Home Blog Page 2677

ബാർ കോഴ വിവാദം,തിരുവഞ്ചൂരിൻ്റ മകന് നോട്ടീസ്

തിരുവനന്തപുരം. ബാർ കോഴ വിവാദത്തില്‍ തിരുവഞ്ചൂരിൻ്റ മകന് നോട്ടീസ്. ക്രൈംബ്രാഞ്ചാണ് അർജൂൻ രാധാകൃഷ്ണന് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ജവഹർ നഗർ ഓഫീസിൽ എത്തണമെന്ന് നോട്ടീസ്. ബാർ ഉടമകളുടെ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ അർജുൻ രാധാകൃഷ്ണൻ ആയിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നിലവിൽ അഡ്മിൻ അല്ലെങ്കിലും ഗ്രൂപ്പിലുണ്ട്. അർജുൻ നോട്ടീസ് നേരിട്ട് കൈപ്പറ്റാൻ തയ്യാറായില്ല. പിന്നീട് ഇ-മെയിൽ വഴിയാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു നൽകിയത്.

ഇത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന ആക്ഷേപമാണ് മറുപക്ഷത്ത് ഉയരുന്നത്.

നിർത്തിയിട്ടിരുന്ന ബസ്സിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു

തൃശൂർ. മുടിക്കോട് നിർത്തിയിട്ടിരുന്ന ബസ്സിനു പിറകിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു.കോയമ്പത്തൂർ ഉക്കടം സ്വദേശി കറുപ്പയ്യ സേർവൈ ആണ് മരിച്ചത്.രാത്രി 12 മണിക്ക് ശേഷമാണ് അപകടം ഉണ്ടായിട്ടുള്ളത്.ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതിന് അപകടം അറിഞ്ഞത് പുലർച്ചയാണ്.രാത്രി ആയതിനാൽ അപകട വിവരം ആരും അറിഞ്ഞിരുന്നില്ല

കേടായതിനെത്തുടർന്ന് സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ബസിന് പിറകിലാണ് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ ഇടിച്ചത്.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നത് ആയിരിക്കണം കേന്ദ്രസർക്കാരിൻറെ ആദ്യ പരിഗണന, ആർഎസ്എസ്

നാഗ്പൂര്‍. കേന്ദ്രസർക്കാരിൻറെ ആദ്യ പരിഗണന മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നത് ആയിരിക്കണം എന്ന് ആർഎസ്എസ് മേധാവി മോഹനൻ ഭഗവത് . ഒരു വർഷത്തിനു ശേഷവും കലാപം തുടരുന്നത് ആശങ്കയുണ്ടാകുന്നതായി മോഹൻ ഭഗവത് നാഗ്പൂരിൽ പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും രാജ്യത്തിൻറെ പുരോഗതിക്ക് വേണ്ടി ആണ് പ്രവർത്തിക്കേണ്ടത്. പാർലമെൻറിൽ ഉയരുന്ന ചർച്ചകളിൽ രണ്ടു വശങ്ങളും കേട്ട ശേഷം അഭിപ്രായ സമന്വയം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് വൈരാഗ്യ ബുദ്ധിയോടെ ഉള്ള പല പ്രചാരണങ്ങളും നടന്നു എന്നും തെരഞ്ഞെടുപ്പു എന്നത് യുദ്ധമല്ല മത്സരമാണ് എന്ന ബോധം രാഷ്ട്രീയപാർട്ടികൾക്ക് ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

മറാത്തവാഡയ്ക്ക് മുകളിലെ ചക്രവാത ച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത. ഇടിമിന്നലിനോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ആലപ്പുഴ,എറണാകുളം, തൃശൂർ, പാലക്കാട് മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട് .

വയനാട് കൈ വിടുമോ, രാഹുല്‍ഗാന്ധി നാളെ എത്തും

വയനാട്.മണ്ഡലമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്സഭ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്താനാണ് രാഹുല്‍ എത്തുന്നത്. രാഹുലിന് പകരമാര് എന്നകാര്യത്തിലാണ് ആകാംഷ ബാക്കി നില്‍ക്കുന്നത്

ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇക്കുറി മാറ്റമുണ്ടായതോടെ റായ്ബറേലിയില്‍ രാഹുല്‍ തുടരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ തന്‍റെ വീടാണ് വയനാടെന്ന് എപ്പോഴും പറയാറുള്ള രാഹുല്‍ഗാന്ധി മണ്ഡലത്തെ കൈവിടുമെന്ന് ഉറപ്പായി. ഇക്കാര്യം നാളെ മണ്ഡലത്തിലെത്തുന്ന രാഹുല്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശനിയാഴ്ചയാണ് ലോക്സഭാ സ്പീക്കര്‍ക്ക് ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കത്തുനല്‍കുക. വയനാട് മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയെ നേരില്‍കണ്ട് തുടരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മറിച്ചൊരുതീരുമാനമെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്നാണ് നേതൃത്വത്തിന്‍റെ താല്‍പര്യം. പ്രിയങ്ക വന്നാല്‍ വിഐപി മണ്ഡലമായി വയനാട് തുടര്‍ന്നേക്കും. പ്രിയങ്കയില്ലെങ്കില്‍ പകരം കെ മുരളീധരന്‍റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. തൃശൂരില്‍ മൂന്നിലേക്ക് കൂപ്പുകുത്തിയ മുരളീധരന്‍ നീരസം പ്രകടിപ്പിച്ച് മാറിനില്‍ക്കുകയാണ്. അനുനയനീക്കമെന്ന സാധ്യതയില്‍ മുസ്ലീം ലീഗിനും സമ്മതനായ മുരളി വന്നാല്‍ വയനാട് കൂടെ നിര്‍ത്താനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 2009ലെ തെരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീധരന്‍ 99,663വോട്ടുകള്‍ പിടിച്ചിരുന്നു. മണ്ഡലമൊഴിയുന്ന കാര്യത്തില്‍ യുഡിഎഫിനെ പോലെ രാഹുലിന്‍റെ തീരുമാനത്തെ കാത്തിരിക്കുകയാണ് എല്‍ഡിഎഫും ബിജെപിയും.

സുപ്രധാന വകുപ്പുകളിൽ മാറ്റമില്ലാതെ മൂന്നാം മോദി സർക്കാർ

ന്യൂഡെല്‍ഹി. മൂന്നാം മോദി മന്ത്രിസഭയിലും നിർണ്ണായക സ്ഥാനങ്ങൾ ബിജെപി തന്നെ കൈവശം വച്ചു. രാജ്‌നാഥ് സിംഗ് പ്രതിരോധവും അമിത് ഷ ആഭ്യന്തരവും, എസ് ജയശങ്കർ വിദേശ കാര്യവുമടക്കം പ്രധാന നേതാക്കൾ എല്ലാം മുൻ വകുപ്പുകൾ നിലനിർത്തി.ബിജെപി അധ്യക്ഷൻ ജെ പി നദ്ധ ആരോഗ്യ മന്ത്രിസ്ഥാനവും, മുൻ മുഖ്യമന്ത്രി മാരായ ശിവരാജ് സിങ് ചൗഹാൻ, കൃഷി ഗ്രാമാവികസന വകുപ്പുകളും,മനോഹർ ലാൽ ഖട്ടാർ നഗരവികസനവുംകൈകാര്യം ചെയ്യും.

ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത മൂന്നാം നരേന്ദ്രമോദി സർക്കാരിൽ സുപ്രധാന വകുപ്പുകൾക്ക് വേണ്ടി ഘടകകക്ഷികൾ സമ്മർദ്ദം ശക്തമാക്കിയിരുന്നെങ്കിലും, നിർണായകമായ വകുപ്പുകൾ എല്ലാം ബിജെപി കൈവശം വച്ചു.

മന്ത്രിസഭയിലെ പ്രധാനികളായ , രാജ്‌നാഥ് സിങ്, അമിത് ഷാ,നിതിൻ ഗഡ്‌കരി, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ,ഭു പേന്ദ്ര യാദവ്, ഹർദീപ് സിംഗ് പുരി, അർജുൻ റാം മേഘവാൾ എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ തന്നെ തുടരും.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ധക്ക് ആരോഗ്യ വകുപ്പ് തിരികെ ലഭിച്ചു. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, കൃഷി, നഗര വികസനം എന്നിവയും, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന് ഊർജ്ജം, നഗര വികസന വകുപ്പുകളും ലഭിച്ചു.

വിദ്യാഭ്യാസ മന്ത്രിയായി ധർമ്മേന്ദ്രപ്രധാൻ തുടരും. അശ്വിനി വൈഷ്ണവിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന ഐടി റെയിൽവേ വകുപ്പുകൾക്ക് പുറമേ ഐ&ബി മന്ത്രാലയവും ലഭിച്ചു.

ജ്യോതിരാദിത്യ സിന്ധ്യക്ക് – ടെലികോം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം,
മൻസൂഖ് മാണ്ടവ്യക്ക് തൊഴിൽ , കിരൺ റിജു പാർലമെന്ററി കാര്യം ന്യൂനപക്ഷ ക്ഷേമം,സർവനന്ദ സോനെ വാൾ – തുറമുഖം, ഷിപ്പിൻഫ് എന്നിവരുടെ വകുപ്പുകളിൽ ആണ് മാറ്റം ഉണ്ടായത്.

സഖ്യ കക്ഷി മന്ത്രി മാരിൽ, ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി,വ്യോമയാനം – റാം മോഹൻ നായിഡു,എംഎസ്എംഇ – ജിതൻ റാം മാഞ്ചി,ഭക്ഷ്യ സംസ്കാരണം ചിരാഗ് പാസ്വാൻ,ആയുഷ് – പ്രതാപ്റാവു ജാഥവ്, എന്നിവർക്കാണ് പ്രധാന വകുപ്പുകൾ ലഭിച്ചത്.

പൂരം കലക്കി? ,തൃശൂർ കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി

തിരുവനന്തപുരം. തൃശൂർ കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി.തൃൂശൂർ പൂരം നടത്തിപ്പിൽ കമ്മീഷണറുടെ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.പി ആയിരുന്ന ആർ ഇളങ്കോയെ പുതിയ കമ്മീഷണറായി നിയമിച്ചു.അങ്കിത് അശോകന് പകരം നിയമനം നൽകിയില്ല.

ആനകൾക്ക് പട്ട നൽകാൻ പോയവരെയും കുടയുമായി അകത്ത് കടക്കാൻ ശ്രമിച്ചവരെയുമെല്ലാം കമീഷണറുടെ നേതൃത്വത്തിൽ പൊലീസുകാർ തടയുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളടക്കം
പുറത്തു വന്നതോടെയാണ് പോലീസ് വീഴ്ച വിവാദമായത്.പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ
ഉത്തരവാദി സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകനാണെന്നു ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നൽകിയിരുന്നു.കമീഷണറുടെ നടപടിയിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും നേരിട്ട് വിയോജിപ്പ് അറിയിച്ചതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു.
കമീഷണർ അങ്കിത് അശോകൻ,അസിസ്റ്റന്റ് കമീഷണർ കെ.സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി
നിർദ്ദേശം നൽകി.തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം നടപ്പാക്കാൻ വൈകിയത്.
അങ്കിത് അശോകനു പകരം നിയമനം നൽകിയിട്ടില്ല.സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലെ ടെക്നിക്കൽ ഇന്റലിജൻസ് എസ്.പി ആർ.ഇളങ്കോയാണ് പുതിയ തൃശൂർ പോലീസ് കമ്മീഷണർ.ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ തിരിച്ചടിയായത് പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസ് വീഴ്ചയാണെന്ന് ഇടതു മുന്നണിക്കുള്ളിൽ തന്നെ വിലയിരുത്തൽ ഉണ്ടായിരുന്നു

നാലാം ലോക കേരള സഭയുടെ ഉദ്ഘാടകൻ ആകാനുള്ള സർക്കാരിൻറെ ക്ഷണം ഗവർണർ നിരസിച്ചു

തിരുവനന്തപുരം. നാലാം ലോക കേരള സഭയുടെ ഉദ്ഘാടകൻ ആകാനുള്ള സർക്കാരിൻറെ ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ് ഭവനിലെത്തി നേരിട്ട് ക്ഷണിച്ച ചീഫ് സെക്രട്ടറിയോടാണ് ഗവർണർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
ഭരണഘടന സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് പറഞ്ഞു. പലതവണ ലോക കേരള സഭ ചേർന്നിട്ടും ഗവർണറെ ക്ഷണിച്ചിട്ടില്ല. ഇതിനേയും ഗവർണർ വിമർശിച്ചു. തന്നെ ആക്രമിച്ച എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുകയാണ്. ഇവർക്കെതിരെ സർക്കാർ നടപടി എടുത്തിട്ടില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

വളയം ആയോട് മലയിൽ കാട്ടാനയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്. വളയം ആയോട് മലയിൽ കാട്ടാനയെ കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറിലാണ് ജഡം കണ്ടെത്തിയത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പ്രദേശവാസികൾ തിരച്ചിൽ നടത്തുകയായിരുന്നു. കണ്ണവം വനത്തിൽ നിന്നിറങ്ങിയ ആന കിണറിൽ വീണതാകാമെന്ന് ഫോറസ്റ്റ് അധികൃതർ പറയുന്നു

ഓട്ടോകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം. വർക്കലയിൽ ഓട്ടോകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഓട്ടോകളിലുണ്ടായിരുന്ന ഏഴു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം.തീരദേശ പാതയിൽ വെട്ടുതുറ കോൺവെൻ്റ് ജംഗ്ഷനിൽ നടന്ന അപകടത്തിൽ ശ്രീനിവാസപുരം സ്വദേശിനി നാസില മരിച്ചു.എതിർദിശയിൽ വന്ന ഓട്ടോകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ഓട്ടോകളും തകർന്നു. മരിച്ച നാസിലയും കുടുംബവുമാണ് ഓട്ടോയിൽ സഞ്ചരിച്ചിരുന്നത്. എതിർ ദിശയിലുണ്ടായിരുന്ന ഓട്ടോയിൽ അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നു പേരാണുണ്ടായിരുന്നത്.പരിക്കേറ്റവരെ നാട്ടുകാരും കഠിനംകുളം പോലീസും ചേർന്നാണ് മെഡി.കോളേജിലെത്തിച്ചത്. സംഭവത്തിൽ കഠിനംകുളം പോലീസ് കേസെടുത്തു.