റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങി. ഫ്‌ലോറിഡയില്‍ ഹൈവേയില്‍ ആണ് ചെറുവിമാനം അടിയന്തരമായി താഴെയിറക്കിയത്. റോഡിലൂടെ പോവുകയായിരുന്ന ഒരു കാറിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തില്‍ 57കാരിക്ക് പരിക്കേറ്റു. വിമാനം പറത്തിയിരുന്ന 27 പരിക്കേല്‍കേകാതെ രക്ഷപ്പെട്ടെന്നാണ് വിവരം. ഫിക്‌സഡ്-വിംഗ് ബീച്ച്ക്രാഫ്റ്റ് 55 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കിയത്.
പ്രാദേശിക സമയം വൈകുന്നേരം 5:45 ഓടെയാണ് അപകടം നടന്നതെന്ന് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട് ചെയ്തു. എന്‍ജിനില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് മെറിറ്റ് ഐലന്‍ഡിലെ ഇന്റര്‍സ്റ്റേറ്റ് -95 ല്‍ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയിലാണ് കാറിലേക്ക് ഇടിച്ചിറങ്ങിയത്. വിമാനത്തില്‍ പൈലറ്റും ഒരു യാത്രക്കാരിയുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇരുവര്‍ക്കും പരിക്കുകളില്ല.
2023 മോഡല്‍ ടൊയോട്ട കാമ്രിയുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവറായ 57കാരിക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ഫ്‌ലോറിഡ ഹൈവേ പട്രോളും അന്വേഷണം നടത്തും.
റോഡിലൂടെ പോവുകയായിരുന്ന കാറിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങി
ഉച്ചക്ക് 1:50 ഓടെ ബോംബ് പൊട്ടുമെന്നും അതിനു മുമ്പ് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നും മെയിലിൽ, പരിഭ്രാന്തരായി ബന്ധപ്പെട്ടവർ
വാണിയംകുളം. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് നേരെയുണ്ടായ
ബോംബ് ഭീഷണി വ്യാജമെന്ന് സംശയം.
പോലീസ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി മാരുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ 9:40 ഓടെയാണ് കോയമ്പത്തൂരിലെ പാകിസ്ഥാൻ ഐഎസ്‌ഐ സെല്ലുകൾ കോളേജിനെ സ്‌ഫോടനത്തിനായി തിരഞ്ഞെടുത്തു എന്ന് ഇമെയിൽ സന്ദേശം എത്തിയത്. 1:50 ഓടെ ബോംബ് പൊട്ടുമെന്നും അതിനു മുമ്പ് വിദ്യാർത്ഥികളെ മോചിപ്പിക്കണമെന്നും മെയിലിൽ ഉണ്ടായിരുന്നു.ഓപ്പറേഷൻ സിന്ദൂറിന്റെ പ്രതികാരം ആണ് എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇതോടെ ആണ് അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ഇമെയിലിന്റെ ഉറവിടം പരിശോധിക്കും
വായുമലിനീകരണം; തന്തൂരി ചിക്കന്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ക്ക് ഡല്‍ഹിയില്‍ വിലക്ക്
ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണത്തിന്റെ ഭാഗമായി തന്തൂരി ചിക്കന്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ക്ക് വിലക്ക്. റെസ്റ്റോറന്റുകളില്‍ വിറകും കരിയും കത്തിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്തിന്റെ കൂട്ടത്തിലാണ് തന്തൂരിക്ക് ‘നോ’ പറയാനുള്ള തീരുമാനം. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം ഡല്‍ഹിയിലും മറ്റ് വടക്കേ ഇന്ത്യന്‍ നഗരങ്ങളിലും രൂക്ഷമായി തുടരുന്ന വായുമലിനീകരണം കുറയ്ക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്ത മോദി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. റെസ്പിറേറ്റര്‍ മാസ്‌ക് അടക്കം ധരിച്ച് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു. ശുദ്ധവായു അവകാശമാണെന്നതടക്കമുള്ള പ്ലക്കാര്‍ഡുകളുയര്‍ത്തിയ എംപിമാര്‍ വിഷയത്തില്‍ പ്രസ്താവനകളവസാനിപ്പിച്ച് നടപടികളെടുക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വായുമലിനീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എംപിമാര്‍ ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കുകയും ചെയ്തു.
ഡല്‍ഹിയിലെ വായുഗുണനിലവാരം ഇൗ വര്‍ഷം 134 ദിവസവും മോശമായിരുന്നെന്ന് കാലാവസ്ഥാ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. 200 ദിവസത്തില്‍ ഒറ്റ ദിവസം പോലും ഡല്‍ഹിക്കാര്‍ ശുദ്ധവായു ശ്വസിച്ചില്ലെന്നും സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പറഞ്ഞു. ഡല്‍ഹിയിലെ വായു മലിനീകരണം ‘അതീവ മോശം’ സ്ഥിതിയില്‍ തുടരുകയാണ്.
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇനി ദീപാവലി ആഘോഷവും
ന്യൂഡല്‍ഹി: യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇനി ദീപാവലി ആഘോഷവും. മാനവികത മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക പൈതൃക പട്ടികയിലാണ് ഇന്ത്യയില്‍ നിന്ന് ദീപാവലി ആഘോഷം കൂടി ഇടംപിടിച്ചത്. കേരളത്തില്‍ നിന്നുള്ള മുടിയേറ്റ്, കൂടിയാട്ടം എന്നീ സാംസ്‌കാരിക ഇനങ്ങള്‍ക്ക് പുറമെ യോഗ, ദുര്‍ഗാപൂജ, കുംഭമേള, ദര്‍ഭ നൃത്തം തുടങ്ങി 15 ഇനങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
സൈപ്രസിലെ പഴക്കം ചെന്ന വീഞ്ഞായ കമാണ്ടരിയ, ഇറ്റലിയിലെ പാചകം, ഇറാഖിലെ റംസാന്‍ വിനോദമായ അല്‍ മുഹൈബി, എത്യോപ്യയിലെ പുതുവര്‍ഷാഘോഷമായ ഗിഫാത്ത, ഇൗജിപ്തിലെ തെരുവോര ഭക്ഷണവിഭവമായ കൊഷാരി, ഘാനയിലെ നൃത്ത-സംഗീതം ചിലിയിലെ സര്‍ക്കസ് പൈതൃകം, ഐസ്ലണ്ടിലെ നീന്തല്‍കുളങ്ങള്‍ എന്നിവയും ഇൗ വര്‍ഷം ദീപാവലിയ്ക്കൊപ്പം യുണെസ്‌കോ പട്ടികയില്‍ ഇടംനേടി.
ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പിറന്നാള്‍ ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം
ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയില്‍ പീടിക പുറേരിയിലെ അമല്‍ പ്രമോദാണ് മരിച്ചത്. 27 വയസായിരുന്നു. കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത് നീര്‍വ്വേലി എല്‍ പി സ്‌കൂളിന് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്. ഇരുമ്പ് തോട്ടി കൊണ്ട് ചക്ക പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അമല്‍ പിറന്നാള്‍ ആഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ നീര്‍വ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു.
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് വിഡിയോ ആയി ചിത്രീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇന്നലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സെയ്താലി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ അടക്കം നല്‍കിയാണ് സൈബര്‍ പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കിയത്.
വാർത്തകൾ ഇന്ന് ഇതുവരെ 2025 | ഡിസംബർ 10 | ബുധൻ 1201 | വൃശ്ചികം 24 | മകം
രാഹുൽ മാങ്കൂട്ടത്തിൽ: രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂര്‍ ജാമ്യം
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം, അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികൾ. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്; പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നിവയാണവ.
വോട്ട് ചെയ്യാനായി രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തിയേക്കും
രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തുമെന്ന് സൂചന. നാളെ വോട്ട് ചെയ്യാൻ ഒളിവിലുള്ള രാഹുൽ എത്തുമെന്നാണ് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലാണ് രാഹുലിന് വോട്ട്.
സന്ദീപ് വാര്യർക്ക് താല്‍കാലിക ആശ്വാസം: അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്ക് താല്‍കാലിക ആശ്വാസം. കേസിൽ പോലീസ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സൈബര്‍ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ.
വിസി നിയമനം: ഗവർണറും മന്ത്രിമാരുമായുള്ള ചർച്ചയിൽ ധാരണയായില്ല
സര്‍വ്വകലാശാലകളിലെ വിസി നിയമന തര്‍ക്കത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണറും സര്‍ക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താൻ നിശ്ചയിച്ച വിസിമാർ യോഗ്യരെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ചര്‍ച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള: കേസ് രേഖകൾ വേണമെന്ന് ഇഡി
ശബരിമല സ്വര്‍ണക്കൊള്ളയിലെ കേസ് രേഖകള്‍ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ഇഡി. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം. ഇത് കള്ളപ്പണം വെളുപ്പിക്കൽ കേസാണെന്നും അന്വേഷണം നടത്തി സ്വത്തുക്കൾ കണ്ടുകെട്ടാൻ അധികാരമുണ്ടെന്നും കോടതിയിൽ സമര്‍പ്പിച്ച അപേക്ഷയിൽ ഇഡി പറയുന്നു. എന്നാൽ, രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണമെന്നും രേഖകൾ നൽകാൻ പാടില്ലെന്നുമാണ് എസ്ഐടിയുടെ നിലപാട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിജിലൻസ് കോടതിയെ സമീപിച്ചത്. സർക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകൾ കൈമാറുന്ന കാര്യത്തിൽ തീരുമാനിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വീര സവർക്കർ പുരസ്‌കാരം: തരൂർ പരിപാടിയിൽ പങ്കെടുക്കില്ല
വീര സവർക്കര്‍ പുരസ്‌കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോണ്‍ഗ്രസിൽ കടുത്ത എതിര്‍പ്പ്. പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. എച്ച്ആര്‍ഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുക. അതിനിടെ, കോണ്‍ഗ്രസ് വിമര്‍ശനം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിച്ചു.
വീർ സവർക്കർ അവാർഡ്: മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ശശി തരൂർ
വീര്‍ സവർക്കര്‍ അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് ശശി തരൂർ എം പി. ഇന്നലെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പോയപ്പോഴാണ് ഇക്കാര്യം താൻ അറിഞ്ഞത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകര്‍ തനിക്ക് അവാര്‍ഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വച്ച് തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ കയ്യേറ്റം: സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസ്
തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു കയ്യേറ്റം.
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ; പരാതി നൽകാനൊരുങ്ങി സിപിഎം
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ. മലപ്പുറം തെന്നലയിലെ കൊട്ടിക്കലാശത്തിലാണ് മരം മുറിക്കുന്ന വാളുകളുമായി പ്രവർത്തകർ പ്രകടനം നടത്തിയത്. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവർത്തിപ്പിച്ചായിരുന്നു ഇന്നലത്തെ കൊട്ടിക്കലാശം. തെന്നല പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കൊട്ടിക്കലാശത്തിലാണ് സംഭവം. നടപടിയിൽ പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സിപിഎം.
കള്ളവോട്ട് ആരോപണം: ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിൽ സംഘർഷം; 3 കേസ്
തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കേസെടുത്ത് പോലീസ്. ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും നൽകിയ പരാതികളിലായി മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ വഞ്ചിയൂരിൽ പോളിങ് ബൂത്തിന് മുന്നിലാണ് സംഘര്‍ഷമുണ്ടായത്.
ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നൽകും
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നൽകും. അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വര്‍ണ്ണം അന്താരാഷ്ട്ര മാര്‍ക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
അടൂർ പ്രകാശിന്റെ പ്രതികരണം നിന്ദ്യം: മന്ത്രി വി. ശിവൻകുട്ടി
നടിയെ ആക്രമിച്ച കേസിൽ, ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിനെതിരെ മന്ത്രി വി. ശിവൻകുട്ടി. കോണ്‍ഗ്രസിന്റെ ഒരു മുഖമായ അടൂർ പ്രകാശിൽ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പിൽ ഇത് ജനം ചര്‍ച്ചചെയ്യുമെന്നും ശിവൻകുട്ടി തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന പ്രത്യാശയും ശിവൻകുട്ടി പ്രകടിപ്പിച്ചു.
അടൂർ പ്രകാശിന്റെ പ്രതികരണം നിരുത്തരവാദിത്തപരം: കെ മുരളീധരൻ
നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കണ്‍വീനറുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി കോർപറേഷൻ അഴിമതി കേസ്: പ്രോസിക്യൂട്ട് ചെയ്യാൻ കൂടുതൽ സമയം തേടി ഹൈക്കോടതി
കശുവണ്ടി വികസന കോര്‍പറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടിൽ മറുപടി നൽകാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടി. ഈ മാസം 17നകം മറുപടി നൽകാനാണ് സിംഗിൾ ബെഞ്ചിനെ അറിയിച്ചത്. കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരൻ, മുൻ എം ഡി, കെ. എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം.
സുരേഷ് ഗോപിക്കെതിരെ വിഎസ് സുനിൽകുമാർ: വോട്ട് ചെയ്തത് തിരുവനന്തപുരത്തെന്ന് വിമർശനം
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.
ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25 പാർട്ടികളുടെ സഖ്യം: സാബു എം ജേക്കബ്
ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25 പാർട്ടികളുടെ സഖ്യമാണെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ട്വന്റി 20യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവര്‍ക്കുള്ള പാസുകൾ മുക്കി. കണ്ണൂർ മോഡലിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. എൽഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവർത്തിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു.
സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്: പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പോലീസ് ഇന്ന് അപേക്ഷ നൽകും. ഐഎഫ്എഫ്കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.
വ്യാജരേഖയുണ്ടാക്കി വോട്ടർ പട്ടികയിൽ പേര് ചേർത്തു: എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസ്
വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ മലപ്പുറം പുളിക്കലിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ ഒ നൗഫൽ മൂന്നാം പ്രതിയാണ്. സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേര്‍ക്കാൻ കൃത്രിമം കാട്ടിയെന്നാണ് പോലീസിൽ ലഭിച്ച പരാതി.
മലയാറ്റൂർ കൊലപാതകം: ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; പ്രതി ആൺസുഹൃത്ത്
മലയാറ്റൂരിൽ 19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
വോട്ടുകൊള്ളയ്ക്കെതിരെ പ്രക്ഷോഭം ഉയർന്നു വരും: കെസി വേണുഗോപാൽ
വോട്ടുകൊള്ളയ്ക്കെതിരെ വൻ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജയിലിൽ പോകാൻ മടിയില്ലെന്നും തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളെക്കുറിച്ച് ലോക്സഭയിൽ നടക്കുന്ന ചര്‍ച്ചയിൽ കെസി വേണുഗോപാൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമാകണം എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷനെ നിശ്ചയിക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടി വേണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമം കൊണ്ടു വന്നത് തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
ഇൻഡിഗോ പ്രതിസന്ധി: പൈലറ്റ്സ് അസോസിയേഷന് പാർലമെന്റ് സമിതിയുടെ നോട്ടീസ്
ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയിൽ പൈലറ്റ്സ് അസോസിയേഷന് നോട്ടീസ് നൽകി പാർലമെന്റ് സമിതി. ഉടൻ സമിതിക്ക് മുൻപിലെത്തുമെന്ന് അസോസിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. സർവീസ് റദ്ദാക്കുകയാണെങ്കിൽ 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർക്ക് വിവരം നൽകണമെന്നാണ് ഇൻഡിഗോക്ക് നൽകിയ നിർദ്ദേശം. വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി.
തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ കീറിയെറിഞ്ഞ് മമത ബാനർജി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. പൊതുയോഗത്തിൽ കേന്ദ്ര സർക്കുലര്‍ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്. കൂച്ച് ബെഹാറിൽ നടന്ന തൃണമൂൽ കോണ്‍ഗ്രസിന്റെ റാലിയിലാണ് പുതിയ എംജിഎൻആര്‍ഇജിഎ മാനദണ്ഡങ്ങൾ വിവരിക്കുന്ന കേന്ദ്ര സര്‍ക്കുലര്‍ മമത കീറിയെറിഞ്ഞത്. പുതിയ മാനദണ്ഡങ്ങൾ അപമാനകരമാണെന്നാണ് മമത ബാനർജിയുടെ നിലപാട്. ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാൾ സ്വന്തം നിലയിൽ തൊഴിലുറപ്പ് പദ്ധതി തുടരുമെന്നും മമത പറഞ്ഞു.
ഒഡിഷയിൽ തലയില്ലാത്ത മൃതദേഹം: കലാപം പൊട്ടിപ്പുറപ്പെട്ടു, സമൂഹ മാധ്യമ നിരോധനം നീട്ടി
ഒഡിഷയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. മാൽക്കാൻഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങൾക്കിടയിൽ വലിയ സംഘര്‍ഷാവസ്ഥ ഉണ്ടായത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടി. വ്യാജ വാര്‍ത്തകളും പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ജില്ലയിൽ നിരോധനം ഏര്‍പ്പെടുത്തിയത്.
ഒഡിഷ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വർധിപ്പിച്ചു
സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വര്‍ധിപ്പിച്ച് ഒഡിഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവിന് അംഗീകാരം നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർലമെന്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്ഠേന അംഗീകാരം നൽകുകയായിരുന്നു.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച് ഓസ്ട്രേലിയ
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്ട്രേലിയ. നിരോധനം പ്രാബല്യത്തിൽ വന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാർ ഇതോടെ സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികൾക്ക് ആപ്പുകൾ ലഭ്യമാക്കിയാൽ കമ്പനികൾക്ക് കൂറ്റൻ പിഴ ചുമത്തും. ലോകത്തിന് ഓസ്ട്രേലിയ മാതൃക ആവുകയാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്.
ന്യൂയോർക്ക് സിറ്റി മേയർ ഔദ്യോഗിക വസതിയിലേക്ക് താമസം മാറുന്നു
ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി, തന്റെ വാടകവീട്ടിൽ നിന്ന് താമസം മാറ്റുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോര്‍ക്ക് നഗരത്തിലെ മിക്ക മേയര്‍മാരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്കാണ് താമസം മാറുന്നത്. കുടുംബത്തിന്റെ സുരക്ഷയും മേയര്‍ എന്ന നിലയിൽ തന്റെ മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മംദാനി പ്രതികരിച്ചു.
ഇന്ത്യയിൽ 35 ബില്യൺ ഡോളര്‍ നിക്ഷേപിക്കുമെന്ന് ആമസോൺ
ഇന്ത്യയിലേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപ ഒഴുക്ക് തുടരുന്നു. 2030നുള്ളിൽ രാജ്യത്ത് 35 ബില്യൻ ഡോളര്‍ (ഏകദേശം 3.14 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ആമസോൺ. ഏഷ്യയിൽ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. മൂന്ന് വിഭാഗങ്ങളിലായിരിക്കും നിക്ഷേപം. എ.ഐ അധിഷ്ഠിതമായ ഡിജിറ്റൽ വത്കരണമാണ് ആദ്യത്തേത്. നേരത്തെ, 12.7 ബില്യൻ ഡോളറിന്റെ നിക്ഷേപം ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ പ്രഖ്യാപനത്തോടെ നിക്ഷേപം 35 ബില്യൻ ഡോളറായി വർധിച്ചു. 2010 മുതൽ കമ്പനി രാജ്യത്ത് നടത്തിയത് 40 ബില്യൻ ഡോളര്‍ (ഏകദേശം 3.59 ലക്ഷം കോടി രൂപ) നിക്ഷേപമാണെന്നും കണക്കുകൾ പറയുന്നു. യു.എസ് കമ്പനികളായ മൈക്രോസോഫ്റ്റ് 17.5 ബില്യൻ ഡോളറും ഗൂഗ്‌ൾ 15 ബില്യൻ ഡോളറും ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബജറ്റ് വിലയിൽ എ.ഐ സേവനങ്ങളുമായി ഗൂഗ്‌ൾ: എ.ഐ പ്ലസ് പ്ലാൻ അവതരിപ്പിച്ചു
ബജറ്റ് വിലയിൽ എ.ഐ സേവനങ്ങളുമായി ഗൂഗ്‌ൾ. പ്രതിമാസം 399 രൂപ നിരക്കിൽ ഗൂഗ്‌ൾ എ.ഐ പ്ലസ് പ്ലാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. നിലവിൽ പ്രതിമാസം 1,950 രൂപ വില വരുന്ന എ.ഐ പ്രോ പ്ലാനും 24,500 രൂപ വിലയുള്ള എ.ഐ അൾട്രാ പ്ലാനുമാണ് ഗൂഗ്‌ളിനുള്ളത്. പ്രതിമാസം 399 രൂപ നിരക്കിലാണ് പ്ലാൻ നിശ്ചയിച്ചിരിക്കുന്നതെങ്കിലും പുതിയ ഉപയോക്താക്കൾക്ക് 199 രൂപ നിരക്കിൽ ആദ്യ ആറുമാസം പ്ലാൻ ലഭിക്കും. കുടുംബത്തിലെ അഞ്ച് അംഗങ്ങളുമായി പ്ലാൻ പങ്കുവെക്കാനും ഓപ്ഷനുണ്ട്. ഇന്ന് മുതൽ പ്ലാനിൽ ചേരാനുള്ള അവസരമുണ്ട്.
അനശ്വര രാജൻ നായികയായ ‘ചാമ്പ്യൻ’ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ
അനശ്വര രാജൻ അഭിനയിച്ച സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ‘ചാമ്പ്യൻ’ എന്ന തെലുങ്ക് ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. പടത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. മിക്കി ജെ മേയര്‍ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. റോഷൻ ആണ് ചിത്രത്തിൽ അനശ്വാര രാജന്റെ നായകനായി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോര്‍ട്സ് ഡ്രാമയാണ് ചാമ്പ്യൻ.
മമ്മൂട്ടി ചിത്രം ‘കളങ്കാവൽ’ 50 കോടി ക്ലബിൽ; റെക്കോർഡ് നേട്ടം
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ 50 കോടി ക്ലബിൽ. റിലീസ് ചെയ്ത് നാലു ദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും ഇതിലൂടെ കളങ്കാവൽ സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകർപ്പൻ വിജയം നേടുന്നത്. ആദ്യ നാല് ദിനം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്.
ട്രയംഫ് ഡേറ്റോണ 660ന് ഒരു ലക്ഷം രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട്
ട്രയംഫ് മോട്ടോര്‍സൈക്കിൾസ് ഡേറ്റോണ 660 ന് ഒരു ലക്ഷം രൂപ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു. ഈ ഓഫര്‍ നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളിൽ ലഭ്യമാണ്. ഡേറ്റോണ 660 യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 660 സിസി ഇന്‍ലൈൻ-ട്രിപ്പിൾ എഞ്ചിനാണ്. ഈ എഞ്ചിൻ 95 എച്ച്പിയും 69 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
‘രക്ത പുഷ്പാഞ്ജലി’: നോവൽ പുറത്തിറങ്ങി
പുന്നപ്ര വയലാറിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ‘രക്ത പുഷ്പാഞ്ജലി’ എന്ന നോവൽ പുറത്തിറങ്ങി. മാർക്‌സിസം ഏറ്റവും മികച്ച പ്രായോഗിക പ്രത്യയശാസ്ത്രമാണെന്ന വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും സംഘടനയുടെ അപചയത്തെ നോവലിസ്റ്റ് വിമർശിക്കുന്നു. ‘ബൂർഷ്വാ ജനാധിപത്യത്തിന്റെ നേട്ടങ്ങളിൽ ഭ്രമിച്ച് പ്രസ്ഥാനത്തെ വലതുപക്ഷ അവസരവാദികളുടെ അമ്മാനച്ചെപ്പാക്കിമാറ്റിയ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്ര്യത്തെ മുറുകെപ്പിടിക്കുന്ന സഖാക്കളാണ് ഇതിലെ കഥാപാത്രങ്ങൾ.’ രാഷ്ട്രീയ മൂല്യത്തകർച്ച്ഷയുടെ വിമര്‍ശനാത്മകമായ ആഖ്യാനം. പി വി തമ്പി എഴുതിയ ഈ പുസ്തകം മനോരമ ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.
കൊളസ്ട്രോളിനെ വില്ലനായി കാണേണ്ടതില്ല: ഡോ. അലോക് ചോപ്ര
കൊളസ്ട്രോളിനെ അത്ര വില്ലനായി കാണെണ്ടതില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും അണുബാധ നിയന്ത്രിക്കുന്നതിനും ബാക്ടീരിയ നിർജ്ജീവമാക്കുന്നതിനുമൊക്കെ കൊളസ്ട്രോള്‍ ശരീരത്തിന് നിർണായകമാണ്. 85 ശതമാനം കൊളസ്ട്രോളും ശരീരം സ്വയം ഉൽപാദിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരീരത്തിലെ കൊളസ്ട്രോളിന്റെ നില സ്ഥിരമായിരിക്കണമെന്നില്ല; ശൈത്യകാലത്ത് കൂടാനും വേനൽക്കാലത്ത് കുറയാനും സാധ്യതയുണ്ട്. അണുബാധയ്ക്ക് ശേഷമോ മാനസിക സമ്മർദമുള്ളപ്പോഴോ കൊളസ്ട്രോൾ കൂടാമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ പരിശോധിച്ച ഫലം ജീവിതകാലം മുഴുവൻ അതേ രീതിയിൽ തുടരുമെന്ന് വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വിനിമയ നിരക്ക്
- ഡോളര്‍: 89.93
- പൗണ്ട്: 119.77
- യൂറോ: 104.78
- സ്വിസ് ഫ്രാങ്ക്: 111.77
- ഓസ്ട്രേലിയൻ ഡോളര്‍: 59.81
- ബഹറിൻ ദിനാര്‍: 238.54
- കുവൈത്ത് ദിനാര്‍: 292.88
- ഒമാനി റിയാൽ: 233.84
- സൗദി റിയാൽ: 23.96
- യു.എ.ഇ ദിര്‍ഹം: 24.46
- ഖത്തര്‍ റിയാൽ: 24.63
- കനേഡിയൻ ഡോളര്‍: 64.92
ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്
മലയാറ്റൂരിലെ 19കാരി ചിത്രപ്രിയയുടെ കൊലപാതകത്തിന് കാരണം ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍ സുഹൃത്തുണ്ടെന്ന സംശയത്തില്‍ അലന്‍ ചിത്രപ്രിയയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. ചിത്രപ്രിയയുടെ തലയില്‍ ഒന്നിലേറെ ഭാഗത്ത് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവവും മരണ കാരണത്തിന് ഇടയാക്കിയെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. കാലടി ടൗണില്‍ ചെറിയ ജോലികള്‍ ചെയ്യുന്ന വ്യക്തിയാണ് 21കാരനായ അലന്‍. സിസിടിവിയില്‍ മറ്റ് രണ്ട് യുവാക്കളുടെ കൂടി ദൃശ്യങ്ങള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളായ 19കാരിയായ ചിത്രപ്രിയ ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. അമ്പലത്തിലെ ഉത്സവം കൂടാനാണ് ചിത്രപ്രിയ ബംഗളൂരുവില്‍ നിന്ന് മലയാറ്റൂരിലെത്തിയത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ചിത്രപ്രിയയെ കാണാതായി. കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ചിത്രപ്രിയ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു.
മകളെ കാണാതായതോടെ വീട്ടുകാര്‍ കാലടി പൊലീസിന് പരാതി നല്‍കി. കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ അലനെ വിളിപ്പിച്ചു മൊഴി എടുത്തിരുന്നു. മൊഴിയെടുത്തശേഷം അലനെ വിട്ടയക്കുകയായിരുന്നു. അതിനിടെയാണ് ഇന്നലെ വൈകീട്ട് നാല് മണിയോടെ നാടിനെ നടുക്കി മലയാറ്റൂര്‍ നക്ഷത്ര തടാകത്തിനരികില്‍ ഒഴിഞ്ഞ പറമ്പില്‍ ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തുന്നത്.തലയ്ക്ക് ആഴത്തില്‍ അടിയേറ്റതായി പൊലീസിന്റെ മൃതദേഹ പരിശോധനയില്‍ തന്നെ വ്യക്തമായിരുന്നു. ശരീരത്തില്‍ മുറിപാടുകളും കണ്ടെത്തിയത്തോടെ കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യവും ഇതിനിടെ പൊലീസിന് ലഭിച്ചു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കൊല്ലത്ത് എസ്ഐആര്‍ എന്യൂമറേഷന്‍ ഫോം തിരികേ ചോദിച്ച ബിഎല്‍ഒയ്ക്ക് മര്‍ദനം
കൊല്ലം: എസ്ഐആര്‍ എന്യൂമറേഷന്‍ ഫോം തിരികേ ചോദിച്ച ബിഎല്‍ഒയ്ക്ക് മര്‍ദനം. കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ആദര്‍ശിനാണ് മര്‍ദനമേറ്റത്. ജോലിയുടെ ഭാഗമായി അജയന്‍ എന്ന വ്യക്തിയുടെ വീട്ടിലെത്തി എസ്ഐആര്‍ ഫോം തിരികെ ചോദിച്ചപ്പോള്‍ തട്ടിക്കയറുകയും കൈയേറ്റം നടത്തുകയും ചെയ്തെന്നാണ് ബിഎല്‍ഒ വ്യക്തമാക്കുന്നത്. ഫോം ചോദിച്ച് അന്‍പത് തവണ വന്നാലും തിരികെ തരില്ലെന്ന് പറഞ്ഞാണ് ഇദ്ദേഹം തട്ടിക്കയറിയതെന്നും ബിഎല്‍ഒ പറയുന്നു.
അജയന്‍ നെഞ്ചില്‍ പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്നും ബിഎല്‍ഒ വ്യക്തമാക്കുന്നു. ഇയാള്‍ നാട്ടിലെ ഒരു പൊതുശല്യമാണെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും ബിഎല്‍ഒ പറഞ്ഞു. ഇതിനു മുന്‍പും ഫോം തിരികെ ചോദിച്ച് ആറുതവണ ആദര്‍ശ് അജയന്റെ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ച ഏഴാംതവണയും ഇതേ ആവശ്യവുമായി വന്നപ്പോഴാണ് വീട്ടുകാരന്‍ പ്രകോപനം സൃഷ്ടിക്കുകയും മര്‍ദിക്കുകയും ചെയ്തത്.
ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേയാണ് ഉദ്യോഗസ്ഥനുനേരെ കടന്നാക്രമണമുണ്ടായത്. പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായി ജോലിചെയ്യുകയാണ് ആദര്‍ശ്. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
അമ്മയ്ക്കായി നോബേൽ സമാധാന സമ്മാനം ഏറ്റുവാങ്ങി മകൾ
ഓസ്ലോ. സമാധാനത്തിനുള്ള നോബേൽ സമ്മാനം മറിയ കൊറീന മച്ചാഡോയുടെ മകൾ അന്ന കൊറീന സോസ മച്ചാഡോ ഏറ്റുവാങ്ങി.
ഒളിവിൽ കഴിയുന്ന മറിയ കൊറീന മച്ചാഡോ ചടങ്ങിൽ സംബന്ധിച്ചില്ല.
സ്വീഡന്റെ തലസ്ഥാനമായ ഓസ്ലോയിലായിരുന്നു സമ്മാനദാനം.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭരണകൂടത്തിനുമെതിരെ രൂക്ഷവിമർശനമാണ് നോർവീജിയൻ നോബേൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വട്‌നെ ഫ്രൈഡ്‌നെസ് നടത്തിയത്.
വെനസ്വേലയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാനും പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് അധികാരം കൈമാറാനും വട്‌നെ ഫ്രൈഡ്‌നൈസ് മഡൂറോയോട് ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ പുനസ്ഥാപനത്തിനായി സേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ സമാധാനപരമായ പോരാട്ടം നയിക്കുന്നതിനാണ് മച്ചാഡോയ്ക്ക് നോബേൽ സമാധാനസമ്മാനം നൽകിയതെന്നും കമ്മിറ്റി ചെയർമാൻ.
വെനസ്വേലൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതായി പാശ്ചാത്യ ലോകം കണക്കാക്കുന്ന പ്രതിപക്ഷനേതാവ് എഡ്മണ്ടോ ഗൊൺസാലസ് ഉറൂഷ്യയടക്കമുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു






































