Home Blog Page 2643

ഭരണാധികാരി ഏകാധിപതി ആകരുത്; വിമർശനങ്ങൾ ഉൾക്കൊണ്ട് തെറ്റുകൾ തിരുത്തണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

തിരുവല്ല: ഭരണാധികാരി ഏകാധിപതി ആകുന്നത് അപകടകരമാണെന്നും വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് പ്രസ്താവിച്ചു. ചക്രവർത്തി നഗ്‌നനാണെങ്കിൽ അത് വിളിച്ചു പറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഉൾക്കൊണ്ട് തിരുത്തുന്നതിന് പകരം വിമർശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണ്. സാധാരണക്കാരന് ജീവിക്കുവാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള ക്രമീകരണങ്ങളില്ല. ആരോഗ്യ ഇൻഷുറൻസ് കാർഡുമായി സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് ചികിത്സ ലഭിക്കണമെങ്കിൽ പുറത്തുനിന്നും വലിയ വില കൊടുത്ത് മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങേണ്ടുന്ന ദുരവസ്ഥയാണ്. സ്വകാര്യ ആശുപത്രികൾക്ക് ചികിത്സാ ചെലവ് തിരികെ നല്കാത്തതിനാൽ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ അവർ സ്വീകരിക്കില്ല. വന്യമൃഗങ്ങളുടെ ശല്യത്താൽ പ്രയാസപ്പെടുന്നവരുടെ പ്രശ്‌നം പരിഹരിക്കുവാൻ വകുപ്പുതല നടപടികൾ ഉണ്ടാകുന്നില്ല. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂളുകളിൽ ശരിയായ നിലയിൽ ഉച്ചക്കഞ്ഞി നല്കുവാനാവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭിക്കുന്നില്ല. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പകുതി പിടിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നു. നാടുമുഴുവൻ ബാറുകളാക്കി മദ്യപാനികളുടെ സഹായത്താൽ ഭരണം നടത്താൻ ശ്രമിച്ചിട്ടും സർക്കാരിന്റെ ധൂർത്ത് കാരണം നടക്കുന്നില്ല.

സാധാരണ ജോലിക്കാരന്റെ ശമ്പള ഇൻക്രിമെന്റുകൾ തടയുന്ന സർക്കാർ ഉന്നത ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്നു. പി എസ് സി അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കുന്നു. ഭരിക്കുന്നവരുടെയും അവർക്ക് വേണ്ടപ്പെട്ടവരുടെയും ആഡംബര ജീവിതത്തിനായി സാധാരണക്കാരെ ക്ലേശിപ്പിക്കുന്ന സർക്കാർ നടപടി തിരുത്തണം. വെള്ളപ്പൊക്ക സമയത്ത് സഭകളും സംഘടനകളും മറ്റ് പ്രസ്ഥാനങ്ങളും ലോകം മുഴുവനുമുള്ള മലയാളികളും ആത്മാർത്ഥമായി സഹായിച്ചിട്ടുണ്ട്. അതൊക്കെ യഥാർത്ഥത്തിൽ പ്രശ്‌നം അനുഭവിച്ചവരിൽ എത്തിക്കുന്നതിന് സർക്കാരിന് കഴിഞ്ഞോ എന്ന് ചിന്തിക്കണം. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാൾ ഇന്ന് വിവരദോഷി എന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോൾ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാം. ക്രൈസ്തവ സമൂഹത്തോട് സർക്കാർ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിന്മേൽ നടപടിയായിട്ടില്ല. അതിനാൽ തെറ്റ് തിരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം

കൊച്ചി. കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം.5 പേർ പോലീസ് കസ്റ്റഡിയിൽ എന്ന് വിവരം. കാറിലെത്തിയ സംഘമാണ് യുവതിയെ തട്ടികൊണ്ട്പോകാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുമ്പോഴാണ് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളിക്കൊല്ലൂര്‍ പുന്തലത്താഴം പെരുംകുളം നഗര്‍-37ല്‍ ജെ.കെ ഭവനില്‍ അമല്‍ദേവി(32)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു അമല്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിനായിരുന്നില്ല. ഇന്നലെ കൊല്ലം പോര്‍ട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.

കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കവേ ഇരിപ്പിടം തകര്‍ന്ന് ഓടയിലേക്ക് വീണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് മരിച്ചു

ശാസ്താംകോട്ട: കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കവേ ഇരിപ്പിടം തകര്‍ന്നു ഓടയിലേക്ക് വീണ് മുസ്ലിം യൂത്ത് ലീഗ് നേതാവ് മരിച്ചു. കുന്നത്തൂര്‍ ശൂരനാട് വടക്ക് തെക്കേമുറി റംസാന്‍ നിവാസില്‍ റംസാന്‍ അലി (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി റെയില്‍വേ മേല്‍ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞദിവസം വീട്ടില്‍ നിന്നും ബിസിനസ് ആവശ്യാര്‍ത്ഥം ബാംഗ്ലൂരിലേക്ക് പോകാനുള്ള യാത്ര മധ്യേ ചങ്ങനാശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കവേ ഇരിപ്പിടം തകര്‍ന്ന് ഓടയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് നിഗമനം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടതിനുശേഷം ശൂരനാട് വടക്ക് മുസ്ലിം ജമാഅത്ത് പള്ളിയില്‍ സംസ്‌കരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം, മുസ്ലിംലീഗ് ശൂരനാട് വടക്ക് പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സമീറ (ആലുവ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് മാനേജര്‍).

കൊട്ടാരക്കരയില്‍ ഇസ്തിരി പെട്ടിയില്‍ നിന്നും വൈദ്യുതഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

കൊട്ടാരക്കര: തുണി ഇസ്തിരി ഇടുന്നതിനിടെ അയണ്‍ ബോക്‌സില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. വാളകം അമ്പലക്കര വാഴവിള കോയിക്കല്‍ സിലി ഭവനില്‍ സുനില്‍ എന്ന അലക്‌സാണ്ടര്‍ ലൂക്കോസ് (48) ആണ് മരിച്ചത്. വയയ്ക്കല്‍ അരോമ ആഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു.
ഹരിത കര്‍മ്മ സേനാംഗമായ ഭാര്യ രാജി മോള്‍ രാവിലെ ജോലിക്കും വാളകം മാര്‍ത്തോമ്മ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ അജു അലക്‌സാണ്ടര്‍ സ്‌കൂളിലും പോയിരുന്നു. ഉച്ചക്ക് ശേഷം ഭാര്യ നിരവധി തവണ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വൈകിട്ട് 4.30 ഓടെ ഭാര്യ അയല്‍വാസിയെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം വീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്.

കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 17ന്

കൊച്ചി: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 17ന്. കാപ്പാട് കടപ്പുറത്ത് ഇന്ന് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ദുല്‍ ഹിജ്ജ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യമായ ഒമാനിലും ജൂണ്‍ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16നാണ് ബലിപെരുന്നാള്‍. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് അറഫാ ദിനം ഈ മാസം 15ന് ശനിയാഴ്ച്ചയും ബലിപെരുന്നാള്‍ 16ന് ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് ഘടകകക്ഷികളുടെ വിമർശനം

തിരുവനന്തപുരം. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരം ഉൾപ്പടെയെന്നു ഇടതു മുന്നണിയിൽ ഘടകകക്ഷികളുടെ വിമർശനം.ഭരണവിരുദ്ധ വികാരവും കരുവന്നൂർ ഉൾപ്പെടെയുള്ള വിഷയങ്ങളും തോൽവിക്കിടയാക്കിയെന്നു തൃശൂർ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു.ഭരണ വിരുദ്ധ വികാരമുണ്ടോ എന്നത് സംബന്ധിച്ച് ആഴത്തിൽ പഠിക്കണമെന്ന് ആർജെഡി
നേതാവ് എം.വി ശ്രേയാംസ്‌ കുമാറും പറഞ്ഞു.അതിനിടെ ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു.

2019 ലേതിന് സമാനമായി ഒറ്റ സീറ്റിൽ ഒതുങ്ങേണ്ടി വന്നതും ജയം പ്രതീക്ഷിച്ച പല മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടതുമാണ് ഘടകകക്ഷികളിൽ ചിലരുടെ പരസ്യ വിമർശനത്തിന് കാരണം.
ബിജെപി അകൗണ്ട് തുറന്ന തൃശ്ശൂരിലെ തോൽവിയെക്കുറിച്ച് വിശദമായ പരിശോധന ആവശ്യമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രതികരിച്ചു.മറ്റെല്ലായിടത്തും കോൺഗ്രസിന് സീറ്റ് കൂടിയപ്പോൾ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് എങ്ങനെ വോട്ട് വർധിച്ചുവെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം

പെൻഷൻ ഉൾപ്പടെ നൽകാൻ കഴിയാതെ പോയത് തിരിച്ചടി ആയെന്നും,ഭരണ വിരുദ്ധ വികാരമുണ്ടോ എന്നത് വിശദമായി പരിശോധിക്കണമെന്നും എം വി ശ്രേയാംസ് കുമാറും പ്രതികരിച്ചു

തമിഴ്നാട്ടിൽ ഉണ്ടായതുപോലെ കേരളത്തിൽ ഘടക കക്ഷികളെ വിശ്വാസത്തിലെടുത്തില്ലെന്ന് ആർജെഡി ജനറൽ സെക്രട്ടറി ഡോ വർഗീസ് ജോർജും കുറ്റപ്പെടുത്തി.ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായ തിരഞ്ഞെടുപ്പ് വിലയിരുത്തലിലേക്ക് കടന്നിട്ടില്ല.ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ വികാരം യു.ഡി.എഫിന് അനുകൂലമായി എന്നാണ് നേതാക്കന്മാരുടെ നിരീക്ഷണങ്ങൾ.വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ ആയിരിക്കും.കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ, മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ചും തീരുമാനം എടുക്കേണ്ടതായിട്ടുണ്ട്.

കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര അമ്പലത്തുംകാലയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 6.30ഓടെ കൊല്ലത്ത് നിന്ന് വന്ന ഫാസ്റ്റ് പാസഞ്ചര്‍ നിയന്ത്രണം വിട്ട് കൊട്ടാരക്കരയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓഡിനറി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രിളില്‍ പ്രവേശിപ്പിച്ചു.

എസ്എസ്എൽസി പ്ലസ് ടു വിജയികളെ വികാസ് അനുമോദിക്കുന്നു

ചവറ. വികാസ് കലാസാംസ്കാരിക സമിതി എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ (സിബിഎസ്ഇ, ഐസിഎസ് സിലബസിലെ യും ) അനുമോദിക്കുന്നു. എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് വാങ്ങി യവരെയാണ് അനുമോദിക്കുന്നത്. ചവറ ഗ്രാമപഞ്ചായത്ത് നിവാസികളായവർക്കെല്ലാം അർഹതയുണ്ട്. അർഹരായുള്ളവരെല്ലാം അവരുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ഒരു ഫോട്ടോയും ഫോൺ നമ്പരും വികാസിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കുകയോ വികാസ്,, മുകുന്ദപുരം പി. ഒ, ചവറ 69 15 85 എന്ന വിലാസത്തിൽ അയച്ചുതരികയോ ചെയ്യേണ്ടതാണ്. സംശയങ്ങൾക്ക് ഫോൺ നമ്പർ 94 47 90 68 63

പെരുമ്പുറത്ത് കെ രാജീവിന്റെ നിര്യാണത്തിൽ അനുശോചിച്ചു

കടപുഴ. നവോദയ ഗ്രന്ഥശാലയിൽ പൊതുപ്രവർത്തകനും ഗ്രന്ഥശാല മുൻഭാരവാഹിയുമായിരുന്ന പെരുമ്പുറത്ത് കെ രാജീവിന്റെ നിര്യാണത്തിൽ അനുശോചിച്ച് യോഗം ചേർന്നു. കവി ചവറ കെ എസ് പിള്ള അധ്യക്ഷനായി. എം കെ വേണുഗോപാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ , മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കാരുവള്ളി ശശി, ത്യദീപ് കുമാർ , ഡോ.എൻ സുരേഷ്കുമാർ, ശിവൻ പി കാട്ടൂർ , കെ സുധീർ , സി ആർ ജി നായർ , കെ മാധവൻ പിള്ള , കെ ബാലചന്ദ്രൻ , ഗ്രന്ഥശാല പ്രസിഡന്റ് ആർ മണികണ്ഠൻ, സെക്രട്ടറി എം അഖിലേഷ് , എസ് പ്രശാന്ത്, ആർ രാജേഷ് എന്നിവർ സംസാരിച്ചു.