Home Blog Page 758

വ്യോമയാനമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ; 2500 പേരെക്കൂടി റിക്രൂട്ട് ചെയ്യുമെന്ന് ഇത്തിഹാദ് എയർവേയ്സ്

അബുദാബി: യുഎഇയിലെ വ്യോമയാന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ. ഈ വർഷം 2500 പേരെക്കൂടി റിക്രൂട്ട് ചെയ്യുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അധികൃതർ അറിയിച്ചു. അടുത്ത അഞ്ചുവർഷത്തിനകം പ്രതിവർഷം 350 പൈലറ്റുമാർ, 1500 ഫ്ളൈറ്റ് അറ്റൻഡന്റുമാർ എന്ന രീതിയിലായിരിക്കും നിയമനം. ഏകദേശം 17,000 മുതൽ 18,000 പേർക്ക് ഇത്തരത്തിൽ നിയമനംനൽകും.

കഴിഞ്ഞവർഷം 2000-ത്തിലേറെ പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. 1500-ലേറെ പേർക്ക് സ്ഥാനക്കയറ്റവും നൽകി. പ്രധാനമായും പൈലറ്റുമാർക്കും കാബിൻ ക്രൂവിനുമാണ് സ്ഥാനക്കയറ്റം നൽകിയത്. കൂടാതെ വിവിധ വിഭാഗങ്ങളിലായി ഏകദേശം 12,000 ജീവനക്കാർക്ക് നിയമനം നൽകി. ഈ വർഷം ഇത്തിഹാദ് എയർലൈൻ 22 പുതിയ വിമാനങ്ങളിറക്കും. സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനം നിർത്തിവെക്കാൻ തയ്യാറെടുക്കുന്ന ഹംഗേറിയൻ അൾട്രാ ലോ കോസ്റ്റ് വിമാനക്കമ്പനിയായ വിസ് എയർ അബുദാബിയിലെ ജീവനക്കാർക്ക് തൊഴിൽനൽകാനും പദ്ധതിയിടുന്നുണ്ട്. ആഗോളതലത്തിലായിരിക്കും നിയമനം നടത്തുക.

ഇതിന്റെ ചുവടുപിടിച്ച് കൂടുതൽ എയർലൈനുകൾ വിസ് എയർ ജീവനക്കാർക്ക് തൊഴിൽനൽകിയേക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്തമാക്കി.

പ്രവർത്തനം നിർത്തിവെച്ചതോടെ ഏകദേശം 450 വിസ് എയർ ജീവനക്കാർ തൊഴിൽ അനിശ്ചിതത്വം നേരിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻമേഖലയിൽ കൂടുതൽശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായാണ് വിസ് എയർ അബുദാബി സർവീസുകൾ നിർത്തിവെക്കുന്നത്. 2020 മുതൽ അബുദാബി സായിദ് വിമാനത്താവളത്തിൽനിന്നുമാണ് വിസ് എയർ സർവീസ് തുടങ്ങിയത്. ഈ മേഖലയിലെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, കാലാവസ്ഥാപരമായ എൻജിൻ പ്രശ്നങ്ങൾ, മിഡിലീസ്റ്റിൽ സംഘർഷം തുടങ്ങിയവകൂടി ചൂണ്ടിക്കാട്ടിയാണ് സർവീസ് നിർത്തുന്നത്. അബുദാബിയിൽനിന്നും 20 രാജ്യങ്ങളിലേക്കായിരുന്നു അവരുടെ പ്രധാന സർവീസുകൾ.

അതേസമയം കോവിഡിന് ശേഷം യുഎഇയുടെ വ്യോമയാന മേഖലയിൽ അതിവേഗവളർച്ചയാണ് കണ്ടുവരുന്നത്. അടുത്ത ആറ്ുവർഷത്തിനകം ദുബായ് വ്യോമയാനമേഖലയിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. എമിറേറ്റ്‌സ് ഗ്രൂപ്പ് കഴിഞ്ഞയാഴ്ച 17,300 ഒഴിവുകൾ പ്രഖ്യാപിച്ചിരുന്നു. 2030- ഓടെ 1,85,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എമിറേറ്റ്സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്സും വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ട് പ്രകാരം വ്യോമയാനമേഖലയിൽ ജോലിചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയർത്തും. ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് നടത്തിയ ദുബായ്‌യുടെ സമ്പദ് വ്യവസ്ഥയിൽ വ്യോമയാനമേഖലയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യമുള്ളത്.

തുറക്കാനിരിക്കുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പൂർണ പ്രവർത്തനശേഷിയിൽ എത്തുമ്പോൾ ലോകത്തിലെ ഏറ്റവുംവലിയ വിമാനത്താവളമാകും. കൂടുതൽ പുതിയ തൊഴിലവസരങ്ങളുണ്ടാകും. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ദുബായ്‌യുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 2030-ൽ 610 കോടി ദിർഹം സംഭാവനചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്

മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ആയുധമാക്കി മന്ത്രി വി ശിവൻകുട്ടി; ‘ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാകണം’

തിരുവനന്തപുരം: ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ചെയ്തു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമാണ് യഥാർത്ഥത്തിൽ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവർണർ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജനഹിതം മാനിക്കാൻ ഗവർണർ തയ്യാറാവണം എന്ന പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരും ഗവർണറും തമ്മിലുള്ള ആരോഗ്യകരമായ സമന്വയം നമ്മുടെ ജനാധിപത്യത്തിൻ്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഗവർണറുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ – മന്ത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുമ്പോൾ, ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും പരമപ്രാധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും മന്ത്രി ശിവൻകുട്ടി വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. പി എസ് ശ്രീധരൻ പിള്ളയുടെ പ്രസ്താവന കേരള ഗവർണർ രാജേന്ദ്ര ആർലേകർ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധത്തിൽ പുതിയൊരു ദിശാബോധം ഇതിലൂടെ ഉണ്ടാകുമെന്നും അത് കേരളത്തിലെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

സ്കൂൾ മതിൽ തകർന്ന് വീണു, അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂളിന്റെ മതിൽ തകർന്നു വീണു. മംഗലം ഗാന്ധി സ്മാരക സ്കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്. സ്കൂൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയത്ത് മറ്റു വാഹനങ്ങൾ ഈ വഴി പോവാത്തതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.

ചുറ്റുമതിൽ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ് തകർന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേർന്നുള്ള ദിത്തിയുടെ ഭാഗം അടർന്നു നിൽക്കുന്ന നിലയിലാണ്. ഈ ഭാഗത്തുള്ള മതിൽക്കെട്ട് എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലാണ്.

ഉഴുതുമറിച്ച പാടം’ പോലെ പുത്തനമ്പലം റോഡ്

‘കുന്നത്തൂർ:കടമ്പനാട്,കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ തുടക്കം മുതൽ ഒടുക്കം വരെ റോഡിലൂടെ ചാടിക്കടക്കാനും പറ്റില്ല,നീന്തി കടക്കാനും പറ്റില്ല.രണ്ടും കല്പിച്ച് ഇറങ്ങിയാൽ മുട്ടൊപ്പം ചെളിയിൽ പുതയും.വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന റോഡ് ‘ഉഴുതുമറിച്ച പാടം’ പോലെയായിട്ടും സഞ്ചാര യോഗ്യമാക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയും
പൊതുമരാമത്ത് വകുപ്പ് അധികൃതരും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.കുന്നത്തൂർ നെടിയവിള – വേമ്പനാട്ടഴികത്ത് റൂട്ടിൽ കുന്നത്തൂർ ഈസ്റ്റ് പോസ്റ്റ് ഓഫീസ് മുതൽ റോഡ് അവസാനിക്കുന്നതു വരെ എണ്ണിയാൽ ഒടുങ്ങാത്ത കുഴികളാണുള്ളത്.കോയിക്കൽ മുക്ക് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ പുഴയായി മാറിയിട്ടുണ്ട്.കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത്,റോഡേത് എന്നറിയാതെ സ്കൂട്ടർ യാത്രികർ ഉൾപ്പെടെ വീഴുന്നതും പരിക്കേൽക്കുന്നതും പതിവാണ്.കാൽനടയാത്ര പോലും അസാധ്യമായ ഈ റൂട്ടിൽ ബസ് സർവ്വീസകളിൽ പലതും നിർത്തലാക്കിയിരിക്കയാണ്. ഓട്ടോറിഷകളും ഓട്ടോ വരാൻ മടിക്കുന്നു.ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലടക്കം ചെളി പുരളുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ പലപ്പോഴും വീടുകളിലേക്ക് തിരികെ മടങ്ങുകയാണ് പതിവ്.വെള്ളക്കെട്ടും ചെളിക്കുണ്ടുമായ
റോഡിന്റെ പരിസരത്ത് താമസിക്കുന്നവരുടെയും കച്ചവടക്കാരുടെയും ദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല.അടൂർ,ഏനാത്ത്,കടമ്പനാട്, മണ്ണടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എളുപ്പമാർഗമായി തെരഞ്ഞെടുക്കുന്ന പാത കൂടിയാണിത്.ഐവർകാല,ഞാങ്കടവ്,
പുത്തനമ്പലം പ്രദേശവാസികൾക്ക് കുന്നത്തൂർ പഞ്ചായത്ത് ആസ്ഥാനത്തേക്ക് മറ്റ് എത്തിച്ചേരാനുള്ള മാർഗം കൂടിയാണിത്.നിരവധി തവണ എംഎൽഎയ്ക്കും പിഡബ്ല്യൂഡി അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു
.പ്രതിഷേധം ഭയന്ന് എംഎൽഎ ഇതുവഴി സഞ്ചരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.

പുത്തനമ്പലം റോഡിൻ്റെ തകർച്ച;ഉപരോധ സമരവുമായി യുഡിഎഫ്

കുന്നത്തൂർ:പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കുന്നത്തൂർ നെടിയവിള – പുത്തനമ്പലം -വേമ്പനാട്ടഴികത്ത് മുക്ക് റോഡിൻ്റ തകർച്ചയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിക്കൽ മുക്കിൽ റോഡ് ഉപരോധിച്ചു.വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിൽ ടാറിൻ്റെ തരിപോലും കാണാനില്ലാത്ത സ്ഥിതിയാണ്.മഴ ശക്തമായതോടെ ചെറുതും വലുതുമായ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയേത് റോഡേത് എന്നറിയാതെ യാത്രക്കാർ അപകടങ്ങളിൽപ്പെടുന്നതും പതിവാണ്.റോഡിൻ്റെ തകർച്ച മൂലം ബസ് സർവ്വീസുകൾ പോലും നിർത്തലാക്കിയിരിക്കയാണ്.നിരവധി തവണ എംഎൽഎയ്ക്കും പിഡബ്ല്യൂഡി അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.പുഴയായി മാറിയ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യഘട്ടമെന്ന നിലയിൽ ഉപരോധവുമായി യുഡിഎഫ് രംഗത്തെത്തിയത്.സമരത്തിൻ്റെ ഭാഗമായി റോഡിലെ കുഴിയിൽ പ്രവർത്തകർ വാഴ നടുകയും ചെയ്തു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയർമാൻ റ്റി.എ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്, ഷിജാ രാധാകൃഷ്ണൻ,റെജി കുര്യൻ, ജോസ് സുരഭി,ചെല്ലപ്പൻ ഇരവി,ഹരി പുത്തനമ്പലം,ഹരികുമാർ കുന്നത്തൂർ, കുന്നത്തൂർ മനോഹരൻ,മാമ്മച്ചൻ ,ലിസി തങ്കച്ചൻ,സാംകുട്ടി,കുന്നത്തൂർ വിക്രമൻ,അശോകൻ,ജയൻ,ആരോമൽ രാജീവ് എന്നിവർ സംസാരിച്ചു.

റെയിൽവേ സ്റ്റേഷനിൽ യുവാവിന് പാമ്പ് കടിയേറ്റു

ആലപ്പുഴ. ചേർത്തല റെയിൽവേ സ്റ്റേഷനിൽ യുവാവിന് പാമ്പ് കടിയേറ്റു.
ചേർത്തല സ്വദേശി ജയരാജിനാണ് പാമ്പ് കടിയേറ്റത്.
ജയരാജ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ . പുലർച്ചെ 3:00 മണിക്ക് ഗുരുവായൂർ എക്സ്പ്രസ്സിൽ പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോളായിരുന്നു പാമ്പുകടിയേറ്റത്. സ്റ്റേഷനിൽ വെളിച്ചമില്ലാത്തതും കാട് കയറിയ ഭാഗങ്ങൾ വൃത്തിയാക്കാത്തത് ആണ് ഇത്തരത്തിൽ ഇഴജന്തുക്കളുടെ ശല്യം കൂടുന്നതെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.

കാനഡയിലേക്ക് ഒറിജിനലിനെ വെല്ലുന്ന വ്യാജ വിസ, മലയാളിയിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, നൈജീരിയന്‍ യുവാവിന് 12 വർഷം തടവും 17 ലക്ഷം പിഴയും

കല്‍പ്പറ്റ: കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ നൈജീരിയന്‍ സ്വദേശിക്ക് 12 വര്‍ഷം തടവും 17 ലക്ഷം രൂപ പിഴയും. ഇക്കെണ്ണ മോസസ് (28)നെയാണ് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജ് എ.ബി. അനൂപ് ശിക്ഷിച്ചത്. ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ചതിച്ചതിന് അഞ്ചു വര്‍ഷം, കാനഡ എമ്പസിയുടെ വ്യാജ വിസയടക്കമുള്ള രേഖകള്‍ നിര്‍മ്മിച്ചതിന് അഞ്ചു വര്‍ഷം, വ്യാജ രേഖകള്‍ അസ്സല്‍ ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നല്‍കിയതിന് രണ്ട് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.

പിഴയായി വിധിച്ച പണം പരാതിക്കാരിക്ക് നല്‍കാനും തടവ് ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു. കല്‍പ്പറ്റ സ്വദേശിയായ യുവതിക്ക് കാനഡയില്‍ മെഡിക്കല്‍ കേഡര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കാനഡ, യുകെ രാജ്യങ്ങളുടെ മൊബൈല്‍ നമ്പര്‍ വഴി ബന്ധപ്പെട്ട് 18 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2023 ഡിസംബറില്‍ ബെംഗളൂരുവിൽ നിന്നും വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം നിഷേധിച്ച് വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു.

നൂതന സൈബര്‍ സാങ്കേതിക തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ സംസ്ഥാനത്ത് വിദേശ പൗരന്‍ സൈബര്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെടുന്നത് അപൂര്‍വമാണ്. പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം.എ. നൗഷാദ്, അസിസ്റ്റന്റ് പ്രോസീക്യൂട്ടര്‍മാരായ കെ.ആര്‍. ശ്യാം കൃഷ്ണ, അനീഷ് ജോസഫ് എന്നിവരും കേസ് അന്വേഷണത്തില്‍ സഹായിക്കുന്നതിനായി സൈബര്‍ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ. കെ.എഅബ്ദുല്‍ സലാം എന്നിവരുമുണ്ടായിരുന്നു.

കൊല്ലം സഹോദയ ഇംഗ്ലീഷ് ഭാഷോത്സവം: ഓവറോൾ ചാമ്പ്യന്മാരായി ബ്രൂക്ക് ഇന്റർനാഷണൽ

കൊട്ടാരക്കര: കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും നൈപുണികളും വികസിപ്പിക്കുന്നതിനായി കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ കൊട്ടാരക്കര കരിക്കം ഇന്റർനാഷണൽ സ്കൂളിൽ നടന്ന ഇംഗ്ലീഷ് ഭാഷോത്സവത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യാന്മാരായി മാറി.

കൊല്ലം സഹോദയയുടെ പ്രസിഡന്റ് റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ആണ് ഇംഗ്ലീഷ് ഭാഷോത്സവം ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, സെക്രട്ടറി ഫ്രാൻസിസ് സാലസ്, ട്രഷറർ ഫാ. അരുൺ അരീത്ത് എന്നിവർ സാന്നിധ്യം വഹിച്ചു. .
  വിവിധ സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വിവിധ വിഭാഗങ്ങളിലെ ഇരുപത്തഞ്ചോളം ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളിൽ
കാറ്റഗറി I ൽ (III- IV ക്ലാസുകൾ )  ഗായത്രി സെൻട്രൽ സ്കൂൾ ഒന്നാം സ്ഥാനം നേടി,  സർവോദയ സെൻട്രൽ വിദ്യാലയവും ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  കാറ്റഗറി II (V-VII ക്ലാസുകൾ), കാറ്റഗറി III (VIII – X ക്ലാസുകൾ), കാറ്റഗറി IV (XI & XII ക്ലാസുകൾ) എന്നിവയിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനത്തോടെ സർവ്വാധിപത്യം സ്ഥാപിച്ചു.

  കൊല്ലം സഹോദയയിലെ മുപ്പതോളം സ്‌കൂളുകളാണ് മത്സരരംഗത്തു ണ്ടായിരുന്നത്. അവയിൽ നിന്നും 282 പോയിന്റുകളുമായാണ് ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യന്മാരായത്. 241 പോയിന്റുമായി ഗായത്രി സെൻട്രൽ സ്കൂളും 218 പോയിന്റുമായി സർവോദയ സെൻട്രൽ വിദ്യാലയവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷം സമാപന സമ്മേളനത്തിൽ കൊല്ലം സഹോദയ പ്രസിഡന്റ് റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ,വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, സെക്രട്ടറി ഫ്രാൻസിസ് സാലസ്, ട്രഷറർ ഫാ. അരുൺ അരീത്ത് എന്നിവർ ചേർന്ന് വിജയികൾക്കുള്ള പുരസ്‌കാരവിതരണം നടത്തി.

ഗാസ മേഖലയിൽ പട്ടിണി അതിരൂക്ഷം; വിമർശനം ശക്തമായതിന് പിന്നാലെ ഇസ്രയേലിൻ്റെ പ്രഖ്യാപനം; ‘3 മേഖലകളിൽ സഹായമെത്തിക്കാൻ സൗകര്യമൊരുക്കും’

തിരുവനന്തപുരം: ഗാസ മേഖലയിൽ പട്ടിണി അതിരൂക്ഷമായതിൻ്റെ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മൂന്നിടങ്ങളിൽ സൈനിക നീക്കം നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേലി സേന. മുവാസി, ദെർ-അൽ-ബലാഹ്, ഗാസ സിറ്റി മേഖലയിൽ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകിട്ട് എട്ട് വരെ സൈനിക നീക്കങ്ങൾ നടത്തില്ലെന്നാണ് പ്രഖ്യാപനം.

ഈ മേഖലയിൽ ഇസ്രയേലി സൈന്യം കൊണ്ടുവന്ന നിയന്ത്രണങ്ങൾ കടുത്ത ക്ഷാമത്തിന് കാരണമാകുമെന്ന് നേരത്തെ തന്നെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇത് ആദ്യം വകവെക്കാതിരുന്ന ഇസ്രയേലി സൈന്യം കൊടുംപട്ടിണിയിലേക്ക് മേഖല തള്ളപ്പെട്ടതോടെയാണ് സൈനിക നീക്കങ്ങൾ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

ഗാസ മേഖലയിൽ ഭക്ഷണവും മറ്റ് സഹായവുമെത്തിക്കാൻ ഐക്യരാഷ്ട്ര സഭയുടെ സംഘങ്ങൾക്ക് പോകാനായി നിശ്ചിത ഇടനാഴികൾ സജ്ജമാക്കുമെന്ന് ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. നിർബന്ധിത പട്ടിണിയിലേക്ക് ഗാസ മേഖലയെ ഇസ്രയേൽ തള്ളിവിടുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും സേന അറിയിച്ചു.

ഇസ്രയേൽ നിയന്ത്രണത്തിലുള്ള ഖെരേം ഷാലോം ക്രോസിങ് വഴി 1200 മെട്രിക് ടൺ ഭക്ഷണം അടങ്ങുന്ന നൂറ് ട്രക്കുകൾ ഉടൻ ഗാസയിലേക്ക് അയക്കുമെന്ന് ഈജിപ്ഷ്യൽ റെഡ് ക്രസൻ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. റാഫാ അതിർത്തിയിൽ ഗാസയിൽ നിന്നുള്ള അഗതികളെ സഹായിക്കാനായി 35000 വളണ്ടിയർമാരെയും ഈജിപ്ത് ഒരുക്കിനിർത്തിയിട്ടുണ്ട്.

അതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിൻ്റെ നിലപാടിനെ തുർക്കി പ്രസിഡൻ്റ് സ്വാഗതം ചെയ്തു. ഇരു നേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചു. പിന്നാലെ തുർക്കി ഭരണകൂടം പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് മാക്രോണിനെ എർദോഗൻ പ്രശംസിച്ചതായി പറയുന്നത്. രണ്ട് രാജ്യങ്ങളായി ഇസ്രയേലിനെയും പലസ്തീനെയും പ്രഖ്യാപിച്ചാൽ മാത്രമേ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്നും എർദോഗൻ അഭിപ്രായപ്പെട്ടു.

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം.

ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് വിവരം

കൊല്ലത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ(25) ആണ് അറസ്റ്റിലായത്. വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ഇയാളിൽ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു