ന്യൂഡെല്‍ഹി. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നത തല യോഗം ഇന്ന്.ജമ്മുകശ്മീരിലെ റിയാസി, കത്വ, ടോ ഡ എന്നിവിടങ്ങളിൽ തുടർച്ചയായി ദിവസങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ആഭ്യന്തരമന്ത്രാലയത്തിൽ ചേരുന്ന യോഗത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ,സൈന്യത്തിന്റെയും ജമ്മുകശ്മീർ പോലീസിന്റെയും മേധാവികൾ എന്നിവർ പങ്കെടുക്കും.
നുഴഞ്ഞുകയറ്റം തടയാനും ഭീകരവാദികളെ നേരിടാനുമുള്ള കർശന നടപടികൾക്ക്, യോഗത്തിൽ രൂപം നൽകുമെന്നാണ് സൂചന.
ജൂൺ 29 മുതൽ ആഗസ്റ്റ് 19 വരെ നടക്കുന്ന അമർനാഥ് തീർത്ഥയാത്രയുടെ സുരക്ഷ തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്യും.
ജമ്മു കശ്മീരിലെ സുരക്ഷ , ആഭ്യന്തര മന്ത്രി അമിത് ഷാ വിളിക്കുന്ന ഉന്നത തല യോഗം ഇന്ന്
തൃശൂർ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഇന്ന് ഏറ്റെടുക്കും
തൃശൂർ. ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ ഇന്ന് ഏറ്റെടുക്കും. കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന ചടങ്ങ് കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നത്തേക്ക് മാറ്റി വെയ്ക്കുക ആയിരുന്നു. മുൻ പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചതിനെ തുടർന്ന് കെപിസിസി നിർദേശ പ്രകാരമാണ് ശ്രീകണ്ഠൻ ചുമതല ഏറ്റെടുക്കുന്നത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. പുതിയ ഡിസിസി പ്രസിഡന്റിനറെ നേതൃത്വത്തിൽ ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെയും കെപിസിസി – ഡിസിസി ഭാരവാഹികളുടെയും നേതൃയോഗവും ഇന്ന് നടക്കും.
മണിപ്പൂര്‍ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ ഭാഗമായ കെട്ടിടത്തിൽ തീപ്പിടുത്തം,അട്ടിമറി സംശയം
ഇംഫാല്‍.മണിപ്പൂര്‍ .സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ ഭാഗമായ കെട്ടിടത്തിൽ തീപ്പിടുത്തം.
മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങിന്റെ ഔദ്യോഗിക വസതിയ്ക്ക് സമീപമാണ് തീപിടുത്തം.ഇംഫാലിലെ സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെ ഭാഗമായ ഐ എ എസ് ഓഫീസർമാർക്ക് വേണ്ടി നിർമ്മിച്ചിരുന്ന ഉപേക്ഷിക്കപ്പെട്ടിരുന്ന കെട്ടിടത്തിൽ നിന്നാണ് തീ പടർന്നു പിടിച്ചത്. വൈകീട്ട് 5 മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി. 10 ഓളം യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിദേയമാക്കിയത്.
പൊലീസും അഗ്നിശമന സേനയും തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ മണിക്കൂറുകളിൽ സംസ്ഥാനത്ത്, മെയ്‌തേയ് വിഭാഗക്കാരുടെ വീടുകൾക്കും, വാഹനങ്ങൾക്കും നേരെ വ്യാപകമായി തീ വെപ്പുണ്ടായതായി റിപ്പോർട്ടുണ്ട്.
കുന്നത്തൂര്‍ സ്വദേശി സൈനികന്‍ അപകടത്തിൽ മരിച്ചു
ജമ്മു .കാശ്മീരില്‍ ജോലിക്കിടെ ഗ്രഫ് ജവാൻ അപകടത്തിൽ മരിച്ചു. കുന്നത്തൂർ മാനാമ്പുഴ കോളാറ്റ് വീട് ( ഗായത്രി ) വിജയൻകുട്ടി (48) ആണ് ജോലിക്കിടെ മരിച്ചത്. ഡോസർ മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. ഭാര്യ. നിഷ. മക്കൾ രമ്യ വിജയൻ, ഭവ്യ വിജയൻ
തിരൂരിൽ പോക്സോ കേസിൽ സിദ്ധൻ അറസ്റ്റിൽ
മലപ്പുറം. തിരൂരിൽ പോക്സോ കേസിൽ സിദ്ധൻ അറസ്റ്റിൽ. തിരൂർ കാവിലക്കാട് സ്വദേശി തറീകാനകത്ത് വീട്ടിൽ മുനീബ് റഹ്മാൻ (40) ആണ് അറസ്റ്റിലായത്. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ്. തിരൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്
അറഫാ സംഗമം കഴിഞ്ഞു ,മിനായിലെ ജംറകളില്‍ നാളെ കല്ലേറ് കര്‍മം
മിനാ.അറഫാ സംഗമം കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ അടുത്ത കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളില്‍ നാളെ കല്ലേറ് കര്‍മം ആരംഭിക്കും.
ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍ അറഫയില്‍ സംഗമിച്ചു. ഒരേ വേഷവും മന്ത്രധ്വനികളുമായി ലോകത്തിന്‍റെ നാനാ ദിക്കുകളില്‍ നിന്നെത്തിയ 20 ലക്ഷത്തോളം വരുന്ന തീര്‍ഥാടകര്‍ ആരാധനകളില്‍ മുഴുകി. മാനവിക ഐക്യത്തിനും സമാധാനത്തിനും പാപമോചനത്തിനുമായി അല്ലാഹുവിനോട് മനമുരുകി പ്രാര്‍ഥിച്ചു. കനത്ത ചൂടിനെ വകവെയ്ക്കാതെ ഹാജിമാരില്‍ പലരും ചരിത്രപ്രസിദ്ധമായ ജബല് റഹ്മാ മല കയറി. നമീറാ പള്ളിയില്‍ നടന്ന നമസ്കാരത്തിനും ഖുതുബയ്ക്കും ശൈഖ് മാഹിര്‍ അല്‍ മുഐഖിലി നേതൃത്വം നല്കി. അറഫാ സംഗമത്തില്‍ പങ്കെടുത്തവര്‍ നവജാത ശിശുവിനെ പോലെ പാപമുക്തരാണെന്നാണ് വിശ്വാസം. അതുകൊണ്ട് പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞയുമായാണ് തീര്‍ഥാടകര്‍ മടങ്ങിയത്.
സൂര്യന്‍ അസ്തമിച്ചതോടെ തീര്‍ഥാടകര്‍ അടുത്ത കര്‍മത്തിനായി മുസ്ദലിഫയിലേക്ക് പുറപ്പെട്ടു. മുസ്ദലിഫയില്‍ ടെന്‍റ് സൌകര്യമില്ല. തുറന്ന മൈതാനത്താണ് ഇന്ന് രാത്രി ഹാജിമാര്‍ കഴിയുന്നത്. മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇനിയുള്ള 4 ദിവസം എറിയാനായി 70 കല്ലുകള്‍ വരെ ശേഖരിക്കും. നാളെ രാവിലെ മിനായില്‍ തിരിച്ചെത്തുന്ന ഹാജിമാര്‍ ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും. 3 ജംറകളില്‍ പ്രധാനപ്പെട്ട ജംറത്തുല്‍ അഖബയിലാണ് നാളെ കല്ലെറിയുക. ബലിപെരുന്നാള്‍ ദിവസമായ നാളെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ളത്. കല്ലേറ് കര്‍മത്തിന് പുറമെ, മുടിയെടുക്കുക, ബലി നല്‍കുക, വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക തുടങ്ങിയവ നാളെ നിര്‍വഹിക്കും. ഇഹ്റാം വസ്ത്രങ്ങള്‍ മാറ്റി ഹാജിമാര്‍ സാധാരണ വസ്ത്രത്തിലേക്ക് മാറുകയും ചെയ്യും
മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു, ഒരു ജവാന് വീരമൃത്യു
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യു. രണ്ട് ജവാന്‍മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാരായണ്‍പൂരിലെ അബൂജ്‍മാണ്ഡ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായ വനമേഖലയിൽ കഴിഞ്ഞ രണ്ടുദിവസമായി ഏറ്റുമുട്ടൽ തുടരുകയായിരുന്നു.പ്രദേശത്ത് ഇപ്പോഴും സുരക്ഷ സേനയുടെ നടപടി തുടരുകയാണ് . നാരായണ്‍പൂര്‍, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് ജില്ലകളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷസേനയാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
പെട്രോൾ ഡീസൽ വില വർധിപ്പിച്ചു
ഇന്ധന വില കൂട്ടി കർണാടക സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതിയാണ് കൂട്ടുന്നത്. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ പുതിയ നികുതി വർധനയനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും. പുതുക്കിയ വിലയനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 102.84 രൂപയായി. ഡീസലിന്റെ വില 88.98 രൂപയും. മുൻപ് പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു.
ശോഭാ സുരേന്ദ്രനെതിരെ ഇപി ജയരാജൻ മാനനഷ്ട കേസ് ഫയൽ ചെയ്തു
കണ്ണൂര്‍. ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മാനനഷ്ട കേസ് ഫയൽ ചെയ്തു.കണ്ണൂർ ജില്ല കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.ബിജെപിയിൽ ചേരാൻ ഇ.പി ജയരാജൻ ഡൽഹിയിൽ പോയി എന്ന പ്രസ്താവനക്കെതിരെയാണ് കേസ്.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുന്ന ഘട്ടത്തിലായിരുന്നു ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ
ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്.തന്റെ കൂടെയാണ് ഇ.പി ജയരാജൻ ഡൽഹിയിലേക്ക് വന്നതെന്നും എന്നാൽ ഒരു ഫോൺ കോൾ വന്നപ്പോൾ പിന്നീടാകാം എന്ന് പറഞ്ഞ് ഇ.പി ജയരാജൻ ഒഴിഞ്ഞുമാറുകയായിരുന്നു എന്നുമുള്ള ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത്.
പുത്തൂരിൽ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
പുത്തൂരിൽ ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് പുത്തൂർ മൂഴിയിൽ ആലക്കൽ വീട്ടിൽ അഭിജിത് രാജിനെ (25) പുത്തൂർ പാെലീസ് അറസ്റ്റ് ചെയ്തത്. പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാനുള്ള ശ്രമത്തിനിടെ ഭാര്യ ഓടി വീടിന് സമീപത്തെ കിണറ്റിൽ എത്തി വെള്ളം ശരീരത്തിലൊഴിച്ചു രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഭാര്യമായുള്ള സാമ്പത്തിക തർക്കത്തിൽ വന്ന വൈരാഗ്യത്തിൽ . പ്രകാേപിതനായ അജിത് പെട്രോൾ സുകന്യയുടെ ശരീരത്ത് ഒഴിക്കുകയായിരുന്നു. ശേഷം തീകത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുകന്യ ഓടി രക്ഷപ്പെട്ടത്. തുടർന്ന് സുകന്യ പുത്തൂർ പാെലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


































