ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ 12,678 വളർത്തുപക്ഷികലെ ശനിയാഴ്ച കൊന്നൊടുക്കും. തലവടി, തഴക്കര, ചമ്പക്കര വാർഡുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുക്ഷികളെയാണ് കൊന്നൊടുക്കുന്നത്.
ഇതനുസരിച്ച് തലവടിയിൽ 4074, തഴക്കരയിൽ 8304, ചമ്പക്കുളത്ത് 300 പക്ഷികളെയും കൊന്നൊടുക്കും. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു
നിരണം പഞ്ചായത്തിലെ 11ാം വാർഡിൽ ഉൾപ്പെട്ട ഇരതോട് പ്രദേശത്താണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവ് കർഷകനായ കണ്ണമാലിൽ കുര്യൻ മത്തായിയുടെ താറാവുകൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്
നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് 20ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മെയ് 20ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കൊച്ചി പനമ്പിള്ളിനഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് തൃശൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ വഴി ഇരുവരും പരിചയപ്പെട്ടതെന്ന് യുവതി നേരത്തെ മൊഴി നൽകിയിരുന്നു. യുവാവ് വാടകയ്‌ക്ക് താമസിച്ചിരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം. സംഭവം നടന്നത് ഹിൽപാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടെയ്ക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ഫോൺ സ്വിച്ച്ഓഫ് ആക്ക് പ്രതി മുങ്ങിയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഈക്കഴിഞ്ഞ മൂന്നാം തീയതിയാണ് യുവതി ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു.
? നാല് വയസുകാരിയ്ക്ക് ആറാം വിരല്‍ നീക്കം ചെയ്യുന്നതിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
? അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍. ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ അപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും ചെയ്യുകയായിരുന്നു അസോസിയേഷന്‍ അറിയിച്ചു.
? കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ വ്യാപക വെള്ളക്കെട്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ആരംഭിച്ച കനത്ത മഴയില്‍ തലസ്ഥാനത്തെ പ്രധാനയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. 9 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
? സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
? കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മറ്റു മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു . മുഖ്യപ്രതി കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. സൊസൈറ്റി സെക്രട്ടറി രതീശന്‍ ഈ സംഘാംഗങ്ങള്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
? സംസ്ഥാനത്തു കനത്ത വരള്‍ച്ചയില്‍ 257 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇടുക്കിയില്‍ വന്‍തോതില്‍ കൃഷി നാശമുണ്ടായ പ്രദേശങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
? ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പേരില്‍ രാവിലെ 11 മണി മുതലാണ് പരിശോധന നടന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന നടന്നത്.
? അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടോയെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. അതേസമയം മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരിക്ക് മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
?ഗുണ്ടകള്‍ക്കും, സാമൂഹികവിരുദ്ധര്‍ക്കും, ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാനത്ത് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 243 പേര്‍ അറസ്റ്റിലായി. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും, വാറണ്ട് കേസിലെ പ്രതികളുമാണ് അറസ്റ്റില്‍ ആയത്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കി.
? ആലപ്പുഴ നീര്‍ക്കുന്നം എസ് എന്‍ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സമീപത്തെ വീട്ടില്‍ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോള്‍ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
?? ദേശീയം ??
?കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത് ഷാ യുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് കോടതി നല്‍കിയത്.
? വെള്ളം സംഭരിക്കുന്ന വലിയ ടാങ്കില്‍ കുളിക്കാന്‍ പോയ കര്‍ണാടക ഹാസനിലെ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ആളൂര്‍ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടം. ആളൂര്‍ സ്വദേശികളായ ജീവന്‍ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികള്‍ ആണ് മരിച്ചത്. ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു.
? ലോക്‌സഭ തിരഞ്ഞെടുപ്പ് മഹാഭാരതയുദ്ധത്തിന് സമാനമാണെന്നും യുദ്ധത്തില്‍ എന്‍.ഡി.എ. സഖ്യം പാണ്ഡവപ്പടയാണെന്നും ഇന്ത്യസഖ്യം കൗരവപ്പടയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതേസമയം ബിഹാര്‍ സീതാമാതാവിന്റെ ഭൂമിയാണെന്നും ഇവിടെ പശുക്കടത്തോ ഗോവധമോ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും ഇത് നരേന്ദ്ര മോദിയുടെ ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.
? ജാമ്യം ലഭിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസ്താവന ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് കെജ്രിവാള്‍ പറഞ്ഞത്.
? പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
? ഡല്‍ഹി പണ്ഡിറ്റ് പന്ത് മാര്‍ഗിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ തീപിടുത്തം. ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
? 16 പേര്‍ മരിക്കാനിടയായ മുംബൈ പരസ്യ ബോര്‍ഡ് ദുരന്തത്തില്‍, പരസ്യ ബോര്‍ഡ് സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടര്‍ ഭാവേഷ് ഭിന്‍ഡേ അറസ്റ്റില്‍. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
? 40 അടിയില്‍ കൂടുതല്‍ വലുപ്പത്തില്‍ ഉള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുംബൈയില്‍ ബിഎംസി നിര്‍ദേശം നല്‍കി . ഘാട്കോപ്പറില്‍ കഴിഞ്ഞ ദിവസമാണ് പെട്രോള്‍ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോര്‍ഡ് വീണ് 16 പേര്‍ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്നാണ് നടപടി .
? കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കി . കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന് കാട്ടിയാണ് സ്വാതിയുടെ പരാതി.വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നാണ് സ്വാതി ആവശ്യപ്പെടുന്നത്.
? ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തന്റെ പാര്‍ട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് ഹാല്‍ദിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ വ്യക്തമാക്കി. എന്നാ ഈ യു-ടേണ്‍ വിശ്വസിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായം.
? കായികം ?
? ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്റ് പങ്കിട്ടു. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 15 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
? ടി 20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആണ് നന്ദിനി. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ആലപ്പുഴ: 70 കാരിയുടെ മരണത്തിനു കാരണം ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാസ്ഥ മൂലമാണെന്ന പരാതിയിൽ ഇന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ അന്വേഷണ സംഘം ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തും. ആശുപത്രിയിലെ ആഭ്യന്തര അന്വേഷണസമിതി ഇന്ന് പ്രിൻസിപ്പളിന് റിപ്പോർട്ട് സമർപ്പിക്കും. പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിയ പുന്നപ്ര സ്വദേശിനി ഉമൈബ മരിച്ചത് ആശുപത്രിയിലെ അനാസ്ഥയാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിൽ കഴിഞ്ഞ അർദ്ധരാത്രിയിലാണ് മരിച്ച ഉമൈബയുടെ ബന്ധുക്കൾ മൃതദേഹവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഭാരത്ബയോടെക്‌സ് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.
ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
926 പേരെ ഒരുവര്‍ഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടര്‍ന്നാണ് ഇവരില്‍ അമ്ബതുശതമാനം പേര്‍ക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തിയത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്ബിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. പഠനവുമായി ബന്ധപ്പെട്ട് നാലുപേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്‌സിനു പിന്നാലെ റിപ്പോര്‍ട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നു. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.
കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് നിര്‍മാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളതലത്തില്‍നിന്ന് അത് പിന്‍വലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്. കോവിഷീല്‍ഡ് വിവാദങ്ങള്‍ക്കു പിന്നാലെ കോവാക്‌സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് നേരത്തേ രംഗത്തെത്തിയിരുന്നു. പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്‌സിന്‍ വികസിപ്പിച്ചതെന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതികളുടെ ഭാഗമായി ഫലപ്രാപ്തി പരിശോധനകളും പരീക്ഷണങ്ങളും നടത്തിയ ഏക വാക്‌സിന്‍ കോവാക്‌സിനാണെന്നും കമ്ബനി അവകാശപ്പെട്ടിരുന്നു,
കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിക്ക് ഹ്രസ്വകാലയളവേ ഉള്ളുവെങ്കിലും ആളുകളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ആഘാതമുണ്ടായാല്‍ അത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്ന് കമ്ബനിക്ക് അറിയാമായിരുന്നുവെന്നും തങ്ങളുടെ എല്ലാ വാക്‌സിനുകളുടെയും പ്രധാനശ്രദ്ധ സുരക്ഷിതത്വത്തിലായിരുന്നുവെന്നും ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയില്‍ നല്‍കിവന്നിരുന്ന വാക്‌സിനുകളാണ് കോവിഷീല്‍ഡും കോവാക്‌സിനും. യു.കെ. ഹൈക്കോടതിക്ക് മുമ്ബാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് ആസ്ട്രസെനെക്ക കമ്ബനി അറിയിച്ചത്. ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്നാണ് കമ്ബനി മറുപടി നല്‍കിയത്.
യു.കെയില്‍നിന്നുള്ള ജാമി സ്‌കോട്ട് എന്നയാളുടെ പരാതിക്കു പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. 2021 ഏപ്രിലില്‍ വാക്‌സിന്‍ സ്വീകരിച്ചതിനുപിന്നാലെ തന്റെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ചെന്നും രക്തം കട്ടപിടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ജാമി പരാതിനല്‍കിയത്. ഇതോടെ തനിക്ക് ജോലിക്ക് പോകാന്‍ കഴിയാതായെന്നും മൂന്നുതവണ താന്‍ മരണത്തിനു മുന്നിലൂടെ കടന്നുപോയെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നെന്നും ജാമിയുടെ പരാതിയിലുണ്ട്. തുടര്‍ന്നാണ് യു.കെ. ഹൈക്കോടതിക്ക് മുമ്ബിലെത്തിയ പരാതിയില്‍ വളരെ അപൂര്‍വമായ കേസുകളില്‍ ടി.ടി.എസ്. അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമിന് കോവിഷീല്‍ഡ് കാരണമാകാമെന്ന് കമ്ബനി മറുപടി നല്‍കിയത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സാഹചര്യമാണിത്. അതേസമയം, മേല്‍പ്പറഞ്ഞ വാക്‌സിനോ മറ്റേതെങ്കിലും വാക്‌സിനുകളോ സ്വീകരിച്ചില്ലെങ്കില്‍ക്കൂടിയും ടി.ടി.എസ് ഉണ്ടാകാമെന്നും കമ്ബനി പറയുകയുണ്ടായി. എന്നാല്‍, വാക്‌സിന്റെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യാനാകില്ലെന്നും അസ്ട്രസെനക്ക അറിയിച്ചിരുന്നു.
എന്നാല്‍ അത്യപൂര്‍വമായി മാത്രമേ പാര്‍ശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആര്‍. മുന്‍ ശാസ്ത്രജ്ഞനായ ഡോ. രാമന്‍ ഗംഗാഖേഡ്കര്‍ പറഞ്ഞിരുന്നു. വാക്‌സിനെടുത്തവര്‍ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പത്തു ലക്ഷത്തില്‍ ഏഴോ എട്ടോ വ്യക്തികളില്‍ മാത്രമാണ് ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം ഉണ്ടായേക്കാവുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ ആദ്യഡോസ് എടുക്കുമ്‌ബോഴാണ് സാധ്യത കൂടുതലുള്ളത്, രണ്ടാമത്തേത് എടുക്കുമ്‌ബോഴേക്കും വീണ്ടും കുറയുകയും മൂന്നാം ഡോസ് സമയമാകുമ്‌ബോഴേക്കും തീരെ കുറയുകയും ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. വാക്‌സിന്റെ പാര്‍ശ്വഫലം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ അത് ആദ്യ രണ്ടു മൂന്നു മാസത്തിനുള്ളില്‍ പ്രകടമാവുമെന്നും ഡോ. രാമന്‍ പറഞ്ഞിരുന്നു.
കിഴക്കേകല്ലട. നിര്യാതനായ കോൺഗ്രസ്സ് കിഴക്കേ കല്ലട മണ്ഡലം മുൻ പ്രസിഡന്റും ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രകാശ് വർഗ്ഗീസിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് (17.5 .2024 ) ഉച്ചക്ക് 12 മണിക്ക് കൊടുവിള സെൻ്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ. രാവിലെ 8 മണിക്ക് പ്രകാശിന്റെ ചിറ്റുമലയിലുള്ള വസതിയിലും തുടർന്ന് കൊച്ചുപ്ലാംമൂട്ടിലുള്ള കുടുംബ വീട്ടിലും പൊതു ദർശനം നടക്കുന്നു. സമൂഹത്തിന്‍റെ നാനാമേഖലയിലും നിന്നുള്ള ആയിരങ്ങള്‍ അന്തോപചാരമര്‍പ്പിക്കുന്നു.
കുന്നത്തൂർ : രാജഭരണത്തോളം പഴക്കമുള്ള കുന്നത്തൂർ കരിമ്പിൻപുഴ പഴയ പാലം നാട്ടുകാർക്ക് ഭീഷണിയാകുന്നു.കുന്നത്തൂരിനെ കടമ്പനാട് വഴി പത്തനംതിട്ട ജില്ലയുമായി ബന്ധിപിക്കുന്ന ഈ പാലം നെടിയവിള – പുത്തനമ്പലം – വേമ്പനാട്ടഴികത്ത് മുക്ക് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലടയാറ്റിൽ പതിക്കുന്ന കരിമ്പിൻപുഴ ഏലാ തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് വർഷങ്ങൾക്കു മുമ്പ് ബലക്ഷയം നേരിട്ടു.നാട്ടുകാർ പുതിയ പാലത്തിനായി മുറവിളി ശക്തമാക്കിയതോടെ പാലം നിർമ്മാണം ആരംഭിച്ചു.കിതച്ചും തളർന്നും നിർമ്മാണം പുരോഗമിച്ച പാലം ഒടുവിൽ ഉദ്ഘാടനം പോലും നടത്താതെയാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.എന്നാൽ പുതിയ പാലം തുറന്നിട്ട് നിരവധി വർഷങ്ങളായിട്ടും തകർന്ന പഴയ പാലം പൊളിച്ചു മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.കൈവരികൾ പൂർണമായും തകർന്നു.കാട് മൂടി കിടക്കുന്നതിനാൽ ഇവ കാണാൻ കഴിയില്ല.ബീമുകളും സ്പാനുകളുമെല്ലാം അടർന്നു വീണു കൊണ്ടിരിക്കുന്നു.പാലത്തിലൂടെയുള്ള റോഡും തകർന്നു.ഈ പാലത്തിലൂടെ യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് പതിവാണ്.ചിലപ്പോൾ വലിയ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്.ഏത് നിമിഷവും തകർന്നു വീഴാവുന്ന പാലത്തിലൂടെയാണ് ഇവരുടെ യാത്ര.ജനവാസം കുറവായ ഇവിടെ അപകടമുണ്ടായാൽ ഉടൻ അറിയണമെന്നില്ല.അപകട സൂചനാ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല.സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ് ഈ ഭാഗം.രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നതും ഇവിടെ തന്നെ.എംഎൽഎ അടക്കമുള്ളവരോട് നിരവധി തവണ പാലം പൊളിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ശാസ്താംകോട്ട:മഴ പെയ്യുകയോ,ഇടിയും മിന്നലും ഉണ്ടാവുകയോ വേണ്ട,മാനമൊന്ന് ഇരുണ്ടാൽ മതി,പിന്നെ കുന്നത്തൂരിലും പോരുവഴിയിലും വൈദ്യൂതി വിരുന്നുകാരനെ പോലെയായിരിക്കും.പത്തനംതിട്ട ജില്ലയിലെ കടമ്പനാട് കെഎസ്ഇബി സെക്ഷന്റെ പരിധിയിലുള്ള പോരുവഴി,കുന്നത്തൂർ പഞ്ചായത്തുകളിൽ വൈദ്യൂതി മുടക്കം പതിവായി മാറിയിരിക്കയാണ്.മാനത്ത് മഴക്കാറ് കണ്ടാൽ വൈദ്യൂതി മുടങ്ങുന്ന അവസ്ഥ.പത്ത് മിനിട്ടിൽ അഞ്ച് തവണ വരെയാണ് വൈദ്യുതി പോകുന്നത്.ദിവസം മുഴുവൻ ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു.ഇന്ന് രാവിലെ മുതൽ വൈദ്യുതി വന്നും പോയുമിരുന്നതിന് കണക്കില്ലത്രേ.പലയിടത്തും ഇലക്ട്രിക് – ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുകയും ചെയ്തിട്ടുണ്ട്.അക്ഷയ കേന്ദ്രങ്ങളും ഓൺലൈൻ സെന്ററുകളുമാണ് വലഞ്ഞവരിൽ ഏറെയും. മുടക്കത്തിന്റെ കാരണമറിയാൻ കടമ്പനാട്ടേക്ക് വിളിച്ചിട്ടും കാര്യമില്ല.മുൻകൂട്ടി അറിയിക്കാതെ വൈദ്യൂതി ഓഫ് ചെയ്യുന്നത് വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
കോഴിക്കോട് .മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവില്‍ നടപടി ഉചിതമെന്ന് കുട്ടിയുടെ കുടുംബം.ഡോക്ടർക്കെതിരെ കേസെടുത്തതും സസ്പെൻഡ് ചെയ്തതും ഉചിതമായ നടപടി.തങ്ങളുടെ കുട്ടിയുടെ അനുഭവം മറ്റാർക്കും ഉണ്ടാകരുത്.കുറഞ്ഞ സമയത്തെ ഇടവേളക്കിടയിൽ കുട്ടി രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമായി
വായിൽ രക്തവും പഞ്ഞിയും കണ്ടാണ് നാവിന് ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിഞ്ഞത്. വേദന ഉണ്ടെങ്കിലും കുട്ടി സംസാരിക്കുന്നുണ്ട്. ഡോക്ടർ തന്നെ തെറ്റ് ഏറ്റുപറഞ്ഞിട്ടും KGMCTA ഡോക്ടറെ ന്യായീകരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും ഇവര്‍ പറയുന്നു.
തെറ്റുപറ്റിയത് ഡോക്ടർ ആദ്യം തിരിച്ചറിയാത്തത് കൊണ്ടാണ് ഗുരുതര വീഴ്ച പുറത്തറിഞ്ഞത്.വിരലിനാണ് ശസ്ത്രക്രിയ എന്ന് ഉടൻ തിരിച്ചറിഞ്ഞിരുന്നങ്കിൽ കുട്ടിയെ വേഗത്തിൽ പുറത്ത് വിടില്ലായിരുന്നു. വിരലിൻ്റെ ശസ്ത്രക്രിയ കൂടി കഴിഞ്ഞേ വാർഡിലേക്ക് മാറ്റുമായിരുന്നുള്ളൂ.നാവിൻ്റെ ശസ്ത്രക്രിയ ആളുമാറി ചെയ്തതാകാനാണ് സാധ്യതയെന്ന് ഇവര്‍ വിശദീകരിക്കുന്നു. പേരിൽ സാദൃശ്യമുള്ള മറ്റൊരു കുട്ടിയും ശസ്ത്രക്രിയയ്ക്ക് എത്തിയിരുന്നു