Home Blog Page 2632

കവച് സുരക്ഷ പ്രഖ്യാപനം മാത്രം, ട്രാക്കുകള്‍ കുരുതിക്കളങ്ങള്‍

കൊല്‍ക്കൊത്ത. ഒഡീഷയിലെ ബാലാസോറിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യം മുക്തമാകും മുൻപാണ് സമാനമായ മറ്റൊരു അപകടം ബംഗാളിൽ ഉണ്ടാകുന്നത്. കവച് സുരക്ഷ സംവിധാനം അടക്കമുള്ള ആധുനിക വൽക്കരണം പ്രഖ്യാപനമായിമാത്രം ഒതുങ്ങുമ്പോൾ,റെയിൽവേ ട്രാക്കുകൾ കുരുതി കളമായി മാറുന്നത് തുടർക്കഥയാക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ഇന്ത്യൻ റെയിൽവേയുടെ ഖ്യാതിക്ക് മങ്ങലേൽ പ്പിക്കുന്നതിനപ്പുറം, സാധാരണക്കാരായ യാത്രക്കാരെ ആശങ്കയുടെ മുൾ മുനയിൽ എത്തുന്നതാണ് തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ.കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ് കോറമാണ്ടൽ എക്‌സ്പ്രസ്സ് ചരക്കുതീവണ്ടിയുമായി ഒഡീഷയിലെ ബാലസോറിൽ കൂട്ടിയിടിച്ച് 296 പേർ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

ഒരു വർഷത്തിനിപ്പുറം ബംഗാളിൽ അപകടം ഉണ്ടാക്കിയതും, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒരേ ട്രാക്കിലൂടെ രണ്ടു ട്രൈനുകൾ കടത്തി വിട്ടതാണ്.കവച് സുരക്ഷ സംവിധാനം അടക്കമുള്ള, സാങ്കേതികവൽക്കരണം ഉടൻ നടപ്പാക്കും എന്ന മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല.

2014 ജൂൺ മുതൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടെ രാജ്യത്ത് ഉണ്ടായത് 71 ട്രെയിൻ അപകടങ്ങളാണ്.
കോവിഡ് മഹാമാരിയെ തുടർന്ന് മാസങ്ങളോളം രാജ്യത്തെ ട്രെയിൻ ഗതാഗതം പരിമിതമായി മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.

കഴിഞ്ഞ ഒരു വർഷത്തിനിടെ സിലിഗുഡിയിലേതടക്കം 17 അപകടങ്ങളിലായി ഇന്ത്യയിൽ 366 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്ക്. ദുരന്തത്തെ രാഷ്ട്രീയവൽക്കരി ക്കരുത് എന്ന ബാലസോറിൽ പറഞ്ഞ വാക്കുകൾ, മന്ത്രി അശ്വിനി വൈഷ്ണവ് സിലിഗുഡിയിലും ആവർത്തിക്കുകയാണ്.

അതേ സമയം തുടർച്ചയായി ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാറിന് മാറിനിൽക്കാൻ ആകില്ലെന്നും, റെയിൽവേ മന്ത്രി രാജി വക്കണം എന്നും ആവശ്യപ്പെട്ടു, കോൺഗ്രസ്, ആർ ജെ ഡി, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നീ പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിക്കഴിഞ്ഞു.വിഷയം സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പ്രിയങ്ക കന്നിയങ്കത്തിന് ചുരം കയറുന്നു; വഞ്ചനയെന്ന് സി പി ഐ യും, ബിജെപിയും

ന്യൂ ഡെൽഹി : തികച്ചും വൈകാരികമായ ഒരു വാർത്താ സമ്മേളനമായിരുന്നു ഇന്ന് വൈകിട്ട് 7.30 ന് എ ഐ സി സി ആസ്ഥാനത്ത് രാഹുൽ നടത്തിയത്.പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്ന മണ്ഡലം എന്ന നിലയിൽ വയനാടിനോട് വൈകാരികമായ ഒരു ബന്ധം ഉണ്ടെന്ന് സൂചിപ്പിച്ച രാഹൂൽ ഗാന്ധി സഹോദരിയെ വയനാട്ടിലേക്ക് തനിക്ക് പകരമായി ചുമതലപ്പെടുത്തി. ഒന്നിലധികം മണ്ഡലങ്ങളിൽ ജയിക്കുന്നവർ 14 ദിവസത്തിനകം ഒരു മണ്ഡലം ഒഴിയണമെന്ന നിബന്ധനയുള്ളത് കൊണ്ടാണ് ഇന്ന് എ ഐ സി സി തീരുമാനം എടുത്തത്.
സഹോദരിയിലൂടെ വയനാടുമായി ഹൃദയബന്ധം നിലനിർത്താൻ ഇതിലൂടെ രാഹുലിന് കഴിയുമെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷ.
വയനാട്ടിലേക്ക് വരുന്നത് സന്തോഷം എന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന് ഈ തെരഞ്ഞടുപ്പിൽ ഉണ്ടായ മികച്ച വിജയമാണ് രാഹുലിനെ റായ്ബറേലി നിലനിർത്താൻ പ്രേരിപ്പിച്ചത്.

എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാട്ടുന്ന ഒരു നീതികേട് എന്നാണ് വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന സി പി ഐ നേതാവ്
ആനി രാജയുടെ പ്രതികരണം. രാഹുൽ ഗാന്ധി വയനാട്ടിലെ വോട്ടർമാരെ വഞ്ചിച്ചു എന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനും പറഞ്ഞത്. തൃശൂരിലെ തോൽവിക്ക് ശേഷം മൗനത്തിലായിരുന്ന കെ.മുരളീധരനെ അനുനയിപ്പിക്കാൻ വയനാട് സീറ്റ് ഓഫർ ചെയ്തിരുന്നതായി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച ഉണ്ടായിരുന്നു. എന്നാൽ പ്രിയങ്കയുടെ വരവിനെ സ്വാഗതം ചെയ്ത കെ. മുരളീധരൻ വയനാട് കോൺഗ്രസിൻ്റെ പൊന്നാപുരം കോട്ടയെന്നാണ് പറഞ്ഞത്.രാഹുലിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

ഇസ്രയേലി യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിലെ യുദ്ധത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഇസ്രയേലി യുദ്ധ കാബിനറ്റ് പിരിച്ചുവിട്ടു. ഇസ്രയേൽ ഹമാസ് യുദ്ധം ആരംഭിച്ച് അഞ്ച് ദിവസങ്ങൾക്കുശേഷം 2023 ഒക്ടോബർ 11-നാണ് നെതന്യാഹു യുദ്ധമന്ത്രിസഭ രൂപീകരിച്ചത്. ഗസ്സയിലെ യുദ്ധത്തിന്റെ നടത്തിപ്പിനെപ്പറ്റി കടുത്ത അസംതൃപ്തി ഉടലെടുക്കുകയും വരുന്ന ആഴ്ച പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് വാർ കാബിനറ്റ് പിരിച്ചുവിട്ടിരിക്കുന്നത്. മിതവാദി രാഷ്ട്രീയക്കാരനായ ബെന്നി ഗാന്റ്‌സിന്റെ നേതൃത്വത്തിലുള്ള നാഷണൽ യൂണിറ്റി പാർട്ടി സഖ്യത്തിൽ ചേർന്നതിനെ തുടർന്നുള്ള കരാറിനുസരിച്ചാണ് യുദ്ധ കാബിനറ്റ് രൂപീകരിച്ചത്. കഴിഞ്ഞയാഴ്ച ഗാന്റ്‌സ രാജിവച്ചതോടെ ഇനി യുദ്ധ കാബിനറ്റിന്റെ ആവശ്യമില്ലെന്നാണ് നെതന്യാഹു പറയുന്നത്. ഗസ്സ യുദ്ധത്തെപ്പറ്റിയുള്ള കൂടിയാലോചനകൾ ഇനി പഴയതുപോലെ സെക്യൂരിറ്റി കാബിനറ്റാകും നടത്തുക

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 23 കാരൻ പിടിയിൽ

അഞ്ചൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 23 കാരൻ പിടിയിൽ. മലപ്പുറം നിലമ്പൂർ കാളിയംകുന്നു സ്വദേശി റിയാസുദ്ധീനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയുമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു..കഴിഞ്ഞ്
മാർച്ച്‌ മാസം മുതൽ യുവാവ് പെൺകുട്ടിയെ ഒഴിവാക്കി തുടങ്ങി. ഇതിനെ തുടർന്ന് മാനസികബുദ്ധിമുട്ടുകൾ ഉണ്ടായ പെൺകുട്ടി വീട്ടുകാരോട് പീഡനവിവരം പറയുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാരാണ് അഞ്ചൽ പോലീസിൽ പരാതി നൽകിയത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭാര്യവീടിന് നേരെ അക്രമം, സ്വന്തം കാറിന് തീയിടല്‍,ഒടുവില്‍ യുവാവിനെ നാട്ടുകാർ ചേർന്ന് പിടിച്ചു കെട്ടി

കോഴിക്കോട്. കോടഞ്ചേരിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. ഭാര്യവീട് ആക്രമിച്ച കൊടുവള്ളി സ്വദേശിയായ ഷമീർ സ്വന്തം കാറിനു തീയിട്ടു. മുക്കത്ത് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. യുവാവിനെ നാട്ടുകാർ ചേർന്ന് പിടിച്ചു കെട്ടി കോടഞ്ചേരി പോലീസിൽ ഏൽപ്പിച്ചു. ഭാര്യ വീട്ടുകാരുമായുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം.

ലക്ഷദ്വീപിലേക്ക് പോയ യാത്ര കപ്പൽ ഇന്നലെ രാത്രി അഗത്തിയിൽ കുടുങ്ങി

കൊച്ചി. ഇവിടെ നിന്ന് ലക്ഷദ്വീപിലേക്ക് പോയ യാത്ര കപ്പൽ ഇന്നലെ രാത്രി അഗത്തിയിൽ കുടുങ്ങി.
220 യാത്രക്കാരുമായി പോയ അറേബ്യൻ സീ എന്ന കപ്പലാണ് കുടുങ്ങിയത്.
ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു യാത്ര തടസം ഉണ്ടാകാൻ കാരണം. ഇന്ന് ഉച്ചയ്ക്ക് ശേഷം ചരക്ക് ഇറക്കിയതിന് പിന്നാലെ കപ്പൽ അഗത്തിയിൽ നിന്ന് പുറപ്പെട്ടു.

വാമനപുരം നദിയിൽ വിദ്യാർത്ഥി ഉൾപ്പടെ 2 പേർ മുങ്ങി മരിച്ചു,ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേരെ കാണാനില്ല

തിരുവനന്തപുരം. വാമനപുരം നദിയിൽ വിദ്യാർത്ഥി ഉൾപ്പടെ 2 പേർ മുങ്ങി മരിച്ചു. വള്ളക്കടവ് സ്വദേശി ബിനു,
പാലോട് കാലൻകാവ് സ്വദേശി കാർത്തിക് എന്നിവരാണ് മരിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർത്തിക്കിനെ വിതുര താലൂക്ക് ആശുപത്രിയിലും ബിനുവിനെ വാമനപുരം ഗവൺമെൻറ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിതുര സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്.

അതേസമയം ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേരെ കാണാനില്ല. ആറംഗ സംഘമാണ് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയത്. നാലു പേരെ രക്ഷപ്പെടുത്തി. രണ്ടുപേർക്കയുള്ള തിരച്ചിൽ തുടരുന്നു. ഉത്തരേന്ത്യക്കാർ എന്ന് സംശയം

ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ശാസ്താംകോട്ട സർക്കിൾ സഹകരണ യൂണിയൻ നേതൃത്വത്തിൽ ഏ കദിന ശില്പശാല സംഘടിപ്പിച്ചു. ശാസ്താംകോട്ട :
സർക്കിൾ സഹകരണ യൂണിയന്റെ വിദ്യാഭ്യാസ പഠനപദ്ധതിയുടെ ഭാഗമായി ക്രെഡിറ്റ് സംഘങ്ങളിലെ ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും വേണ്ടി പരിശീലന പരിപാടി നടത്തി. മൈനാഗപ്പള്ളി സർവീസ് സഹകരണബാങ്ക് ഹാളിൽ നടന്ന ശില്പശാല സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ ടി മോഹനൻ അധ്യക്ഷതവഹിച്ചു. അഡ്വ എം ഗംഗാധരകുറുപ്, എം വി ശശികുമാരൻനായർ, ബി ഹരികുമാർ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, രവീന്ദ്രൻപിള്ള, കെ കുമാരൻ,ശശി എന്നിവർ സംസാരിച്ചു. കണ്ണൂർ ഐ സി എം ഫാക്കൾട്ടി സി വി വിനോദ്കുമാർ ക്രൈസിസ് മാനേജ്മെന്റ് ഇൻ കോഓപ്പറേറ്റീവ്സ്,ലോൺ ഡോക്യൂമെന്റഷൻ ആൻഡ് റിക്കവറി എന്നീ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ക്ലാസിനു സജിത്ത്, രതീഷ്കുമാർ, ബിന്ദുഎന്നിവർ നേതൃത്വം നൽകി. എ ആർ ഇൻ ചാർജ് സജിത്ത് സ്വാഗതവും ബാങ്ക് പ്രസിഡന്റ്‌ മുടിയിൽത്തറ ബാബു നന്ദിയും പറഞ്ഞു .

കൊടിക്കുന്നിൽ സുരേഷ് ലോക് സഭ പ്രോട്ടെം സ്പീക്കർ

ന്യുഡൽഹി: ലോക് സഭയുടെ പ്രോട്ടെം സ്പീക്കറായി കൊടിക്കുന്നിൽ സുരേഷിനെ രാഷ്ട്രപതി തിരഞ്ഞെടുത്തു. സീനിയർ എം പി എന്ന നിലയിലാണ് കൊടിക്കുന്നിലിന് അവസരം കിട്ടിയത്. ജൂൺ 24ന് രാഷ്ട്രതി മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പ്രോട്ടെം സ്പീക്കറുടെ മുന്നിലാണ് ലോക്സഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുക.

ഒൻപതുവട്ടം എം.പി.യായിരുന്ന ബി.ജെ.പി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ എട്ടുതവണ ലോക്‌സഭയിലെത്തിയ ബി.ജെ.പി. അംഗം ഡോ. വീരേന്ദ്രകുമാർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സീനിയർ അംഗങ്ങൾ. ഡോ. വീരേന്ദ്രകുമാർ മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. പ്രോട്ടെം സ്പീക്കർ രാഷ്ട്രപതിയുടെ മുന്നിൽ സത്യപ്രതിജ്ഞചെയ്തശേഷമാണ് ചുമതലയേൽക്കുന്നത്.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം

തിരുവനന്തപുരം: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തായി ആരോപണം. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യയാണ് സ്വയം ജീവനൊടുക്കിയത്. 18 വയസായിരുന്നു.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. പ്രണയം അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആതേസമയം, സൈബര്‍ ആക്രമണം ഉണ്ടായെന്ന തരത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.