Home Blog Page 2604

വീടില്ലാത്ത സ്ത്രീയ്ക്ക് പട്ടയം നൽകാൻ അരലക്ഷം രൂപ കൈക്കൂലി: വില്ലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനിൽരാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പട്ടയം ലഭിക്കാൻ വില്ലേജ് ഓഫീസർ  നൽകേണ്ട കത്തിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മലപ്പുറം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്.
നീലാഞ്ചേരി സ്വദേശി തെച്ചിയോടൻ ജമീലയിൽ നിന്നാണ് പ്രതിയായ വില്ലേജ് ഓഫീസര്‍ 20000 രൂപ വാങ്ങിയത്. സ്വന്തമായി വീട് പോലുമില്ലാത്ത ജമീല ഭൂമിയുടെ പട്ടയത്തിനായി പല തവണയായി വില്ലേജ് ഓഫീസിൽ വരുന്നുണ്ട്. എന്നാൽ 52000 രൂപ നൽകിയാൽ പട്ടയം ശരിയാക്കാം എന്നായിരുന്നു സുനിൽ രാജിൻ്റെ മറുപടി. കൈക്കൂലി തുക കുറക്കാൻ ജമീല ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. 

വാർഡ് മെമ്പർ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ജമീലയെ സഹായിക്കാൻ വില്ലേജ് ഓഫീസറോട്  ആവശ്യപ്പെട്ടെങ്കിലും സുനിൽരാജ് 32000 രൂപ ആവശ്യപ്പെട്ടു. ഇതും ജമീലയ്ക്ക് സംഘടിപ്പിക്കാനായില്ല. വിവരം വിജിലൻസിനെ അറിയിച്ച ജമീല കടം വാങ്ങിയ 20000 രൂപയുമായി ഇന്ന് വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റിയ ഉടനെ സുനിൽരാജിനെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. 

പോലീസുകാര്‍ക്കിടയിലെ ആത്മഹത്യ: ഇടപെടൽ ആവശ്യമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

പോലീസുകാര്‍ക്കിടയിലെ ആത്മഹത്യയില്‍ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ആഭ്യന്തരവകുപ്പിനോട് റിപ്പോര്‍ട്ട് തേടി. 30 ദിവസത്തിനകം റിപ്പോർട്ട് നല്‍കണം.  ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഡല്‍ഹിയില്‍ ഒരു ദിവസത്തിനിടെ സൂര്യാഘാതമേറ്റ് 17 മരണം

ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് 17 മരണം. 24 മണിക്കൂറിനിടെയാണ് 17 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ചികില്‍സയിലുള്ളവരാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് ശേഷം ഉത്തരേന്ത്യയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 127 ആയി.

അടുത്ത അഞ്ചു ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു. അടുത്ത അഞ്ചു ദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് പത്ത് ജില്ലകളിൽ മഴമുന്നറിയിപ്പ്. കണ്ണൂരിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാലവർഷം മുന്നൊരുക്കത്തിന്റെ ഭാഗമായി
സർക്കാർ ആവശ്യപ്രകാരം ഒൻപത് NDRF സംഘങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.

കർണാടക തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. നാളെ മുതൽ കേരളാ തീരത്തു പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം നാളെ മുതൽ 27 വരെ നീളുന്ന ആദ്യ ആഴ്ചയിൽ
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാധാരണയേക്കാൾ അധികം മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്ക്
സാധ്യതയുള്ളതിനാൽ കണ്ണൂരിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. അടുത്ത ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴകനത്തേക്കും.നാളെ മുതൽ വടക്കൻ കേരളത്തിലെ കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂണിൽ കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നതിനാൽ സംസ്ഥാന സർക്കാർ മുന്നൊരുക്ക നടപടികളിലേക്ക് കടന്നു. സർക്കാരിൻ്റെ ആവശ്യപ്രകാരം 9 NDRF സംഘങ്ങൾ ചെന്നൈ ആരകോണത്ത്
നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു.ഇടുക്കി പത്തനംതിട്ട ആലപ്പുഴ
എറണാകുളം മലപ്പുറം കൊല്ലം
കോഴിക്കോട് തൃശൂർ വയനാട് ജില്ലകളിലേക്കാണ് എൻഡിആർഎഫ് സംഘങ്ങളെ ആവശ്യപ്പെട്ടത്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.

നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സംഘർഷം

തിരുവനന്തപുരം .നീറ്റ് യു ജി പരീക്ഷാഫലത്തിൽ ക്രമക്കേട് ആരോപിച്ച് കെഎസ്‌യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിൽ സംഘർഷം .കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് എന്ന പേരിലാണ് രാജ് ഭവനിലേക്ക് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് .ഉന്നത വിദ്യാഭ്യാസ മേഖലയിലെ മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ കളങ്കം ചാർത്തിയ എൻ ടി എ ഡയറക്ടർ ജനറലിനെ പുറത്താക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻഐടിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ നടപടി പിൻവലിക്കുക എന്നിവയാണ് പ്രധാനപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

കാലികള്‍ക്ക് ബ്രൂസല്ലോസിസ് രോഗം: പ്രതിരോധ കുത്തിവയ്പ് ക്യാമ്പുകള്‍ തുടങ്ങി

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കുത്തിവയ്പ് ക്യാമ്പുകള്‍ക്ക് തുടക്കം. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന ക്യാമ്പയിനിലൂടെ പൂര്‍ണ്ണരോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു. നാലു മുതല്‍ എട്ടു മാസംവരെ പ്രായമുള്ള പശു-എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍  ബ്രൂസല്ല രോഗത്തില്‍നിന്നും സമ്പൂര്‍ണ പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ രണ്ടാംഭാഗമായാണ് ക്യാമ്പുകള്‍. 78 സ്‌ക്വാഡുകള്‍ പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് പ്രതിരോധ മരുന്ന് നല്‍കുന്നത്. ക്ഷീരസംഘങ്ങള്‍, സന്നദ്ധസംഘടനകളുടെ ഓഫീസുകള്‍, കര്‍ഷകസംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും  വ്യക്തമാക്കി.
കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍. അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, അസി. പ്രോജക്ട് ഓഫീസര്‍മാരായ ഡോ.ഷീബ പി. ബേബി, ഡോ. എസ്. ദീപ്തി, ഡോ.കെ. എസ്. സിന്ധു, ഡോ.എസ്. പ്രമോദ്, ഡോ.കെ. ജി. പ്രദീപ്, ഡോ. സുജ റ്റി. നായര്‍, ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ആര്യ സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം

ശൂരനാട്:-ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന പക്ഷാചരണം വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ തുടങ്ങി.
ജൂൺ 19 ന് തുടങ്ങി ജൂലൈ 7 വരെ നീണ്ട് നിൽക്കുന്ന പരിപാടികളാണ് ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്. വായനപക്ഷാചരണത്തിൻ്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്തംഗം പി.ശ്യമളമ്മ നിർവ്വഹിച്ചു. മധു സി ശൂരനാട് അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, സബീന ബൈജു, ഫൗസിയ, എച്ച്.ഹസീന, എസ്.ഐറ എന്നിവർ പ്രസംഗിച്ചു

ജെസിഐ നേതൃത്വത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു

ശാസ്താംകോട്ട.ജെസിഐ നേതൃത്വത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.ശാസ്താം കോട്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഗുരുകുലം രാകേഷ് ഉദ്ഘാടനം ചെയ്തു.JCI ശാസ്താംകോട്ടയുടെ പ്രസിഡൻ്റ് സെനറ്റർ നിഖിൽദാസ് പാലവിള വായനാദിന ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.
എസ്സ് ദിലിപ് കുമാർ വായനാദിന സന്ദേശം അവതരിപ്പിച്ചു. രാജേഷ് കണ്ണങ്കര പി.എൻ പണിയ്ക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
എം.സി. മധു , പി.ആർ രാജ്കുമാർ, ബി.അജിത് കുമാർ, ശ്രീജിത അജിത്ത് എന്നിവർ സംസാരിച്ചു.

ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായനാദിന പ്രതിജ്ഞയും എടുത്തു

ശാസ്താംകോട്ട ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണവും വായനാദിന പ്രതിജ്ഞയും എടുത്തു. പഞ്ചായത്ത് തല ഗ്രന്ഥശാല നേതൃസമിതി കൺവീനർ ബാഹുലേയൻ ഉദ്ഘാടനം നടത്തി പ്രസിഡൻറ് ഡോ. പി ആർ ബിജു ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു അബ്ദുൽ റഷീദ്, രതീഷ് ,അമൃത പി ആർ എന്നിവർ സംസാരിച്ചു.അൽത്താഫ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ഷീലാ കുമാരി വി കെ സ്വാഗതവും ആര്യ സതീഷ് നന്ദിയും പറഞ്ഞു.

പള്ളിശ്ശേരിക്കൽ വിദ്യാധിരാജാ മോഡൽ LPS ൽ വായനാദിനം ആചരിച്ചു

ശാസ്താംകോട്ട. വായനാദിനം പ്രമാണിച്ച് പള്ളിശ്ശേരിക്കൽ വിദ്യാധിരാജാ മോഡൽ LPS ൽ വായനാദിനം ആചരിച്ചു പ്രശസ്ത കവയത്രി രശ്മി ദേവി ഉത്ഘാടനം ചെയ്തു ജെ സിഐ ശാസ്താംകോട്ട യുവപ്രതിഭാപുരസ്കാര ജേതാവ് ദര്‍ശന്‍കൃഷ്ണ അദ്ധ്യക്ഷനായിരുന്നു.വായ നോൽസവം, കൈയെഴുത്ത് മൽസരം, രചനോൽസവം, ക്വിസ് മൽസരം , ചിത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു,സ്കൂൾ ലൈബ്രറിയിലേക്ക് JCI ശാസ്താംകോട്ട യുവ പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു, സ്കൂൾ ലൈബ്രറി തുടങ്ങുന്നതിൻ്റെ ഭാഗമായി അലമാര സ്പോൺസർ ചെയ്തു, ഹെഡ്മിസ്ട്രസ് ബേബി സീജ സ്വാഗതം ആശംസിച്ചു, പഞ്ചായത്ത് അംഗം നസീമ ബീവി , സ്കൂൾ മാനേജർ അഡ്വ. സജിത്ത് കുമാർ, അദ്ധ്യാപകൻ രഘുനാഥൻപിള്ള എന്നിവർ എന്നിവർ ആശംസാ പ്രസംഗം നടത്തി, കവയത്രി രശ്മിദേവിയുടെ പുസ്തകങ്ങൾ തഥവസരത്തിൽ സ്കൂൾ ലൈബ്രറിയ്ക്ക് കൈമാറി.