24.6 C
Kollam
Wednesday 24th December, 2025 | 10:24:40 AM
Home Blog Page 2613

നാലു വർഷ ബിരുദം, കോളേജ് അധ്യാപകർക്ക് മന്ത്രിയുടെ ക്ലാസ്

തിരുവനന്തപുരം. നാലു വർഷ ബിരുദം. കോളേജ് അധ്യാപകർക്ക് മന്ത്രിയുടെ ക്ലാസ്. ക്ലാസ് ഈ മാസം 28 ന് ഉച്ചക്ക്
രണ്ടുമുതൽ നാലുമണി വരെ. എല്ലാ യൂണിവേഴ്സിറ്റികളിലെയും അധ്യാപകരും വകുപ്പ് തലവൻമാരും പങ്കെടുക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവ് ചട്ടവിരുദ്ധമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ചൂണ്ടിക്കാട്ടി. സര്ക്കാർ അക്കാദമിക കാര്യങ്ങളിൽ ഇടപെടരുത് എന്ന കോടതി വിധിയുടെ ലംഘമാണിത്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ഡിജിറ്റൽ റീസർവെക്ക് മുന്നോടിയായി എന്തുവേണം സെമിനാര്‍ നടത്തി

ശാസ്താംകോട്ട.ഡിജിറ്റൽ റീസർവെക്ക് മുന്നോടിയായി ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പായി ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ എത്തുമ്പോഴും ഭൂവുടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വളരെ ആധികാരികമായ അറിവ് നല്‍കി വേങ്ങ എന്‍എസ്എസ് കരയോഗത്തില്‍ നടത്തിയ സെമിനാർ വ്യത്യസ്തമായ അനുഭവമായി. പ്രസിഡന്‍റ് സി. മണിയൻപിള്ള അദ്ധ്യക്ഷത വഹിച്ച സെമിനാർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി. റഫിയാനവാസ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ. അനിത അനീഷ് , വൈ. ഷാജഹാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കരുനാഗപ്പള്ളി റീസർവെ സൂപ്രണ്ട് താര.എസ് ,ഹെഡ്സർ വെയർ മുജീബ്. എ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സർവെയർമാരായ അനുഷ, അമീന കബീർ എന്നിവർ പങ്കെടുത്തു. സെമിനാറിൽ പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് സർവ്വെ സൂപ്രണ്ട് മറുപടി നൽകി.ജി.രാധാകൃഷ്ണ പിള്ള സ്വാഗതവും മായാറാണി നന്ദിയും പറഞ്ഞു.

ഞെട്ടല്‍,നീറ്റ് ചോദ്യപേപ്പർ ചോർച്ച , പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തു

ന്യൂഡെല്‍ഹി. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ബീഹാർ പോലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തു.ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ആണ് കണ്ടെത്തിയത്.ബന്ധപ്പെട്ട ബാങ്കുകളിൽ നിന്ന് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിച്ച് വരുന്നതായി പോലീസ് അറിയിച്ചു.

പേപ്പർ ചോർച്ച കേസിൽ ബീഹാർ സ്വദേശികളായ നാല് ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 13 പേരെ EOU ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തി.നീറ്റ് പരീക്ഷ ഫലവിവാദത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍

തിരുവനന്തപുരം . തുറന്നടിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ രംഗത്തുവന്നതോടെ വെട്ടിലായി ഇടതുപക്ഷം. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്മയില്‍ ചാനലിലൂടെ തുറന്നടിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനോടുളള ജനങ്ങളുടെ എതിര്‍പ്പ്. ജനങ്ങളുടെ എതിര്‍പ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധാര്‍ഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തളളിക്കളയാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുക ഇസ്മയില്‍ പറയുന്നു.

എളിമ ഉണ്ടായില്ലെന്നതിന് ഇസ്മയില്‍ കുറ്റപ്പെടുത്തുന്നത് സ്വന്തം പാര്‍ട്ടിയെക്കൂടിയാണ്. മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായില്ല,ഇതും തിരിച്ചടിക്ക് കാരണമായി. മന്ത്രിമാരായി കഴിഞ്ഞാല്‍ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താല്‍ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയില്‍. സിപിഐ തിരുവനന്തപുരം ജില്ലാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇസ്മയില്‍ മുഴുവന്‍ സംവിധാനത്തെയുമാണ് പരാജയത്തിന് കാരണമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

എം സി റോഡിൽ മാന്തുകയിൽ വാഹനാപകടം

ചെങ്ങന്നൂര്‍. എം സി റോഡിൽ മാന്തുകയിൽ വാഹനാപകടം. ചെങ്ങന്നൂർ ബുധനൂർ സ്വദേശി സഞ്ചാരിച്ചിരുന്ന കാറും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരിക്കേറ്റു

പുലർച്ചെ 5.45 ആണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ച പ്രസന്നൻ ഭാര്യ ജയ പ്രസന്നൻ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് പറ്റിയവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രസന്നൻ, ജയ എന്നിവരുടെ നില ഗുരുതരം ആണ്. തിരുവനന്തപുരം എയർപോർട്ടിൽപോയിവരികയായിരുന്നു പ്രസന്നനും കുടുംബവും. കണ്ണൂരിൽ നിന്നും വെട്ടുകല്ലുമായി കൊടുമണ്ണിന് പോയ ലോറിയാണ് അപകടത്തിൽ പെട്ടത്

കനത്ത തോൽവി മണ്ഡലാടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി മണ്ഡലാടിസ്ഥാനത്തിൽ സമഗ്രമായി പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം.
കാല കാലങ്ങളായി പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായത് തോൽവിയുടെ ആക്കം കൂട്ടിയെന്ന് ഇന്നലെ ചേർന്ന സിപിഐഎം സെക്രട്ടറിയേറ്റിൽ ചർച്ചയുണ്ടായി. മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കാണ് സിപിഐഎം തീരുമാനം. പത്തനംതിട്ട അടക്കം വൻതോതിൽ പാർട്ടി വോട്ടുകൾ ചോർന്ന ഇടങ്ങളിൽ അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.ഇതുൾപ്പെടെ തിരുത്തൽ നടപടികളുടെ മാർഗ്ഗരേഖ തയ്യാറാക്കാനും ധാരണയായി.

ഇന്നത്തെ സെക്രട്ടറിയേറ്റിനു ശേഷം നാളെ മുതൽ നടക്കുന്ന സംസ്ഥാനം കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ ഈ കാര്യങ്ങൾ ഉൾപ്പെടുത്തിയേക്കും. ജില്ലാ കമ്മറ്റികളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളും സംസ്ഥാന നേതൃയോഗം ചർച്ച ചെയ്യുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് മിക്ക ജില്ലാ കമ്മിറ്റികളും വൻ തോൽവിയുടെ മുഖ്യ കാരണമായി വിലയിരുത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.
കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്.മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.എന്നാൽ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്തും തമിഴ്നാട് തീരത്തും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പോലീസ് സ്റ്റേഷനിൽ പാമ്പ് കയറുന്നത് സിസിടിവിയില്‍ കണ്ടു, പിന്നെ നടന്നത്

പത്തനംതിട്ട. പോലീസ് സ്റ്റേഷനിൽ പാമ്പ് കടന്നുകയറുന്നതായി സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം പത്തനംതിട്ട പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ.പാമ്പ് സ്റ്റേഷനിലുള്ളിലൂടെ ഇഴഞ്ഞു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ പാമ്പ് പുറത്തുപോയതായി കാണാന്‍ ആയില്ല. ഇതോടെ പരിഭ്രാന്തിയായി. ഏറെ നേരം നടന്ന പരിശോധനയിലും പാമ്പിനെകണ്ടെത്താനായില്ല.

വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി

തിരുവനന്തപുരം. ബാലരാമപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി.
ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു (40)ആണ് കൊല്ലപ്പെട്ടത്.ബാലരാമപുരം വഴിമുക്ക് പച്ചിക്കോട് സ്വദേശി കുമാറാണ് ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ കനാൽ കരയിൽ എത്തിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.മുൻവൈരാാഗ്യം ആയിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കൊല്ലപ്പെട്ട ബിജുവും പ്രതി കുമാറും സുഹൃത്തുക്കളായിരുന്നുവെന്നും ഇരുവരും
രാവിലെ മുതൽ ബിജുവിന്റെ വീടിന് സമീപം ഇരുന്നു മദ്യപിക്കുന്നത് കണ്ടതായും നാട്ടുകാർ പറയുന്നു. മദ്യപാനത്തിനിടയ്ക്ക് വാക്കേറ്റം ഉണ്ടാവുകയും ഇരുവരും പിരിഞ്ഞു പോവുകയും ചെയ്തു. പിന്നാലെ വൈകുന്നേരം 6 മണിയോടെ
കുമാർ ബിജുവിന്റെ വീട്ടിലെത്തി വിളിച്ചിറക്കി പുറത്തുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു എന്നുമാണ് നാട്ടുകാരുടെ ഭാഷ്യം. പ്രതി കുമാർ ഒളിവിലാണ്. ഇയാൾക്കായി ബാലരാമപുരം പോലീസ് തെരച്ചിൽ ഊർജിതമാക്കി.
ബിജുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ജമ്മുകാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം സൈനിക ബഹുമതികളോടെ തിങ്കളാഴ്ച സംസ്ക്കരിക്കും

കുന്നത്തൂർ:ജമ്മുകാശ്മീരിൽ ജോലിക്കിടെ അപകടത്തിൽ മരിച്ച
കുന്നത്തൂർ സ്വദേശിയായ സൈനികന്റെ മൃതദേഹം തിങ്കളാഴ്ച സംസ്ക്കരിക്കും.കുന്നത്തൂർ രണ്ടാം വാർഡ് മാനാമ്പുഴ കോളാറ്റ് വീട്ടിൽ (ഗായത്രി) വിജയൻകുട്ടിയാണ്(48) ശനിയാഴ്ച മരിച്ചത്.മണ്ണു മാന്തിയന്ത്രം മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.28 വർഷമായി സൈനിക സേവനം അനുഷ്ഠിക്കുന്ന വിജയൻകുട്ടി കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അവസാനമായി നാട്ടിലെത്തിയത്.വീടിന് സമീപമുള്ള തൃക്കണ്ണാപുരം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.മഹോർ ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം വിമാനതാവളത്തിൽ
ഞായർ രാത്രിയോടെ എത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
തിങ്കൾ രാവിലെ 8ന് ജന്മനാട്ടിൽ എത്തിക്കും.പൊതുദർശനത്തിനു ശേഷം പൂർണ സൈനിക ബഹുമതികളോടെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.ഭാര്യ:നിഷ.മക്കൾ:രമ്യ വിജയൻ,ഭവ്യ വിജയൻ.