Home Blog Page 664

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ, തെളിവോടെ പിടിച്ച് പൊലീസ്

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ തടവുകാരൻ. ഒന്നാം ബ്ലോക്കിലെ തടവുകാരനായ തൃശൂർ സ്വദേശി ഗോപകുമാറാണ് സെല്ലിൽ നിന്ന് ഫോൺ ഉപയോഗിച്ചത്. ഇയാളിൽ നിന്ന് ഫോൺ കണ്ടെത്തിയതോടെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

ഒന്നാം ബ്ലോക്കിലെ 15 ആം നമ്പർ സെല്ലിൽ നിന്നാണ് ഗോപകുമാർ തൃശൂർ ആമ്പല്ലൂരിലെ വീട്ടിൽ കഴിയുന്ന ഭാര്യയെ ഫോണിൽ വിളിക്കുന്നത്. സംഭാഷണത്തിൽ ഉടനീളം ഭീഷണിയും തെറിവിളിയുമാണ്. ജയിലിലെ ലഹരി ഇടപാടിന് പണം എത്തിച്ചുനൽകാത്തതിനെ തുടർന്നുള്ള ഭീഷണിയാണെന്നാണ് ഭാര്യയുടെ പരാതി

ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത യുവതി കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് സെല്ലിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. ജയിലിനകത്തേക്കും പുറത്തേക്കും നിരന്തരം ഫോൺ വഴി ആശയവിനിമയം നടത്താറുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഗോപകുമാറിന്റെ കോൾ ഹിസ്റ്ററി. ഭാര്യയുടെ പരാതിക്ക് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാപ്പ തടവുകാരനായ ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോണുകൾ പിടികൂടാറുണ്ടെങ്കിലും, ഫോൺ ഉപയോഗത്തിന്റെ പ്രകടമായ തെളിവ് പുറത്തുവരുന്നത് ഇതാദ്യമാണ്

റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപെഴ്ണായി ചുമതലയേറ്റു

റസൂൽ പൂക്കുട്ടി ഇന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപെഴ്ണായി ചുമതലയേറ്റു. മുൻ ചെയർമാൻ പ്രേം കുമാർ ചടങ്ങിൽ പങ്കെടുത്തില്ല. ചലച്ചിത്ര അക്കാദമിയിലെ അക്കാദമിക്സ് എന്ന ഭാഗത്തിന് കൂടി ഊന്നൽ കൊടുക്കുമെന്ന് റസൂൽ പൂക്കുട്ടി പ്രതികരിച്ചു. ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് ഇരിക്കുന്നതെന്നും ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സം‌സ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ ഇന്നലെയാണ് പ്രഖ്യാപിച്ചത് . കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ. 26 അംഗങ്ങളെയാണ് ബോർഡിൽ പുതുതായി ഉൾപ്പെടുത്തിയത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നീക്കം സജീവമായിരുന്നു.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയ നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയുടെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുന്നത്. മൂന്നു വർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി.

ആന്ധ്രാപ്രദേശിൽ തിക്കിലും തിരക്കിലും ഒമ്പത് മരണം

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ഒമ്പത് മരണം. ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം.


ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി അധികൃതർ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ‌ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂപ്പർ‌ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ബിസിസിഐ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
അദ്ദേഹത്തിന്റെ പരിക്ക് ഭേദമാകുകയാണെന്നും ചികിത്സയ്ക്കായി സിഡ്‌നിയിൽ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. വിമാനത്തിൽ യാത്ര ചെയ്യാനാകുമ്പോൾ മാത്രമേ അയ്യർ ഇന്ത്യയിലേയ്ക്ക് മടങ്ങൂവെന്നും ബോർഡ് അറിയിച്ചു.


‘ശ്രേയസ് അയ്യർ ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകൾക്കൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും അദ്ദേഹത്തിന്റെ പരിക്ക് ഭേദമായതിൽ സന്തുഷ്ടരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയതിന് സിഡ്‌നിയിലെ ഡോ. കൊറോഷ് ഹാഗിഗിക്കും സംഘത്തിനും ഇന്ത്യയിലെ ഡോ. ദിൻഷാ പർദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടർനടപടികൾക്കായി ശ്രേയസ് സിഡ്‌നിയിൽ തന്നെ തുടരും. പറക്കാൻ ആരോഗ്യം മികച്ചതാകുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങും’- ബിസിസിഐ അറിയിച്ചു.


അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ അയ്യരുടെ വാരിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ബോൾ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈമുട്ടും വാരിയെല്ലുകളും ഇടിച്ച് വീണതാണ് പരിക്കിന് കാരണമായത്. തുടർന്ന് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സ്‌കാനിംഗിൽ പ്ലീഹയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു.

കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവവന്തപുരം: കവി കെ. ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.


1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളിൽ ‘ബംഗാൾ’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.


ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. സമകാലികത എന്ന സങ്കല്പനം കെ ജി എസ് കവിതകളുടെ അപഗ്രഥനത്തിൽ സുപ്രധാനസ്ഥാനം വഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാംതന്നെ ഒരർഥത്തിൽ സമകാലികാനുഭവങ്ങളോടുള്ള നേരിടലുകളാണെന്നു പറയാം.


1998ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പുരസ്കാരത്തിന് അർഹനായി. “കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ”ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.

നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

മുംബൈ: നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 11 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

നവംബര്‍ 1 – ശനിയാഴ്ച- കന്നഡ രാജ്യോത്സവം, ഇഗാസ്-ബാഗ്വാള്‍- കര്‍ണാടകയിലും ഉത്തരാഖണ്ഡിലും അവധി

നവംബര്‍ 2- ഞായറാഴ്ച

നവംബര്‍ 5- ബുധനാഴ്ച- ഗുരുനാനാക്ക് ജയന്തി, കാര്‍ത്തിക് പൂര്‍ണിമ- നിരവധി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 7- വെള്ളിയാഴ്ച- വാംഗല ഉത്സവം- മേഘാലയയില്‍ അവധി

നവംബര്‍ 8- രണ്ടാം ശനിയാഴ്ച

നവംബര്‍ 9- ഞായറാഴ്ച

നവംബര്‍ 11- ചൊവ്വാഴ്ച- ലബാബ് ഡച്ചന്‍ 2025- സിക്കിമില്‍ അവധി

നവംബര്‍ 16- ഞായറാഴ്ച

നവംബര്‍ 22- നാലാം ശനിയാഴ്ച

നവംബര്‍ 23- ഞായറാഴ്ച

നവംബര്‍ 30- ഞായറാഴ്ച

ബെംഗളൂരൂ – എറണാകുളം റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് അടുത്തയാഴ്ച മുതൽ

കൊച്ചി: ബെംഗളൂരൂ – എറണാകുളം റൂട്ടിലെ വന്ദേഭാരത് എക്സ്പ്രസ് അടുത്തയാഴ്ച സർവ്വീസ് തുടങ്ങും. ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്.


രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
എറണാകുളത്ത് നിന്ന് 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും.

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. 90,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്.

ആഗോളവിപണിയിൽ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലെത്തി. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്.

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.


നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.
നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

വിചാരണയ്ക്കായി കോടതിയിൽ എത്തിച്ച മുളവന സ്വദേശിയായ പ്രതി ശുചിമുറിയിൽ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം

ശാസ്താംകോട്ട (കൊല്ലം):ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്ക് ഹാജരാക്കിയ മധ്യവയസ്ക്കൻ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഹൃദയാഘാതം മൂലമെന്ന് ‘പ്രാഥമിക വിവരം.കൊല്ലം കുണ്ടറ മുളവന പടപ്പക്കര ശ്യാം വിലാസത്തിൽ ജസ്റ്റിൻ ഏലിയാസ് (60) ആണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം.മണൽ കടത്തുമായി ബന്ധപ്പെട്ട്
കിഴക്കേ കല്ലട പൊലീസ് ചാർജ് ചെയ്ത കേസിൽ കസ്റ്റഡിയിലെടുത്തയാളാണ് ഇയ്യാൾ.വിചാരണ നടപടികൾക്കായി കോടതിയിൽ എത്തിച്ച ശേഷം ‘പ്രാഥമികാവശ്യം നിർവ്വഹിക്കുന്നതിനായി കോടതി നടപടികൾക്കിടെ സമീപത്തെ ശുചിമുറിയിലേക്ക് പോയതായിരുന്നു.എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം പുറത്തുവരാതിരുന്നതോടെ സംശയം തോന്നിയ ജീവനക്കാരും അഭിഭാഷകരും വാതിലിൽ തട്ടിവിളിച്ചു.മറുപടി ലഭിക്കാതായതോടെ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു.അകത്ത് തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിലാണ് ജസ്റ്റിനെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.