കണ്ണൂർ.പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദം സഹിക്കാതെ. പയ്യന്നൂർ മണ്ഡലം പതിനെട്ടാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് ആണ് ആത്മഹത്യ ചെയ്തത്.. മകൻ കടുത്ത ജോലി സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടറോട് റിപ്പോർട്ട് തേടി
ഇന്ന് രാവിലെ വീട്ടുകാരെ പള്ളിയിലാക്കി മടങ്ങിയെത്തിയ അനീഷ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആയ അനീഷ്
ആദ്യമായിട്ടാണ് ബിഎൽഒ ആകുന്നത്. എസ് ഐ ആർ ഫോമുകൾ വിതരണം ചെയ്യുന്നതും തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾ ആയി അനീഷ് മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. ഇന്നലെ രാത്രി 1 മണിക്കും വിഷമം പറഞ്ഞു. ഈ സമ്മർദ്ദം മകന്റെ മരണത്തിലേക്ക് നയിക്കുമെന്ന് കരുതിയില്ലെന്ന് പിതാവ്.
സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കലക്ടറോട് റിപ്പോർട്ട് തേടി. പയ്യനൂർ എസ്പിയും പെരിങ്ങോം സി ഐ യും അനീഷിന്റെ വീട്ടിലെത്തി. അനീഷ് മികച്ച രീതിയിൽ എസ് ഐ ആർ ജോലികൾ ചെയ്തിരുന്നുവെന്നും വേഗം ജോലി തീർക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണൂർ ജില്ലാ കളക്ടർ എന്നാൽ ഉന്നതാധികൃതരുടെ പീഡനം മൂലം ജീവനക്കാരൻ മരിക്കാനിടയായ സംഭവിൽ ശക്തമായ പ്രക്ഷോഭത്തിന് എൻ ജി ഒ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ജില്ല കളക്ട്രേറ്റുകളിൽ ധർണ്ണ സംഘടിപ്പിക്കുമെന്നും NGO അസോസിയേഷൻ
അനീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചിട്ടുണ്ട്. നാളെയാണ് സംസ്കാരം
ബി എൽ ഒ മാരെ പീഡിപ്പിക്കുന്ന മേലധികൃതർ, അനീഷ് മരിച്ചത് കടുത്ത മാനസിക സമ്മർദ്ദത്തിൽ
വാഹനം കുറുകെ വെച്ചത് ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
കരുനാഗപ്പള്ളി:വാഹനം കുറുകെ വെച്ചത് ചോദ്യം ചെയ്തതിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
കായംകുളം കാപ്പിൽ കൊച്ചുതറ തെക്കതിൽ അൻസാരി മകൻ മുഹമ്മദ് ഫസൽ 25, കൃഷ്ണപുരം തോട്ട് കണ്ടത്തിൽ മനു ഭവനത്തിൽ മോഹനൻ മകൻ മനു മോഹൻ 27 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ തഴവ അമ്പലം മുക്കിന് സമീപം വെച്ച് തഴവ സ്വദേശിയായ നിധിൻ സ്കൂട്ടറിൽ യാത്ര ചെയ്യവേ പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ബൈക്കിന് കുറുകെ വെച്ചു. അത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ പ്രതികൾ കയ്യിൽ സൂക്ഷിച്ചിരുന്ന ഏതോ ആയുധം വെച്ച് തലയ്ക്ക് വെട്ടുകയും ചവിട്ടി നിലത്തിടാൻ ശ്രമിക്കുകയും ആയിരുന്നു. പരിക്കേറ്റ നിതിൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിതിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പോലീസ് സിസിടിവികളും മറ്റും പരിശോധിച്ചു പ്രതികളെ തിരിച്ചറിയുകയും ആലപ്പുഴ ജില്ലയിലെ ഒളി സങ്കേതത്തിൽ നിന്നും പിടി കൂടുകയും ആയിരുന്നു. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിർദ്ദേശത്താൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ് എസ് ഐ മാരായ ഷമീർ , ആഷിക്
എ എസ് ഐ മാരായ രഞ്ജിത്ത് ,ശ്രീജിത്ത് എസ് സി പി ഓ മാരായ ഹാഷിം, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്തിമ വോട്ടർ പട്ടികയായി , പ്രചരണത്തിന് എഐ വേണ്ട പണി വരും
തിരുവനന്തപുരം . സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ അന്തിമ വോട്ടർ പട്ടികയിൽ 2.86 കോടി വോട്ടർമാർ. 1.35 കോടി
പുരുഷ വോട്ടർമാരും 1.51 കോടി സ്ത്രീ വോട്ടർമാരുമാണ് പട്ടികയിൽ ഉള്ളത്.289 ട്രാൻസ്ജെന്റേഴ്സ് വോട്ടർമാരും സംസ്ഥാനത്തുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിൽ എ ഐ പ്രചാരണങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ.
കർശന നിരീക്ഷണം ഏർപ്പെടുത്തി നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രചാരണം നടത്തരുതെന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചു.
എ ഐ പ്രചാരണങ്ങൾ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം.രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളിൽ ഇത്തരം ഉള്ളടക്കം നീക്കം ചെയ്യണം. എ ഐ പ്രചാരണങ്ങളിൽ നിർമാതാവിന്റെ പേര് വിവരങ്ങൾ നൽകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്നു.
കൊല്ലത്ത് രണ്ടു കുട്ടികൾ മലപ്പുറത്ത് യുവാവ്, ജലാശയങ്ങളിൽ ഇന്ന് മരണം മൂന്ന്
കൊല്ലം അഷ്ടമുടി കായലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിങ്ങിയ രണ്ട് കുട്ടികൾക്ക് ജീവൻ നഷ്ടമായി.ഒപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം പൊഴിയൂർ എ വി എം കനാലിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി.മലപ്പുറം പരപ്പനങ്ങാടി ഹാർബറിൽ കക്ക ശേഖരിക്കാൻ കടലിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
സംസ്ഥാനത്ത് ജലാശയ അപകടങ്ങളിൽ മൂന്ന് ജീവനുകളാണ് ഇന്ന് പൊലിഞ്ഞത്.അഷ്ടമുടി കായലിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.വാളത്തുംഗൽ സ്വദേശികളായ ആദി ,
അഭിജിത്ത് എന്നിവരാണ് മരിച്ചത്.
ക്ഷേത്ര ദർശനം കഴിഞ്ഞ് കായലിൽ കുളിക്കവെയാണ് അപകടം.കൂടെ ഉണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി.മലപ്പുറം പരപ്പനങ്ങാടി ഹാർബറിൽ കക്ക ശേഖരിക്കാൻ കടലിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.ചെട്ടിപ്പടി മണ്ണാറ സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത്.
തിരുവനന്തപുരം പൊഴിയൂർ എ വി എം കനാലിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി.പഴയ ഉച്ചക്കട സ്വദേശി ശരത്തിനെയാണ് കാണാതായത്
ഉച്ചയോടെയാണ് സുഹൃത്തുക്കളുമൊത്ത് ശരത് മീൻ പിടിക്കാൻ എത്തിയത് .മീൻ പിടിക്കാൻ കനാൽ കടന്ന് മറുകരയിൽ എത്തുന്നതിനിടെ ഒഴുക്കിൽ പെട്ടന്നാണ് സുഹൃതുക്കൾ പറയുന്നത്.ഫയർഫോഴ്സും പോലീസും യുവാവിന് വേണ്ടി പരിശോധന തുടരുന്നു
ഇനി ശരണം വിളിയുടെ നാളുകള്‍…. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു
മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍നിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. ഇവിടെ ഇരുമുടിക്കെട്ടേന്തി കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ഓടെ സോപാനത്ത് നിയുക്ത ശബരിമല മേല്‍ശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത് അവരോധിക്കും. മാളികപ്പുറം ക്ഷേത്രനടയില്‍ നിയുക്ത മേല്‍ശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കല്‍ ചടങ്ങുമുണ്ട്. അന്നേദിവസം പൂജകളില്ല.
തിങ്കള്‍ പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെ തീര്‍ഥാടനത്തിന് തുടക്കമാകും. ദിവസവും പുലര്‍ച്ചെ മൂന്നുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നുമുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശനം.
ഡിസംബര്‍ 26-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദര്‍ശനത്തിനുശേഷം നടയടയ്ക്കും.
ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്‌സൈറ്റ്. പ്രതിദിനം 70,000 പേര്‍ക്ക് ഓണ്‍ലൈനില്‍ ബുക്കുചെയ്യാം. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യമുണ്ട്. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
കല്‍പാത്തി രഥോത്സവം; ദേവരഥ സംഗമത്തിന് ഒഴുകിയെത്തി ആയിരങ്ങള്‍
കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമത്തിന് ഒഴുകിയെത്തി ആയിരങ്ങള്‍. മന്തക്കര മഹാഗണപതിയുടെ രഥവും അഗ്രഹാരവീഥികളില്‍ പ്രദക്ഷിണം തുടങ്ങി. വൈകിട്ട് പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ കുതിരവാഹന അലങ്കാരവും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ അശ്വവാഹന എഴുന്നള്ളത്തും നടന്നു.
വൈകിട്ട് നാലിന് ആരംഭിച്ച രഥപ്രയാണം രാത്രി ഏഴിന് അവസാനിക്കും. ഞായറാഴ്ച പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ രഥാരോഹണം നടന്നു. രഥാരോഹണശേഷം ഇരുക്ഷേത്രങ്ങളിലെയും ദേവരഥങ്ങള്‍ ഗ്രാമ പ്രദക്ഷിണത്തിനിറങ്ങി. വൈകിട്ട് ഏഴോടെ കല്‍പ്പാത്തി കാത്തിരിക്കുന്ന ദേവരഥസംഗമം നടക്കും. ത്രിസന്ധ്യയില്‍ ദേവരഥങ്ങള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നത് കാണാനെത്തിയവര്‍ കല്പത്തിയുടെ വീഥികളെ ജന സമുദ്രമാക്കുന്നു.
പാലക്കാടന്‍ അഗ്രഹാരങ്ങളുടെ ഭൂപടത്തില്‍ ഉറച്ചഗ്രാമമാണ് കല്‍പ്പാത്തി. കാശിയില്‍നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ച വിശ്വനാഥസ്വാമിയാണ് ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ. അതിനാല്‍ കാശിയില്‍ പാതി എന്നും പിന്നീട് അത് ലോപിച്ച് കല്‍പ്പാത്തിയുമായി എന്നാണ് ഐതീഹ്യം. ഗതാഗത സൗകര്യങ്ങളില്ലാത്ത കാലത്ത് നിലമ്പൂര്‍-മഞ്ചേരി ഭാഗങ്ങളില്‍നിന്ന് കാളവണ്ടിയില്‍ ആളുകള്‍ കല്‍പ്പാത്തിയിലെത്തിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാണംകെട്ട തോല്‍വി; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വി ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും തിരിച്ചടിയായി പ്രതിഫലിച്ചു. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയാണ് തലപ്പത്ത്. ഇന്ത്യയെ വീഴ്ത്തി ജയം സ്വന്തമാക്കിയ നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍ കൂടിയായ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കയറി.
എട്ട് മത്സരങ്ങളില്‍ നിന്നു നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 54.67 ശതമാനം പോയിന്റുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്ന് ടെസ്റ്റില്‍ നിന്നു രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ദക്ഷിണാഫ്രിക്ക 66.67 ശതമാനം പോയിന്റുമായാണ് രണ്ടാമത് നില്‍ക്കുന്നത്. ശ്രീലങ്കയാണ് മൂന്നാമത്. അവര്‍ക്കും 66.67 ശതമാനം പോയിന്റ്. ഓസീസ് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. 100 ശതമാനം പോയിന്റാണ് അവര്‍ക്ക്.
കൊല്‍ക്കത്തയില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യയ്ക്കു നേരിടേണ്ടി വന്നത്. സ്പിന്‍ പിച്ചൊരുക്കി ന്യൂസിലന്‍ഡിനെ വീഴ്ത്താന്‍ തുനിഞ്ഞ് മൂന്ന് ടെസ്റ്റും തോറ്റുപോയ ഇന്ത്യ ആ പരാജയത്തില്‍ നിന്നു പാഠം പഠിച്ചില്ല. സ്പിന്‍ പിച്ചില്‍ ഇന്ത്യ തന്നെ കറങ്ങി വീഴുന്ന കാഴ്ചയായിരുന്നു കൊല്‍ക്കത്തയില്‍.
ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ സിമോണ്‍ ഹാര്‍മറാണ് ഇന്ത്യയെ വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നത്. 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ അറിഞ്ഞത്. 124 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 93 റണ്‍സില്‍ ഓള്‍ ഔട്ടായി. 100 പോലും തികയ്ക്കാതെ, ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തിട്ടും ഇന്ത്യ തോറ്റു. ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ആയതിനാല്‍ 10 പേരുമായാണ് ഇന്ത്യയ്ക്ക് ബാറ്റ് ചെയ്യേണ്ടി വന്നത്. 9 വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ കീഴടങ്ങി.
ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 159 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. പക്ഷേ ഇന്ത്യക്കും സ്‌കോര്‍ 200 കടത്താനായില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 189 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണ് നേടാനായത്. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്‌സില്‍ 153 റണ്‍സില്‍ പുറത്താക്കാനും ഇന്ത്യയ്ക്കായി. എന്നാല്‍ തിരക്കഥ മറ്റൊന്നായിരുന്നു കൊല്‍ക്കത്തയില്‍.
തെക്കന്‍ കേരളത്തില്‍ നാളെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ മഴ മുന്നറിയിപ്പുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളിലും ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് രാത്രി 08.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരങ്ങളില്‍ 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും; കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ വൈകുന്നേരം 05.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യമാണ് മഴയ്ക്ക് കാരണമാകുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
ചെങ്കോട്ട സ്ഫോടനത്തിന് മദർ ഓഫ് സാത്താൻ ഉപയോഗിച്ചോ?
ന്യൂഡെൽഹി ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ മദർ ഓഫ്
സാത്താൻ എന്നറിയപ്പെടുന്ന അത്യപകടകാരിയായ സ്ഫോടന
വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടെന്ന് സൂചന.
സ്ഫോടനത്തിന്റെ തീവ്രതയും
നാശനഷ്ടങ്ങളുടെ രീതിയും വിലയിരുത്തിയതിൽ നിന്നാണ്
TATPഎന്ന രാസവസ്തുവിൻറെ ഉപയോഗത്തിലേക്ക് വിരൽചൂണ്ടുന്നത്.
അതിനിടെ കേസിൽ കേസിലെ മുഖ്യപ്രതി ഉമർ നബിക്ക്
ഫണ്ട് ലഭിച്ചത് ഹവാല ഇടപാടുകളിലൂടെയാണെന്നും കണ്ടെത്തൽ.
അമോണിയം നൈട്രേറ്റ് മാത്രമാണ് സ്ഫോടനത്തിന് ഉപയോഗിച്ചിതെന്നാണ്
ആദ്യം സംശയിച്ചിരുന്നത്. എന്നാൽ സ്ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ
രീതിയും വിലയിരുത്തിയതിൽ നിന്ന് ട്രൈ അസെറ്റോൺ ട്രൈപെറോക്സൈഡ് എന്ന
രാസവസ്തുവിൻറെ സാന്നിധ്യം സംശയിക്കുന്നു. മദർ ഓഫ് സാത്താൻ എന്നറിയപ്പെടുന്ന
ഈ സ്ഫോടകവസ്തു ചൂട് മൂലമോ ചെറിയ ഘർഷണം മൂലമോ പോലും ഡിറ്റണേറ്റർ ഇല്ലാതെ
പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.
അമോണിയം നൈട്രേറ്റിനെ അപേക്ഷിച്ച് വളരെ അസ്ഥിരമാണ് TATP.
ലോകമെമ്പാടുമുള്ള നിയമവിരുദ്ധ ബോംബ് നിർമ്മാതാക്കൾ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ്
ഇതിന് മദർ ഓഫ് സാത്താൻ എന്ന ദുഷ്പേര് ലഭിച്ചത്.
ഉമറിന് TATPയുടെ അസ്ഥിര സ്വഭാവത്തെക്കുറിച്ച് അറിയാമായിരുന്നിരിക്കണം
എന്നാണ് അന്വേഷണസംഘം കരുതുന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച്
ഉമർ മുഹമ്മദ് പാർക്കിംഗ് സ്ഥലത്ത് വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നോ
എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സർവകലാശാലയുടെ പ്രവർത്തനത്തിലെ
ക്രമക്കേടുകൾ സംബന്ധിച്ച് യുജിസി, എൻഎഎസിസി എന്നിവ നൽകിയ
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ
ക്രൈംബ്രാഞ്ച് വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ
ചുമത്തി രണ്ട് എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടനം നടത്തിയ
ഒമർ നബി ഹവാല ഇടപാടിലൂടെ 20 ലക്ഷം രൂപ സ്വരൂപിച്ചതായും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് നിരവധി ഹവാല ഇടപാടുകാരെ
ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഡോക്ടർമാരായ
ഷഹീൻ സയീദ്, മുസമ്മിൽ ഷക്കീൽ, ആദിൽ റാഥർ എന്നിവരെ സ്ഫോടനവുമായി
ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്തു.അതിനിടെ
സ്ഫോടന സ്ഥലത്ത് നിന്ന് മൂന്ന് 9എംഎം കാലിബർ വെടിയുണ്ടകൾ
ഡൽഹി പോലീസ് കണ്ടെടുത്തു. പൗരന്മാർക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്തതും
സാധാരണയായി സായുധ സേനയുടെ പക്കൽ മാത്രം കണ്ടുവരുന്നതുമായ വെടിയുണ്ടകളാണിത്.
കേസുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളിലും എൻഐഎ പരിശോധന നടത്തി.







































