Home Blog Page 769

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി ബാധകമാണ്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അങ്കണവാടികള്‍,മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ഒരു വയസ്സ് പ്രായമുള്ള കുട്ടി റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു

പെരുമ്പാവൂര്‍. ഒരു വയസ്സ് പ്രായമുള്ള കുട്ടി റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു.ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്.വൈകിട്ട് 6 മണിയോടെയാണ് സംഭവം.മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

അതുല്യയുടെ ഫോറൻസിക് ഫലം ലഭിച്ചില്ല… മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ ഫോറൻസിക് ഫലം ഇന്നും ലഭിക്കാഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും.  നടപടികൾ തീരാൻ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകൾ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോദരി അഖില ഷാർജ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവായ സതീഷെന്നാണ് കുടുംബത്തിൻ്റെ പരാതി. ഷാർജയിലെ ഫ്ലാറ്റിൽ വെച്ച് സതീഷിൽ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തിന് കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

ജൂലൈ 19ന് രാവിലെയാണ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ഫേസ്ബുക്ക് പേജിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി എന്ന് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 25) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു.അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കോട്ടയം കാഞ്ഞിരപ്പള്ളി മീനച്ചൽ താലൂക്കുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടർ ജോൺ വി സാമുവലാണ് അവധി പ്രഖ്യാപിച്ചത്

കെഎസ്ഇബി യിൽ ജീവനക്കാരുടെ ക്ഷാമമെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം.കെ.എസ്.ഇ.ബി യിൽ ജീവനക്കാരുടെ ക്ഷാമമെന്ന് വിവരാവകാശ രേഖ.2025 ജനുവരിയിൽ പുറത്ത് വന്ന കണക്ക് പ്രകാരം ഒഴിഞ്ഞു കിടക്കുന്നത് പത്തായിരത്തോളം തസ്തികകൾ.എംപ്ലോയിമെന്റ് എക്‌സ്ചേ ഞ്ച് വഴി നിയമനം നടത്താനുള്ള നടപടിയും എങ്ങുമെത്തിയില്ല.

കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലം വൈദ്യുതി അപകടങ്ങൾ പതിവാകുമ്പോഴാണ് ബോർഡിൽ ജീവനക്കാർ കുറവെന്ന വിവരവും പുറത്ത് വരുന്നത്. വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്ഇബിയിൽ നിന്ന് ലഭിച്ച മറുപടി പ്രകാരം 9429 പേരുടെ ഒഴിവാണ് ബോർഡിലുള്ളത്. KSEB ഹ്യൂമൻ റിസോഴ്സസ് വിങ് ചീഫ് എൻജിനീയർ 2025 ജനുവരി 24നാണ് ഗോവിന്ദൻ നമ്പൂതിരിക്ക് മറുപടി നൽകിയത്. കഴിഞ്ഞ വർഷം ഡിസംബർ 14 വരെയുള്ള കണക്കുപ്രകാരം ബോർഡിനു കീഴിൽ 26,513 സ്ഥിരം ജീവനക്കാരാണുള്ളത്. ആവശ്യമുള്ള ജീവനക്കാരുടെ എണ്ണമാകട്ടെ 36,524.

ഈ വർഷം വിരമിച്ചതടക്കമുള്ള കണക്കുകൾ കൂടി പരിഗണിച്ചാൽ ഒഴിവുകളുടെ എണ്ണം കൂടും. ഇതിനിടയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ താൽക്കാലികമായി നിയമിക്കാൻ തീരുമാനിച്ചെങ്കിലും നടപടി ആയിട്ടില്ല. ജില്ലാ തലത്തിൽ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ 179 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കാനുള്ള തീരുമാനമാണ് നടപ്പിലാകാത്തത്. ജീവനക്കാരുടെ കുറവ് സാധാരണക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക വർധിപ്പിക്കുകയാണ് ഈ കണക്കുകൾ.

വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും കൂടാതെ മരണമടഞ്ഞ പ്രമുഖ നേതാക്കളെ അടച്ചാക്ഷേപിച്ച് നടൻ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി.വിഎസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും കൂടാതെ മരണമടഞ്ഞ പ്രമുഖ നേതാക്കളെ അടച്ചാക്ഷേപിച്ച് നടൻ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിനായകനെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും കേരള ഡിജിപി ക്കും പരാതി നൽകി മുംബൈ മലയാളി. മകളുടെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ അനുവാദം കൂടാതെ പോസ്റ്റ് ചെയ്തതിനെതിരെയാണ് പരാതി. വിഎസിനെ അധിക്ഷേപിച്ചു എന്ന പേരിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസും പരാതിനൽകി.

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് കൊച്ചിയിൽ വച്ച് നടന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത വിനായകൻ മുദ്രാവാക്യം മുഴക്കിയിരുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഈ ദൃശ്യങ്ങളും ഉമ്മൻചാണ്ടിയുടെ മരണസമയത്തെ വിനായകന്റെ അധിക്ഷേപ പോസ്റ്റും ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. ഒരു വിമർശന പോസ്റ്റ് മുംബൈ മലയാളി വിനായകന്റെ whatsapp നമ്പറിലേക്ക് അയച്ചുകൊടുക്കുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പ്രൊഫൈൽ പിക്ചറായ മകളുടെ ചിത്രം അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടായിരുന്നു വിനായകന്റെ പ്രതികരണം.

പ്രായപൂർത്തി ആവാത്ത മകളുടെ ചിത്രങ്ങൾ അനുവാദം കൂടാതെ പരസ്യപ്പെടുത്തിയതിനെതിരെ മുംബൈ മലയാളി മഹാരാഷ്ട്ര സൈബർ സെല്ലിനും കേന്ദ്ര ബാലാവകാശ കമ്മീഷനും കേരള ഡിജിപി ക്കും പരാതി നൽകി. ഇതേ തുടർന്ന് വിഎസിനെയും ഉമ്മൻചാണ്ടിയെയും മരണമടഞ്ഞ മറ്റു പ്രമുഖ നേതാക്കളെയും അധിക്ഷേപിക്കുന്ന വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നു. വിഎസിനെ അധിക്ഷേപിച്ചതിനെതിരെ എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഡിജിപിക്ക് പരാതി നൽകി. തുടർച്ചയായുള്ള വിനായകന്റെ അധിക്ഷേപ പോസ്റ്റുകൾക്കെതിരെ പൊതുസമൂഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം കനക്കുകയാണ്.

അതേസമയം നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മഹാത്മാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അധിക്ഷേപിച്ചുവെന്ന് കാട്ടിയാണ് പരാതി

വിനായകൻ ഇന്ന് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റിനെതിരെയാണ് പരാതി
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ആണ് ഡിജിപിക്ക് പരാതി നൽകിയത്

ബംഗളൂരു സ്റ്റേഡിയം ദുരന്തം: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിനിടെ മോഷ്ടിക്കപ്പെട്ടുവെന്ന് മാതാപിതാക്കൾ

റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ട 15 വയസുകാരി ദിവ്യാന്‍ഷിയുടെ ആഭരണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനിടെ മോഷ്ടിച്ചെന്ന് ആരോപണം.

പോസ്റ്റ്മോര്‍ട്ടത്തിനിടെ മകളുടെ കമ്മലുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ ദിവ്യാന്‍ഷിയുടെ അമ്മ അശ്വിനി കൊമേഴ്സ്യല്‍ സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കമ്മലുകള്‍, വസ്ത്രങ്ങള്‍, ഷൂസ് എന്നിവയുള്‍പ്പെടെ നിരവധി സ്വകാര്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറഞ്ഞു. ആശുപത്രി അധികൃതരെ സമീപിച്ചതായും നിരവധി പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിട്ടും പരിഹാരമൊന്നും ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ എല്ലാ സാധനങ്ങളും ആവശ്യപ്പെടുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടത് അവളുടെ കമ്മലുകള്‍ മാത്രമാണ്. അവള്‍ എപ്പോഴും അവ ധരിച്ചിരുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങള്‍ ഇപ്പോഴും അവളുടെ ഓര്‍മ്മകളുമായി ജീവിക്കുന്നു. ഈ കമ്മലുകള്‍ അതിന്റെ ഭാഗമായിരുന്നു’ എന്ന് അശ്വിനി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വര്‍ഷത്തിലേറെയായി കുട്ടി കമ്മലുകള്‍ ഊരിമാറ്റിയിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അധികാരികള്‍ ആവര്‍ത്തിച്ച് ഉറപ്പ് നല്‍കിയിട്ടും കമ്മലുകള്‍ തിരികെ നല്‍കിയില്ല. ഇത് മൂല്യത്തെക്കുറിച്ചല്ലെന്നും അവള്‍ക്ക് അവ വളരെ ഇഷ്ടമായിരുന്നുവെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കൊമേഴ്സ്യല്‍ സ്ട്രീറ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ട്രാക്ടർ യാത്ര: എം.ആര്‍.അജിത്കുമാറിനെതിരെ നടപടി വേണം: ശുപാർശയുമായി റാവാഡ ചന്ദ്രശേഖര്‍

തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ നടപടി വേണമെന്നു ശുപാര്‍ശ ചെയ്ത് പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. അജിത്കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കാട്ടി ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പൊലീസ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപി ചൂണ്ടിക്കാട്ടി.

ഇതു സംബന്ധിച്ച പരാതിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. സംഭവത്തില്‍ ട്രാക്ടറിന്റെ ഡ്രൈവറെ മാത്രം പ്രതി ചേര്‍ത്ത് പമ്പ പൊലീസ് കേസെടുത്തത് വിവാദമായതിനു പിന്നാലെയാണ് അജിത്കുമാറിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പമ്പയില്‍നിന്നു സന്നിധാനത്തേക്കും തിരിച്ചുമാണ് എഡിജിപി അജിത്കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്നായിരുന്നു അജിത്കുമാറിന്റെ വിശദീകരണം. പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുൻപു പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരോധനം വകവയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത്. വിവാദമായതോടെ ശബരിമല സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനവുമുണ്ടാകുകയും ചെയ്തിരുന്നു.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും  കേന്ദ്ര ജല കമ്മീഷന്റെയും മുന്നറിയിപ്പ്.
പള്ളിക്കൽ ആറിന്റെ  തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി സി ഇ ഒ  ജി നിർമ്മൽ കുമാർ അറിയിച്ചു.
ആറ്റിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണം എന്നും നിർദേശിച്ചു.

‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഇത്തവണ കടുക്കും… നിരവധി പേർ മത്സര രംഗത്ത്

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേരാണ് മത്സരംഗത്തുള്ളത്. നടന്‍ ജഗദീഷും നടി ശ്വേതാ മേനോനും രവീന്ദ്രനും ഉൾപ്പെടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. ഇതോടെ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. അതേസമയം നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളി.  പേരിലുണ്ടായ പ്രശ്‌നമാണ് പത്രിക തള്ളാന്‍ കാരണമെന്നാണ് അറിയുന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് പത്രിക നല്‍കി. 74 പേരാണ് മത്സരരംഗത്തുള്ളത്. അതേസമയം, ആരോപണവിധേയര്‍ മത്സരിക്കുന്നതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ചില താരങ്ങള്‍ രംഗത്തെത്തി.