‘രാജാവിന്റെ പായസ പാത്രം’വരെ

മുംബൈ ഭീകരാക്രമണ കേസില്‍ വീരമൃത്രു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് രാജ്യത്തിന്റെ മുഴുവന്‍ സഹതാപതരംഗം എത്തിയ സമയത്ത് ‘പട്ടിപ്രയോഗത്തിലൂടെ’ വി.എസ് പുലിവാലുപിടിച്ചത് ഏറെ വിവാദമായിരുന്നു. ദേശിയ മാധ്യമങ്ങള്‍ വരെ അന്ന് വി.എസിന്റെ വാക്പ്രയോഗത്തെ പ്രധാന വാര്‍ത്തയാക്കി മാറ്റിയിരുന്നു. ഇത്തരം നാടന്‍ പ്രയോഗങ്ങള്‍ വി.എസ് മാധ്യമങ്ങളെ സമീപിക്കുമ്പോള്‍ പലപ്പോഴും ഉപയോഗിച്ചിട്ടുമുണ്ട്. സോണിയാ ഗാന്ധിയെ ‘വല്യമ്മ’ എന്ന് വിളിച്ചു കളിയാക്കിയത് ഇതേ വി.എസ് തന്നെയായിരുന്നു. മുമ്പ് തിരുവല്ലയിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് എലിസബത്ത് മാമന്‍ മത്തായിയെയും ഇതേ പോലെ തന്നെ ‘വല്യമ്മച്ചി’ പ്രയോഗത്തിലൂടെ വി.എസ് കളിയാക്കിയത് ഏറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയിരുന്നു.

സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രിയെ ‘പോഴന്‍’ എന്നു വിളിച്ചതും വി.എസിന്റെ ഒരു പ്രശസ്തമായ വാമൊഴിയാണ്. ഇടതുപക്ഷ ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ ‘കുരങ്ങന്‍’ എന്നുവിളിച്ചതും വി.എസ് തന്നെ. കുരങ്ങന്‍, പോഴന്‍ എന്നൊക്കെയുള്ള നാടന്‍ പദപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രയോഗിച്ച് കുഴപ്പത്തില്‍ ചാടിയ മാറ്റൊരു നേതാവും വി എസിനെപ്പോലെ കേരളത്തിലില്ല എന്നു തന്നെ പറയാം. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുള്‍ കലാമിനെ ‘മേല്‍പ്പോട്ടു വാണംവിടുന്നവര്‍’ എന്ന സംബോധനയിലൂടെ കളിയാക്കിയപ്പോഴും വിഎസ് വിമര്‍ശിക്കപ്പെട്ടു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി ജനചര്‍ച്ചയായി നിന്ന നാളുകളില്‍ ‘പായസപാത്രത്തില്‍ ക്ഷേത്രമുതല്‍ കട്ടുകടത്തുന്ന കാട്ടുകള്ളന്‍മാര്‍’ എന്ന പ്രയോഗവും വി.എസിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്തരത്തില്‍ സമീപകാല കേരളാരാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വാമൊഴി വഴക്കങ്ങളുടെ സ്രഷ്ടാവായിരുന്നു വി.എസ്.

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ചീരക്കടവ് ഊരിലെ വെള്ളിങ്കിരിയാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പശുവിനെ മേയ്ക്കാൻ ഇന്നലെ കാട്ടിലേക്ക് പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. രാവിലെയായിട്ടും തിരികെ വരാത്തതോടെ വനംവകുപ്പ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

മൃതദേഹം പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു മാസത്തിനിടെ അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് വെള്ളിങ്കിരി. മേയ് 31 നു പുതൂരിലെ മല്ലനും ഏപ്രിൽ 27 നു കാളിയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുണ്ടറ: ഷാര്‍ജയില്‍ കുഞ്ഞുമായി ജീവനൊടുക്കിയ  കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക മണിയന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ്‌ നടപടികൾ പൂര്‍ത്തിയായി. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ നാട്ടിലേക്ക് അയക്കും.
സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. 
വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്.

കട്ടപ്പുറത്തായ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കട്ടപ്പുറത്തായ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ മാസം 14 നായിരുന്നു വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തർ ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം തകരാറിൽ ആയതോടെ തിരിച്ചു പറക്കാനായില്ല. ബ്രിട്ടിഷ് നേവിയുടെ വിമാനവാഹിനിക്കപ്പൽ എച്ച്.എം എസ് പ്രിൻസ് ഓഫ് വെയിൽസിലെ സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ബ്രിട്ടനിൽ നിന്ന് നാൽപതംഗ പ്രത്യേക വിദഗ്ധ സംഘത്തെ ജൂലൈ 6ന്  റോയൽ എയർഫോഴ്സ് യുദ്ധവിമാനമായ എ-400ൽ  തിരുവനന്തപുരത്ത് എത്തിച്ചു. അവരുടെ നേതൃത്വത്തിൽ നടന്ന അറ്റകുറ്റപ്പണിക്കൊടുവിലാണ് വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ചത്. 

എയർ ഇന്ത്യയുടെ ഹാങറിലാണ് അറ്റകുറ്റപണികൾ നടന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഒന്നായ എഫ് 35 ദിവസങ്ങളോളം തിരുവനന്തപുരം വിമാനത്താവളത്തിലെ റൺവേയിൽ മഴയും വെയിലും കൊണ്ട് കിടന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോൾ ആയി മാറിയിരുന്നു.

ശബരിമലയിൽ താൽക്കാലിക ജീവനക്കാരാകാൻ   അവസരം; 1800  ഒഴിവുകൾ

കൊല്ലവർഷം 1201(2025-26) മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ,  നിലക്കൽ   എന്നീ ദേവസ്വങ്ങളിൽ   ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ  നിയമിക്കുന്നു.

18 വയസ്സിനും 65 വയസ്സിനും  ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650  രൂപ  ദിവസ  വേതനം,  താമസ  സൗകര്യം,  ഭക്ഷണം എന്നിവ തിരുവിതാംകൂർ    ദേവസ്വം ബോർഡ്   നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.  അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം    എന്ന വിലാസത്തിലോ  tdbsabdw@gmail.com എന്ന  ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16  വൈകിട്ട് 5  മണിക്ക് മുൻപായി ലഭിക്കണം.

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്.

ആകെ 10,19,751 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. രജിസ്റ്റര്‍ ചെയ്ത പുരുഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,28,853 ആയിരുന്നു. അതില്‍ 3,05,122 പേര്‍ പരീക്ഷയെഴുതി. രജിസ്റ്റര്‍ ചെയ്ത വനിതാ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതില്‍ 4,46,849 പേര്‍ പരീക്ഷയെഴുതി.

“*യുജിസി-നെറ്റ് ജൂണ്‍ ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?*

ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക.

ഹോംപേജില്‍, ‘UGC-NET June 2025: Click Here To Download Scorecard’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക.

‘Submit’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.

ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

ഉപരാഷ്ട്രപതി….? ശശി തരൂരും പരിഗണനയിൽ

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ ചർച്ച ആരംഭിച്ചു. കോൺഗ്രസുമായി ഉടക്കി നൽക്കുന്ന ശശി തരൂർ എം.പി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരാണ് പരിഗണനയിലുള്ളതെന്ന് അറിയുന്നു. ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ വോട്ടു ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.

2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധൻഖറിന് രണ്ട് വർഷം ഇനിയും ബാക്കിയിരിക്കേയാണ് രാജി. ഇന്നലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമാണ് ധൻഖർ രാജിവെച്ചത്. രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചാൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണിന്റെ അധ്യക്ഷതയിൽ രാജ്യസഭ വർഷകാല സമ്മേളനം പുർത്തിയാക്കേണ്ടിയും വരും.

ആരോഗ്യപരിരക്ഷക്ക് മുൻഗണന നൽകിയും വൈദ്യോപദേശം കണക്കിലെടുത്തും ഭരണഘടനയുടെ 67(എ) അനുഛേദം അനുസരിച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ധൻഖർ രാജിക്കത്തിൽ വ്യക്തമാക്കി. തന്റെ കാലയളവിൽ മികച്ച പിന്തുണ നൽകിയതിന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും ധൻഖർ നന്ദി പറഞ്ഞു.