വാർത്തകൾ കേൾക്കാൻ👇
https://youtube.com/shorts/uXfwYZJHzcc?si=CJGOUJBHcXetVe-F
🎨 സാംസ്കാരിക വാർത്തകൾ
കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരും. എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍ പ്രദർശിപ്പിക്കും. 26 വിവിധ വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഇന്ത്യയിലെ ആദ്യത്തേയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസാണ് പ്രധാന വേദി. പ്രദര്‍ശനങ്ങള്‍ മാര്‍ച്ച് 31ന് സമാപിക്കും.
🗳️ രാഷ്ട്രീയവും തിരഞ്ഞെടുപ്പും
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പില്‍ 76.08 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിങ് വയനാട്ടിലാണ് (78.3%). മറ്റ് ജില്ലകളിലെ കണക്കുകൾ: തൃശൂര്‍ (72.46%), മലപ്പുറം (77.43%), കാസര്‍കോട് (74.86%), പാലക്കാട് (76.27%), കോഴിക്കോട് (77.26%), കണ്ണൂര്‍ (76.77%).
15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. താന്‍ പാലക്കാട് തന്നെ തുടരുമെന്നും പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും രാഹുല്‍ പ്രതികരിച്ചു. വോട്ട് ചെയ്യാന്‍ എത്തിയ രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നൽകി. രാഹുലിനൊപ്പം നിന്നുകൊണ്ട് കെഎസ്യു ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ സംസാരിച്ചു.
കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുജീബ് റഹമാനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് ആരോപണം. ശ്രീകണ്ഠാപുരത്തെ ബൂത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിക്കും മര്‍ദനമേറ്റെന്ന് പരാതിയുണ്ട്.
വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയില്‍ അന്‍വര്‍ (42) ആണ് പിടിയിലായത്. ഇയാൾക്ക് കുളപ്പുള്ളിയില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കെ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് ശ്രമം പൊളിഞ്ഞത്.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരും എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കി ചോദിക്കണം. യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി ഇത്തരം പ്രതികരണം നടത്തുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളില്‍, വോട്ടര്‍ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി രൂക്ഷ വിമര്‍ശനമുയർത്തി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടാല്‍ അടുക്കള സാധനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ സ്ത്രീകളോട് അവർ ആഹ്വാനം ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുപിയില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോള്‍ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. കേരളത്തില്‍ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
‘വോട്ട് ചോരി’യില്‍ താന്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അമിത് ഷാ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും അദ്ദേഹം മാനസികമായി സമ്മര്‍ദത്തിലാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
⚖️ നിയമവും നീതിയും
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. പ്രതികള്‍ ഏഴര വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍ കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി പകര്‍പ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.
നടിയെ ആക്രമിച്ച കേസില്‍ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. ആരാണ് പള്‍സര്‍ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാല്‍ ദിലീപ് എങ്ങനെ ഈ കേസില്‍ പ്രതിയായി എന്ന സത്യം പുറത്ത് വരുമെന്നും, ദിലീപ് അല്ല ഇത് ചെയ്തതെന്നതാണ് പരമമായ സത്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഈ കേസില്‍ ഇനിയൊരു വിധി വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡകന് വേണ്ടി ജയ് വിളിക്കുന്നവരോടും അവനെ താങ്ങുന്ന സ്ത്രീകളോടും അറപ്പും പുച്ഛവുമാണ് തോന്നുന്നതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. ‘അതിജീവിതയ്ക്കൊപ്പം’ എന്ന ഡയലോഗാണ് കൂട്ടത്തില്‍ ലാസ്റ്റ് കോമഡിയെന്നും അവർ വിമർശിച്ചു.
കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് റിമാൻഡ്. ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ദില്ലി കലാപകേസില്‍ ഉമര്‍ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഈമാസം 16 മുതല്‍ 29 വരെയാണ് ജാമ്യം. ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണരുതെന്നും വീട്ടിലും വിവാഹ ചടങ്ങു നടക്കുന്നിടത്തും മാത്രം പോകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. 2020 സപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
🚨 മറ്റ് കേരള വാർത്തകൾ
മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറല്‍ എസ്പി. കൂടുതല്‍ പേര്‍ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതമെന്നും സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
💰 സാമ്പത്തിക-ബിസിനസ് വാർത്തകൾ
രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയും ലിസ്റ്റു ചെയ്ത സാമ്പത്തിക സേവന കമ്പനികളില്‍ പന്ത്രണ്ടാം സ്ഥാനവുമാണ് മുത്തൂറ്റ് ഫിനാന്‍സിനുള്ളത്. പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വര്‍ണം 209 ടണ്ണായി ഉയര്‍ന്നു.
🌎 അന്താരാഷ്ട്ര വാർത്തകൾ
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ടെലിഫോണില്‍ വിളിച്ചെന്നും സംഭാഷണം ഊഷ്മളമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.
അമേരിക്കക്ക് പിന്നാലെ, ഇന്ത്യക്ക് മേല്‍ 50 ശതമാനം നികുതി ചുമത്തി മെക്സിക്കോ. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താന്‍ മെക്സിക്കോ അംഗീകാരം നല്‍കി. താരിഫുകള്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ക്കുള്ള നൂതന സാങ്കേതികവിദ്യയും വില്‍ക്കുന്നതിനായി 686 മില്യണ്‍ ഡോളറിന്റെ ഒരു പ്രധാന ആയുധ കരാറിന് അമേരിക്ക അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ലിങ്ക്-16 സിസ്റ്റങ്ങള്‍, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങള്‍, ഏവിയോണിക്‌സ് അപ്‌ഡേറ്റുകള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് റെയ്ഡുകള്‍ നടത്തിയത്.
🏏 കായികം
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തിൽ 213 റണ്‍സെടുത്തു (ക്വിന്‍ണ്‍ ഡി കോക്ക് 90 റൺസ്). മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 19.1 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. തിലക് വര്‍മ 34 പന്തില്‍ 62 റണ്‍സെടുത്തു.
🎬 സിനിമ
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുടുംബ ചിത്രം ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ചിത്രത്തിന്റെ പുതിയ ഗാനം പുറത്തെത്തി. ‘മലരേ’ എന്നാരംഭിക്കുന്ന ഗാനം ശ്വേത മോഹനും നിഖില്‍ മാത്യുവും ചേര്‍ന്നാണ് ആലപിച്ചത്. ഇന്ന് (ഡിസംബര്‍ 12) ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തും. ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളില്‍.
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം ‘റേച്ചല്‍’ റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവിടും. ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. എബ്രിഡ് ഷൈന്‍ സഹരചയിതാവായ ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
🚗 വാഹനം
ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ ആര്‍എക്‌സ് 350 എച്ച് നിരയിലേക്ക് പുതിയ എസ് യുവിയായ ‘എക്‌സ്‌ക്വിസിറ്റ്’ ഗ്രേഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 89.99 ലക്ഷം രൂപ മുതലാണ് വില. ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. 21 സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍ തുടങ്ങിയ പ്രീമിയം സവിശേഷതകളുണ്ട്.
🌱 ആരോഗ്യവും വായനയും
ഉണ്ണിനങ്ങയുടെ വീണാട്ടങ്ങള്‍ എന്ന പുസ്തകം ഷീല എന്‍.കെ. മാതൃഭൂമി പ്രസിദ്ധീകരിച്ചു. അക്കാക്കയ്ക്കും അച്ഛമ്മയ്ക്കുമൊപ്പം കഥകള്‍ കേട്ട് കുട്ടിക്കാലം ചെലവഴിക്കുന്ന ഉണ്ണിനങ്ങയുടെ ആഹ്ലാദകരമായ കഥ കൊച്ചുവായനക്കാര്‍ക്കായി പങ്കുവെക്കുന്നു. വില 119 രൂപ.
പൊക്കം വെക്കാന്‍ ദിവസവും വ്യായാമം ചെയ്യുന്നതിനൊപ്പം അല്‍പം മുരിങ്ങ കൂടി ഡയറ്റില്‍ ചേര്‍ത്താല്‍ അത്ഭുതകരമായ വ്യത്യാസം കാണാനാകുമെന്നാണ് ഡയറ്റീഷ്യന്മാരുടെ അഭിപ്രായം. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സൂപ്പര്‍ഫുഡ് ആണ് മുരിങ്ങ. ഇതിലെ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, എ, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങളും വെള്ളവും നന്നായി കുടിക്കുകയും സ്‌ട്രെച്ചിങ്, യോഗ തുടങ്ങിയ വ്യായാമങ്ങള്‍ ചെയ്യുകയും വേണം.