കൊച്ചി: സേലം-കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. പാലക്കാടു നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണം. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും 2 സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ത്തത്. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.
മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍
വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍
പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പട്ടാമ്പിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. അലന്‍ പോയ വാഹനത്തിന്റെ റൂട്ടുകള്‍ പോലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് അലന്‍ കടന്നുകളഞ്ഞത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്.
കാഫിർ പോസ്റ്റ് നീക്കം ചെയ്ത് കെ.കെ. ലതിക
കോഴിക്കോട്: വിവാദമായ കാഫിർ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്ത് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ.കെ.ലതിക. നിലവിൽ ലതികയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്ത നിലയിലാണ്. പോസ്റ്റ് വ്യാജമാണെന്നറിഞ്ഞിട്ടും സ്ക്രീൻ ഷോട്ട് ഫെയ്സ്ബുക്കിൽ നിന്ന് ലതിക നീക്കം ചെയ്യുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലതികയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പോസ്റ്റ് നീക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പു സമയത്ത് യൂത്ത് ലീഗ് നെടുമ്പ്രമണ്ണ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ യൂത്ത് ലീഗ് നേതാവ് പി.കെ. മുഹമ്മദ് ഖാസിമിന്‍റെ പേരിലുള്ള പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടാണ് പുറത്തു വന്നത്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.
കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫെയ്സ്ബുക്കിന്‍റെ നോഡൽ ഓഫീസറെ പ്രതിചേർത്തിട്ടുണ്ട്. ഫെയ്സ്ബുക്കിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസിൽ ഹർജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹർജി ജൂണ്‍ 28ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
തീറ്റയില്‍ പൊറോട്ട അമിതമായി; കൊല്ലത്ത് അഞ്ചുപശുക്കള്‍ ചത്തു
വെളിനല്ലൂര്‍ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമില്‍ തീറ്റയില്‍ അമിതമായി പൊറോട്ട ചേര്‍ത്തത് വഴി 5 പശുക്കള്‍ക്ക് ജീവഹാനി. ഒന്‍പതണ്ണം അവശനിലയില്‍. മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.
പൊറോട്ടയും ചക്കയും അമിതമായി തീറ്റയില്‍ ചേര്‍ത്തതു മൂലം വയര്‍ കമ്പനം നേരിട്ട് പൈക്കള്‍ ചാവുകയായിരുന്നു എന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി. ഷൈന്‍കുമാറിന്റെ നേതൃത്വത്തില്‍ വെറ്ററിനറി സര്‍ജന്‍മാരായ ജി.മനോജ്, കെ.മാലിനി, എം.ജെ.സേതുലക്ഷ്മി എന്നിവരടക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ചത്ത പശുക്കളുടെ പോസ്റ്റുമോര്‍ട്ടവും അവശനിലയിലായ പശുക്കളുടെ ചികിത്സയും നിര്‍വഹിച്ചത്.
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി
നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനായി. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. 10 വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. രാഹുല്‍ തന്നെയാണ് വിവാഹ വിശേഷം ആരാധകരുമായി പങ്കുവച്ചത്.
ജൂണ്‍ 12നായിരുന്നു വിവാഹം. വിവാഹശേഷം കൊച്ചിയില്‍ നടന്ന വിവാഹ റിസപ്ഷനില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ജയസൂര്യ, ഇന്ദ്രന്‍സ്,ഭാവന, ജോമോള്‍, അരുണ്‍ ഗോപി, സിതാര, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന, വിനീത്, അഭയ ഹിരണ്‍മയി തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷവേളയില്‍ രമ്യ നമ്പീശനും സുഹൃത്തുക്കളും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തവും വൈറലായി.
2013ല്‍ പുറത്തിറങ്ങിയ ‘മങ്കിപെന്‍’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്.
നീറ്റ് പരീക്ഷയില്‍ രണ്ടിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ രണ്ടിടങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
സുപ്രീം കോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുനര്‍പരീക്ഷ നടത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്താനുണ്ട്. ക്രമക്കേടിന് പിന്നില്‍ എന്‍ടിഎയിലെ എത്ര വലിയ ഉദ്യോഗസ്ഥനായാലും രക്ഷപ്പെടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉറപ്പ് നല്‍കുന്നുവെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ഇത് ആദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുന്നത്. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മെയ് അഞ്ചിനാണ് രാജ്യത്തെ 4750 സെന്ററുകളിലായി നീറ്റ് പരീക്ഷ നടന്നത്. ഏതാണ്ട് 24 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതിയത്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നും മറ്റു ക്രമക്കേടുകള്‍ നടന്നുവെന്നുമായിരുന്നു ആരോപണം ഉയര്‍ന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ സിപിഐ ജില്ലാ കമ്മിറ്റി എങ്കിലും ധൈര്യം കാണിച്ചത് നല്ല കാര്യം, വിഡി സതീശന്‍
തിരുവനന്തപുരം. സിപിഐഎം ജീർണതയിൽ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
നേതാക്കന്മാർ തമ്മിലടിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇരുധ്രുവങ്ങളിലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട സിപിഐ ജില്ലാ കമ്മിറ്റി എങ്കിലും ധൈര്യം കാണിച്ചത് നല്ല കാര്യം. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സിപിഐഎമ്മിന് കേരളത്തിൽ സംഭവിക്കരുത് എന്നാണ്
തങ്ങളുടെ പ്രാർത്ഥന എന്നും സതീശൻ പറഞ്ഞു. ‘പോരാളി ഷാജി’ ഒരു പ്രധാന സിപിഎം നേതാവിന്റെ സംവിധാനമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഭാര്യക്കെതിരെ കേസ് എടുത്തില്ല, ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു
കൊല്ലം .ഭാര്യക്കെതിരെ കേസ് എടുത്തില്ല, ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു. ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ജീപ്പുകളുടെ ഗ്ലാസ് ആണ് അടിച്ചു തകർത്തത്. ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം നടത്തിയത്. ചിതറ പുതുശ്ശേരി സ്വദേശി ധർമദാസിനെ
പൊലീസ് കസ്റ്റഡിയിൽ എടുത്തു
വ്യാജ വീഡിയോകളിലൂടെ പണം തട്ടി, സംസ്ഥാനത്തെ ആദ്യ എ ഐ തട്ടിപ്പുകേസിൽ പ്രധാന പ്രതി പിടിയിൽ
കോഴിക്കോട്.സംസ്ഥാനത്തെ ആദ്യ എ ഐ തട്ടിപ്പുകേസിൽ പ്രധാന പ്രതി പിടിയിൽ .
തെലങ്കാനയിൽ നിന്നാണ് ഒന്നാം പ്രതി മുഹമ്മദ് അലിയെ കോഴിക്കോട് സിറ്റി സൈബർ പൊലീസ് പിടികൂടിയത് .കോഴിക്കോട് പാലാഴി സ്വദേശിയിൽ നിന്നും 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
എ ഐ, ഡീപ് ഫെയ്ക് സാങ്കേധിക വിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് നടന്ന ആദ്യ തട്ടിപ്പ് ആയിരുന്നു കോഴിക്കോട്ടേത്. പാലാഴി സ്വദേശിയാണ് പരാതിക്കാരൻ. കേന്ദ്ര സർവീസിൽ പരാതിക്കാരൻ്റെ കൂടെ ജോലി ചെയ്തിരുന്ന വ്യക്തിയുടെ ശബ്ദവും വിഡിയോയും നിർമ്മിച്ച ശേഷം വീഡിയോ കോളിലൂടെ ആശുപത്രി ആവശ്യത്തിന് എന്ന പേരിൽ 40000 രൂപ കൈവശപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടിൽ ,
സിദ്ധേഷ് ആനന്ദ് കർവെ, അഹമ്മദാബാദ് സ്വദേശി കൗശൽ, ഷേക്ക് മുർതസ ഹയാത് ഭായി തുടങ്ങിയ പ്രതികൾ ആദ്യം പിടിയിൽ ആയിരുന്നു. ഇവരിൽ നിന്നാണ് പ്രധാന പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. തെലങ്കാനയിൽ നിന്നാണ് ഒന്നാം പ്രതി മുഹമ്മദ് അലിയെ ( 38) കോഴിക്കോട് സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനായി ഉപയോഗിച്ച പ്രത്യേക ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണും പ്രതിയിൽ നിന്നും കണ്ടെത്തി. നഷ്ടമായ പണം നേരത്തെ തന്നെ കണ്ടെത്തി പരാതികാരന് തിരികെ നൽകിരുന്നു.
ഭാര്യാമാതാവിനെയും രണ്ടുവയസുള്ള കുഞ്ഞിനെയും തീവച്ച് രണ്ടു വീടുകളും കത്തിച്ച് കടന്ന അക്രമി പിടിയില്‍
ഇടുക്കി. പൈനാവ് 56 കോളനിയിൽ രണ്ട് വീടുകൾ തീ വെച്ച് നശിപ്പിച്ച പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷാണ് കേരള തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിൽ നിന്ന് പിടിയിലായത്. ഭാര്യ മാതാവിനെയും രണ്ടു വയസ്സുകാരിയെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ് സന്തോഷ്.
കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ പ്രിൻസ് എന്നിവരുടെ വീടുകൾക്കാണ് പ്രതി സന്തോഷ് തീവെച്ചത്. ഡീസൽ ഉപയോഗിച്ച് പന്തം കത്തിച്ച് എറിയുകയായിരുന്നു. വീടുകളിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസി പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു.
സംഭവത്തിനുശേഷം പ്രതി സന്തോഷ് ബൈക്കിലാണ് കടന്നത്. ജൂൺ 5നാണ് അന്നക്കുട്ടിയെയും ചെറുമകൾ ലിയയേയും സന്തോഷ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ പ്രതിയെ പിടികൂടാൻ വൈകിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കും


































