23.7 C
Kollam
Thursday 25th December, 2025 | 04:23:55 AM
Home Blog Page 2605

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പുള്ളത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 21ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 22ന് മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍; ട്രഷറര്‍ പദവിയില്‍ ഉണ്ണിമുകുന്ദന്‍

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാലിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് പദവിയില്‍ മൂന്നാം തവണയാണ് വീണ്ടും മോഹന്‍ലാല്‍ എത്തുന്നത്. മല്‍സരത്തിനായി മൂന്നുപേര്‍ കൂടി പത്രിക നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചു. അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല എന്നിവരാണ് പിന്‍വാങ്ങിയത്. മത്സരം ഒഴിവായത് മറ്റ് അംഗങ്ങളുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ടാകും.
അതേസമയം, മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന ധാരണയിലാണ് പത്രിക നല്‍കിയതെന്ന് ജയന്‍ ചേര്‍ത്തല പറഞ്ഞു. മല്‍സരിക്കുമെന്ന് ഉറപ്പായപ്പോള്‍ പിന്മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ട്രഷറര്‍ പദവിയിലേക്ക് ഉണ്ണിമുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു താരം. നടന്‍ സിദ്ദീഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി മുകുന്ദന്‍ ഈ സ്ഥാനത്തെത്തുന്നത്. ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.
ജഗദീഷ്, ജയന്‍. ആര്‍ (ജയന്‍ ചേര്‍ത്തല), മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മല്‍സരിക്കുന്നു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.
പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും നാമനിര്‍ദേശപത്രിക നല്‍കി.

കുവൈത്ത് തീപിടിത്തം: അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് മുഖ്യമന്ത്രി; അനുശോചനം രേഖപ്പെടുത്തി നിയമസഭ

തിരുവനന്തപുരം:
കുവൈത്ത് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭ. കുവൈത്ത് തീപിടിത്തത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു.

മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുവൈത്ത് അപകടം വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. സംസ്ഥാനത്തെ മന്ത്രിക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് തെറ്റാണ്, മൃതശരീരം വിമാനത്താവളത്തിൽ എത്തിച്ചപ്പോഴുള്ള കാഴ്ച്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

പുസ്തകക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു

ഇരവിപുരം:
വായനദിനത്തോടനുബന്ധിച്ച് ഇരവിപുരം സെൻ്റ് ജോൺസ് ഹൈസ്കൂളിൻ്റ നേതൃത്വത്തിൽ പുസ്തകക്കൂട് പദ്ധതി ഫാത്തിമ മാത കോളേജ് മലയാളവിഭാഗം അസിസ്റ്ററ്റ് പ്രഫസർ ഡോ പെട്രീഷ്യ ജോൺ ഉദ്ഘാടനം നിർച്ചഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽ . ഡി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
മാധ്യമപ്രവർത്തകൻ ആർ. അരുൺ രാജ് മുഖ്യാതിഥിയായിരുന്നു.ഇരവിപുരം സെൻ്റ് ജോൺസിലെ വിദ്യാർത്ഥികൾ ശേഖരിച്ച വായന പുസ്തകങ്ങൾ സേക്രട്ട് ഹാർട്ട് എൽ പി സ്കൂളിലെ കുട്ടികളുടെ ല്രൈബറിലേക്ക് സംഭാവന നൽകി. സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സിന്ധ്യ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപക പ്രതിനിധികളായ കിരൺ ക്രിസ്റ്റഫർ സ്വാഗതവും അജി.സി ഏയ്ഞ്ചൽ നന്ദിയും അർപ്പിച്ചു. തുടർന്ന് പുസ്തക പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല; പവന് 52,960 രൂപയിൽ തുടരുന്നു

തിരുവനന്തപുരം:
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 52,960 രൂപയിൽ തുടരുകയാണ്. ഗ്രാമിന് 6620 രൂപയാണ്.

ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

കണ്ണൂർ സ്‌ഫോടനം: ബോംബ് നിർമിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:
ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ഫോടക വസ്തുക്കളുടെ നിർമാണവും മറ്റും തടയുന്നതിന് ശക്തമായ നടപടികളും പരിശോധനയുമാണ് പോലീസ് നടത്തി വരുന്നത്.
ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയുന്നതിനായി ക്വാറി അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി നിയമനടപടി സ്വീകരിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി വ്യാപകമായ വാഹന പരിശോധനകളും പട്രോളിംഗും നടത്തി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ കുടക്കളം സ്വദേശി വേലായുധൻ വീടിനു സമീപത്തെ കണ്ണോളി മോഹനൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ വസ്തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് പരുക്കേറ്റ് മരണപ്പെട്ട ദൗർഭാഗ്യകരമായ സംഭവമുണ്ടായി.

പോലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പാനൂരിൽ ഈയിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 പേരെയും അറസ്റ്റു ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടിച്ചതിലും വലുത് പാര്‍സലില്‍, നടുങ്ങി ദമ്പതിമാര്‍

ബംഗളൂരു .ഗെയിം കണ്‍ട്രോള്‍ വാങ്ങാന്‍ തീരുമാനിച്ച് നല്‍കിയ ഓര്‍ഡറില്‍ എത്തിയത് അതിലും വലുത് ആയാലെന്തു ചെയ്യും – കൊമേഴ്സ് സ്ഥാപനമായ ആമസോണിലൂടെ ഗെയിം കൺട്രോൾ ഓർഡർ ചെയ്ത് ലഭിച്ച പാക്കിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി. ബംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു.


ബംഗളൂരു സർജാപുര സ്വദേശികളായ ദമ്പതികൾ ഒരാഴ്ച്ച മുമ്പാണ് ആമസോണിലൂടെ ഗെയിം കൺട്രോളർ ഓർഡർ ചെയ്തത്. കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസം ആമസോൺ ബോക്സ് വീട്ടിലെത്തി. പെട്ടി തുറന്നു നോക്കിയപ്പോൾ കണ്ടത് നല്ല ഒന്നാന്തരം മൂർഖൻ പാമ്പിനെ.

അപ്പോൾ തന്നെ ദൃശ്യം പകർത്തി ആമസോണിന് പരാതി നൽകി. ഒപ്പം നേരിട്ട ദുരനുഭവം ദമ്പതികൾ എക്സിലൂടെ പങ്കുവച്ചു. അന്വേഷണം നടത്തുമെന്ന് ആമസോൺ മറുപടി നൽകിയെങ്കിലും, ഇതുവരെ നടപടിയോ, കൃത്യമായ വിശദീകരണമോ ഉണ്ടായിട്ടില്ല. സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ദമ്പതികൾ അറിയിച്ചു

ബോംബ് പൊട്ടി മരണം, സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം. ബോംബ് പൊട്ടി മരണം, സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ സിപിഐഎം ഗ്രൂപ്പ് പോരിന് വരെ ബോംബ് ഉപയോഗിക്കുന്നു വെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. നിങ്ങൾ ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു, കുടിൽ വ്യവസായം പോലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കി. സ്വന്തം പാർട്ടിക്കാർ എത്രപേർ കൊലചെയ്യപ്പെട്ടു. എത്ര പേരുടെ കയ്യും കാലും പോയി.എത്ര കുഞ്ഞുങ്ങൾക്ക് പരിക്കുപറ്റി.എത്ര കുട്ടികൾ മരണപ്പെട്ടു. തൻറെ കയ്യിൽ പട്ടികയുണ്ട് സതീശന്‍ പറഞ്ഞു.

സംഭവമുണ്ടായപ്പോൾ നാട്ടുകാർ ഓടി കൂടിയതാണ്. തെളിവ് നശിപ്പിക്കുന്ന നടപടിയൊന്നും നാട്ടുകാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പോലീസ് ഗൗരവമായ അന്വേഷണം നടത്തും. ഉറവിടം കണ്ടെത്തും. തലശ്ശേരി സഹകരണ ആശുപത്രി എല്ലാവരും ആശ്രയിക്കുന്ന ആശുപത്രിയാണ്. മാർക്സിസ്റുകാർ മാത്രമല്ല അവിടെ ചികിത്സയ്ക്ക് എത്തുന്നത്. തലശ്ശേരി ആശുപത്രി കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന കേന്ദ്രമല്ല. ഈ സംഭവം അതീവ ഗൗരവമായാണ് സർക്കാർ കാണുന്നത്.

എവിടെയെങ്കിലും ബോംബ് ഉണ്ടോ ഇത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്നത് ഗൗരവമായി അന്വേഷിച്ചു നടപടികൾ സ്വീകരിക്കും. ശക്തമായ പരിശോധന അടക്കം നടത്തും. ഇന്നത്തെ കാലത്ത് പലവിധ സംഭവങ്ങളാണ് ഉണ്ടാകുന്നത്. അതിന് രാഷ്ട്രീയ നിറം ചാർത്തുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.

ക്രിമിനലുകളെ രക്തസാക്ഷികളാക്കി മാറ്റി അവർക്ക് സ്മാരകങ്ങൾ പണിയുകയാണ് സിപിഐഎം എന്നും പ്രതിപക്ഷം ആരോപിച്ചു..കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ വിവിധതരം ബോംബുകൾ പ്രദർശിപ്പിച്ച ചരിത്രമുണ്ടെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

കണ്ണൂർ തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികനായ വേലായുധൻ മരിച്ച സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണെമെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.തലശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ,തെളിവുകൾ നശിപ്പിച്ച ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആരോപിച്ചു.സിപിഎമ്മിന് ചിഹ്നം പോയാൽ ബോംബ് ചിഹ്നം ആക്കാമെന്നും പരിഹാസം.

കണ്ണൂരിലെ സിപിഐഎം ബോംബ് രാഷ്ട്രീയത്തിന്റെ ചരിത്രം പറഞ്ഞ സണ്ണി ജോസഫിന് സ്പീക്കറുടെ താക്കീത്.

തലശ്ശേരിയിലെ സംഭവത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.കണ്ണൂരിൽ പോലീസ് പരിശോധന ഊർജിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ ഓഫീസിൽ വിവിധതരം ബോംബുകൾ പ്രദർശിപ്പിച്ച ചരിത്രമുണ്ടെന്ന് തിരിച്ചടിച്ചു.

പാർട്ടി ഗ്രാമങ്ങളിൽ കുടിൽ വ്യവസായം പോലെ ബോംബ് നിർമ്മിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേക സാഹചര്യത്തിലുള്ള സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് നിർദ്ദേശം സർക്കാർ നൽകണമെന്നും പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.


നാലു വയസ്സുകാരൻ്റെ മരണം ചികിത്സ പിഴവുമൂലം

മലപ്പുറം. നാലു വയസ്സുകാരൻ്റെ മരണം ചികിത്സ പിഴവുമൂലം എന്ന് റിപ്പോർട്ട്.
അനസ്തേഷ്യ നൽകുന്നതിൽ മാനദണ്ഡം പാലിച്ചില്ലെന്ന് പോസ്റ്റ് മാർട്ടം പ്രഥമിക റിപ്പോട്ടിൽ പറയുന്നു.ആമാശയത്തിൽ ദഹിക്കാത്ത ഭക്ഷണം ഉണ്ടായിരുന്നതായി കണ്ടെത്തൽ.ജൂണ് ഒന്നിനാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനില്‍ മരിച്ചത്.

വായിൽ കമ്പു തട്ടിയുണ്ടായ മുറിവുമായാണ് നാലു വയസുകാരനായ മുഹമ്മദ് ഷാനിലിനെ
കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ ശസ്ത്രക്രീയക്ക് വിധേയനാക്കി.കുഞ്ഞ് മരിച്ച വിവരം ഏറെ വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ ജനിച്ച ഏക മകനായിരുന്നു ഷാമിൽ.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അനസ്തീഷ്യയ നല്‍കിയതിനു പിന്നാലെെയാണ് മരണം.ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണമുണ്ടായിരുന്നു. അതായത് മയക്കുന്നതിന് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിഗമനം.

കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പൂർണ്ണരൂപം അടുത്ത ദിവസം പുറത്തുവരും.പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അന്വേഷണം പൂര്‍ത്തിയായാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്

പെരിയാർ മത്സ്യക്കുരുതി, സൾഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവ് മരണകാരണമായെന്ന് റിപ്പോര്‍ട്ട്

കൊച്ചി. പെരിയാർ മത്സ്യക്കുരുതി, സൾഫൈഡിന്റെയും അമോണിയത്തിന്റെയും അമിത അളവ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. ചത്ത മീനുകളുടെ പോസ്റ്റ്‌മോർട്ടം നടത്തിയത് കുഫോസ്.’ പെരിയാർ മലിനമായി ഒരു മണിക്കൂറിനുള്ളിൽ മീനുകൾ ചത്തുപൊങ്ങി . രാസവസ്തുക്കൾ പെരിയാറിൽ കലർന്നത് അതിവേഗമെന്ന് കണ്ടത്തൽ. ‘ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്’. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കണമെന്നും കുഫോസിന്റെ നിർദേശം. റിപ്പോർട്ട്‌ സർക്കാരിന് സമർപ്പിച്ചു