Home Blog Page 759

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ

ദുർ​ഗ്: ഛത്തീസ്​ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ. സിബിസിഐ പത്തരയ്ക്ക് പ്രസ്താവനയിറക്കും. രണ്ട് കന്യാസ്ത്രീകളും അം​ഗീകൃത സ്ഥാപനങ്ങളുടെ ഭാ​ഗമാണെന്ന് സിബിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

തീർത്തും അനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ച് ആവർത്തിച്ച് മേഖലയിൽ കന്യാസ്ത്രീകളെ ഉപദ്രവിക്കുകയാണെന്നും സിബിസിഐ വൃത്തങ്ങൾ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത അതൃപ്തി അറിയിക്കും. കേന്ദ്രസർക്കാറുമായടക്കം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സഭാ നേതൃത്വം അറിയിച്ചു.

മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ ദുർഗിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. അറസ്റ്റിലായ കന്യാസ്ത്രീകൾ കണ്ണൂർ, അങ്കമാലി സ്വദേശികളാണ്.

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത വേണം

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (27/07/2025) മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; നാളെ (28/07/2025) മുതൽ (30/07/2025) വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന്  ജില്ലാ കലക്ടറുടെ ചുമതലയുള്ള എ ഡി എം ജി. നിർമൽ കുമാർ അറിയിച്ചു.

പൊതുജാഗ്രത  നിർദേശങ്ങൾ ചുവടെ:

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ  മരങ്ങളുടെ ചുവട്ടിൽനിൽക്കാനോ വാഹനങ്ങൾ പാർക്ക്ചെയ്യാനോ പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുഇടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോൾ ഇവയുടെ  ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .

കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വയ്‌ക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ  മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ  ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ് .

തദ്ദേശ സ്ഥാപനതല ദുരന്തലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ  റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെ.എസ്.ഇ.ബി യുടെ 1912 കൺട്രോൾ റൂമിലോ 1077  നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവർത്തികൾ കാറ്റ് തുടരുന്നഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക.

പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുൻപ് ഉറപ്പ് വരുത്തുക.

നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം എന്നും നിർദ്ദേശിച്ചു.

6 വിക്കറ്റ് ശേഷിക്കെ 6 പന്തിൽ 7 റൺസെടുത്താൽ കിരീടം, പടിക്കൽ കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക!

ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയുടെ ഫൈനലിൽ അവിശ്വസനീയ തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക. പടിക്കൽ കലടമുടയ്ക്കുന്ന ശീലം തങ്ങളെ വിട്ടു പോയിട്ടില്ലെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു ന്യൂസിലൻഡിനെതിരെ പ്രോട്ടീസ് പുറത്തെടുത്തത്. അവസാന ഓവറിൽ 7 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. കൈയിൽ ആറ് വിക്കറ്റുകളും ശേഷിച്ചിരുന്നു.

എന്നാൽ മാറ്റ് ഹെൻ‍റി എറിഞ്ഞ അവസാന ഓവറിൽ 2 വിക്കറ്റ് നഷ്ടപ്പെടുത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 3 റൺസ് മാത്രമാണ് ബോർഡിൽ ചേർക്കാനായത്. കിവികൾക്ക് 3 റൺസിന്റെ ത്രില്ലർ ജയം. ഒപ്പം കിരീടവും. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. പ്രോട്ടീസിന്റെ പോരാട്ടം 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസിൽ അവസാനിച്ചു. സിംബാബ്‍വെയായിരുന്നു ടൂർണമെന്റിലെ മറ്റൊരു ടീം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 180 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാർ തകർപ്പൻ തുടക്കം സമ്മാനിച്ചതോടെ വിജയത്തിന്റെ വക്കിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാൽ അവസാന ഓവറിലെ അവിശ്വസനീയ തകർച്ചയോടെ അവരുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 177 റൺസിൽ ഒതുങ്ങി.
ആറു വിക്കറ്റ് കയ്യിലിരിക്കെ അവസാന ഓവറിൽ 7 റൺസ് അകലെയുള്ള വിജയലക്ഷ്യത്തിനു മുന്നിൽ ദക്ഷിണാഫ്രിക്ക ഇടറിവീഴുന്ന കാഴ്ച ഞെട്ടലോടെയാണ് ആരാധകർ കണ്ടത്. ന്യൂസീലൻഡിനായി അവസാന ഓവർ എറിയാനെത്തിയത് മാറ്റ് ഹെൻറി. ക്രീസിൽ 14 പന്തിൽ 31 റൺസുമായി ഡിവാൾഡ് ബ്രെവിസും ഒൻപതു പന്തിൽ 10 റൺസുമായി ജോർജ് ലിൻഡെയും.

തകർത്തടിച്ചു നിൽക്കുന്ന ബ്രെവിസ് ആദ്യ 2 പന്തിൽത്തന്നെ മത്സരം ഫിനിഷ് ചെയ്യും എന്ന് പ്രതീക്ഷിച്ചിരിക്കെ ഷോർട്ട് പിച്ചായെത്തിയ ആദ്യ പന്തിൽ താരത്തിന് റണ്ണെടുക്കാനായില്ല. രണ്ടാം പന്തിൽ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ബ്രെവിസ് പുറത്ത്. ഡീപ് മിഡ്‌വിക്കറ്റിൽ മൈക്കൽ ബ്രേസ്‌വെലിന്റെ തകർപ്പൻ ക്യാച്ചിൽ 16 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസുമായി ബ്രെവിസിന് മടക്കം.
പകരമെത്തിയത് യുവതാരങ്ങളിൽ ശ്രദ്ധേയനായ കോർബിൻ ബോഷ്. ആദ്യ പന്തിൽ ഡീപ് മിഡ്‌വിക്കറ്റിൽ ബ്രേസ്‌വെൽ ക്യാച്ച് കൈവിട്ടതോടെ രണ്ടു റൺസ് ഓടിയെടുത്തു. വിജയലക്ഷ്യം മൂന്നു പന്തിൽ 5 റൺസ്. നാലാം പന്തിൽ കോർബിൻ ബോഷിന്റെ വക സിംഗിൾ. വിജയലക്ഷ്യം 2 പന്തിൽ 4 റൺസായി ചുരുങ്ങി.

അഞ്ചാം പന്തിൽ ദക്ഷിണാഫ്രിക്ക വീണ്ടും ഞെട്ടി. ബൗണ്ടറിക്കുള്ള ലിൻഡെയുടെ ശ്രമം ലോങ് ഓണിൽ ഡാരിൽ മിച്ചലിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. വലതുവശത്തേക്ക് ഓടി മിച്ചലെടുത്ത ഡൈവിങ് ക്യാച്ചോടെ അവസാന പന്തിൽ വിജയത്തിലേക്ക് 4 റൺസ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. എട്ടാമനായി എത്തിയ സെനുരൻ മുത്തുസാമിക്ക് അവസാന പന്തിൽ തൊടാനാകാതെ പോയതോടെ ന്യൂസീലൻഡിന് 3 റൺസിന്റെ അവിശ്വസനീയ വിജയവും കിരീടവും. ദക്ഷിണാഫ്രിക്കയ്‍ക്ക് വീണ്ടും പടിക്കൽ കലമുടയ്ക്കുന്നവരെന്ന ചീത്തപ്പേരും.
നേരത്തെ ഓപ്പണർമാരായ ലോൻഡ്രെ പ്രിട്ടോറിയസ് (35 പന്തിൽ 51), റീസ ഹെൻഡ്രിക്സ് (31 പന്തിൽ 37), റാസ്സി വാൻഡർ ദസൻ (17 പന്തിൽ 18), റൂബിൻ ഹെർമൻ (എട്ടു പന്തിൽ 11) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. കിവീസിനായി മാറ്റ് ഹെൻറി 3 ഓവറിൽ 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത് കളിയിലെ കേമനായി. ജേക്കബ് ഡുഫി, സാകറി ഫോൽക്സ്, ആദം മിൽനെ, മൈക്കൽ ബ്രേസ്‌വെൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഓപ്പണർമാരായ ടിം സീഫർട്ട് (28 പന്തിൽ 30), ഡിവോൺ കോൺവേ (31 പന്തിൽ 47), രചിൻ രവീന്ദ്ര (27 പന്തിൽ 47) എന്നിവരുടെ മികവിലാണ് 180 റൺസെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എൻഗിഡി രണ്ടും നാന്ദ്രെ ബർഗർ, ക്വേന മഫാക, സെനുരൻ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 

ക്രിക്കറ്റ് കളിയ്ക്കിടെ പന്തെടുക്കാൻ പോയ ഏഴുവയസ്സുകാരൻ ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഫഹദ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. രാവിലെ ഫഹദ് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പന്ത് ട്രാൻസ്‌ഫോർമറിന് സമീപത്തേക്ക് തെറിച്ചു. പന്ത് എടുക്കാൻ പോയപ്പോൾ ട്രാൻസ്‌ഫോർമറിൽ അബദ്ധത്തിൽ സ്പർശിക്കുകയും വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. സമീപവാസികൾ ഓടിയെത്തി ഫഹദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്രാൻസ്‌ഫോർമറിന്റെ ചുറ്റുവേലി തകർന്നതിനെക്കുറിച്ച് ആവർത്തിച്ച് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടി ട്രാൻസ്‌ഫോർമറിൽ സ്പർശിച്ച് വൈദ്യുതാഘാതമേറ്റപ്പോൾ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വൈദ്യുതി വിതരണം വിച്ഛേദിക്കാൻ വൈകിയതായും നാട്ടുകാർ ആരോപിച്ചു. പലതവണ പരാതിപ്പെട്ടിട്ടും ആരും ഒന്നും ചെയ്തില്ലെന്ന് ഫഹദിന്റെ അമ്മാവൻ മുഹമ്മദ് റയീസ് പറഞ്ഞു.

രാവിലെ 10 മണിയോടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷി പറഞ്ഞു. ഇതുവരെ ഒരു വൈദ്യുതി വകുപ്പുദ്യോഗസ്ഥനും ഇവിടെ എത്തിയിട്ടില്ല. കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞതിനു ശേഷമാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. രണ്ട് വർഷമായി ഈ ഗേറ്റ് കേടായി കിടക്കുകയാണ്. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുമ്പ് ഇവിടെ 14 ഓളം മൃഗങ്ങൾ വൈദ്യുതാഘാതമേറ്റ് ചത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ കോളുകൾ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ്പ് ലൈൻ നമ്പറായ 1912 ൽ വിളിക്കണമെന്ന് നിർബന്ധം പിടിക്കുന്നുണ്ടെന്നും ഉത്തർപ്രദേശ് ഊർജ്ജ മന്ത്രി എ കെ ശർമ്മ നേരത്തെ ആരോപിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവും കനൗജ് എംപിയുമായ അഖിലേഷ് യാദവ് രം​ഗത്തെത്തി. ഉത്തർപ്രദേശിൽ വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചുവെന്നും മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തർപ്രദേശിൽ വൈദ്യുതിയില്ല, വൈദ്യുതി ബില്ലുകൾ മാത്രമേയുള്ളൂവെന്നും ബിജെപി പോകുമ്പോൾ വെളിച്ചം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വി എസ് ഇറങ്ങിപ്പോയത് ക്യാപ്പിറ്റൽ പണിഷ്മെൻ്റ് പരാമർശം കാരണമെന്ന് കെ.സുരേഷ് കുറുപ്പ്, അനുകൂലിച്ച് പിരപ്പൻകോട്; കുറുപ്പിനെ തളളി വി ശിവൻ കുട്ടി

തിരുവനന്തപുരം:
ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുള്ള കാരണങ്ങളിൽ ഒന്ന് ക്യാപ്പിറ്റൽ പണിഷ്മെൻറ് പരാമർശമാണെന്ന്
മുൻ എം.എൽ.എ സുരേഷ് കുറുപ്പിന്റെ
വെളിപ്പെടുത്തൽ.യുവ വനിതാ നേതാവ് ആലപ്പുഴ സമ്മേളനത്തിൽ വച്ച് വി.എസിനെ ക്യാപിറ്റൽ പണിഷ്മെൻ്റിന് വിധേയമാക്കണമെന്ന് പറഞ്ഞതായി
മാതൃഭൂമി വാരാന്ത്യപതിപ്പിലെ ലേഖനത്തിൽ സുരേഷ് കുറുപ്പ് വെളിപ്പെടുത്തി.അതെ സമയം സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി
വി.ശിവൻകുട്ടി രംഗത്തെത്തി.
2012ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ വി.എസിനെ ക്യാപിറ്റൽ പണിഷ്മെന്റിനു വിധേയമാക്കണമെന്ന് ഒരു യുവ നേതാവ് പറഞ്ഞെന്നായിരുന്നു മുൻ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇത് തള്ളിപ്പറയുകയും, പിരപ്പൻകോട് മുരളിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ക്യാപിറ്റൽ പണിഷ്മെൻറ് വിവാദം ആലപ്പുഴ സമ്മേളനത്തിലും ഉണ്ടായി എന്ന് മുൻ എംഎൽഎ സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.വിഎസിന്റെ കൊച്ചുമക്കളുടെ പ്രായമുള്ളവർ സമ്മേളനങ്ങളിൽ അദ്ദേഹത്തിന് എതിരെ നിലവിട്ട് ആക്ഷേപങ്ങൾ ഉന്നയിച്ചു എന്നാണ് സുരേഷ് കുറിപ്പ് പറയുന്നത്.2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെൻറ് കൊടുക്കണം എന്ന് പറഞ്ഞു.ഈ അധിക്ഷേപം സഹിക്കാൻ പറ്റാത്ത വിഎസ് വേദി വിട്ടു പുറത്തിറങ്ങി.
ദുഃഖിതനായി,പക്ഷേ തലകുനിക്കാതെ,ഒന്നും മിണ്ടാതെ,ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്തിൽ നിന്ന് വീട്ടിലേക്ക് പോയി.ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല എന്നും മാതൃഭൂമി വാരാന്ത്യപതിപ്പിൽ എഴുതിയ ലേഖനത്തിൽ സുരേഷ് കുറുപ്പ് പറയുന്നുണ്ട്.
ഒരു വനിതാ നേതാവും ഇങ്ങനെ ചർച്ച നടത്തിയിട്ടില്ലെന്നും,വി.എസ് മരിച്ച ശേഷം
അനാവശ്യ വിവാദങ്ങൾക്ക് ശ്രമിക്കുന്നുവെന്നും മന്ത്രി വി.ശിവൻകുട്ടി.
പ്രതിനിധി സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങളും,കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നതുമാണ് വിഎസ് സമ്മേളനത്തിൽ നിന്നിറങ്ങി പോകാൻ കാരണമെന്നായിരുന്നു ഇതുവരെ പുറത്തുണ്ടായിരുന്ന വിവരം.

കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ പേര് പരാമർശിക്കാത്തതിൽ വൈദ്യുതി മന്ത്രിക്ക് അതൃപ്തി

തേവലക്കര ബോയ്‌സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കൈമാറിയ റിപ്പോർട്ട് തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി . കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ ആണ് മന്ത്രി ഇടപെട്ടത്. റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും വിഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോ‌ർട്ടിൽ എടുത്ത് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ്ഇബി ചെയര്‍മാനോട് മന്ത്രി നിര്‍ദ്ദേശം നൽകി.


വൈദ്യുതി ലൈനിന് താഴെ ഷെഡ് നിര്‍മിച്ചത് എട്ട് വർഷം മുൻപാണെന്നും വൈദ്യുതി ലൈനിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഷെഡ് സ്ഥാപിക്കാൻ സ്കൂള്‍ മാനേജ്മെന്റ് അനുമതി തേടിയിരുന്നില്ല. തറനിരപ്പില്‍ നിന്നും ഇരുമ്പ് ഷീറ്റില്‍ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണെന്നും പിന്നീട് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ പേരോ അവര്‍ക്കെതിരായ നടപടിയെക്കുറിച്ചോ റിപ്പോര്‍ട്ടിൽ പരാമർശിച്ചിട്ടില്ല. ചീഫ് സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയശേഷം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു മന്ത്രി മുമ്പ് പറഞ്ഞിരുന്നത്.

വീടിനുമുന്നിൽ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങൽ. വീടിനുമുന്നിൽ വയോധികയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി 87 ആണ് മരിച്ചത്.

ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏറ്റിരിക്കുന്നത്.

വീട്ടിൽ വൈദ്യുതി ഇല്ലെന്ന്  വന്നു തകരാർ പരിഹരിക്കണമെന്നും സമീപത്തെ ഇലക്ട്രീഷ്യനോട്
ലീലാ മണി തലേദിവസം പറഞ്ഞിരുന്നു

ഇന്ന് രാവിലെ ഇലക്ട്രീഷ്യൻ വന്നു നോക്കുമ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്

ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്

പറമ്പിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65 കാരൻ മരിച്ചു

പാലക്കാട് .കൊടുമ്പിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65 കാരൻ മരിച്ചു

മാരി മുത്തു അറുപത്തിയഞ്ചു വയസ്സ് ആണ് മരിച്ചത്

പറമ്പിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ അറിയാതെ തൊട്ടപ്പോൾ ഷോക്കടിക്കുകയായിരുന്നു

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

പോലീസുകാർ ഓടിച്ച ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു

കുന്നംകുളം. പോലീസുകാർ ഓടിച്ച ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആർത്താറ്റ് സ്വദേശി ശ്രീദേവി ആണ് മരിച്ചത്

തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം

കുന്നംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ബൈക്കാണ് ഇടിച്ചത്

പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല

പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. പുരയിടത്തിൽ രാവിലെ വീണുകിടക്കുന്ന തേങ്ങ എടുക്കാൻ പോയതിനിടെയാണ് സംഭവം. തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പാലക്കാട് ടൗണ്‍  സൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

ആദ്യം തോട്ടത്തിൽ പോയ വന്നശേഷം വീണ്ടും തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം  വെറെ ഭാഗത്തുകൂടെ പോയതിനാലായിരിക്കാം ഷോക്കേൽക്കാതിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് സമീപത്ത് പാമ്പ് അടക്കം ചത്തുകിടക്കുന്നുണ്ട്.