24.2 C
Kollam
Wednesday 24th December, 2025 | 02:35:46 AM
Home Blog Page 2617

പടനിലത്ത് അങ്കം വെട്ടി രണവീരന്മാർ

യുദ്ധവീര്യത്തിന്റെ സ്മരണയില്‍ പടവെട്ടി യോദ്ധാക്കള്‍. ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കം.  ഓണാട്ടുകരയിലെ കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളില്‍നിന്നുള്ള നിരവധി രണവീരന്മാരാണ് പടനിലത്ത് അങ്കംവെട്ടിയത്. തലപ്പാവും പടച്ചട്ടയും അണിഞ്ഞ് കൈകളില്‍ വാളും പരിചയുമായി എത്തിയ യോദ്ധാക്കള്‍ പടനിലത്തെ യുദ്ധക്കളമാക്കിമാറ്റി. കൊച്ചുകുട്ടികള്‍മുതല്‍ മുത്തച്ഛന്‍മാര്‍വരെ ഓച്ചിറ പരബ്രഹ്മസന്നിധിയില്‍ അങ്കം കുറിച്ചു പടവെട്ടി പടനിലത്തെ രണഭൂമിയാക്കി. കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ് അദ്ധ്യക്ഷനായി.

പോലീസ് സ്റ്റേഷനില്‍ തമ്മിലടിച്ച് പോലീസുകാര്‍

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ബൈക്ക് പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലുള്ള അടിപിടിയില്‍ കലാശിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. അന്വേഷണത്തിന്‍റെ ഭാഗമായി രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

കപ്പ് ഓഫ് ഗുഡ് ഹോപ്പ് , മെൻസ്ട്രൽ അവയർനെസ്സ് ക്ലാസ്

ശാസ്താംകോട്ട. ജൂനിയർ ചെംബർ ഇൻ്റർനാഷണൽ ജെസിഐ ശാസ്താംകോട്ട യുടെ നേതൃത്വത്തിൽ കപ്പ് ഓഫ് ഗുഡ് ഹോപ്പ് എന്ന പേരിൽ മെൻസ്ട്രൽ അവയർനെസ്സ് ക്ലാസ് നടത്തി.
തെക്കുംഭാഗം പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. രജനി ക്ലാസ് നയിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജെസിഐ ശാസ്താം കോട്ട യുടെ പ്രസിഡൻ്റ് സെനറ്റർ നിഖിൽദാസ് പാലവിള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗുരുകുലം രാകേഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ തുമ്പോടൻ, ഉഷാകുമാരി, പ്രയാസ് അംബാസഡർ സെനറ്റർ ലക്ഷ്മി ജി.കുമാർ, ശ്രീജിത അജിത്ത്,ജയശ്രീ എന്നിവർ സംസാരിച്ചു.

ഡിജിറ്റൽ റീ സർവെ ബോധവല്‍ക്കരണ സെമിനാര്‍ വേങ്ങയില്‍ ഞായരാഴ്ച

ശാസ്താംകോട്ട. ആധാര രജിസ്ട്രേഷൻ, പോക്കുവരവ്, സർവ്വെ തുടങ്ങി ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിൻ്റെ ഭാഗമായി മൈനാഗപ്പള്ളി വില്ലേജിലും ഡിജിറ്റൽ റീ സർവെ ആരംഭിക്കുന്നു. സർവ്വെ നടക്കുമ്പോൾ ഓരോ ഭൂവുടമസ്ഥരും അവരവരുടെ ഭൂമിയുടെ കൃത്യമായ അതിർത്തി കാണിച്ചു കൊടുത്താൽ മാത്രമേ സർവ്വെ ഉദ്യോഗസ്ഥർക്ക് സ്ഥലം സർവ്വെ ചെയ്യുവാനും അതുവഴി ഡിജിറ്റൽ റീസർവെയ്ക്ക് ശേഷം ആ ഭൂമിയുടെ കരം ഒടുക്കുവാനും കഴിയൂ. ആയതിനാൽ ഡിജിറ്റൽ റീ സർവെ ആരംഭിക്കുന്നതിന് മുൻപായും, സർവെയ്ക്കായി ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ എത്തുമ്പോഴും ഓരോ ഭൂവുടമസ്ഥരും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനും “എൻ്റെ ഭൂമി ” എന്ന ഓൺലൈൻ പോർട്ടൽ പരിചയപ്പെടുത്തുന്നതിനുമായി മൈനാഗപ്പള്ളി വില്ലേജിലെ ഡിജിറ്റൽ റീസർവ്വെയുടെ ചുമതല വഹിക്കുന്ന കരുനാഗപ്പള്ളി റീ സർവെ സൂപ്രണ്ടാഫീസിലെ ജീവനക്കാരും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് 8, 9 വാർഡുകളിലെ മെമ്പർമാരും പങ്കെടുക്കുന്ന ഒരു ബോധവൽക്കരണ ക്ലാസ് 16.06.2024 ഞായറാഴ്ച വൈകിട്ട് 2.30 മണിക്ക് വേങ്ങ കിഴക്ക് 2193-ാം നമ്പർ NSS കരയോഗമന്ദിരം ആഡിറ്റോ റിയത്തിൽ വച്ച് നടത്തും. ജനപ്രതിനിധികൾ കൂടി പങ്കെടുക്കുന്ന യോഗത്തിൽ പ്രദേശത്തെ എല്ലാ ഭൂവുടമസ്ഥരും പങ്കെടുത്ത് ഡിജിറ്റൽ സർവ്വെ സംബന്ധിച്ച സംശയങ്ങൾ തീര്‍ക്കാവുന്നതാണ്.

കുവൈറ്റ് തീപിടിത്തം ; ഉത്തരവാദിത്തത്തില്‍ നിന്നൊഴിയില്ലെന്ന് കമ്പനി എം ഡി, കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ കൂടാതെ 4 വര്‍ഷത്തെ ശമ്പളം ഇന്‍ഷ്വറന്‍സായും ലഭ്യമാക്കും

കൊച്ചി: കുവൈറ്റ് അപകടം ദൗര്‍ഭാഗ്യകരമമെന്നും തങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കിലും ഉത്തരവാദിത്തത്തില്‍ നിന്നൊഴിയില്ലെന്നും എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ ജി എബ്രഹാം.

കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും . വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തില്‍ കെജി എബ്രഹാം പ്രതികരിച്ചത്.

അപകട ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി അറിയിച്ചു. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം തങ്ങള്‍ എന്നും ഉണ്ടാകുമെന്നും കെജി എബ്രഹാം പറഞ്ഞു. കമ്പനി എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കും. മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളം ഇന്‍ഷ്വറന്‍സായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടമുണ്ടായ കെട്ടിടം പാട്ടത്തിനെടുത്തതാണ്. ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കുന്നില്ല. അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെ ജി എബ്രഹാം പറഞ്ഞു. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയം 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. കെട്ടിടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ല.

അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചികിത്സയില്‍ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം പറഞ്ഞു.

കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കെജി എബ്രഹാം

കൊച്ചി. കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി കമ്പനി.
ഓരോ കുടുംബത്തിനും എട്ടു ലക്ഷം രൂപ വീതം നൽകും. അപകടത്തിൽ പെട്ടവരുടെ കുടുംബങ്ങളെ ചേർത്ത് നിർത്തുമെന്നും കമ്പനി മാനേജിങ് ഡയറക്ടർ കെ ജി എബ്രഹാം. 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടുത്തത്തിൽ മാനസികമായി തകർന്നെന്ന് എന്‍ബിടിസി കമ്പനി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം പറഞ്ഞു.
കമ്പനിയിലെ എല്ലാവരും കുടുംബാംഗങ്ങളെ പോലെയാണ്.
അവരെ ചേർത്തുനിർത്തുമെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കെ ജി എബ്രഹാം പറഞ്ഞു.

അപകടത്തിൽപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം നാലു ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും കെജി എബ്രഹാം

ഇതിന് പുറമെ ഇൻഷുറൻസ് തുകയായി നാലു വർഷത്തെ ശമ്പളവും കുടുംബങ്ങൾക്ക് ലഭിക്കും . അർഹതപെട്ട കുടുംബ അംഗങ്ങൾക്ക് ജോലി നൽകുമെന്നും കമ്പനി അറിയിച്ചു. അപകടത്തിനു പിന്നെ ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാരും കൃത്യമായ ഇടപെടലുകൾ നടത്തി. കേരള സർക്കാരിന്റെ ഇടപെടലുകളും ആശ്വാസകരമായെന്ന് കെജി എബ്രഹാം.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും കെ ജി എബ്രഹാം പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരട്ടെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടി,ഡിജിപി

തിരുവനന്തപുരം. ഗുണ്ടകളും സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന
നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സഹേബ്.ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ റിവ്യൂ മീറ്റിങ്ങിൽ ആയിരുന്നു പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. വീഴ്ച്ച വരുത്തുന്നവരെ സർവീസിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകുമെന്നും
പോലീസ് മേധാവി യോഗത്തിൽ പറഞ്ഞു.എസ്.പി റാങ്ക് മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരാണ്
യോഗത്തിൽ പങ്കെടുത്തത്.

ഗുണ്ടാ അതിക്രമങ്ങളും പൊലീസിനെതിരായ വിമർശനങ്ങളും സജീവമായി തുടരുന്ന സാഹചര്യത്തിലായിരുന്നു പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ റിവ്യൂ യോഗം ചേർന്നത്.ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ഗുണ്ടാ നേതാവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയപ്പോൾ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പിടികൂടിയതടക്കം പരാമർശിച്ചായിരുന്നു
ഡിജിപി ഷെയ്ക്ക് ദർവേഷ് സഹേബിന്റെ വിമർശനം.ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ്
ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി.പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കണമെന്നും ഷെയ്ക്ക് ദർവേഷ് സഹേബ് അറിയിച്ചു.സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം.കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം.സൈബര്‍ കുറ്റകൃത്യങ്ങള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി.കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു.

മുളക് പൊടി വിതറി സ്ത്രീ മാല പൊട്ടിച്ചു കടന്നു

തിരുവനന്തപുരം. മുളക് പൊടി വിതറി മാല മോഷണം. വെള്ളറട കുന്നത്തുകാലിലാണ് സംഭവം.വീട്ടമ്മയായ ഡാലി ക്രിസ്റ്റ ഫറിന്റെ രണ്ടരപവന്റെ മാലയാണ് സ്ത്രീ പൊട്ടിച്ചെടുത്തത്.വീടിനു മുന്നിൽ നിൽക്കുകയായിരുന്നു ഡാലി
ക്രിസ്റ്റഫർ പരിചയപ്പെട്ട ശേഷം കയ്യിൽ കരുതിയ മുളക് പൊടി എറിയുകയായിരുന്നു. നിലവിളിച്ചതോടെ സ്ത്രീ ഓടി രക്ഷപെട്ടു

വെള്ളറട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു

മോദിക്കൊപ്പം ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സെൽഫി; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രം

ഇറ്റലി: ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറ്റാലിയൻ പ്രധാനമന്ത്രിയും ജോർജ മെലോനിയും ചേർന്നുള്ള സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനിയാണ് ചിത്രം ഫോണിൽ പകർത്തിയത്

രണ്ട് ലോകനേതാക്കൾ തമ്മിലുള്ള ചിത്രമെന്നതിലുപരി ഇന്ത്യ-ഇറ്റലി ബന്ധത്തിലെ ഊഷ്മളത കൂടി വ്യക്തമാക്കുന്നതായി ഈ സെൽഫി. ജി 7 അംഗരാജ്യമല്ലാതിരുന്നിട്ടും ഇന്ത്യൻ പ്രധാനമന്ത്രിയെ ഇറ്റലി പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. ഇറ്റലി, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, ബ്രിട്ടൻ, യുഎസ് എന്നിവരാണ് ജി 7 രാജ്യങ്ങൾ

കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെയും മെലോനിയും മോദിയും തമ്മിലുള്ള സെൽഫിയും വൈറലായിരുന്നു. COP28ലെ നല്ല സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെയാണ് മെലോനി അന്ന് ചിത്രം പോസ്റ്റ് ചെയ്തത്.

കാറിൽ സ്വിമ്മിംഗ് പൂൾ ,സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ.കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കി യാത്ര ചെയ്ത് വെട്ടിലായ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളിലാണ് നടപടിയെന്ന് ആലപ്പുഴ എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണൻ വ്യക്തമാക്കി.

സഞ്ജു ടെക്കി എന്ന ആലപ്പുഴ കലവൂർ സ്വദേശി സഞ്ചു ടിഎസിന്റെ യൂട്യൂബ് വീഡിയോകളിലടക്കം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണു
എൻഫോഴ്സ്മെന്റ് ആർടിഒ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. മോട്ടോർ വാഹന നിയമപ്രകാരം നൽകാവുന്ന ഏറ്റവും ഉയർന്ന ശിക്ഷ യാണ് സ്വീകരിച്ചതെന്ന് ആർടിഒ ആർ രമണൻ.

മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുക മാത്രമല്ല, നിയമ ലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുക കൂടി ചെയ്തതാണ് കടുത്ത നടപടിക്ക് കാരണമായത്. ലൈസൻസ് റദ്ദാക്കിയ നടപടിയിൽ സഞ്ജുവിന് അപ്പീലിന് പോകാനാകും. എന്നാൽ അതെളുപ്പമാവില്ല. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ഉൾപ്പടെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതാണ്.
സ്വിമ്മിംഗ് പൂൾ ഒരുക്കിയ വാഹനത്തിന്റെ റജിസ്ട്രേഷൻ നേരത്തെ റദ്ദാക്കിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിർബന്ധിത സേവനത്തിലാണ് നിലവിൽ സഞ്ജു ടി എസും ഒപ്പം ഓടുന്ന കാറിൽ സിമ്മിങ് പൂളിൽ കുളിച്ച മറ്റു സുഹൃത്തുക്കളും