Home Blog Page 762

ചാലക്കുടി ബിവറേജസിലെ മോഷണം: കവർന്നത് 41270 രൂപയുടെ മദ്യം, 4 സിസിടിവി ക്യാമറകളും നശിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി ബിവറേജസിൽ നിന്ന് മോഷണം പോയത് 41270 രൂപയുടെ ഏഴു ബോട്ടിലുകളെന്ന് വിവരം. നാല് സിസിടിവി ക്യാമറകളും നശിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കവർന്നത് മുഴുവൻ പ്രീമിയം കൗണ്ടറിലെ മദ്യം. ജോണിവാക്കർ ഉൾപ്പെടെയുള്ള മദ്യമാണ് മോഷ്ടാവ് കൊണ്ടുപോയത്.

രാവിലെ ജീവനക്കാർ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പൂട്ട് തകർത്തിരിക്കുന്നത് കണ്ട ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. മുന്തിയ ഇനം വിദേശമദ്യങ്ങളിൽ ഭൂരിഭാ​ഗവുമാണ് മോഷണം പോയതെന്നാണ് ഇപ്പോൾ പൊലീസ് പുറത്തുവിടുന്ന പ്രാഥമിക വിവരം. 4 സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കളിച്ചുകൊണ്ടിരിക്കെ കൈയിൽ മൂർഖൻ ചുറ്റി; കടിച്ചുകൊന്ന് ഒരു വയസുകാരൻ, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബേട്ടിയ (ബിഹാർ): കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്നാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നുവെന്നും ഇത് കുഞ്ഞിനെ പെട്ടെന്ന് പ്രതികരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് തൽക്ഷണം ചാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗോവിന്ദയുടെ നില വഷളാകാൻ തുടങ്ങി. കുടുംബം ആദ്യം അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്‍ററിൽ (PHC) എത്തിച്ചെങ്കിലും, പിന്നീട് ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (GMCH) മാറ്റുകയായിരുന്നു. കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ചിലെ ഡോക്ടർമാർ അറിയിച്ചു.

പാമ്പ് വീട്ടിലെത്തിയപ്പോൾ ഗോവിന്ദയുടെ അമ്മ അടുത്ത് വിറക് ശേഖരിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മുത്തശ്ശി മാതേശ്വരി ദേവി പറഞ്ഞു. പാമ്പ് പുറത്തുവന്നപ്പോൾ കുട്ടി എന്തോ വെച്ച് അതിനെ അടിക്കുകയും തുടർന്ന് കടിച്ചു കൊല്ലുകയുമായിരുന്നു. അതൊരു മൂർഖൻ പാമ്പായിരുന്നു. കുട്ടിക്ക് ഒരു വയസ് മാത്രമേയുള്ളുവെന്നും മുത്തശ്ശി കൂട്ടിച്ചേർത്തു.

സംസാരിക്കരുതെന്ന് വിലക്കിയ പെൺ സുഹൃത്തിനോട് സംസാരിച്ചു, ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത് 20കാരൻ

ന്യൂഡൽഹി: സംസാരിക്കരുതെന്ന് ഉറ്റ സുഹൃത്ത് ആവശ്യപ്പെട്ട യുവതിയോട് സംസാരിച്ചു. പിന്നാലെ കൂട്ടുകാരനെ കഴുത്തറുത്ത് 20കാരൻ. ഡൽഹി പാണ്ഡവ് നഗർ സ്വദേശിയായ ആകാശ് ശർമ എന്ന 20കാരനെയാണ് പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഐസ്ക്രീം കച്ചവടക്കാരനായ ഇയാൾ ബികോം ബിരുദധാരിയാണ്. വൈകാരികമായ അടുപ്പം നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു അക്രമം നടന്നതെന്നാണ് 20കാരൻ പൊലീസിനോട് വിശദമാക്കിയത്.

ജൂലൈ 17നാണ് സംഭവത്തിന് ആസ്പദമായ അക്രമം നടന്നത്. ഹർഷ് ഭാരതി എന്ന യുവാവിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ഹ‍‍ർഷ് ഭാരതിയും ആകാശ് ശർമയും ഏറെക്കാലമായി ഉറ്റ സുഹൃത്തുക്കളാണ്. എന്നാൽ ഹർഷ് അടുത്ത കാലത്തായി ആകാശിന്റെ വനിതാ സുഹൃത്തുമായി അടുക്കുന്നത് ആകാശ് വിലക്കിയിരുന്നു. ഇത് പരിഗണിക്കാതെ വനിതാ സുഹൃത്തുമായി ഹർഷ് സംസാരിച്ചതാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചത്. കൊലപാതക ശ്രമത്തിനും തടഞ്ഞ് വയ്ക്കലിനുമാണ് പൊലീസ് ആകാശിനെതിരെ കേസ് എടുത്തിരിക്കുന്നത്.

വനിതാ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരുന്ന ഹ‍‍ർഷിന്റെ സമീപത്തേക്ക് എത്തിയ ആകാശ്, ഉറ്റസുഹൃത്തിന്റെ കഴുത്ത് അറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഹർഷിന് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ആകാശിനായി ദിവസങ്ങളോളമാണ് പൊലീസ് തെരച്ചിൽ നടത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് ആകാശിനേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം പുറത്തുവന്ന സംഭവം: കോൺ​ഗ്രസിന് കടുത്ത അതൃപ്തി, വിശദാംശം ‌തേടാൻ കെപിസിസി

തിരുവനന്തപുരം: പാർട്ടിക്കെതിരേയും സിപിഎമ്മിന് അനുകൂലമായും സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയോട് വിശദാംശം തേടാൻ കെപിസിസി നേതൃത്വം. പാലോട് രവിയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. ഫോൺ സംഭാഷണം ഗൗരവമായി എടുക്കുകയാണ് നേതൃത്വം. രവിയുടെ ഫോൺ സംഭാഷണത്തിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്നാണ് ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ സംഭാഷണത്തിലുള്ളത്. കോൺഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി രംഗത്തെത്തി. കോൺഗ്രസിൻറെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവി പറഞ്ഞു. താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകൾ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾക്ക് നൽകുന്നതാണ്.

പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ് ലക്ഷ്യം. എങ്കിൽ മാത്രമേ ഒറ്റക്കെട്ടായി സിപിഎം ഭരണത്തെ താഴെ ഇറക്കാൻ കോൺഗ്രസിനെ കൊണ്ട് സാധിക്കുകയുള്ളു. താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴുമെന്നും സിപിഎം വീണ്ടും ഭരണം തുടരുമെന്നുമായിരുന്നു പാലോട് രവി ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞത്. ഇതോടെ കോൺഗ്രസിന് അധോഗതിയായിരിക്കുമെന്നും എടുക്കാചരക്കാകുമെന്നും മുസ്ലിങ്ങൾ സിപിഎമ്മിലേക്ക് പോകുമെന്നും മറ്റുള്ളവർ ബിജെപിയിലേക്ക് പോകുമെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.

ഇറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാൻ കോൺഗ്രസിൽ ആളില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ കുഴിച്ചു മൂടുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും പാലോട് രവി പറയുന്നു. സംഭാഷണം വിവാദമായതോടെയാണ് പാലോട് രവി വിശദീകരണുമായി രംഗത്തെത്തിയത്.

പാലോട് രവി പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. 60 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് അവർ വോട്ട് പിടിക്കും. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർകിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നുണ്ട്.

കൊല്ലം നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ മോഷണം.. സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ മോഷണം. മോഷ്ടാവ് പള്ളി കോമ്പൗണ്ടിന് അകത്ത് കടന്നു കാണിക്ക വഞ്ചിയിലെ പണം കവരുകയായിരുന്നു. ഇന്നലെ രാത്രി ആയിരുന്നു മോഷണം. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മോഷ്ടാവ് പള്ളിയിലെത്തുന്നതും മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകൾ 5 cm കൂടെ ഉയർത്തി

പുനലൂർ: തെന്മല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നു. വൃഷ്ടിപ്രദേശങ്ങളില്‍ മഴതുടരുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാൽ  ആണ്  ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നത്.
ഉച്ചയോടെ ഡാമിന്റെ 2 ഷട്ടറുകൾ 5 cm കൂടെ ഉയർത്തി 15cm ൽ എത്തിച്ച് അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയായിരുന്നു.

പാല്‍സ്വയംപര്യാപ്തതയിലേക്ക് ശാസ്ത്രീയമായ ചുവട് വയ്പുമായി മൃഗസംരക്ഷണ വകുപ്പ്

പാല്‍സ്വയംപര്യാപ്തതയിലേക്ക് ശാസ്ത്രീയമായ ഒരു ചുവട് വയ്പുകൂടി നടത്തി മൃഗസംരക്ഷണ വകുപ്പ്. പശുക്കിടാങ്ങളുടെ സമൃദ്ധിയിലൂടെ ലക്ഷ്യംകാണുന്നതിനുള്ളപദ്ധതിയുടെ വിജയസൂചകമായ ആദ്യകിടാവ് പിറന്നത് ജില്ലയില്‍. മൈനാഗപ്പള്ളി പെരുമന വടക്കതില്‍ അരുണ്‍ കുമാറിന്റെ വീട്ടിലാണ് പശുക്കുട്ടിയുടെ പിറവി.
ലിംഗനിര്‍ണയം നടത്തി ബീജംകുത്തിവയ്ക്കുന്ന രീതിയാണ് ലക്ഷ്യം കണ്ടത്.  പശുക്കുട്ടിയുടെ ജനനം ഉറപ്പാക്കുന്ന ശാസ്ത്രീയമാര്‍ഗമാണിത്.  ഉദ്പാദനവര്‍ധനയിലൂടെ പാലിന്റെ ഉത്പാദനം പരമാവധികൂട്ടാനാകും, ഇതുവഴി സ്വയംപര്യാപ്തതയും കൈവരിക്കാനാകും.   അത്യുല്പാദനക്ഷമതയുള്ള കുത്തിവയ്പ് ജില്ലയിലെ 25 മൃഗാശുപത്രികളില്‍ ലഭ്യമാകും.
കുറഞ്ഞത് 10 ലിറ്റര്‍ എങ്കിലും പാലുള്ള പശുക്കളിലാണ് ആദ്യ പരീക്ഷണം.  കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് വഴിയാണ് ആവശ്യമുള്ള ബീജമാത്രകള്‍ ശേഖരിക്കുന്നത്.
കടയ്ക്കല്‍, നെടുമ്പന, എഴുകോണ്‍, പരവൂര്‍ ചെറുവയ്ക്കല്‍, ചെമ്മക്കാട്, പവിത്രേശ്വരം, ചിതറ, പുത്തന്‍കുളം, കുലശേഖരപുരം, പോരുവഴി, പടിഞ്ഞാറേ കല്ലട, കുളത്തൂപ്പുഴ, ശൂരനാട്‌തെക്ക്, മൈനാഗപ്പള്ളി, കുളക്കട, പുത്തന്‍കുളം, ചിറക്കര എന്നീ സര്‍ക്കാര്‍ മൃഗാശുപത്രികളിലും വരിഞ്ഞം, അമ്പലംകുന്ന്, പാരിപ്പള്ളി, കലയ്‌ക്കോട്, പാവുമ്പ, പുത്തന്‍തെരുവ്, പുലിയൂര്‍ വഞ്ചി, കിളികൊല്ലൂര്‍ സബ് സെന്ററുകളിലുമാണ് ബീജാധാനത്തിനുള്ള സൗകര്യമൊരുക്കിയത്.
കര്‍ഷകര്‍ക്ക് 500 രൂപ ഒറ്റത്തവണ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ആദ്യകുത്തിവെയ്പ് പരാജയപ്പെട്ടാല്‍ ഒന്നു കൂടി സൗജന്യം. വീണ്ടും ഗര്‍ഭാധാരണമെത്തിയില്ലെങ്കില്‍ തുക തിരികെ നല്‍കും. 95 ശതമാനം കൃത്യതയാണ് പ്രതീക്ഷിക്കുന്നത്. 
71,162 ആണ് ജില്ലയിലെ പശുക്കളുടെ എണ്ണം. അതില്‍ 30,000 പശുക്കള്‍ വര്‍ഷത്തില്‍ പ്രജനനസജ്ജമാകും. പൊതുകണക്കനുസരിച്ച് 6000 പശുക്കിടാങ്ങള്‍ പ്രതിവര്‍ഷം ജനിക്കും. പദ്ധതിവിജയിച്ചാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പാലുല്പാദനം ഇരട്ടിയിലധികമാവുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍ വ്യക്തമാക്കി.

മൈനാഗപള്ളിയില്‍ പ്രസവിച്ചതത്രയും പശുക്കിടാങ്ങള്‍
സെക്‌സ് സോര്‍ട്ടഡ് ബീജം കൊണ്ട് കുത്തിവെച്ച 20 ഇടങ്ങളില്‍ പ്രസവിച്ച അഞ്ചിങ്ങളിലും പശുക്കിടാങ്ങള്‍ ജനിച്ചതായി മൈനാഗപള്ളി വെറ്ററിനറി സര്‍ജന്‍ ഡോ. റെനീസ് പറഞ്ഞു. പദ്ധതി കൂടുതല്‍ കര്‍ഷക പ്രിയമാക്കുമെന്നും അറിയിച്ചു.

തെരുവ്‌നായ പ്രശ്‌നത്തിന് പരിഹാരം: ബ്ലോക്ക് അടിസ്ഥാനത്തില്‍ പോര്‍ട്ടബിള്‍ എബിസി സെന്ററുകള്‍ വരുന്നു  

ജില്ലയിലെ തെരുവ്‌നായപ്രശ്‌നത്തിന് പരിഹാരമായി ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ കര്‍മപദ്ധതി.  ജില്ലാ പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടേയും ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകളുടെയും സംയുക്തനേതൃത്വത്തില്‍ പോര്‍ട്ടബിള്‍ എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കുന്നതിന്   ജില്ലാ ആസൂത്രണസമിതിയോഗത്തില്‍ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് കുര്യോട്ട്മലയില്‍ നിര്‍മ്മിച്ച്‌വരുന്ന എബിസി സെന്റര്‍ കൂടാതെയാണ് പുതിയവ.
ഓപ്പറേഷന്‍ ടേബിള്‍, ഉപകരണങ്ങള്‍,  ശീതീകരണസൗകര്യം, ജനറേറ്റര്‍, റഫ്രിജറേറ്റര്‍, ഫ്രഷ്‌വാട്ടര്‍ ടാങ്ക്,  100 നായ്ക്കളെ പാര്‍പ്പിക്കാന്‍ ഉതകുന്ന കെന്നലും മേല്‍ക്കൂരയും ഉള്‍പ്പെടുന്നതാണ് ഒരു കേന്ദ്രം; ചിലവ്  25,00,000 രൂപ. വാഹനങ്ങളില്‍ സജ്ജമാക്കി ഒഴിഞ്ഞ പ്രദേശത്ത് സ്ഥാപിച്ച് 100 നായ്ക്കളെവരെ ശസ്ത്രക്രിയാനന്തരം പാര്‍പ്പിക്കാനാകും.  മാലിന്യപ്രശ്‌നം ഒഴിവാകുമെന്ന പ്രത്യേകതയുമുണ്ട്.   ഈ വര്‍ഷംതന്നെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും നടപ്പിലാക്കണമെന്ന് ഡിപിസി ചെയര്‍മാന്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.  പി. കെ. ഗോപന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 84 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി.  മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളുടെയും അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യപൂര്‍ത്തീകരണത്തിന് ആവശ്യമായ പ്രോജക്ടുകളും വിജ്ഞാനകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള പ്രോജക്ടുകളും വാര്‍ഷികപദ്ധതിയില്‍ ഏറ്റെടുത്തിട്ടുണ്ടെന്ന്   പ്രസിഡന്റ് അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധി എം. വിശ്വനാഥന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശഭരണസ്ഥാപന അധ്യക്ഷര്‍/സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്

പീരുമേട്ടിൽ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ സീതയുടെ മരണത്തില്‍ വഴിത്തിരിവ്. സീത മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് പൊലീസിന്‌റെ നിഗമനം. സീതയുടെ ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തില്‍ തന്നെയുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ സീതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉണ്ടായിരുന്നു.

സീതയുടെ ശരീരത്തിലെ പരിക്കുകൾ ആനയുടെ ആക്രമണത്തിൽ ഉണ്ടാകുന്നതല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. കഴുത്തില്‍ അടിപിടി നടന്നതിന്‌റെ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് പരിക്കേറ്റ സീതയെ വനത്തിന് പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോള്‍ ഭര്‍ത്താവ് താങ്ങിപ്പിടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സീതയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും ചുമന്നു കൊണ്ടു വരുമ്പോഴുമാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ സീതയുടെ മരണം കാട്ടാന ആക്രമണം മൂലമല്ലെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ സീതയുടെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണോ എന്ന സംശയം ഉയർന്നത്. സീതയുടെ മരണത്തിന്‌റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

കഴിഞ്ഞ മാസമാണ് പീരുമേട് സ്വദേശി സീത മരിച്ചത്. രണ്ട് മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോൾ കാട്ടാന ആക്രമിച്ചാണ് മരണമെന്നായിരുന്നു ബിനു പറഞ്ഞത്. എന്നാൽ, മരിച്ചെന്ന് പറയുന്ന സ്ഥലത്ത് കാട്ടാന വന്നിട്ടില്ലെന്നായിരുന്നു വനം വകുപ്പിന്‍റ വിശദീകരണം. സംഭവത്തിൽ പൊലീസും വനം വകുപ്പും രണ്ടു തട്ടിലായിരുന്നു.

സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം.സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. അഗ്നിശമനസേനയുടെ കണക്ക് പ്രകാരം കഴിഞ്ഞവർഷം 917 പേർക്കാണ് വിവിധ ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ 352 പേരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാനുള്ള പദ്ധതികൾ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.

എറണാകുളം, പത്തനംതിട്ട, കണ്ണൂർ തിരുവനന്തപുരം, തൃശ്ശൂർ ഇടുക്കി ജില്ലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകെ 2022 ൽ 910 പേർ മുങ്ങിമരിച്ചപ്പോൾ 2023 ൽ മരണം 1040 ആയി ഉയർന്നു.2024 ൽ 917 പേർക്കാണ് വിവിധ ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. 2019 മുതൽ 25 വരെയുള്ള തിരുവനന്തപുരം ജില്ലയിലെ മാത്രം കണക്കെടുത്താൽ 352 പേർ മുങ്ങി മരിച്ചു. പുഴ കുളങ്ങൾ കിണറുകൾ പാറമടകളിലെ വെള്ളക്കെട്ട് എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും.തിരുവനന്തപുരം ജില്ലയിൽ അപകടങ്ങൾ പതിയിരിക്കുന്നത് 40 കടവുകളിലെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. അതേസമയം മുങ്ങിമരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ മരണങ്ങൾ നിയന്ത്രിക്കാനും ബോധവൽക്കരണം നടത്താനും ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതിക്ക് തുടക്കമിട്ടു. ജില്ലയിൽ അപകടമുണ്ടാകുന്ന സ്ഥലങ്ങൾ, കാരണം, അഗ്നിരക്ഷാസേനയുടെ ഉപകരണങ്ങളുടെ പഴക്കം ശേഷി എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശമുണ്ട്. കാലവർഷം ശക്തമായതോടെ സുരക്ഷിതമല്ലാത്ത ജലാശയത്തിൽ ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പും നിലവിലുണ്ട്.