Home Blog Page 4

ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖയാണ് മരിച്ചത്.
24 വയസായിരുന്നു.
വീട്ടിലെ കിടപ്പുമുറിയിലാണ് കഴിഞ്ഞദിവസം രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലത്തൂരിലെ
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
ഭർത്താവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
കണ്ണമ്പ്ര കാരപ്പറ്റ സ്വദേശിയായ മുൻ സൈനികൻ സുബ്രഹ്മണ്യന്റെ മകളാണ് മരിച്ച നേഖ.

ദൃശ്യം മോഡൽ കൊല; കമിതാക്കൾ പിടിയിൽ

മുംബൈ :മുംബൈയ്ക്കടുത്ത് നല്ലസോപാരയിൽ ദൃശ്യം മോഡൽ കൊല നടത്തിയ യുവതിയിൽ യും കാമുകനും പിടിയിൽ. ഭർത്താവിനെ കൊന്ന് വീടിനകത്ത് തന്നെ കുഴിച്ച് മൂടിയ കേസിലാണ് പ്രതികൾ പിടിയിലായത്. പൂനെയിൽ ഒളിവിൽ കഴിയവേയാണ് അറസ്റ്റ്.

28കാരിയായ ചമൻ ദേവിയും 22കാരനായ കാമുകൻ മോനുവുമാണ് ഒടുവിൽ പിടിയിലായത്. ജൂലൈയിലെ ആദ്യവാരമാണ് ചമൻ ദേവി കാമുകനൊപ്പം ചേർന്ന് വിജയ് ചൌഹാൻ എന്ന ഭർത്താവിനെ കൊലപ്പെടുത്തുന്നത്. പിന്നാലെ വീടിനകത്ത് തന്നെ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി. വീട്ടിലെ ടൈൽ ഇളകിമാറിയെന്നും ശരിയാക്കണമെന്നും പറഞ്ഞ് ഭർത്താവിൻറെ സഹോദരനെകൊണ്ട് തന്നെ പുതിയ ടൈൽ പാകിച്ചു. രണ്ടാഴ്ചയോളം ഇതേ വീട്ടിൽ കഴിഞ്ഞു. അയൽവാസിയായ മോനു ബിഎസ് സി ഐടി ബിരുദ പഠനം നടത്തുകയാണ്. രണ്ടാഴ്ചയോളം വിജയിയെക്കുറിച്ച് വിവരം ഇല്ലാതായതോടെ സഹോദരങ്ങൾ അന്വേഷിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്. വിജയ് ജോലി ആവശ്യത്തിന് മറ്റൊരിടത്തേക്ക് പോയെന്നാണ് ചമൻദേവി പറഞ്ഞ് കൊണ്ടിരുന്ന്. തന്നെകൊണ്ട് ടൈൽ മാറ്റിച്ച സംഭവത്തിൽ സംശയം തോന്നിയ വിജയുടെ സഹോദരൻ ടൈൽ മാറ്റി പരിശോധിച്ചു. ഏറെ ആഴത്തിലല്ലാതെ മൃതദേഹം കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പ്രതികൾക്കായി വ്യാപക അന്വേഷണം നടത്തിയത്. പൂനെയിൽ നിന്ന് പിടികൂടിയ പ്രതികളെ മുംബൈയിൽ എത്തിച്ചു,

ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കും

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 831 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്കാവും ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തുക.
മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ 8.46 ലക്ഷം പേർക്ക്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ് ചെയ്യേണ്ടത്.

റഷ്യൻ യാത്രാ വിമാനം തകർന്നുവീണു, വിമാനത്തിലുണ്ടായിരുന്നത് 50 യാത്രക്കാർ

റഷ്യൻ യാത്രാ വിമാനം കിഴക്കൻ അമുർ മേഖലയിൽ തകർന്നുവീണു. ആറ് ജീവനക്കാരടക്കം 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്ന് പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. സൈബീരിയൻ എയർലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.

മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ലാൻഡ് ചെയ്യുന്നതിനിടെ ജീവനക്കാർക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 1950-കളിൽ നിർമ്മിച്ച അന്റോനോവ് ആൻ-24 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചരക്ക്, യാത്രാ ഗതാഗതങ്ങൾക്കായി റഷ്യയിൽ ഈ വിമാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കെതിരെ വിനായകൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് വിനായകന് നേരെ വിമർശനമുയരുന്നത്.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്ക്രീൻഷോട്ടുകൾ ഫെയ്സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചെങ്കിലും വിമർശനം കടുത്തതോടെ അതെല്ലാം വിനായകൻ നീക്കം ചെയ്തു. വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്താണ് നടൻ വിനായകന്‍ അന്ത്യാഭിവാദ്യം അർപ്പിച്ചത്.

മഴയ്ക്കൊപ്പം കുതിച്ചുയര്‍ന്ന് പച്ചക്കറി വില; ഇനിയും കൂടുമെന്ന് സൂചന

കാസർകോട്:
മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി.

കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി. 18 രൂപവരെ വില താഴോട്ടുപോയിരുന്ന തക്കാളിയുടെ വില പൊടുന്നനെയാണ് 35-ലേക്കുയർന്നത്.

കഴിഞ്ഞദിവസംവരെ 20 രൂപയായിരുന്നു തക്കാളി വില. ചേനവില 80-ല്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കയ്പവില 75-ലെത്തി. 40 രൂപ വിലയുണ്ടായിരുന്ന വഴുതന 50-ലെത്തി. വെണ്ടവില 10 രൂപകൂടി 60-ലെത്തിയതും പെട്ടെന്നാണ്.

മുരിങ്ങക്കായ, പച്ചക്കായ വിലയില്‍ മാത്രമാണ് അല്‍പം ആശ്വാസമുള്ളത്. മൂന്നുമാസം മുൻപ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 50 രൂപയാണ്. കറിക്കായ വില 30-നും 40-നുമിടയിലാണ്. ഇലക്കറികളില്‍ ചീര വിപണിയില്‍ അന്യമാണ്.

കിഴങ്ങുവർഗങ്ങളില്‍ ഉരുളകിഴങ്ങ് (35രൂപ), കപ്പ (30രൂപ), മധുരക്കിഴങ്ങ് (35) വിലയില്‍ മാറ്റമില്ല. പച്ചക്കറിവിലയില്‍ അടുക്കള ബജറ്റിനെ പിടിച്ചുനിർത്തിയിരുന്ന ചക്കക്കാലം അവസാനിച്ചുതുടങ്ങിയതോടെ വീട്ടമ്മമാർ ചക്കക്കുരുവിലേക്കും പപ്പായയിലേക്കും ഇലക്കറികളിലേക്കും തിരിഞ്ഞുതുടങ്ങി.

മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെവിട്ട ഉത്തരവിന് സ്റ്റേ; ഹൈക്കോടതി വിധി കീഴ്‌വഴക്കമാക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: 2006 ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ.
മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് നടപടി. ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കമാക്കരുതെന്ന പരാമര്‍ശത്തോടെയാണ് സുപ്രീം കോടതിയുടെ നടപടി. എന്നാല്‍, ഹൈക്കോടതി വിധിക്ക് പിന്നാലെ ജയില്‍ മോചിതരായ പ്രതികളെ തിരികെ ജയിലില്‍ അടയ്ക്കണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചു. ഹര്‍ജിയില്‍ കേസിലെ എല്ലാ പ്രതികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികരണം തേടിയാണ് നോട്ടീസ്. ജസ്റ്റിസ് എം എം സുന്ദരേഷ്, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

തെളിവില്ലെന്ന് ഹൈക്കോടതി
മുംബൈ നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷം ബോംബെ ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. നടപടി കേസ് അന്വേഷിച്ച മഹാരാഷ്ട്ര എടിഎസിന് വിധി വലിയ നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു. 187 പേര്‍ മരിച്ച സ്‌ഫോടന പരമ്പരയിലെ പ്രതികള്‍ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യിലെ അംഗങ്ങളാണെന്നും ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയിലെ പാകിസ്താന്‍ പ്രതിനിധികളുമായി ഗൂഢാലോചന നടത്തിയെന്നുമായിരുന്നു എടിഎസ് കണ്ടെത്തല്‍.

സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച തെളിവുകള്‍ ശക്തമല്ലെന്ന് നിരീക്ഷിച്ചായിരുന്നു ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നുമായിരുന്നു കോടതി സ്വീകരിച്ച നിലപാട്.

ഈറനണിഞ്ഞ ഓർമകളുമായി പിതൃക്കൾക്ക് ശ്രാദ്ധമൂട്ടൽ

ശാസ്താംകോട്ട:കർക്കിടക വാവ് ദിനത്തിൽ കണ്ണീരീറനണിഞ്ഞ ഓർമകളുമായി പിതൃക്കൾക്ക് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ശ്രാദ്ധമൂട്ടി.

പുലർച്ചെ മുതൽ തന്നെ സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.കല്ലടയാർ കിഴക്കോട്ട് ഒഴുകുന്ന കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്ക് തൃശൂർ ഉദയൻ പോറ്റി കാർമികത്വം വഹിച്ചു.തിലഹവനത്തിനുള്ള സൗകര്യവും ഉണ്ടായിരുന്നു.തർപ്പണത്തിന് എത്തിയവർക്കായി ക്ഷേത്രത്തിൽ രാവിലെ മുതൽ അന്നദാനവും നടത്തി.

പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ പിതൃതർപ്പണ ചടങ്ങുകൾക്ക് തന്ത്രി അജിരാമൻ പോറ്റി കാർമികത്വം വഹിച്ചു.തിലഹവനവും പിതൃപൂജയും അന്നദാനവും

ഉണ്ടായിരുന്നു.കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രത്തിൽ (പാട്ടമ്പലം) പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പള്ളിക്കലാറിന്റെ തീരത്തുള്ള ശൂരനാട് വടക്ക്  കരിങ്ങാട്ടിൽ ശിവപാർവ്വതീ ക്ഷേത്രം,എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ്റെ നിയന്ത്രണത്തിലുള്ള ആനയടി
കാഞ്ഞിരത്തുംകടവ് വില്ലാട സ്വാമിക്ഷേത്രം,ഐവർകാല തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


എന്നിവിടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.ശാസ്താംകോട്ട,ശൂരനാട് പോലീസ്,ശാസ്താംകോട്ട ഫയർഫോഴ്സ്,ആരോഗ്യ വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ  സുരക്ഷാ മുൻകരുതലുകൾ എല്ലാ സ്ഥലങ്ങളിലും ഏർപ്പെടുത്തിയിരുന്നു. സേവാഭാരതിയുടെ നേതൃത്വത്തിൽ ബലിതർപ്പണത്തിന് എത്തിയവർക്ക് ചുക്കുകാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്തു.

പിതൃതർപ്പണ കേന്ദ്രത്തിൽ ക്രമീകരണങ്ങൾ പാളി

കൊല്ലം .തിരുമുല്ലവാരത്തെ  പിതൃതർപ്പണ കേന്ദ്രത്തിൽ ക്രമീകരണങ്ങൾ പാളി

തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമായ  ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് ആക്ഷേപം


പിതൃതർപ്പണത്തിനുള്ള കൂപ്പണിലും തിരുമറിയെന്ന് പരാതി

75 രൂപയുടെ  കൂപ്പണിന്  നൂറു രൂപ വാങ്ങുന്നതായി ആക്ഷേപം ഉയർന്നു.

സ്കൂൾ സമയമാറ്റം; വിദഗ്ധ സമിതി ശുപാർശ ഇങ്ങനെ

തിരുവനന്തപൂരം . സ്കൂൾ സമയമാറ്റത്തിൽ പഠനം നടത്തിയത് മൂന്ന് മാസം ആറ് ജില്ലകളിൽ.. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയിലും അഭിപ്രായം തേടി.. ഭൂരിഭാഗം രക്ഷിതാക്കളും സമയമാറ്റത്തെ അനുകൂലിച്ചു.


ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെയാണ് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പഠനം നടത്തിയത്.. ഭൂമിശാസ്ത്രവും സാംസ്കാരിക സാഹചര്യങ്ങളും പരിഗണിച്ച് 6 ജില്ലകളിലായിരുന്നു പഠനം.. വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിൽ അധ്യാപകർ വിദ്യാർഥികൾ രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങൾ തേടി.. ശനിയാഴ്ച ഉൾപ്പെടെ ക്ലാസ്സ് നടത്താനുള്ള തീരുമാനത്തെ  ഭൂരിഭാഗം പേരും എതിർത്തു.. എന്നാൽ സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കണമെന്ന് 50.7 % രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.. 41.1 % രക്ഷിതാക്കൾ
സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും നിർദ്ദേശിച്ചു.. പഴയ സമയക്രമം മതിയെന്ന് അഭിപ്രായപ്പെട്ടത് 6.4 % പേർ മാത്രം.. 0.6 ശതമാനം പേർ മാത്രമാണ് അവധി പുനപരിശോധിക്കുന്നത് അനുകൂലിച്ചത്.. പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.. 819 അധ്യാപകരിൽ നിന്നും 520
വിദ്യാര്‍ത്ഥികളിൽ നിന്നും 156
രക്ഷിതാക്കളിൽ നിന്നും സമിതി അഭിപ്രായം തേടി.  4490 പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു.. ക്ലാസ് സമയം വെള്ളിയാഴ്ച ഒഴികെയുള്ള 4 ദിവസങ്ങളിൽ അര മണിക്കൂര്‍ കൂട്ടണം.. കൂടാതെ ഈ അക്കാദമിക്ക് വര്‍ഷം 7 ശനിയാഴ്ചകളില്‍ ക്ലാസുകള്‍ അധികമായി നല്‍കണമെന്നുമായിരുന്നു വിദഗ്ധസമിതി ശിപാർശ