27.8 C
Kollam
Thursday 25th December, 2025 | 12:20:18 PM
Home Blog Page 2643

കണ്ടക്ടർ ഹീറോയെ ആദരിച്ചു തേവലക്കര ഗേൾസ് ഹൈസ്കൂൾ

തേവലക്കര. ബസിൽ യാത്ര ചെയ്ത യാത്രക്കാരനെ അവിശ്വസനീയമാം വിധം അപകടത്തിൽ നിന്നും രക്ഷിച്ച കണ്ടക്ടറിനെ തേവലക്കര ഗേൾസ് ഹൈസ്കൂൾ ആദരിച്ചു. സ്കൂളിലെ വിദ്യാർത്ഥിനി അനാമികയുടെ പിതാവ് കൂടിയായ ബിജിത്ത് ലാലിനെയാണ് സ്കൂൾ പി റ്റി എയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ഹെഡ്മാസ്റ്റർ അഹമ്മദ്‌ നിസാറുദീൻ ഉദ്ഘാടനം ചെയ്തു. പി റ്റി എ വൈസ് പ്രസിഡന്റ്‌ ജി പ്രമോദ് അധ്യക്ഷത വഹിച്ചു. പി റ്റി എ പ്രസിഡന്റ്‌ എ സാബു ഉപഹാരം സമ്മാനിച്ചു. എം പി റ്റി എ പ്രതിനിധികളായ ദീപ സജു, ഷിജി, പ്രീത, സ്കൂൾ ലീഡർ പൂജ സജു എന്നിവരും ബിജിത്തിനെ ആദരിച്ചു. സംഭവത്തെ അധികരിച്ചു സ്കൂൾ വിദ്യാർത്ഥിനി ആയിഷ വരച്ച ചിത്രം ചടങ്ങിൽ പ്രകാശിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ഇ അനീസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് രാജലക്ഷ്മി പിള്ള നന്ദിയും പറഞ്ഞു. ചവറ – അടൂർ റൂട്ടിലോടുന്ന സുനിൽ ബസിലെ ഡ്രൈവറായ ബിജിത്ത് വാതിലിനു സമീപം യാത്ര ചെയ്ത യാത്രക്കാരൻ റോഡിലേക്ക് വീഴാൻ പോയപ്പോൾ പിടിച്ചു നിർത്തിയ ദൃശ്യങ്ങൾ വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞിരുന്നു . ഇതിനു പുറമെ ബസിൽ മറന്നു വെച്ച മൊബൈലും പൈസയും അടങ്ങിയ പഴ്സ് തിരിച്ചു കൊടുത്തും കണ്ടക്ടർ ബിജിത്ത് ശ്രദ്ധ നേടി. ദൈവത്തിന്റെ കൈ എന്ന തലവാചകത്തോടെ നിരവധി പേരാണ് ബിജിത്തിനെ അഭിനന്ദിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തുവന്നത്.

നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ നിര്‍മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ളവരെ ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞയാഴ്ച നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. നിര്‍മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു.
നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തയിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാല്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് കാട്ടി അരൂര്‍ സ്വദേശി സിറാജ് വലിയതറ ഹമീദ് നല്‍കിയ കേസില്‍ നിര്‍മാതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം.

ടയര്‍ ഊരി തെറിച്ച് മിനിവാന്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു

oppo_0

കൊട്ടിയം: ടയര്‍ ഊരി തെറിച്ച് മിനിവാന്‍ ഡിവൈഡറില്‍ ഇടിച്ചു നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ പകല്‍ പന്ത്രണ്ടരയോടെ മേവറത്തിന് സമീപമാണ് അപകടം ഉണ്ടായത്.
ഉമയനല്ലൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയുടെ സര്‍വീസ് റോഡിലൂടെ മേവറം ഭാഗത്തേക്ക് വന്ന മിനിവാന്‍ ആണ് ടയര്‍ ഊരി തെറിച്ചു നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞത്. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തുടര്‍ന്ന് സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം തിരിച്ചുവിട്ടു. പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് വാഹനം റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുന്നു; ട്രയൽ ജൂൺ അവസാനം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുന്നു. ജൂൺ അവസാനം ട്രയൽ നടത്താനാകുമെന്ന് മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകി. ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി.

തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടന്നു. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്‌കോ മുന്നോട്ട് വച്ച നിബന്ധനകൾ സർക്കാർ അംഗീകരിച്ചിരുന്നു.
വിസിൽ എടുക്കുന്ന വായ്പക്ക് സർക്കാർ ഗ്യാരണ്ടി നൽകാനാണ് തീരുമാനം. ട്രയൽ റൺ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തീരുമാനം ആശ്വാസം പകരുമെങ്കിലും സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ വിസിലെടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും.

അഡ്വ:അനിൽ എസ് കല്ലേലിഭാഗത്തിന്റെ മാതാവ് കെ രത്നവല്ലി  നിര്യാതയായി

കരുനാഗപ്പള്ളി:കൊല്ലം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ:അനിൽ എസ് കല്ലേലിഭാഗത്തിന്റെ മാതാവ് തൊടിയൂർ കല്ലേലിഭാഗം അനിൽ ഭവനത്തിൽ കെ രത്നവല്ലി (81) നിര്യാതയായി. 

സംസ്ക്കാരം ഇന്ന് (11.06.2024) വൈകിട്ട് 07 മണിക്ക് കല്ലേലിഭാഗം മാരാരിത്തോട്ടത്തിന് സമീപമുള്ള സ്വവസതിയിൽ  നടക്കും. 

പരേതനായ ശ്രീധരനാണ് ഭർത്താവ്. മറ്റു മക്കൾ’ ശോഭന കുമാരി, ഗോപകുമാർ, അജയകുമാർ. മരു മക്കൾ. സുരേഷ് കുമാർ, ലേഖ, ജയശ്രീ

കൊടുവിള, ഫെബി സദനത്ത് ഫ്രാൻസിസ്  ( കല്ലടപാഞ്ചി ) നിര്യാതനായി

   കിഴക്കേ കല്ലട .കൊടുവിള, ഫെബി സദനത്ത് ഫ്രാൻസിസ്  ( കല്ലടപാഞ്ചി 67) നിര്യാതനായി..

രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയില്‍

രേണുകാസ്വാമി കൊലക്കേസില്‍ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നാണ് അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍.
കേസില്‍ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പര്‍ സ്റ്റാറുമായ ദര്‍ശന്‍ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദര്‍ശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകസ്വാമി (33)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.
ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമി ഒരു മെഡിക്കല്‍ഷോപ്പ് ജീവനക്കാരനാണ്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. നടിയുമായി ദര്‍ശന് അടുപ്പമുണ്ട്. അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതക കാരണം. ദര്‍ശന്റെ വീട്ടില്‍ വെച്ചാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്… തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം?… ആരിഫ് മുഹമ്മദ് ഖാന്‍

ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കഴിഞ്ഞ മൂന്ന് തവണ പരിപാടിയ്ക്ക് വിളിച്ചിട്ടില്ല. എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? കൊല്ലത്ത് വെച്ച് തനിക്ക് നേരെ അക്രമം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം താനില്ല. അക്രമത്തിന്റെയും ബോംബിന്റെയും സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ താന്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”എന്നോട് ചെയ്തത് എല്ലാം എന്റെ മനസിലുണ്ട്. എന്നെ ആക്രമിക്കാന്‍ ശ്രമിച്ചവരുടെ പരിപാടിക്ക് എന്തിനു പോകണം? കൊല്ലത്തുവച്ച് എനിക്കു നേരെ ആക്രമണം ഉണ്ടായി. അക്രമത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഒപ്പം ഞാനില്ല. അക്രമ സംസ്‌കാരത്തെ തിരസ്‌കരിച്ച കണ്ണൂരിലെ ജനങ്ങളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.” ഗവര്‍ണര്‍ പറഞ്ഞു.
ഇന്നലെയാണ് ചീഫ് സെക്രട്ടറി വി വേണു ലോക കേരള സഭ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എന്നാല്‍ കടുത്ത ഭാഷയില്‍ ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരിച്ചയച്ച ഗവര്‍ണര്‍ ലോക കേരള സഭ ഉദ്ഘാടനം ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കന്നഡ സിനിമ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ

ബെംഗ്ലൂരു:
കന്നഡ സിനിമ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ. ബംഗളൂരുവിന് സമീപത്തുള്ള സോമനഹള്ളിയിൽ രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്.

ആദ്യം ആത്മഹത്യയെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ചിത്രദുർഗ സ്വദേശിയാണ് രേണുക സ്വാമി. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദർശന്റെ പങ്കും പുറത്തുവന്നത്. ദർശന്റെ അടുത്ത സുഹൃത്തായ പവിത്ര ഗൗഡയെ ഓൺലൈൻ വഴി ശല്യപ്പെടുത്തിയതിനാണ് രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

കണ്ണൂരിൽ അഗതി മന്ദിരത്തിൽ നിന്നും കാണാതായ അന്തേവാസി തോട്ടിൽ മരിച്ച നിലയിൽ

കണ്ണൂർ :തിരുമേനിയിൽ അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ചെറുപുഴ തിരുമേനി തോട്ടിലാണ് മൃതദേഹം കണ്ടത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്.
ചട്ടിവയൽ അഗതിമന്ദിരമായ സ്‌നേഹഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി വീണാകാം മരിച്ചതെന്നാണ് സംശയിക്കുന്നത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ചന്ദ്രനെ കാണാതായിരുന്നു. അഗതി മന്ദിരത്തിലെ അധികൃതർ പോലീസിൽ പരാതി നൽകിയിരുന്നു.