കരുനാഗപ്പള്ളി > ട്രേഡ് യൂണിയൻ നേതാവ് ട്രയിൻ തട്ടി മരണപ്പെട്ടു.സിഐടിയു കരുനാഗപ്പള്ളി ഏരിയാ പ്രസിഡൻ്റ്, മരുതൂർക്കുളങ്ങര തെക്കു്, കല്ലൂരേത്ത് വി ദിവാകരൻ (71) ആണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാവിലെ പത്തരയോടെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.മോട്ടോർ ഫെഡറേഷൻ്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സഹപ്രവർത്തകർക്കൊപ്പം കരുനാഗപ്പള്ളി സ്റ്റേഷനിലെത്തി രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് പോകവേ മൂന്നാമത്തെ ട്രാക്കിലൂടെ കടന്നു വന്ന ആലപ്പുഴ ഭാഗത്തേക്ക് പോയ ട്രയിൻ തട്ടിയായിരുന്നു അപകടം. സിപിഐ എം മുൻ ഏരിയാ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗുഡ്സ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ട്രഷറർ തുടങ്ങിയ വിവിധ ട്രേഡ് യൂണിയൻ ചുമതലകളും വഹിച്ചിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ വിലാപയാത്രയോടെ സിപിഐ എം ഏരിയാ, ലോക്കൽ കമ്മിറ്റി ഓഫീസുകളിലെ പൊതുദർശനത്തിനു ശേഷം 12 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ബേബി
മക്കൾ: ധീരജ് (വില്ലേജ് ഓഫീസർ എറണാകുളം), ദീപേഷ് (ആസ്ട്രേലിയ)
മരുമക്കൾ: ധന്യ (ഗേൾസ് എച്ച്എസ് കരുനാഗപ്പള്ളി), മെർലിൻ (ആസ്ട്രേലിയ)
ട്രേഡ് യൂണിയൻ നേതാവ് ട്രയിൻ തട്ടി മരണപ്പെട്ടു
അതുല്യയുടേത് ആത്മഹത്യ; ഫോറൻസിക് റിപ്പോര്‍ട്ട് ലഭിച്ചു; മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും
അബുദാബി: ഷാർജ റോളയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം.
മരണത്തില്‍ മറ്റ് അസ്വാഭാവികതകള്‍ ഇല്ലെന്നും ശരീരത്തിലെ മുറിപ്പാടുകള്‍ക്ക് പഴക്കമുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരണം നടന്ന പത്തുദിവസം പൂർത്തിയാകുമ്ബോഴാണ് അതുല്യയുടെ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവരുന്നത്. മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും ഈ ക്രൂരതയില്‍ ഭർത്താവ് സതീഷിന് പങ്കുണ്ടെന്നും കാണിച്ച് അതുല്യയുടെ സഹോദരി അഖില ഷാർജ പോലീസിന് പരാതി നല്‍കിയിരുന്നു.
പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങളും ലഭിച്ച ദൃശ്യങ്ങളും ഫോണ്‍ ചാറ്റുകളുമെല്ലാം പോലീസ് വിശദമായി പരിശോധിച്ചു. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഫോറൻസിക് ഫലം ഇത്രയും ദിവസം നീണ്ടത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇന്നലെ (തിങ്കൾ) വൈകുന്നേരത്തോടെയാണ് ഫോറൻസിക് ഫലം പുറത്തുവന്നത്. അതുകൊണ്ടുതന്നെ പാസ്പോർട്ട് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെ ഇത്തരത്തിലുള്ള എല്ലാ നടപടികളും പൂർത്തിയാക്കും. വൈകുന്നേരത്തോടെ എംബാമിംഗ് നടപടികളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ നാളെ രാത്രിയില്‍തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അതുല്യയുടെ സഹോദരി അഖിലയാകും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരിക. അതുല്യയുടെ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവയെല്ലാം ഭർത്താവ് സതീഷ് പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം റീപോസ്റ്റുമോർട്ടം നടത്തുമെന്ന് ബന്ധുക്കള്‍ നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ചയാകും ഇത്തരം നടപടികളുണ്ടാകുക എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
ഈ മാസം 19-ന് പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. തലേദിവസം രാത്രിയില്‍ ഭാര്യയുമായി വഴക്കിട്ട് പുറത്തുപോയെന്നും പുലർച്ചെ തിരിച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നുമായിരുന്നു ഭർത്താവ് സതീഷിന്റെ മൊഴി. സതീഷിനെതിരെ അതുല്യയുടെ മാതാപിതാക്കള്‍ കൊല്ലം പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ ഫോണ്‍ ശബ്ദരേഖ പുറത്തായ സംഭവം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അന്വേഷണ ചുമതലയേൽപ്പിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പാലോട് രവിയുടെ ഫോണ്‍ ശബ്ദരേഖ പുറത്തായ സംഭവം അന്വേഷിക്കാന്‍ കെപിസിസി നിര്‍ദേശം.
അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ശബ്ദരേഖ ചോര്‍ന്നതിനു പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍വരും.
എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചിരുന്നു. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് രവി ഒഴിഞ്ഞത്. മുന്‍ മന്ത്രി എന്‍.ശക്തനാണ് പകരം ചുമതല നല്‍കിയത്.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ
സനാ: നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്ത്. ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണം. വാർത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമൂവൽ ജെറോമും പറഞ്ഞു. പ്രചരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയ്യാറാണായെന്നും അദ്ദേഹം വെല്ലുവിളിച്ചു.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: മതേതരത്വത്തോടുള്ള വെല്ലുവിളിയെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ്
തിരുവല്ല: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ ചത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത നടപടി അപലപനീയവും ഇന്ത്യന്‍ മതേതരത്വത്തോടുള്ള വെല്ലുവിളിയും ആണെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികൾ പറഞ്ഞു.
പൊതുസമൂഹത്തെ വര്‍ഗീയവും സങ്കുചിതവുമായി മാറ്റുന്നതും നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും മതേതര – ജനാധിപത്യ രാഷ്ട്രത്തിന് അപമാനകരമാണ്. സാമൂഹിക സേവനത്തിലും രാഷ്ട്ര പുനര്‍നിര്‍മാണത്തിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്നതും തെറ്റായ ആരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നതും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെ തെളിവാണ്. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയവാദികളുടെ പ്രേരണയ്ക്ക് വശംവദരായി ഉദ്യോഗസ്ഥര്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ച് മൈക്രോമൈനോറിറ്റി ആയ ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും കെ സി സി പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം അബുബക്കര്‍ മുസ്ലീയാര്‍
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി അറിയിപ്പ്. വിവരം ലഭിച്ചതായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു. മോചനത്തിനായി ചര്‍ച്ചകള്‍ തുടരും.
വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ടെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്.
സ്വകാര്യ ബസിൽ 17 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം, പ്രതിക്ക് തടവും പിഴയും
ആലുവ .സ്വകാര്യ ബസിൽ 17 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം. പ്രതിക്ക് മൂന്ന് വർഷം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷാവിധിച്ചത്
കണ്ണൂർ സ്വദേശി ഫാസിലാണ് കുറ്റക്കാരൻ. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി
അതേസമയം 11 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മറ്റൊരു കേസില്‍ പ്രതിക്ക് 6 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ ലഭിച്ചു. മട്ടാഞ്ചേരി സ്വദേശി കുഞ്ഞുമോൻ പിപി യാണ് പ്രതി. എറണാകുളം അഡീഷണൽ സെഷൻസ് കോടതി (പോക്സോ) ശിക്ഷാവിധിച്ചത്
2022 ൽ പള്ളുരുത്തി പോലീസാണ് കേസ് എടുത്തത്
വൈദ്യുതി കമ്പിയിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു
തൃശൂർ. ചിമ്മിനി ഡാമിൽ വൈദ്യുതി കമ്പിയിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.എച്ചിപ്പാറ സ്വദേശി ചക്കുങ്ങൽ വീട്ടിൽ ഖാദർ (44) ആണ് മരിച്ചത്.കമ്പിയിൽ വീണ് താഴ്ന്ന മരം മേശയിൽ കയറി നിന്ന് മുറിച്ചുമാറ്റി ഇറങ്ങുന്നതിനിടെ തടി ഖാദറിൻ്റെ തലയിൽ വന്നടിക്കുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ ഖാദറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാവിലെ 11:30 ഓടെയായിരുന്നു അപകടം.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലാണ് മരം കടപുഴകി വൈദ്യുതി കമ്പിയിൽ വീണത്.അപകടത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് നാട്ടുകാർ.ഇപ്പോഴും നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു
നിവിൻ പോളി ആക്ഷന്‍ ഹീറോ ആയി,നിര്‍മ്മാതാവിനെതിരെ കേസെടുത്തു പോലീസ്
കൊച്ചി.നിവിൻ പോളിയുടെ പരാതിയിൽ കേസെടുത്തു പോലീസ്. പാലാരിവട്ടം പോലീസ് ആണ് നിർമ്മാതാവ് ഷംനാസിനെതിരെ കേസെടുത്തത്. ആക്ഷൻ ഹീറോ ബിജു രണ്ട് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തൻറെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചതായി പരാതി. നിവിൻ പോളിയുടെ പരാതിയിലാണ് കേസ്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
റായ്പൂര്‍. മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പെൺകുട്ടികളുടെ സുരക്ഷാസംബന്ധിച്ച കാര്യം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരം എന്ന്
വിഷ്ണു ദേവ് സായി. നിർബന്ധിത മത പരിവർത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വലിയ വിവാദമായതോടെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
പെൺകുട്ടികളെ എത്തിച്ചത് നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ്.
പ്രലോഭിച്ച് മതം മാറ്റാൻ ശ്രമം നടത്തിയിരുന്നു.
വിഷയം സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കാര്യമാണെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബജ്രംഗദളും തമ്മിൽ ഗൂഢാലോചന നടത്തി എന്നാണ് കോൺഗ്രസിന്റെ മറുപടി.
അതിനിടെ കന്യാസ്ത്രീകൾക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിർബന്ധ മതപരിവർത്തന നിരോധന നിയമം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇരുവർക്കും എതിരെ ചുമത്തിയത്.
പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നു കന്യാസ്ത്രീകളുടെ ലക്ഷ്യമെന്ന് എഫ്ഐആറിൽ പറയുന്നു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള കന്യസ്ത്രീകൾ ദുർഗ് സെൻട്രൽ ജയിലിൽ ആണ് ഉള്ളത്. . യുവതികളുടെയും മാതാപിതാക്കളുടെയും മൊഴി വിവരങ്ങൾ പരിശോധിച്ച ശേഷം ജാമ്യ അപേക്ഷ നൽകിയാൽ മതി എന്നാണ് സഭയുടെ തീരുമാനം.
സർക്കാർ സംരക്ഷണയിൽ കഴിയുന്ന യുവതികളെ മാതാപിതാക്കൾക്കൊപ്പം സ്വന്തം ഗ്രാമത്തിലേക്ക് പോലീസ് തിരിച്ചയയ്ക്കും. വെള്ളിയാഴ്ച ആണ് നാരായണ്പൂരിൽ നിന്ന് ആഗ്രയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ കന്യാസ്സ്ത്രീകളെ ബജരംഗദൾ പ്രവർത്തകർ തടഞ്ഞു വച്ചു പോലീസിനെ ഏല്പിച്ചത്.






































