Home Blog Page 2661

കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്ത്; പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

മലപ്പുറം: കളിപ്പാട്ടങ്ങള്‍, റെഡിമെയ്ഡ് ഡ്രസ് എന്നിവയുടെ കച്ചവടത്തിന്റെ മറവില്‍ ഗോവയില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 210000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി സക്കീര്‍ ഹുസൈനാണ് മയക്കുമരുന്ന് കേസില്‍ ശിക്ഷ വിധിച്ചത്.

  1. 12 ഗ്രാം എംഡിഎംഎ, 0.93 എല്‍എസ്ഡി സറ്റാമ്പ്, 1.15 കിലോഗ്രാം കഞ്ചാവ്, 325.85 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് മലപ്പുറം എക്സൈസ് സംഘം പിടിച്ചെടുത്തത്. രണ്ടാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായെങ്കിലും ഇയാള്‍ ഒളിവില്‍ പോയതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഒന്നാം പ്രതി ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
    2020 നവംബര്‍ 22ന് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും ചേര്‍ന്നാണ് കേസ് എടുത്തത്. മാരക ലഹരി മരുന്നുകളുമായി, ഒന്നും രണ്ടു പ്രതികളായ, റമീസ് റോഷന്‍ (30), ഹാഷിബ് ശഹീന്‍ (29) എന്നിവരെ അന്ന് എക്സൈസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു.
    തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്നാം പ്രതി സക്കീര്‍ ഹുസൈന്‍ (37) പിടിയിലായി. ഇയാള്‍ ഗോവയില്‍ നിന്നും ഒന്നും രണ്ടും പ്രതികള്‍ക്ക് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കൊറിയര്‍ സര്‍വ്വീസ് വഴിയാണ് 30 ഗ്രാം എംഡിഎംഎ കടത്തിയത്. ഇത് രാമനാട്ടുകരയിലെ കൊറിയര്‍ സര്‍വീസില്‍ നിന്നുമാണ് പിടിച്ചെടുത്തത്. മഞ്ചേരി എന്‍ഡിപിഎസ് കോടതിയിലാണ് വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിനി ജസ്ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
അശ്ലീല സന്ദേശമയച്ചതിന് പോലീസില്‍ പരാതി നല്‍കിയ ശേഷം മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ യുവാവില്‍ നിന്ന് ആദ്യ ഗഡുവായി രണ്ടുലക്ഷം രൂപ തട്ടി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ സ്വദേശിയായ യുവതി ഒരു സിനിമയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ റീല്‍സ് കണ്ട മുവാറ്റുപുഴ സ്വദേശിയായ യുവാവ് യുവതിക്ക് സ്വകാര്യമായി അശ്ലീല സന്ദേശം അയക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടികാട്ടി യുവതി ഏലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ സ്വമേധയാല്‍ കേസെടുക്കാന്‍ പോലീസിന് കഴിയാത്തതിനാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനായി പോലീസ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കുകയും ചെയ്തു.
ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 20 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് യുവാവിനെയും കുടുംബത്തെയും യുവതിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ അഞ്ച് ലഷം രൂപ നല്‍കാമെന്ന് കുടുംബം സമ്മതിച്ചു. രണ്ട് ലക്ഷം രൂപ ആലുവ സ്വദേശിയായ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചിരുന്നു.
മുവാറ്റുപുഴ സ്വദേശിയായ യുവാവിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. സഹോദരിക്ക് നല്‍കിയ സ്വര്‍ണം ഉള്‍പ്പെടെ പണയപ്പെടുത്തി ബാക്കി മൂന്ന് ലക്ഷം രൂപ നല്‍കാന്‍ കുടുംബം തയാറെടുക്കുകയായിരുന്നു. ഇക്കാര്യം പോലീസ് അറിയുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് യുവതി ഉള്‍പ്പെടുന്ന മൂവര്‍ സംഘം അറസ്റ്റിലാകുന്നത്. സിനിമ രംഗവുമായി ബന്ധപ്പെട്ട ആവശ്യത്തിന് 20 ലക്ഷം രൂപ വേണമായിരുന്നു. ഇതിനായാണ് പണം ചോദിച്ചതെന്നാണ് പ്രതികള്‍ പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.

സബ്സിഡി ഉല്പന്നങ്ങളുടെ വില വീണ്ടും കുറച്ച് സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോ വില്പന​ ശാലകളില്‍ സബ്സിഡി ഉല്പന്നങ്ങള്‍ക്ക് വീണ്ടും വിലകുറച്ചു. മുളകും വെളിച്ചെണ്ണയും ഉള്‍പ്പെടെയുള്ള സബ്സിഡി ഉല്പന്നങ്ങള്‍ക്കാണ് സപ്ലൈകോയില്‍ വീണ്ടും വില കുറഞ്ഞത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വരും.

മുളകിന്‍റെ സബ്സിഡി വില അരക്കിലോയ്ക്ക് 78.75 രൂപയായാണ് പുതുക്കി നിശ്ചയിച്ചത്. 86.10 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്. വെളിച്ചെണ്ണ അര ലിറ്ററിന് സബ്സിഡി ഉൾപ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. 152.25 രൂപയാണ് നിലവിലുണ്ടായിരുന്ന വില. അഞ്ച് ശതമാനം ജിഎസ്‌ടി ഉള്‍പ്പെടെയാണ് വില. മുളകിന് 220 രൂപയും വെളിച്ചെണ്ണയ്ക്ക് 174 രൂപയുമാണ് നിലവില്‍ പൊതുവിപണിയിലുള്ള വില.

പൊതുവിപണിയിൽ നിന്ന് 35 ശതമാനം വിലക്കിഴിവിലാണ് 13 ഇനം സബ്സിഡി സാധനങ്ങൾ സപ്ലൈകോ നല്‍കുന്നത്. പഞ്ചസാര (ഒരു കിലോഗ്രാം) 28.35 രൂപ, മല്ലി (500ഗ്രാം) 40.95 രൂപ, ചെറുപയർ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോൾ (ഒരു കിലോഗ്രാം) 95 രൂപ, വൻ കടല (ഒരു കിലോഗ്രാം) 69 രൂപ, വൻപയർ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് ജിഎസ്‌ടി ഉൾപ്പെടെയുള്ള വില. ജയ അരി 29 രൂപയ്ക്കും, കുറുവ, മട്ട അരികൾ 30 രൂപയ്ക്കും, പച്ചരി 26 രൂപയ്ക്കുമാണ് സപ്ലൈകോയിൽ നിന്ന് ലഭിക്കുന്നത്.വിവിധ ഉല്പന്നങ്ങള്‍ക്ക് 20 രൂപ മുതല്‍ 65 രൂപ വരെയാണ് ജനങ്ങള്‍ക്ക് സപ്ലൈകോയിലൂടെ ലാഭമുണ്ടാകുന്നത്. ചെറുപയർ 145.79, ഉഴുന്ന് ബോൾ 148.71, വൻകടല 108.43, വൻപയർ 111.07, തുവരപ്പരിപ്പ് 182.93, മല്ലി 119.86, വെളിച്ചെണ്ണ 174, ജയ അരി 44.92, കുറുവ അരി 44.89, മട്ട അരി 51.36, പച്ചരി 40.21 എന്നിങ്ങനെയാണ് സാധനങ്ങള്‍ക്ക് പൊതുവിപണിയിലെ വില. പൊതു വിപണിയിൽ നിന്നും 10 മുതൽ 30 ശതമാനം വരെ വിലകുറച്ച് സബ്സിഡി ഇതര സാധനങ്ങളും സപ്ലൈകോയിൽ ലഭ്യമാക്കുന്നുണ്ട്.

വിപിൻദാസ് ‘വാഴ’ യുമായി വരുന്നു

‘ഗുരുവായൂരമ്പല നടയിൽ’ നിന്നും ‘വാഴ’യിലേക്ക്, അടുത്ത ബ്ലോക്ക്ബസ്റ്റർ അടിക്കാനൊരുങ്ങി വിപിൻ ദാസും കൂട്ടരും ! ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഫസ്റ്റ്ലുക്ക് പുറത്ത്…

സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഡബ്ളിയു ബി റ്റി എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’. ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഒരുങ്ങുന്നത്.

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണൻ മോഹൻ, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാൽ, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: അശ്വതി ജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടർ: അനൂപ് രാജ്, സവിൻ സ, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, സൗണ്ട് മിക്സിംങ്: വിഷ്ണു സുജതൻ, ആക്ഷൻ ഡയറക്ടർ: കലൈ കിങ്സൺ, ഡിഐ: ജോയ്നർ തോമസ്, സ്റ്റിൽസ്: അമൽ ജെയിംസ്, പിആർഒ: എ എസ് ദിനേശ്, ഓൺലൈൻ മാർക്കറ്റിംഗ്: ടെൻ ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: സാർക്കാസനം, ഡിസൈൻ: യെല്ലോ ടൂത്ത്സ്.

കാറുംപോയി, സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര, കാറും നഷ്ടമാകും

ആലപ്പുഴ.നിയമം അനുസരിക്കാനുള്ളതാണ് പരിഹസിക്കാനുള്ളതല്ലെന്ന് ബോധ്യമാക്കാന്‍ അധികൃതര്‍. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര. കാറും സജു ടിഎസ് ന് (സഞ്ജു ടെക്കി)നഷ്ടമാകും. സജു ടിഎസിന്റെ ടാറ്റാ സഫാരി പോലിസ് കസ്റ്റഡിയിലെക്ക് മാറ്റുന്നു.മണ്ണഞ്ചേരി പോലീസിനാണ് RTO
കാർ കൈമാറുന്നത്.സഞ്ചുവിനും കൂട്ടുകാർക്കുംഎതിരെ പ്രോസീക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഉച്ചക്ക് ശേഷം ആലപ്പുഴ കോടതിയിലേക്ക് കേസ് കൈമാറും.ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി

പുഞ്ചയിൽ ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു

പന്തളം. കരിങ്ങാലി പുഞ്ചയിൽ ചൂണ്ടയിടാൻ പോയ യുവാവ് വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു. പൂഴിക്കാട് ആശാരി അയ്യത്ത് ദീപു ഭവനിൽ വിജയൻ മകൻ ദീപു (36) ആണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തുള്ള കരിങ്ങാലി പുഞ്ചയിൽ ചൂണ്ടയിടാൻ പോയിരുന്നു.വെള്ളത്തിൽ വീണ ദീപുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീപുവിന് സന്നി അസുഖം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു

സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു

തിരുവനന്തപുരം.സപ്ലൈകോയിൽ രണ്ട് സബ്സിഡി സാധനങ്ങളുടെ വില കുറച്ചു. മുളകിനും വെളിച്ചണ്ണയ്ക്കുമാണ് വില കുറഞ്ഞത്. മുളകിന് ഏഴു രൂപയും വെളിച്ചെണ്ണയ്ക്ക് 9 രൂപയും ആണ് കുറച്ചത് . 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ച ശേഷം ആദ്യമായിട്ടാണ് വില കുറയ്ക്കുന്നത്. വെളിച്ചെണ്ണക്ക് 9 രൂപയും മുളകിന് 7 രൂപയും കുറച്ചു. പൊതു വിപണിയിൽ വിലകുറഞ്ഞതാണ് സപ്ലൈകോയും കുറയ്ക്കാൻ കാരണം.

അരക്കിലോ മുളക് 77 രൂപ നിരക്കിലും ഒരു ലിറ്റർ വെളിച്ചണ്ണ 136 രൂപ നിരക്കിലും വാങ്ങാം. ബ്രാൻഡഡ് കമ്പനി ഉൽപന്നങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്. പൊതു വിപണിയിലെ വില കണക്കാക്കി വില നിശ്ചയിക്കാൻ സപ്ലൈകോയ്ക്ക് അധികാരം നൽകിയിരുന്നു.

ഇതനുസരിച്ചാണ് വില പരിശോധിച്ച് പുതുക്കി നിശ്ചയിച്ചത്. വിലക്കുറവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതിനിടെ പഞ്ചസാരയും പരിപ്പും സപ്ലൈകോയിൽ ലഭിക്കാതായിട്ട് മാസങ്ങളായി. വിതരണക്കാർക്ക് തുക നൽകാത്തതിനാൽ ഇവരാരും കരാറിൽ പങ്കെടുക്കുന്നില്ല ഇവരാരും കരാറിൽ പങ്കെടുക്കുന്നില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം.

അവയവ കടത്ത് കേസിൽ മുഖ്യപ്രതി പിടിയിൽ

കൊച്ചി. നെടുമ്പാശ്ശേരി അവയവ കടത്ത് കേസിൽ മുഖ്യപ്രതി പിടിയിൽ. പിടിയിലായത് വിജയവാഡ സ്വദേശി പ്രതാപൻ എന്ന
ബല്ലം രാമപ്രസാദ് ഗൊണ്ട. ഇരകളാക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്ന്
എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന.

അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഹൈദരാബാദിലെ എന്നായിരുന്നു കസ്റ്റഡിയിലുള്ള സാബിത്ത് നാസറിന്റെ മൊഴി.പ്രത്യേക അന്വേഷണസംഘം ഹൈദരാബാദിൽ നടത്തിയ പരിശോധനയിലാണ് മുഖ്യ കണ്ണി പിടിയിലായത് ബല്ലം രാമപ്രസാദ് ഗൊണ്ടയാണ് പിടിയിലായത്. രാജ്യാന്തര അവയവക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇയാൾ. രാമ പ്രസാദിൽ നിന്ന് ഇരകളാക്കപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു.

സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. കേരളത്തിൽനിന്ന് ഇതുവരെ ലഭിച്ചത് പാലക്കാട് സ്വദേശി ഷമീറിനെ കുറിച്ചുള്ള വിവരങ്ങൾ മാത്രം. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.

അവയവ കടത്ത് കേസിൽ ഇതുവരെ മൂന്നു പേരാണ് പിടിയിലായത്. നേരത്തെ പിടിയിലായ സാബിത്തും കൊച്ചി സ്വദേശി മധുവും ചേർന്നാണ് ഇറാനിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. മധുവിനെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഹൈദരാബാദ് സ്വദേശിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

മദ്യപിച്ച് രണ്ട് പേരെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയായ പതിനേഴുകാരന്ർറെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു

പൂനെ. മദ്യപിച്ച് രണ്ട് പേരെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതിയായ പതിനേഴുകാരന്ർറെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.അതേസമയം കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത്പവാർ നിഷേധിച്ചു.

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മകനെ രക്ഷിച്ചെടുക്കാനുള്ള ശ്രമം നടത്തിയ അമ്മയും ഒടുവിൽ അറസ്റ്റിൽ . ശിവാനി അഗർവാളാണ് ഒളിവ് ജീവിതത്തിനിടെ പൊലീസ് പിടിയിലായത്. പ്രതിയായ 17കാരനെ വൈദ്യ പരിശോധനയ്ക്കായി പൂനെയിലെ സസൂൺ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെ ശിവാനിയും ഉണ്ടായിരുന്നു. പ്രതിയുടെ രക്തസാമ്പിൾ ചവറ്റുകുട്ടിയിലെറിഞ്ഞ ഡോക്ടർ പകരം പരിശോധനയ്ക്ക് അയച്ചത് അമ്മയുടെ രക്തം. ഇതിന് കൈക്കൂലിയായി ഡോക്ർമാർ കൈപറ്റിയത് 3 ലക്ഷം രൂപ. ഒത്തുകളിച്ച ഡോക്ടർമാർ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോൾ അമ്മയും. പ്രായപൂർത്തിയാകാത്ത മകന് ആഡംബര കാർ ഒടിക്കാൻ നൽകിയതിന് ശിവാനിയുടെ ഭർത്താവും പൊലീസ് കസ്റ്റഡിയിലാണ്.

കുടുംബ ഡ്രൈവറെ കുറ്റമേൽക്കാൻ ഭീഷണിപ്പെടുത്തിയതിന് ഭർത്താവിന്ർറെ അച്ഛനും പിടിയിലായി. ചുരുക്കത്തിൽ പണം ഉപയോഗിച്ച് നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച കുടുംബമാകെ അഴിക്കുള്ളിലായി. അതേസമയം സംഭവത്തിൽ പ്രതിക്ക് അനുകൂലമായി പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി അജിത് പവാർ തള്ളി. തന്ർറെ പാർട്ടിക്കാരനായ എംഎൽഎ പൊലീസ് സ്റ്റേഷനിൽ സംഭവ ദിനം പോയത് കാര്യങ്ങൾ അന്വേഷിക്കാൻ മാത്രമാണെന്നും അജിത് പറഞ്ഞു.

അവസാനഘട്ടം വിധിയെഴുത്തിൽ ഭേദപ്പെട്ട പോളിംഗ്,അക്രമം വ്യാപകം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വിധിയെഴുത്തിൽ ഭേദപ്പെട്ട പോളിംഗ്.ബംഗാളിൽ പരക്കെ അക്രമം.സൗത്ത് 24 പർഗാനാസിൽ ആൾക്കൂട്ടം വോട്ടിംഗ് യന്ത്രങ്ങൾ കുളത്തിൽ എറിഞ്ഞു.ഇന്ത്യാസഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ.മമത ബാനർജിയും എംകെ സ്റ്റാലിനും പങ്കെടുക്കില്ല.

രാജ്യത്തെ 57 ലോക്സഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലവും ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ ഹിമാചൽ പ്രദേശിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി.ഒഡിഷയിലാണ് കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. വോട്ടെടുപ്പിനിയുടെ ബംഗാളിൽ സംഘർഷം ഉണ്ടായി. സൗത്ത് 24 പർഗാനാസിൽ അക്രമാസക്തരായ ആൾക്കൂട്ടം വോട്ടിംഗ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞു. കുൽത്തായിലെ 40,41നമ്പർ ബൂത്തുകളിലെ യന്ത്രങ്ങളാണ് ആൾക്കൂട്ടം നശിപ്പിച്ചത്. വോട്ട് ചെയ്യാൻ ടിഎംസി പ്രവർത്തകർ അനുവദിച്ചില്ല എന്ന് ആരോപിച്ചാണ് വോട്ടിംഗ് മെഷീൻ കുളത്തിൽ ഇട്ടത്.

സംഭവത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് വ്യാപക അക്രമം നടത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു.പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബിൽ വോട്ടിങ്ങിനു മുൻപ് അമൃത്സറിൽ ആം ആദ്മി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. അക്രമികളെ പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.ഇന്ന് വോട്ടിംഗ് പൂർണമാകുന്നത്തോടെ കൂടുതൽ പദ്ധതികൾ ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി യോഗം ചേരുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗേയുടെ വസതിയിൽ വച്ചാണ് യോഗം.