Home Blog Page 40

തിരുവനന്തപുരത്തെയും കൊല്ലത്തെയും കനത്ത തോൽവി: എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച

തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കാല്‍നൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോര്‍പ്പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ ഭരണത്തിലെ നേട്ടങ്ങളും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രചരണ വിഷയമാക്കിയ ഇടതു മുന്നണിക്ക് പക്ഷേ വോട്ടുറപ്പിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കൗണ്‍സിലില്‍ 38 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 16 ഡിവിഷനില്‍ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിന്‍ബലത്തോടെ ഭരണത്തിലേറുന്നത്. ആറു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകള്‍ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമായി. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടിയുണ്ടായില്ലന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് കരുനാഗപ്പള്ളി നഗരസഭ കൈവിട്ടുപോയത് വലിയ ആഘാതമായി.

ഒരു വോട്ടിന്റെ വില… രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രം

കല്‍പറ്റ: ഒരു വോട്ടിന് ഇത്രയും പ്രാധാന്യം ഉണ്ടെന്ന് വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി വാര്‍ഡിലെ ജനങ്ങൾക്ക് ഇത്തവണ മനസ്സിലായി. ഒരു വോട്ടിന്റെ വില എത്രയാണെന്ന് മനസിലാകുന്ന ജനവിധിയാണ് ഇന്നലെ ഇവിടെ ഉണ്ടായത്.
ഫോട്ടോഫിനിഷിലാണ് ഫലം. വാര്‍ഡില്‍ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോള്‍ ഒരു വോട്ടു വ്യത്യാസത്തില്‍ മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മല്‍ , 374 വോട്ട്. കോണ്‍ഗ്രസിലെ ടി കെ മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് 373 വോട്ട്. രണ്ടും മൂന്നും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വ്യത്യാസവും ഒരു വോട്ട് മാത്രം.

യുഡിഎഫിന്റെ കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചതാണെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍… ഒളിയമ്പ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ

കൊല്ലം: യുഡിഎഫിന്റെ കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചതാണെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെയുള്ള താണ് അന്‍വറിന്റെ ആരോപണം. സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊല്ലത്ത് ‘ജിതിൻ തന്ത്രം’; അതികായരെ വീഴ്ത്തി 12 തങ്കത്താമരകൾ!

കൊല്ലം: കൊല്ലം കോർപറേഷനിൽ താമര വിരിഞ്ഞു തുടങ്ങാൻ പോകുന്നത് രണ്ടാം ഡിവിഷനിൽ നിന്നാണെന്ന് ജിതിൻ ദേവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ വാക്കുകൾ അന്വർത്ഥമാക്കി ഒന്നല്ല, രണ്ടല്ല, 12 തങ്കത്താമരകളാണ് ഇക്കുറി കൊല്ലത്തിന്റെ മണ്ണിൽ വിരിഞ്ഞത്. കേവലം സംഘാടന മികവിൽ ഉപരിയായി, ചാനൽ ചർച്ചകളിലും ഡിബേറ്റുകളിലും ജിതിൻ ദേവ് നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളും കൃത്യമായ രാഷ്ട്രീയ നിലപാടുകളും പൊതുജനമനസ്സുകളെ സ്വാധീനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഓരോ ചർച്ചകളിലും ബിജെപിയുടെ ആശയങ്ങൾ യുക്തിഭദ്രമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ ശൈലി യുവാക്കൾക്കിടയിലും വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയത്..

അതികായർ വീണു;

വിവിധ മാധ്യമ ചാനലുകളിൽ നടന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികളിൽ പ്രധാന ചർച്ചാവിഷയമായി ഉയർന്നത് പുളിക്കടയിലെ ജനങ്ങളുടെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളായിരുന്നു. ജിതിൻ ദേവ് ഇത് ഫലപ്രദമായി അവതരിപ്പിച്ചു. അഴിമതി ആരോപണങ്ങൾ ഹാസ്യാത്മകമായ രീതിയിൽ ചർച്ചയ്ക്ക് വിധേയമാക്കുകയും ചെയ്തു.

ഡിവിഷനുകൾ വെട്ടിമുറിച്ച് മങ്ങാട് മാറ്റിനിർത്തിയാൽ മത്സരിച്ച സിറ്റിംഗ് സീറ്റുകളെല്ലാം ബിജെപി നിലനിർത്തി. പാർട്ടിക്ക് വലിയ സ്വാധീനമില്ലാതിരുന്ന അറുനൂറ്റിമംഗലം പിടിച്ചെടുത്ത് ഗിരീഷ് നടത്തിയ മുന്നേറ്റം ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

ജില്ലാതലത്തിലെ ‘കാവി തരംഗം’

  • നഗരസഭകൾ: കരുനാഗപ്പള്ളി, പരവൂർ മുൻസിപ്പാലിറ്റികളിൽ ബിജെപി വൻ മുന്നേറ്റം നടത്തി.
  • പഞ്ചായത്തുകൾ: ഇതുവരെ അക്കൗണ്ട് തുറക്കാത്ത പഞ്ചായത്തുകളിൽ പോലും ഇക്കുറി താമര വിരിഞ്ഞു.
  • ബ്ലോക്ക് ഡിവിഷനുകൾ: കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ബ്ലോക്ക് ഡിവിഷനുകളിൽ വിജയം.
  • നിർണ്ണായക ശക്തി: ഒട്ടുമിക്ക പഞ്ചായത്തുകളിലും ഭരണം തീരുമാനിക്കുന്ന നിർണ്ണായക ശക്തിയായി എൻ.ഡി.എ മാറി.

മാറുന്ന കൊല്ലത്തിന്റെ രാഷ്ട്രീയ ഭൂപടം

ചാനൽ ചർച്ചകളിൽ വികസന വീഴ്ചകളും അഴിമതിയും അക്കമിട്ട് നിരത്തി ജിതിൻ ദേവ് നടത്തിയ ഇടപെടലുകൾ മധ്യവർഗ്ഗ വോട്ടർമാരെ സ്വാധീനിച്ചു. അടിത്തട്ടിലെ മൈക്രോ മാനേജ്‌മെന്റ് വോട്ടുകളായി മാറിയപ്പോൾ ഇടത് മുന്നണി 39-ൽ നിന്ന് 16 സീറ്റുകളിലേക്ക് കൂപ്പുകുത്തി. 27 സീറ്റുകൾ നേടിയ യുഡിഎഫിന് ശക്തമായ വെല്ലുവിളിയായി 12 സീറ്റുകളോടെ ബിജെപി നിലയുറപ്പിച്ചു കഴിഞ്ഞു.

“കൊല്ലം കോർപ്പറേഷന്റെ വികസന മുരടിപ്പിനും അവഗണനയ്ക്കുമെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണിത്. ഈ മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കും.” – ബിജെപി കേന്ദ്രങ്ങൾ പറയുന്നു.

കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റ്

കൊല്ലം. കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കെഎസ് യു കൊല്ലം ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്നാണ് അന്‍വറിന്റെ ആരോപണം.സംസ്ഥാനത്തൊട്ടാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഇല്ലാതെപോയതിന് കാരണം കൊടിക്കുന്നില്‍ സുരേഷ് എംപിയാണെന്ന് അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു.പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച്‌ സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് സ്ഥാനാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച വി ആര്‍ സിനി ആണ് മരിച്ചത്. 50 വയസ്സായിരുന്നു.

ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ച് സിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിനാണ് സിനി പരാജയപ്പെട്ടത്.
തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു സിനി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ഫാർമസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാർമസി സ്ഥാപനം നടത്തുകയായിരുന്നു.

കേന്ദ്ര പ്രതിരോധ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷ്യൻ തസ്തികകളിൽ നിയമനം

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ സെന്റർ ഫോർ പഴ്സനൽ ടാലന്റ് മാനേജ്മെന്റിൽ (CEPTAM) സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി, ടെക്നിഷ്യൻ–എ തസ്തികകളിൽ 764 ഒഴിവ്.

തസ്തിക, ഒഴിവ്, പ്രായം, ശമ്പളം:

∙സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്–ബി; 561; 18–28; 35,400–1,12,400.

∙ടെക്നിഷ്യൻ–എ; 203; 18–28; 19,900–63,200. കൂടുതൽ വിവരങ്ങൾക്ക് https://www.drdo.gov.in സന്ദർശിക്കുക

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടും സ്തനാര്‍ബുദം ഉണ്ടാകാം. ഭക്ഷണക്രമത്തിന് ഹോർമോണുകളെ സന്തുലിതമാക്കാനും വീക്കം കുറയ്ക്കാനും കഴിവുണ്ട്. സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…

ധാന്യങ്ങളിൽ നാരുകളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങളിൽ നാരുകളും ഫൈറ്റോന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ധാന്യങ്ങൾ പതിവായി കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകൾ കുടലിലെ ഈസ്ട്രജനെ ബന്ധിപ്പിക്കാനും നീക്കം ചെയ്യാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

നാരുകൾ, വിറ്റാമിനുകൾ, പോളിഫെനോളുകൾ എന്നിവ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.

നാരുകൾ, വിറ്റാമിനുകൾ, പോളിഫെനോളുകൾ എന്നിവ ബെറിപ്പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ബെറികളിൽ ഡിഎൻഎ കേടുപാടുകൾ പരിമിതപ്പെടുത്താൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്.

ബീൻസ്, പയർ, കടല തുടങ്ങിയ പയർവർഗ്ഗങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്

ബീൻസ്, പയർ, കടല തുടങ്ങിയ പയർവർഗ്ഗങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സസ്യ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതൽ ബീൻസ് കഴിക്കുന്നവരിൽ സ്തനാർബുദ സാധ്യത കുറവാണെന്ന് പല പഠനങ്ങളിലും പറയുന്നു.

സോയ ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നു

സോയ ഐസോഫ്ലേവോണുകൾ സ്തനാർബുദ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഐസോഫ്ലേവോണുകൾ ദുർബലമായ ഫൈറ്റോ ന്യൂട്രിയന്റുകളാണ്.

ഫ്ളാക്സ് സീഡുകളിൽ ലിഗ്നാനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈസ്ട്രജൻ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാനുകൾ ഫ്ളാക്സ് സീഡുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പതിവായി നട്സ് കഴിക്കുന്നത് മൊത്തത്തിലുള്ള കാൻസർ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

നട്സുകൾ പോഷകസമൃദ്ധവും ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നതുമാണ്. പതിവായി നട്സ് കഴിക്കുന്നത് മൊത്തത്തിലുള്ള കാൻസർ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഗ്രീൻ ടീ സ്തനാർബുദ സാധ്യത കുറയ്ക്കുന്നന്നു.

ഗ്രീൻ ടീ ഉപഭോഗം സ്തനാർബുദ സാധ്യത കുറയ്ക്കുന്നതിനും ക്യാൻസർ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

വെളുത്തുള്ളി പതിവായി കഴിക്കുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നു

വെളുത്തുള്ളി, ഉള്ളി എന്നിവയിൽ ആന്റിഓക്‌സിഡന്റും ക്യാൻസർ വിരുദ്ധ പ്രവർത്തനവുമുള്ള ഓർഗാനോസൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് സ്തനാർബുദം ഉൾപ്പെടെയുള്ള വിവിധ അർബുദ സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

പാനൂർ വടിവാൾ ആക്ര‌മണം: 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടക്കൻ കേരളത്തിലടക്കം സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ട കാഴ്ചയാണ് ഇന്നലെ കണ്ടത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു.

കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും എൽഡിഎഫ് പ്രവർത്തകരെ എത്രമാത്രം ഉലയ്ക്കുന്നു എന്നതിന്റെ തെളിവായിരുന്നു വിവിധ ജില്ലകളിൽ ഇന്നലെ രാത്രി അരങ്ങേറിയ അക്രമസംഭവങ്ങൾ. ഫലം വന്നതിന് തൊട്ടുപിന്നാലെ കണ്ണൂർ പാനൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു സിപിഎം പ്രവ‍ർത്തകരുടെ വടിവാൾ പ്രകടനം. യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞു. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ അഴിഞ്ഞാടി. ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂർ ഉളിക്കൽ മണിപ്പാറയിലും സിപിഎം കോൺഗ്രസ്‌ സംഘർഷമുണ്ടായി. ഏറാമല തുരുത്തിമുക്കിൽ കോൺഗ്രസ് ഓഫീസിന് നേരെയായിരുന്നു പിന്നീട് ആക്രമണം. പൊലീസ് സാന്നിധ്യത്തിലാണ് സിപിഎം പ്രവർത്തകർ ഓഫീസിന് നേരെ അക്രമം അഴിച്ചുവിട്ടത്. ഏറാമലയിലെ തന്നെ ഇന്ദിരാഭവന് നേരെയും ആക്രമണം നടന്നു. ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറിൽ പ്രതിമയുടെ കൈകൾ തകർന്നു.

കാസർകോട് ബേഡകത്ത് ആഹ്ലാദപ്രകടനത്തിനിടയിൽ സിപിഎം പ്രവർത്തകർ കോണ്‍ഗ്രസുകാരെ ആക്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ ബത്തേരിയിലുണ്ടായ ആക്രമണത്തിൽ സ്ഥാനാർത്ഥിക്ക് അടക്കം പരിക്കേറ്റു. സഞ്ചരിച്ച വാഹനം അടിച്ചു തകർത്തതായും കമ്പി വടികൾ ഉപയോഗിച്ച് ആക്രമിച്ചതായും യുഡിഎഫ് പ്രവർത്തകർ പറയുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവർത്തകരും തമ്മിലും ഏറ്റുമുട്ടലുണ്ടായി.

വിട്ടുപോയവർക്ക് തിരികെ വരാം, അൻവറിന്റെ കാര്യത്തിലും തീരുമാനമായി, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് മാണി ​ഗ്രൂപ്പിനെ ക്ഷണിച്ച് കോൺ​ഗ്രസ്. യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് കേരള കോൺഗ്രസാണ്.

കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു. അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷനിലെ മേയർ തെ‍ര‌ഞ്ഞെടുപ്പിലേക്ക് യുഡിഎഫ് ഉടൻ കടക്കും. പാർലമെന്‍ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിലാകും തീരുമാനം. ദീപ്തി മേരി വർഗീസ്, വികെ മിനിമോൾ , ഷൈനി മാത്യു എന്നിവരിലാരെങ്കിലുമായിരിക്കും മേയറാവുക. തൃശ്ശൂർ, കൊല്ലം എന്നീ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെയും യുഡിഎഫ് വൈകാതെ തീരുമാനിക്കും. അതേസമയം, തോൽവിയുടെ കാരണങ്ങൾ തേടി എൽഡിഎഫ് സൂക്ഷ്മ പരിശോധനയിലേക്ക് കടക്കും. എറണാകുളത്തെ സ്ഥിതി വിശദമായി പരിശോധിക്കും. എറണാകുളം ജില്ലയിലെ നഗരവും മലയോരവും കടലോരവും കായലോരവും നേടിയാണ് ജില്ലയിൽ യുഡിഎഫ് മിന്നും ജയം നേടിയത്. തൃപ്പൂണിത്തുറയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി സാന്നിദ്ധ്യം അറിയിച്ചത് ജില്ലയിൽ ബിജെപിക്കും നേട്ടമായി.