Home Blog Page 768

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടും; ഉത്തരവ് പ്രാബല്യത്തിൽ വരിക ഓഗസ്റ്റ് 13ന്

ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും. ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം. ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും. രാഷ്ട്രപതി ഭരണം നീട്ടുന്നതിൽ മണിപ്പൂർ ബിജെപിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന.

വംശീയ കലാപം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന ആരോപണം ഉയർന്നതോടെ മണിപ്പുരിൽ കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചതിന് പിന്നാലെയാണ് മണിപ്പുരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്.

2023 മേയിലാണ് മെയ്തി, കുകി വിഭാഗങ്ങള്‍ തമ്മില്‍ കലാപം തുടങ്ങിയത്. മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന മണിപ്പൂർ ഹൈക്കോടതി ഉത്തരവോടെയാണ് തുടക്കം. ഇതിനെതിരെ 2023 മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന മാർച്ചോടെയാണ് കലാപം ആരംഭിച്ചത്. പിന്നീട് ഇങ്ങോട്ട് രാജ്യം കണ്ടത് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.

സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകൾ അഗ്നിക്കിരയായി. വാഹനങ്ങൾ കത്തിച്ചു. ജനങ്ങൾ പലയിടങ്ങളിലേക്ക് പലായനം ചെയ്തു. എത്ര പേർ കൊല്ലപ്പെട്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ല. 2025 ഫെബ്രുവരി വരെ 260 തവണയാണ് ആക്രമണമുണ്ടായത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ശേഷം അക്രമങ്ങൾ കുറഞ്ഞതായി റിപ്പോർട്ടുണ്ട്.

ഡിജിറ്റൽ സർവകലാശാലയുടെ കൈരളി ചിപ്പിൽ അന്വേഷണം വേണമെന്ന് ആവശ്യം; ആരോപണം നിഷേധിച്ച് ഡീൻ

തിരുവനന്തപുരം: ഡിജിറ്റൽ സര്‍വകലാശാലയുടെ കൈരളി ചിപ്പ് നിര്‍മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റ് ക്യാമ്പയിൻ കമ്മിറ്റി. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും സമീപിച്ച പരാതിക്കാർ, വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു. സാങ്കേതിക പഠന റിപ്പോര്‍ട്ടോ, വിദഗ്ധ വിലയിരുത്തലുകളോ ഇല്ലാതെ 25 ലക്ഷത്തിന്‍റെ പാരിതോഷികവും സര്‍ക്കാര്‍ ഫണ്ടും തട്ടുന്നുവെന്നും കേന്ദ്രത്തെ അറിയിക്കുന്നില്ലെന്നുമാണ് പരാതി. എന്നാൽ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ചിപ്പിന് നേതൃത്വം നൽകിയ, സർവകലാശാല ഡീൻ അലക്സ് ജെയിംസിന്‍റെ പ്രതികരണം.

മുഖ്യമന്ത്രി പ്രോ ചാൻസലറായ ഡിജിറ്റൽ സർവ്വകലാശാലയിൽ ഗ്രഫീൻ പദ്ധതി സ്വകാര്യ കമ്പനിക്ക് നൽകിയതിലെ ക്രമക്കേടിൽ നേരത്തെ വിസിയായിരുന്ന സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് സിഎജി പരിശോധനയ്ക്ക് ഗവര്‍ണര്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ ഫണ്ട് നൽകുന്ന പദ്ധതികള്‍ അധ്യാപകര്‍ സ്വന്തം പേരിലുണ്ടാക്കിയ കമ്പനിയിലേയ്ക്ക് മാറ്റുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനിടയിലാണ് കൈരളി ചിപ്പിലും അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവര്‍ണറെ സമീപിച്ചത്.

ചിപ്പിനായി കോടികളുടെ പദ്ധതി കേന്ദ്രം നടത്തുമ്പോള്‍, വമ്പൻ നേട്ടമായി അവതരിപ്പിച്ച കൈരളി ചിപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കാത്തതിൽ പരാതിക്കാർ ദൂരൂഹത സംശയിക്കുന്നു. വാണിജ്യടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുമെന്നതിന് ഒരു തെളിവുമില്ല. ഒന്നും നോക്കാതെ സര്‍ക്കാര്‍25 ലക്ഷം കൊടുത്തു. വന്‍ നേട്ടമായി പെരുപ്പിച്ച് കാട്ടിയെന്നും പരാതിയിലുണ്ട്.

വാണിജ്യടിസ്ഥാനത്തിൽ ഉപയോഗിക്കാനാകുമെന്ന് എങ്ങും പറഞ്ഞിട്ടില്ലെന്നാണ് ഡീൻ അലക്സ് ജയിംസിന്‍റെ മറുപടി. അതിന് വന്‍ തുക വേണം. ചെറിയ ആപ്ലിക്കേഷനുകള്‍ ഉള്ള ചിപ്പ് മാത്രമാണ് തയ്യാറാക്കിയത്. ഇതേക്കുറിച്ച് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചിപ്പ്സ് സ്റ്റാര്‍ട്ട് അപ്പിൽ സര്‍വകലാശാലയെയും കേന്ദ്ര ഐടി മന്ത്രാലയം തെരഞ്ഞെടുത്തത്. കൈരളി ഗവേഷണ പുരസ്കാരം തനിക്ക് കിട്ടിയതിന് കൈരളി ചിപ്പിനല്ലെന്നും എല്ലാം കൂട്ടിക്കുഴച്ച് ആരോപണം ഉന്നയിക്കുകയാണെന്നുമാണ് അലക്സ് ജെയിംസിന്‍റെ മറുപടി.

നിർണായക പ്രഖ്യാപനവുമായി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ; ‘പലസ്‌തീനെ രാജ്യമായി അംഗീകരിക്കും’

ന്യൂഡൽഹി: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. സെപ്തംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ വച്ച് ഫ്രാൻസ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് പ്രസിഡൻ്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും എക്സിൽ കുറിച്ചു. ഇസ്രയേലിനെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ പലസ്തീൻ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും മധ്യപൂർവ്വ ദേശത്തെ സമാധാനത്തിനായി മറ്റു ബദലുകളില്ലെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ മരിച്ച സംഭവം; നിര്‍ണായക തെളിവായി ഫോണ്‍ റെക്കോര്‍ഡ്, അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ വീട്ടമ്മ അറസ്റ്റിൽ. വെണ്ണിയൂർ നെടിഞ്ഞൽ എ.ആർ ഭവനിൽ രാജം(54) ആണ് അറസ്റ്റിലായത്. മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്‍റെയും സുനിതയുടെയും മകൾ അനുഷ(18) ആണ് വീടിന്‍റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. അയൽവാസിയായ വീട്ടമ്മ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് അനുഷ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. ഇതിന് തെളിവായി അനുഷയുടെ ഫോണ്‍ റെക്കോര്‍ഡ് അടക്കം പൊലീസിന് ലഭിച്ചു.

അയൽവാസി അസഭ്യവർഷം നടത്തിയതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ വിദ്യാർഥിനി ആത്മഹത്യ ചെയ്യും മുൻപ് നാലോളം ബന്ധുക്കളെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞിരുന്നു. ഇത് റെക്കോഡ് ചെയ്ത ബന്ധു പൊലീസിന് തെളിവ് കൈമാറി. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ സ്ത്രീ എത്തി അനുഷയെ അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകൾ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവ സമയത്ത് അനുഷയും അസുഖ ബാധിതനായ മുത്തച്ഛനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് കുട്ടി മുകളിലെ നിലയിലേക്ക് പോയി വാതിൽ വലിച്ചടതുകണ്ട മുത്തച്ഛൻ സംശയം തോന്നി സമീപത്തെ വയലിലുണ്ടായിരുന്നവരെ വിളിച്ച് പറഞ്ഞതോടെ, ഇവർ എത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ അനുഷയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. പിന്നാലെ വീട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കേസിൽ പ്രതിയായ അയൽക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതിൽ കടന്ന് ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയൽവാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് മൊഴി.

തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു. ഇവിടുത്തെ കാര്യങ്ങൾ യുവാവിന്‍റെ ആദ്യ ഭാര്യയെ അറിയിക്കുന്നത് അനുഷയാണെന്ന് ആരോപിച്ചാണ് പ്രതി അസഭ്യവര്‍ഷം നടത്തിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു അനുഷ. ആത്മഹത്യാപ്രേരണാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മധ്യ, തെക്കൻ കേരളത്തിൽ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്; അവധി രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും

തിരുവനന്തപുരം: ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് അവധി.

ഇന്ന് തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതായത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ജൂലൈ 26ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടാണ്.

ജൂലൈ 27ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ജുലൈ 28നാകട്ടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്.

അവധി അറിയിപ്പ്

എറണാകുളം

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

ഇടുക്കി

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു.

കോട്ടയം

ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ബ്രിട്ടീഷ്-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ നമ്മുടെ കള്ളിനും കാര്യമുണ്ട്; യുകെയിൽ അം​ഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

ന്യൂഡൽഹി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരമായതോടെ കേരളത്തിനും പ്രതീക്ഷ. കേരളത്തിന്റെ തനത് മദ്യമായ കള്ളിന് ബ്രിട്ടനിൽ അം​ഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പരമ്പരാഗത ലഹരി പാനീയങ്ങളായ ഗോവയിലെ ഫെനി, നാസിക്കിലെ വൈനുകൾ എന്നിവക്കും അം​ഗീകാരം ലഭിച്ചേക്കും. കള്ള് അടക്കമുള്ള ഇന്ത്യൻ ലഹരി പാനീയങ്ങൾക്ക് യുകെയിലെ ഉയർന്ന നിലവാരമുള്ള റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി ശൃംഖലകളിൽ ഭൂമിശാസ്ത്ര സൂചിക (ജിഐ) സംരക്ഷണവും ഷെൽഫ് സ്ഥലവും ലഭിക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരമായി. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയ‍ര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാ‍ർ ഒപ്പുവെച്ചത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നൽകുന്നതാണ് വ്യാപാരക്കരാര്‍. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറാണെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി വ്യക്തമാക്കി.

യുകെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ മൂന്ന് ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നല്കില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾക്കടക്കം യുകെയിലെ വിപണി തുറന്നു നല്കുന്നതാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ. യുകെയിൽ നിന്നുള്ള ചില കാർഷിക ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും ഇന്ത്യൻ വിപണിയും കരാറിലൂടെ തുറന്നു കിട്ടും. ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് യുകെയിൽ 20 ശതമാനം തീരുവ ഉണ്ടായിരുന്നത് പൂർണമായും ഒഴിവാക്കി.

ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യുകെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.

കേരളത്തിനും ഈ തീരുമാനം ഗുണം ചെയ്തേക്കാം. പാക്കറ്റിലാക്കിയ ഭക്ഷണത്തിന് എഴുപത് ശതമാനം വരെ തീരുവ ഉണ്ടായിരുന്നതും യുകെ എടുത്തു കളയും. ഇന്ത്യൻ തുണിത്തരങ്ങൾക്ക് 12 ശതമാനവും കെമിക്കലുകൾക്ക് എട്ട് ശതമാനവും തീരുവ യുകെ ചുമത്തിയിരുന്നു. ഇവ രണ്ടും പിൻവലിച്ചു. ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്വയറിനുള്ള തീരുവ കുറച്ചത് ഐടി മേഖലയ്ക്ക് സഹായകരമാകും. സ്മാർട്ട് ഫോണുകൾ, എഞ്ചിനീയറിംഗ് ഉത്പനങ്ങൾ, പാവകൾ, സ്പോർട്ട്സ് ഉപകരണങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ളാസ്റ്റിക്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള തീരുവ എടുത്തുകളയാനും യുകെ സമ്മതിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസം അവധി; പ്രഖ്യാപനവുമായി മന്ത്രി

ന്യൂഡൽഹി: പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉൾപ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 30 ദിവസം വരെ അവധിയെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയിൽ പറഞ്ഞു. സർവീസ് നിയമങ്ങൾ അനുസരിച്ച്, സർക്കാർ ജീവനക്കാർക്ക് 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. ഈ അവധി പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് പോലുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കാൻ എന്തെങ്കിലും വ്യവസ്ഥയുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. 1972 ലെ സെൻട്രൽ സിവിൽ സർവീസസ് (ലീവ്) നിയമങ്ങൾ പ്രകാരം, പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നതുൾപ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റ് അർഹതയുള്ള അവധികൾക്ക് പുറമെ, 30 ദിവസത്തെ ആർജിത അവധി, 20 ദിവസത്തെ അർധ ശമ്പള അവധി, എട്ട് ദിവസത്തെ കാഷ്വൽ അവധി, രണ്ട് ദിവസത്തെ നിയന്ത്രിത അവധി എന്നിവ പ്രതിവർഷം അനുവദിക്കുന്നുണ്ടെന്നും മന്ത്രി രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.

ഗവൺമെന്റ് നയമനുസരിച്ച്, സർക്കാർ ജീവനക്കാരന്റെ അവധി അക്കൗണ്ടിലേക്ക് യഥാക്രമം ജനുവരി 1, ജൂലൈ 1 തീയതികളിൽ രണ്ടുതവണ മുൻകൂറായി അവധി ക്രെഡിറ്റ് ചെയ്യപ്പെടും. ജീവനക്കാർ അവധി എടുക്കുമ്പോൾ അത് ഡെബിറ്റ് ചെയ്യപ്പെടും. സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന എക്സിക്യൂട്ടീവ് നിർദ്ദേശങ്ങൾ കാഷ്വൽ ലീവ്, നിയന്ത്രിത അവധി ദിനങ്ങൾ, കോമ്പൻസേറ്ററി ഓഫ്, സ്പെഷ്യൽ കാഷ്വൽ ലീവ് തുടങ്ങിയ അവധി ദിനങ്ങളെ നിയന്ത്രിക്കുന്നു.

മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് വ്യാജ വിവാഹലോചന അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ്… യുവാവ് തട്ടിയത് ലക്ഷങ്ങൾ

സാമൂഹിക മാധ്യമങ്ങൾ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ്‌ റമീസാണ് വയനാട് ജില്ലാ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. ചൂരൽമല സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്.
വിവിധ മാട്രിമോണി വെബ്സൈറ്റുകളിൽ നിന്നും സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് സോഷ്യൽ മീഡിയ വഴി വ്യാജ വിവാഹലോചന അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ മാട്രിമോണിയൽ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിർമ്മിച്ചായിരുന്നു തട്ടിപ്പ്. വ്യക്തി വിവരങ്ങൾ കൈവശപ്പെടുത്തി വ്യാജ അക്കൗണ്ടുകൾ വഴി ഇടപാടുകാരെ കണ്ടെത്തും. തുടർന്ന് രജിസ്ട്രേഷൻ ഫീസ് വാങ്ങി ഫോട്ടോ അയച്ചു നൽകി കബളപ്പിക്കുകയാണ് രീതി. ഇയാളുടെ സഹായികൾ തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജേന സംസാരിക്കും. 

ചൂരൽമല സ്വദേശിയായ യുവാവ് തന്റെ ബന്ധുവിന്റെ വിവാഹലോചനക്കായി ഇവരുമായി ബന്ധപ്പെട്ടിരുന്നു. 1400 രൂപ നൽകി രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പണം വാങ്ങിയ ശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക്‌ ചെയ്തു. പിന്നീട് മറ്റൊരു നമ്പറിൽ നിന്നും ബന്ധപ്പെട്ടപ്പോൾ മുൻപ് അയച്ച ഒരു പെൺകുട്ടിയുടെ ഫോട്ടോ തട്ടിപ്പുകാർ മറ്റൊരു പേരിൽ അയച്ചു നൽകിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 


ഒരു മാസത്തിനുള്ളിൽ തന്നെ തട്ടിപ്പുക്കാരന്റെ അക്കൗണ്ടിലേക്ക് 1400 രൂപ വെച്ചു 300 ഓളം ഇടപാടുകൾ നടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇയാൾക്കെതിരെ നാഷണൽ സൈബർ റിപ്പോർട്ടിങ് പോർട്ടലിൽ (1930) 27 ഓളം പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സൈബർ ക്രൈം ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍ താരം ഹള്‍ക് ഹോഗന്‍ അന്തരിച്ചു

ഡബ്ല്യുഡബ്ല്യുഇ റസ്‌ലിങ് താരം ഹള്‍ക് ഹോഗന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അദ്ദേഹത്തിന് 71 വയസായിരുന്നു. ഫ്‌ളോറിഡയിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ഡോക്ടര്‍മാര്‍ വീട്ടിലെത്തി അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിഹാസ അമേരിക്കന്‍
റസ്‌ലിങ് താരമായ ഹള്‍ക് ഹോഗന്‍
1970കള്‍ മുതല്‍ ഡബ്ല്യുഡബ്യുഇ (ഡബ്ല്യുഡബ്ല്യുഎഫ്) രംഗത്ത് സജീവമായിരുന്നു. 1953 ഓഗസ്റ്റ് 11നാണ് ജോര്‍ജിയയിലാണ് ജനനം. പ്രൊഫഷണല്‍ റസ്‌ലിങ് ങിലെ ഇതിഹാസ മുഖങ്ങളിലൊന്നാണ് ഹള്‍കിന്റേത്.
റസ്ലിങ് പോരാട്ടത്തിന്റെ സുവര്‍ണ കാലത്തെ മുഖമെന്ന വിശേഷണവും ഹള്‍കിനുണ്ട്. റിങിലെ അതികായനായി ഒരുകാലത്ത് വാഴ്ത്തപ്പെട്ട താരമാണ് ഹള്‍ക്. ആഗോള തലത്തില്‍ തന്നെ അദ്ദേഹത്തെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഡബ്ല്യുഡബ്ല്യുഇയുടെ ഹാള്‍ ഓഫ് ഫെയ്മിലും ഹള്‍കിന്റെ പേരുണ്ട്.

പൊലീസ് തലപ്പത്ത് മാറ്റം,കൊല്ലം പത്തനംതിട്ട ഇടുക്കി ജില്ലകളിലും സ്ഥാനചലനം

തിരുവനന്തപുരം.പൊലീസ് തലപ്പത്ത് മാറ്റം. ഐപിഎസ് ഓഫിസര്‍മാരുടെ മാറ്റം ഇങ്ങനെ. റയില്‍വേ സൂപ്രണ്ട് ഡോ.അരുള്‍ ആര്‍ ബി കൃഷ്ണയെ വിഐപി സെക്യൂരിറ്റിയിലേക്കുമാറ്റി. പൊലീസ് സായുധ സേനയുടെ അധികചുമതലയുമുണ്ട് ഇദ്ദേഹത്തിന്.


വി ആന്റ് എസിബി( എറണാകുളം റേഞ്ച് )സൂപ്രണ്ട് എസ് ശശിധരനെ കെഇപിഎ അസി ഡയറക്ടറായി മാറ്റി നിയോഗിച്ചു.
പൊലീസ് ട്രയിനിംങ് കോളജ് പ്രിന്‍സിപ്പല്‍ പിഎന്‍ രമേശ് കുമാറിനെ വി ആന്റ് എസിബി എറണാകുളം റേഞ്ചിലേക്ക് മാറ്റി.
വിഐപി സുരക്ഷാ ചുമതലയില്‍ നിന്നും ആര്‍ ആനന്ദിനെ പത്തനംതിടച്ച് ജില്ലാ പൊലീസ് സൂപ്രണ്ടായി മാറ്റി.
കൊല്ലം റൂറല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കെ എം സാബുമാത്യുവിനെ ഇടുക്കി തലവനായും ഇടുക്കി ജില്ലാ സൂപ്രണ്ട് ടികെ വിഷ്ണുപ്രദീപിനെ കൊല്ലം റൂറലിലേക്കുംമാറ്റി.


പത്തനംതിട്ട ജില്ലാപൊലീസ് സൂപ്രണ്ട് വി ജി വിനോദ്കുമാറിനെ ലാആന്റ് ഓര്‍ഡര്‍ അസിസ്റ്റന്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയും കെഇപിഎ അസി ഡയറക്ടര്‍ പി വാഹിദിനെ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡറായും നിയോഗിച്ചു.
റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്‌റ് മുഹമ്മദ് നദീമുദ്ദീനെ ആംഡ് വനിതാ ബറ്റാലിയന്‍ കമാന്‍ഡന്‌റായി മാറ്റി.
സ്‌പെഷ്യല്‍ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് കെഎസ് ഷഹന്‍ഷായെ റയില്‍വേസ് സൂപ്രണ്ട് സ്ഥാനത്തേക്ക് മാറ്റി.
യോഗേഷ് മാന്‍ധയ്യയെ വനിതാ പൊലീസ് ആംഡ് ബറ്റാലിയനില്‍നിന്നും സ്‌പെഷ്യല്‍ ആംഡ് പൊലീസ് തലപ്പത്തേക്ക് മാറ്റി.