ഇടുക്കി.സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. 2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും, വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും അംഗങ്ങളാണ്. പരിശോധനക്ക് ശേഷം സംഘം കുമളിയിൽ യോഗം ചേരും
പ്ളസ് വണ്‍ സീറ്റ് പ്രതിസന്ധി , കലക്ട്രേറ്റിലേക്ക് ഇന്ന് കോൺഗ്രസ്സ് മാർച്ച്
മലപ്പുറം. പ്ളസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറം ഡിസിസി യുടെ നേതൃത്വത്തിൽ ഇന്ന് കലക്ട്രേറ്റിലേക്ക് കോൺഗ്രസ്സ് മാർച്ച്. രാവിലെ 11 മണിക്ക് നടക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. നിലവിൽ രണ്ടാം അലോട്ട്മെന്റ് പട്ടിക പുറത്ത് വന്നപ്പോൾ ആദ്യഘട്ടത്തിൽ പ്രവേശന നടപടികൾ പൂർത്തീകരിച്ച 33,170 പേർക്ക് പുറമെ പുതുതായി 2,437 പേരുമടക്കം 35,607 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ആകെ 82,446 അപേക്ഷകരിൽ 46,839 പേർ ഇപ്പോഴും പട്ടികക്ക് പുറത്ത് നിൽക്കുകയാണ്. ഇനി 14,600 സീറ്റ് മാത്രമാണ് ആകെ ബാക്കിയുള്ളത്. ഇത് കൂടി പൂർത്തിയാകുന്നതോടെ 32,239 പേർ ജില്ലയിൽ തുടർപഠനത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതര ജില്ലകളിൽ നിന്നായി 7,606 പേരാണ് അപേക്ഷകരായി മലപ്പുറത്തുള്ളത്. ഇവരുടെ എണ്ണം കുറച്ചാലും 24,633 പേർക്ക് ജില്ലയിൽ ജനറൽ സീറ്റിൽ പഠിക്കാൻ അവസരം നിഷേധിക്കപ്പെടും
കുവൈറ്റ് ദുരന്തം: മരിച്ചവരിൽ ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരിയും
ചങ്ങനാശ്ശേരി: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി (29 ) മരിച്ചതായി സ്ഥിരികരിച്ചു. ഇത്തിത്താനം ഇളംകാവ് സ്വദേശി പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി മെക്കാനിക്കൽ എഞ്ചിനിയറായി കമ്പനിയിൽ ജോലിക്കെത്തിയത് ജൂൺ 4 നായിരുന്നു. ശ്രീഹരിയുടെ പിതാവ് പ്രദീപും കുവൈറ്റിലുണ്ട്. അദ്ദേഹമാണ് മകൻ്റെ മരണ വിവരം നാട്ടിലറിയിച്ചത്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ്റെ മരണം ഇന്നലെ സ്ഥിരികരിച്ചിരുന്നു.അപകടത്തിൽ കോട്ടയം ജില്ലക്കാരായ രണ്ട് പേരുടെ മരണമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.
സിപിഐഎമ്മിന്റെ സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾക്ക് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനം
കൊച്ചി.സിപിഐഎമ്മിന്റെ സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾക്ക് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനം.തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് എറണാകുളത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ അവലോകന യോഗത്തിലാണ് വിമർശനം ഉയർന്നത്. തൃക്കാക്കരപോലുള്ള നഗരമണ്ഡലങ്ങളിലായിരുന്നു ഈ വിമർശനം ശക്തമായി ഉയർന്നത്.ന്യൂനപക്ഷ പ്രീണനം പ്രത്യേകിച്ചും മുസ്ലിം പ്രീണനം നടന്നതായി ഭൂരിപക്ഷ സമുദായത്തിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി
ഇടതുപക്ഷം നടത്തിയ സിഎഎ – പലസ്റ്റീൻ പ്രതിഷേധങ്ങൾക്കെതിരെ ബിജെപി നടത്തിയ പ്രചരണം ഭൂരിപക്ഷ സമൂഹത്തിൽ ആശയകുഴപ്പം ഉണ്ടാക്കി.പൂർണമായും ഇത് പ്രതിരോധിക്കാൻ സാധിച്ചില്ല.ക്രൈസ്തവ സഭകളും സിപിഎം മുസ്ലിം പ്രീണനം നടത്തുന്നായി കണ്ടു. പരമ്പരാഗതമായ ഈഴവ വോട്ടുകൾക്കു പോലും വിള്ളൽ ഉണ്ടാകാൻ കാരണമായി.
യോഗത്തിൽ പങ്കെടുത്ത സിപിഎമ്മിന്റെ ജില്ലാ നേതൃത്വം വിമർശനങ്ങൾ തള്ളി.സിഎഎ, പലസ്റ്റീൻ വിരുദ്ധ സമരങ്ങൾ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾ എന്ന് മറുപടി
വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ നാലാം പതിപ്പിന് തലസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം.വിവാദങ്ങൾക്കിടെ ലോകകേരള സഭയുടെ നാലാം പതിപ്പിന് ഇന്ന് തലസ്ഥാനത്ത് തുടക്കം. കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.
14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.
സ്ഥിരാംഗങ്ങൾക്ക് പുറമെ, 103 രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. പ്രതിപക്ഷം ഇത്തവണയും ബഹിഷ്കരിക്കുമെങ്കിലും , പ്രതിപക്ഷ പ്രവാസി സംഘടകനകൾക്ക് വിലക്കില്ല. 14, 15 തീയതികളിൽ നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് പ്രതിനിധി സമ്മേളനം.
കഴിഞ്ഞ മൂന്ന് സമ്മേളനങ്ങളിലെയും പോലെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് നാലാം ലോക കേരള സഭയും തുടങ്ങുന്നത്. പ്രധാന നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നും, വിദേശത്തെ മേഖലാ സമ്മേളനങ്ങളുടെ സ്പോൺസർഷിപ്പ് കണക്കുകൾ പുറത്തുവിട്ടില്ലെന്നുമുള്ള ആക്ഷേപങ്ങൾ ഒരു വശത്ത്. സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് ഗവർണറും, ധൂർത്തെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തുന്നുണ്ട്. ക്ഷണം നിരസിച്ച ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് നിശ്ചയിച്ചെങ്കിലും കുവൈറ്റ് ദുരന്ത പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കി. മറ്റന്നാളാണ് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. ഇരുന്നൂറിലധികം പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എട്ട് വിഷയാധിഷ്ഠിത ചര്‍ച്ചകളും മേഖല ചര്‍ച്ചകളും നടക്കും.15ന് ചര്‍ച്ചകളുടെ റിപ്പോര്‍ട്ടിംഗ്. ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയും സ്പീക്കറുടെ സമാപന പ്രസംഗത്തോടെയും നാലാം ലോക കേരള സഭയ്ക്ക് തിരശ്ശീല വീഴും.
കുവൈറ്റിലെ ദുരന്തത്തിൽ മരിച്ചവരിൽ 12 മലയാളികൾ ;തിരുവല്ല സ്വദേശിയുടെ മരണം കൂടി സ്ഥിരികരിച്ചു , അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന്
തിരുവനന്തപുരം: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 12 പേർ മലയാളികൾ. പത്തനംതിട്ട തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മനും മരിച്ചതായി സ്ഥിരികരിച്ചു.9 പേരെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഉറങ്ങി കിടക്കുമ്പോൾ ഏഴ് നില കെട്ടിടത്തിൽ തീ പടർന്നതിനെ തുടർന്ന് 45 പേർ വിഷപ്പുക ശ്വസിച്ച് അപകടസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.4 പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.49 പേർ മരിച്ചതിൽ 40 പേരും ഇന്ത്യാക്കാരാണെന്നാണ് പുറത്ത് വരുന്ന പുതിയ വിവരം. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന നടത്തുമ്പോൾ മാത്രമേ മറ്റുള്ളവരുടെ വിവരങ്ങൾ ലഭ്യമാകയുള്ളൂ.
ഇതിനിടെ ദുരന്തത്തെ കുറിച്ച് ചർച്ച നടത്താൻ അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുമുള്ള കാര്യങ്ങൾ ചർച്ചയാകും.പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഏതെങ്കിലും ഒരു മന്ത്രിയോയാ അല്ലെങ്കിൽ ഉദ്യോഗസ്ഥ സംഘം ത്തേയോ അയക്കുന്ന കാര്യവും മന്ത്രി സഭാ യോഗം പരിഗണിക്കും.
ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിൽ ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ നടൻ ജോജു ജോർജിന് പരിക്ക്.മണിരത്നം ചിത്രമായ തഗ് ലൈഫിൻ്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഹെലികോപ്റ്ററിൽ നിന്ന് ചാടുമ്പോൾ കാൽപാദത്തിൻ്റെ എല്ല് പൊട്ടിയെന്നാണ് വിവരം. പരിക്ക് ഗുരുതരമല്ലെങ്കിലും നടന് ചില നാളുകൾ വിശ്രമിക്കേണ്ടതായി വരും. കമലഹാസൻ ,നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലായിരുന്നു ഷൂട്ടിംഗ് നടന്നത്.പരിക്കിനെ തുടർന്ന് നടൻ കൊച്ചിയിൽ തിരിച്ചെത്തി.
ആഞ്ഞിലമൂടിന് സമീപം അപകടം; ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ചു, ഒരാൾ മരിച്ചു
ശാസ്താംകോട്ട’ ആഞ്ഞിലമൂടിന് സമീപം അപകടം,, ബൈക്കുകൾ കൂട്ടിയിടിച്ചു തീ പിടിച്ചു, ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ശാസ്താംകോട്ട ആഞ്ഞിലി മൂട് റോഡിൽ ആഞ്ഞിലി മൂടിന് സമീപമാണ് അപകടം നടന്നത്. എതിർ ദിശയിൽ വന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ആണ് മരണപ്പെട്ടത്. രാജഗിരി,വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇരു ചക്ര വാഹനങ്ങൾക്ക് തീപിടിച്ചു.
ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട മൂവരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോബർട്ട് മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലൻ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോബർട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.
കുവൈറ്റ് ദുരന്തം: കണ്ണീരണിഞ്ഞ് കേരളം
ന്യൂഡല്‍ഹി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ കണ്ണീരണിഞ്ഞ് കേരളം . മരിച്ചവരില്‍ 8 മലയാളികളെ തിരിച്ചറിഞ്ഞു.
പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം(34), പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബു (29), കൊല്ലം സ്വദേശി ലൂക്കോസ്(48), കോന്നി അട്ടച്ചാക്കല്‍ സജു വർഗീസ് (56), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ 49 പേരാണ് മരിച്ചത്.
ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന 35 പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു. മംഗഫ് ബ്ലോക്ക് നാലില്‍ തൊഴിലാളികള്‍ താമസിക്കുന്ന എൻബിടിസി ക്യാമ്പില്‍ ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു തീപിടത്തമുണ്ടായത്.അപകട സമയത്ത് 200 ഓളം പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം.
ഹജ് തീർത്ഥാടക മക്കയിൽ ആൺകുഞ്ഞിന് ജന്മം നൽകി
മക്ക: ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ് 30 വയസ്സുള്ള നൈജീരിയൻ തീർഥാടക മുഹമ്മദ് എന്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിലെ ഹജ് സീസണിലെ തീർഥാടകർക്കിടയിലെ ആദ്യ പ്രസവമാണിത്. ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്ന തീർഥാടകയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ ഉടൻ തന്നെ അവളെ പരിചരിക്കുകയും പ്രസവ വാർഡിലേക്ക് മാറ്റുകയും ചെയ്തു. നവജാതശിശു മാസം തികയാതെയാണ് പ്രസവിച്ചതെങ്കിലും അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തിലാണ്.
അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഉയർന്ന തലത്തിലുള്ള സേവനങ്ങൾ ഹജ് വേളയിൽ നൽകുന്നുണ്ട്. മാതൃ, നവജാതശിശു, ശിശു പരിചരണം എന്നിവയിലെ ഉയർന്ന നിലവാരത്തിന് പേരുകേട്ട ഈ ആശുപത്രി ഹജ് സീസണിൽ നിരവധി പ്രസവ കേസുകൾ പതിവായി കൈകാര്യം ചെയ്യുന്നുണ്ട്. തനിക്കും കുഞ്ഞിനും വേണ്ടിയുള്ള അസാധാരണമായ പരിചരണത്തിനും പിന്തുണയ്ക്കും നൈജീരിയൻ തീർഥാടക മെഡിക്കൽ സ്റ്റാഫിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.




































