Home Blog Page 2508

കര്‍ക്കിടകവാവ്:സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും

കൊല്ലം: കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് വേണ്ടുന്ന സുരക്ഷാക്രമീകരണങ്ങള്‍ വൈകാതെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആഗസ്ത് മൂന്നിനാണ് കര്‍ക്കിടക വാവ്. ബലിതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം ജനത്തിരക്ക്, കടല്‍ക്ഷോഭം സാധ്യതകള്‍ എന്നിവ കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തമാക്കും. ശുദ്ധജല വിതരണം, ഹരിതചട്ട പാലനം, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സൗകര്യം, ബയോ ടോയ്ലറ്റ് ഉള്‍പ്പടെയുള്ള ശൗചാലയ സംവിധാനങ്ങള്‍ എന്നിവ ക്ഷേത്രഭരണ സമിതികളുടെ ചുമതലയാണ്.
പോലീസ്- അഗ്നിസുരക്ഷാ-മറൈന്‍ പോലീസ്-ഫിഷറീസ് സേനകളുടെ വിന്യാസം എല്ലാ കേന്ദ്രങ്ങളിലും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. സ്ത്രീസുരക്ഷ കണക്കിലെടുത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സ്ത്രീകളുടെ തിരക്ക് ഏറിയ ഇടങ്ങളില്‍ നിയോഗിക്കും.
കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകള്‍ എല്ലാ വര്‍ഷത്തെയും പോലെ ബലിത്തര്‍പ്പണ കേന്ദ്രങ്ങളില്‍ സജീവമായിരിക്കും. ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്കുള്ള റോഡ് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തുവാനും ദിശാബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കേണ്ടതുണ്ട്. സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എഡിഎം സി.എസ്. അനില്‍, പോലിസ്-എക്സൈസ്-അഗ്നിരക്ഷാ സേന, കോര്‍പ്പറേഷന്‍, നഗരസഭ ഉദ്യോഗസ്ഥര്‍, വിവിധ ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരയിപ്പിക്കാതെ ഉള്ളിവില

കൊല്ലം: തമിഴ്‌നാട്ടില്‍ ചെറിയഉള്ളി വിളവെടുപ്പ് തുടങ്ങിയതോടെ വിലയില്‍ കനത്ത ഇടിവ്. മൂന്നിലൊന്നായി വില താഴ്ന്നതോടെ കര്‍ഷകര്‍ ആശങ്കയിലായി. തമിഴ്‌നാട്ടില്‍ പ്രധാനമായും ചെറിയഉള്ളി കൃഷി ചെയ്യുന്നത് തെങ്കാശി ജില്ലയിലാണ്.
ഇവിടുത്തെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗവും ഉള്ളി ഉള്‍പ്പെടെയുള്ള കൃഷിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ 80 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില ഇപ്പോള്‍ 20 മുതല്‍ 40 രൂപ വരെയായി. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ ഉള്ളിക്ക് മെച്ചപ്പെട്ട വിലയും പ്രിയവും ഉണ്ടായിരുന്നതിനാല്‍ ഇത്തവണ കൂടുതല്‍ ആളുകള്‍ ഉള്ളി കൃഷി ചെയ്തു.
പാവൂര്‍ ഛത്രം കാമരാജ് പച്ചക്കറി മാര്‍ക്കറ്റിലേക്ക് ചെറിയ ഉള്ളിയുടെ വരവ് തുടര്‍ച്ചയായി വര്‍ധിച്ചു. വില കുത്തനെ ഇടിഞ്ഞതോടെ കൃഷി ചെയ്യാന്‍ ചെലവഴിച്ച തുക പോലും ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ലഭ്യത വര്‍ധിക്കുന്നതോടെ വരും മാസങ്ങളില്‍ ഉള്ളിയുടെ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

കൊല്ലത്ത്‌ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും  ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക്

അഞ്ചാലുംമൂട്: അഞ്ചാലുംമൂട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 4 പേര്‍ക്ക്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബൈപ്പാസില്‍ നീരാവില്‍ പാലത്തിന് സമീപമായിരുന്നു അപകടം.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും 2 യാത്രക്കാര്‍ക്കും പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ജസ്റ്റര്‍ (23)നെ നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .ജസ്റ്ററിനൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൃശൂര്‍ സ്വദേശി പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ഡ്രൈവറേയും കണ്ടക്ടറേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് ദേശീയപാത നിര്‍മാണ സാമഗ്രികളുമായി പോയ ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസില്‍ യാത്രക്കാര്‍ വളരെ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി. ബസിന്റെ പിന്‍ഭാഗത്ത് ഇരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.

ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ടു പേര്‍ക്ക് പരിക്ക്

ചാത്തന്നൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ഓയൂര്‍-ഇത്തിക്കര റോഡില്‍ ആദിച്ചനല്ലൂര്‍ ജങ്ഷന് സമീപമാണ് സംഭവം. കക്കൂസ് മാലിന്യം കൊണ്ട് പോകുന്ന ടാങ്കര്‍ ലോറി അമിതവേഗത്തിലെത്തുകയായിരുന്നു. ടാങ്കര്‍ കാലിയായതിനാല്‍ വലിയ അപകടം ഒഴിവായി.
പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാത്തന്നൂര്‍ പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റി.

തെങ്ങില്‍ നിന്ന് വീണ് മരിച്ചു

കൊല്ലം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും ഓല വെട്ടുന്നതിനിടെ വീണ് മരിച്ചു. ശക്തികുളങ്ങര തലയ്ക്കോട് പടിഞ്ഞാറ്റതില്‍ രാജന്‍ (68) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45ഓടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങില്‍ നിന്നും ഓല വെട്ടുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നുവെന്ന് സംശയമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ ഇത് സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് ശക്തികുളങ്ങര പോലീസ് അറിയിച്ചു. ഉടന്‍ തന്നെ ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലക്ഷ്മികുട്ടി. മക്കള്‍: മുരുകന്‍, മണികണ്ഠന്‍, മിനി.

കുഴഞ്ഞുവീണ യുവതി മരിച്ചു

കരുനാഗപ്പള്ളി: ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചങ്ങന്‍കുളങ്ങര ദേവികയില്‍ കെ.എസ്. സബിത (37) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. വയനാട് സ്വദേശിയാണ്. തഴവ ഗവ. കോളജ്, പടിഞ്ഞാറെ കല്ലട എച്ച്എസ്എസ്, ഗവ. എച്ച്എസ്എസ് പള്ളിമണ്‍ എന്നിവിടങ്ങളില്‍ ഗസ്റ്റ്‌ലക്ചര്‍ ആയി ജോലി ചെയ്തിരുന്നു. ഭര്‍ത്താവ്: അര്‍ഷജ് (ഡിറ്റിപിസി, കൊല്ലം). അച്ഛന്‍: പരേതനായ കെ.കെ. ശ്രീധരന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍). അമ്മ: മോഹനാംബായി (കൃഷി വകുപ്പ്).

കരുനാഗപ്പള്ളി ദോശക്കടയില്‍ ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റില്‍

കരുനാഗപ്പള്ളി. ആലുംമുട്ടിലുളള തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റില്‍. കരുനാഗപ്പള്ളി പടവടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ സലീം മകന്‍ സജിന്‍(26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. നടുക്കമുണ്ടാക്കുന്ന ആക്രമണമാണ് നടന്നത്. ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെയാണ് പൈശാചികമായി നടന്ന അക്രമം പുറത്തായത്.

മാര്‍ച്ച് മാസം പതിനഞ്ചാം തീയതി രാത്രിയില്‍ കരുനാഗപ്പള്ളി ആലുംമൂട്ടിലെ തട്ടുകടയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കാനെത്തിയ തൊടിയൂര്‍ സ്വദേശികളായ യുവാക്കളെ സജിനും സംഘവും മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കമ്പിപ്പാര ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പ്രതികളായ പടവടക്ക് ശ്രീലകത്തില്‍ പ്രഭാത് (27) ,പടവടക്ക് കുന്നേല്‍ പടിഞ്ഞാറേതറയില്‍ ബ്രിട്ടോ എന്ന് വിളിക്കുന്ന മുഹമ്മദ് സലില്‍ (30) എന്നിവരെ നേരത്തെ തന്നെ കരുനാഗപ്പള്ളി പോലീസ് പിടികൂടിയിരുന്നു.

എന്നാല്‍ മുഖ്യ പ്രതിയായ സജിന്‍ ഒളിവില്‍ പോയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കടന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിവരവെ കഴിഞ്ഞ ദിവസം ഇയാള്‍ പുനലൂരില്‍ നിന്നും അന്വേഷണ സംഘത്തിന്‍റെ വലയിലാവുകയായിരുന്നു. തന്ത്രപരമായ രഹസ്യ നീക്കത്തിലൂടെയാണ് കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പോലീസ് സംഘം ഇയാളെ പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേത്യത്യത്തില്‍ എസ്.ഐ മാരായ ജിഷ്ണു, ഷിജു, ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഓ മാരായ ഹാഷിം, രാജീവ് കുമാര്‍, സി.പി.ഓ നൗഫന്‍ജന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്തത്.

വാർത്താനോട്ടം

2024 ജൂലൈ 04 വ്യാഴം

BREAKING NEWS

? കോഴിക്കോട് എലത്തുരിൽ ബസ് ടിപ്പറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 55 പേർ ചികിത്സയിൽ

?തിരുവനന്തപുരം വിതുര ബോണക്കാട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തിൽ ബി എ ഡിവിഷനിൽ താമസിക്കുന്ന ലാലായ്ക്ക് പരിക്കേറ്റു.

?പാലക്കാട്
കടമ്പഴിപുറത്ത് കാറിൽ എത്തിയ സംഘം രണ്ട് പേരെ വെട്ടി പരിക്കേല്പിച്ചു.

? ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ന് ഡല്‍ഹിയില്‍ എത്തി.

?താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.

?പ്രധാനമന്ത്രിയുമൊ
ന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം സ്വീകരണത്തിനും റോഡ് ഷോക്കുമായി മുംബൈയിലേക്ക് പോകും.

? കേരളീയം ?

? മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

? കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തതിനെതിരെ കെഎസ്യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ് യു പ്രവര്‍ത്തകര്‍ക്കുനേരെ മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.

?ഇറാന്‍ കേന്ദ്രീകരിച്ചുള്ള രാജ്യാന്തര അവയവക്കടത്ത് കേസ് ഏറ്റടുത്തു എന്‍ഐഎ . രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടി.

? എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക അണച്ച് ഫയര്‍ഫോഴ്സ്. ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങള്‍ കൂടിയിട്ടു കത്തിച്ചതോടെയാണ് പ്രദേശത്ത് മാലിന്യപ്പുക ഉയര്‍ന്നത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങള്‍ക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

? കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി . ആദ്യഘട്ടത്തില്‍ എസ്ഇആര്‍ടിസി കേരളം തയ്യാറാക്കിയ
പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും.

? സംസ്ഥാനത്തെ ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീര്‍പ്പാക്കി. കോടതിക്ക് പുറത്ത് പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരന്‍ ഉമര്‍ ശരീഫ് പറഞ്ഞു. പരസ്പര ധാരണയില്‍ പ്രശ്നം പരിഹരിക്കുകയായിരുന്നു

? കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് പത്ത് വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞ പ്രതി ഗിരീഷ് കുമാറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഗിരീഷ് കുമാറിന്റെ വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്.

?? ദേശീയം ??

? മണിപ്പൂര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ നിരന്തര ശ്രമം തുടരുകയാണെന്നും സംഘര്‍ഷം ആളി കത്തിക്കുന്നവരെ ജനം തിരസ്‌ക്കരിക്കുമെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.

? നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ഇന്ന് രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ്
വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

? നീറ്റ് യുജി പരീക്ഷ പേപ്പര്‍ ക്രമക്കേടിലെ മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സിബിഐ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.

? തമിഴ്‌നാട് ബിജെപി അധ്യക്ഷനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ വിദ്യാഭ്യാസത്തിനായി ബ്രിട്ടനിലേക്ക് പോയേക്കുമെന്ന് സൂചന. മൂന്ന് മാസത്തെ കോഴ്സിന് വേണ്ടിയാണ് അദ്ദേഹം ബ്രിട്ടനിലേക്ക് തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

? മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി . രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

? ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ യുപി സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുമെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

? ഹാഥ്‌റസില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായി മന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇരകളുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ ബാല്‍സേവ പദ്ധതി പ്രകാരം വിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തും.

? ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും 130 പേര്‍ മരിക്കാനിടയായ ‘സത്സംഗ്’ സംഘടിപ്പിച്ച വിവാദ ആള്‍ദൈവം ഭോലെ ബാബ ലൈംഗികാതിക്രമക്കേസിലും പ്രതിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.

?ഹാഥ്‌റസില്‍മതപരി
പാടിക്കിടെ നടന്ന സംഭവത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ
സംഘാടകനായ ഭോലെ ബാബയുടെ പേരിലുള്ള കത്ത് പുറത്ത്. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.

? കങ്കണ റണാവത്ത് എംപിയെ തല്ലിയ, നിലവില്‍ സസ്പെന്‍ഷനിലുള്ള സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റി. കര്‍ണാടക സിഐഎസ്എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ്
കുല്‍വിന്ദര്‍ കൗറിനെ സ്ഥലം മാറ്റിയത്.

? രാജ്യസഭയിലെ നേതാക്കളെ തീരുമാനിച്ച് സി പി എം. ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ രാജ്യസഭ കക്ഷി നേതാവായും ജോണ്‍ ബ്രിട്ടാസ് ഉപനേതാവുമായിട്ടാണ് നിശ്ചയിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സി പി എം രാജ്യസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. 4 അംഗങ്ങളാണ് സി പി എമ്മിന് രാജ്യസഭയിലുള്ളത്.

? ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. റാഞ്ചിയില്‍ രാജ്ഭവനിലെത്തി രാജിക്കത്ത് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് കൈമാറി. ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പമാണ് ചംപെയ് സോറന്‍ രാജ്ഭവനിലെത്തിയത്. അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ചു.

?? അന്തർദേശീയം ??

? റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനു ശേഷമുള്ള ആദ്യ സര്‍വേകളില്‍ തിരിച്ചടി നേരിട്ട ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

? കായികം ?

? ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഐ.സി.സി.യുടെ ടി20 ഓള്‍റൗണ്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തി. ആദ്യമാണ് ഒരു ഇന്ത്യന്‍ താരം ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമതെത്തുന്നത്

നടുക്കം,അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലായിരുന്ന പന്ത്രണ്ടു വയസുകാരൻ മരിച്ചു

കോഴിക്കോട്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലായിരുന്ന പന്ത്രണ്ടു വയസുകാരൻ മരിച്ചു. ഫറോക് കോളജ് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
രണ്ട് മാസത്തിനിടയിലാണ് 3 മരണവും.

കലയുടെ കൊലപാതകം, പുതിയ വിവരങ്ങള്‍പുറത്ത്,അന്വേഷണ സംഘം വിപുലീകരിച്ചു

ആലപ്പുഴ.മാന്നാറിലെ കലയുടെ കൊലപാതകം ബന്ധിച്ച് . നിർണ്ണായക വിവരങ്ങൾ പുറത്ത്. കൊലപാതകിയെന്ന് പൊലീസ് ആദ്യം സംശയിച്ചത് കലയുടെ ആൺ സുഹൃത്തിനെ. ആലപ്പുഴ കുട്ടമ്പേരൂർ സ്വദേശിയായ ഇയാൾക്കൊപ്പമാണ് കല ഒളിച്ചോടിയത്. ഭർത്താവ് അനിൽകുമാർ വിദേശത്തു ആയിരിക്കുമ്പോൾ ആണ് ഒളിച്ചോടിയത്. ഒളിച്ചോടിയ ഇവർ ആലുവയിൽ മാസങ്ങളോളം താമസിച്ചു. പിന്നീട് ലോറി ഡ്രൈവറായ ഇയാളുമായി പിരിഞ്ഞു.കല എറണാകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തു

നാട്ടിലെത്തിയ ഭർത്താവ് അനിൽ ഇവിടെ നിന്നാണ് മാന്നാറിലേക്ക് കൊണ്ടുപോയത്. മാന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ആയിരുന്നു കൊലപാതകം. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കുട്ടൻപേരൂർ സ്വദേശിയെ കഴിഞ്ഞ ആഴ്ച പൊലീസ് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് പങ്കില്ല എന്ന് ബോധ്യപ്പെട്ടത്തോടെ വെറുതെ വിട്ടു. ഭർത്താവ് അനിലിലേക്ക് എത്താൻ പൊലീസ് വൈകിയത് ആൺ സുഹൃത്താണ് കൊലക്ക് പിന്നിൽ എന്ന സംശയത്തിൽ

ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകിയത് ഇതിനാൽ. കലയുടെ തിരോധാനം കൊലപാതകം ആണെന്ന പരാതിയായിരുന്നു പോലീസിന് രണ്ടുമാസം മുൻപ് ലഭിച്ചത്. മുഖ്യസാക്ഷി സുരേഷിന്റെ മൊഴി ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായത്. മുഖ്യ സാക്ഷി സുരേഷിന്റെ മൊഴിയിൽ നിന്നാണ് ഭർത്താവ് അനിലിലേക്കും മറ്റു പ്രതികളിലേക്കും പൊലീസ് എത്തിയത്.

ഇതിനിടെ ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ എന്ന് സൂചന. രക്തസമ്മർദ്ദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാർ വിവരം കുടുംബത്തെ അറിയിച്ചതായി വിവരം. അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ, നാട്ടിലെത്തിക്കാൻ ഒട്ടേറെ കടമ്പകളുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചു. അന്വേഷണത്തിന് 21 അംഗ പോലീസ് സംഘം. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് വിപുലീകരണം. അന്വേഷണത്തിന് നേരിട്ട് നേതൃത്വം നൽകുന്നത് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ തന്നെ