കോഴിക്കോട്. അമീബിക് മസ്തിഷ്ക ജ്വര രോഗലക്ഷണങ്ങളോടെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ ഉള്ളത് രണ്ടു കുട്ടികൾ.ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് .ഇതിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ പരിശോധന ഫലം ഇന്ന് വന്നേക്കും .രണ്ടുപേരും കുളത്തിൽ കുളിച്ചതിന് പിന്നാലെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്
വിഴിഞ്ഞം സജ്ജം, ആദ്യ മദര്‍ഷിപ്പിന് 12ന് സ്വീകരണം
തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്തിൻ്റെ ട്രയൽ റൺ ഈ മാസം 12 മുതൽ. വിദേശത്ത് നിന്നുള്ള ഭീമൻ മദർഷിപ്പ് 12ന് ഉച്ചകഴിഞ്ഞ് തുറമുഖത്ത് എത്തും. ട്രയൽ റണ്ണിനുള്ള മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയായെന്ന് തുറമുഖ അധികൃതർ അറിയിച്ചു. കപ്പലിന് വൻ സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് സർക്കാർ
ആയിരത്തിലധികം കണ്ടൈനറുകളും ആയാണ് കൂറ്റൻ ചരക്ക് കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ മദർ ഷിപ്പുകളിൽ ഒന്നാണ് വിഴിഞ്ഞത്ത് നങ്കൂരമിടാൻ പോകുന്നത്. മദർഷിപ്പുകൾക്ക് എത്താൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം. കപ്പലിന് പ്രവേശിക്കാനുള്ള എല്ലാ സംവിധാനങ്ങളും വിഴിഞ്ഞത്ത് സജ്ജമായി. ആദ്യ കപ്പലിന് വൻ വരവേൽപ്പ് ആയിരിക്കും സര്ക്കാര് ഒരുക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും ജൂൺ 12 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുത്തേക്കും. തുറമുഖത്തിൻ്റെ 92 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് ഉടൻ പൂർത്തിയാകും. വിഴിഞ്ഞം റിംഗ് റോഡ് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സര്ക്കാര്‍ ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ ആദ്യഘട്ടം കമ്മീഷൻ ചെയ്യാനാണ് സര്ക്കാര് തീരുമാനം.
അതേസമയം ട്രയൽ റൺ ഒന്നര മാസം നീളുമെന്ന് എംഡി മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയൽ റൺ വിശദാംശങ്ങൾ വിശദീകരിച്ച് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ. കപ്പൽ എത്താനുള്ള അനുമതികളും, ലൈസന്സുകളും ലഭിച്ചു കഴിഞ്ഞു. ട്രയൽ റണ്ണിനായി മദർഷിപ്പിന് പിന്നാലെ മറ്റു ചെറുകപ്പലുകളും എത്തും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ നിന്നുള്ള കപ്പലുകളാണ് എത്തുന്നത്. മുഴുവൻ യന്ത്രങ്ങളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കും
മദർ ഷിപ്പുകളിൽ നിന്ന് തുറമുഖത്ത് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യും. മദർഷിപ്പുകളിൽ നിന്ന് ചെറു കപ്പലുകളിലേക്കും ചെറുകപ്പലുകളിൽ നിന്ന് മദർ ഷിപ്പിലേക്ക് കണ്ടെയ്നർ മാറ്റിയും ട്രയൽ നടമെന്നും ദിവ്യ പറഞ്ഞു.
കേൾവിയുടെ കുലീനമായ സംസ്ക്കാരത്തിലേക്ക് ഇവിടെ ഒരു ഗ്രാമവും പള്ളിക്കൂടവും
മാവേലിക്കര. തഴക്കര ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡും ഈ വാർഡിൽ നിലകൊള്ളുന്ന വിദ്യാലയ മുത്തശ്ശിയായ ആത്മാനന്ദവിലാസം യു.പി
സ്കൂളും റേഡിയോ സംസ്ക്കാരത്തിലേക്ക് മടങ്ങുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും
അനദ്ധ്യാപകർക്കും റേഡിയോ നൽകി കൊണ്ട് ഈ ആഗസ്റ്റ് മാസത്തോടെ വിജ്ഞാനത്തിൻ്റെയും
വിനോദത്തിൻ്റെയും വാർത്തയുടെതുമായ കേൾവിയുടെ കുലീനമായ സംസ്ക്കാരത്തിലേക്ക് സ്കൂളിനെയും വിദ്യാർത്ഥികളേയും ചേർത്തു നിർത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയും, അദ്ധ്യാപക
രക്ഷാകർത്തൃ സംഘടനയും ചേർന്നാണ് രചനാത്മകമായ ഈ പദ്ധതി നടപ്പാക്കുന്നത്. സ്ക്കൂളിൽ എല്ലാവർക്കും റേഡിയോ ലഭ്യമാക്കി കഴിഞ്ഞാൽ സ്ക്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ റേഡിയോ ഇല്ലാത്ത എല്ലാ വീടുകളിലും
റേഡിയോ ഉണ്ടാവണം എന്നതാണ് രണ്ടാംഘട്ട പ്രവർത്തന ലക്ഷ്യം!
വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമ പഞ്ചായത്ത് അംഗം
ഉഷയുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക സർവേ നടത്തുന്നതാണ്. ആദ്യം കിടപ്പു രോഗികളുള്ള
വീടുകളിൽ റേഡിയോ നൽകി കൊണ്ട് വാർഡു
തല റേഡിയോഗ്രാമം പദ്ധതിക്ക് തുടക്കമിടുന്നതാണ്. അദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ,
പൂർവാദ്ധ്യാപകർ, സ്ക്കൂൾ മാനേജ്മെൻ്റ്,പി.ടി.എ, സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി,വിവിധ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ്
സമ്പൂർണ്ണ റേഡിയോഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
കുതിരപ്പന്തി കുരിശ്ശിൻ മൂടിന് സമീപം ആശാഭവനത്തിൽ ദീനാമ്മ നിര്യാതയായി
തഴവ. കുതിരപ്പന്തി കുരിശ്ശിൻ മൂടിന് സമീപം ആശാഭവനത്തിൽ ദീനാമ്മ (79 ) അന്തരിച്ചു. സംസ്കാരം നാളെ (05 .07 .2024 ) പകൽ 2 ന് വസതിയിലെ ശുശ്രൂഷയ്‌ക്ക് ശേഷം 3 ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് [പരേതനായ ഉമ്മൻ തോമസ്. മക്കൾ മേരിക്കുട്ടി ജോൺ, (ആശാവർക്കർ), അനിതോമസ് (ഖത്തർ) എലിസബത് (സ്റ്റാർ മെഡ് ഹോസ്പിറ്റൽ) അന്നമ്മ തോമസ്, ജേക്കബ് തോമസ് (ദുബായ്) മരുമക്കൾ : ജോൺ, മോളി, ബിനു മാത്യു (വിമുക്തഭടൻ) , ബാബു ജോസഫ് , മറിയാമ്മ ഡാനിയൽ.
വഴുതാനത്ത് ബാലചന്ദ്രനും ബെന്നി കക്കാടിനും സ്വീകരണം
ശാസ്താംകോട്ട. കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് വെള്ളി വൈകിട്ട് മൂന്നരക്ക് സ്വീകരണം. വ്യാപാരഭവനിൽ വച്ച് കേരള കോൺഗ്രസ്(എം)കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയിൽ ഷാനവാസിന്റെ അധ്യക്ഷതയിൽ കൂടുന്ന കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയിൽ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ് ചെയർമാനായി നിയമിതനായ പാർട്ടി ജില്ലാ പ്രസിഡന്റ്
വഴുതാനത്ത് ബാലചന്ദ്രനെയും, ആഗ്രോ ഫ്രൂട്ട്സ് പ്രോസസിംഗ് കമ്പനി ലിമിറ്റഡ് ചെയർമാനായി നിയമിതനായ
ബെന്നി കാക്കാടിനെയും കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിക്കും.
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന വാരത്തിൻ്റെ ഭാഗമായി അക്ഷരായനം
കരുനാഗപ്പള്ളി .ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന വാരത്തിൻ്റെ ഭാഗമായി അക്ഷരായനം പരിപാടി സംഘടിപ്പിച്ചു
സമ്മേളനം കേരള സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ: എ ജി ഒലീന ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി
സാഹിത്യ ചരിത്ര ഗവേഷകൻ ഡോ.വളളിക്കാവ് മോഹൻ ദാസിനെ ആദരിക്കലും അദ്ദേഹത്തിൻ്റെ പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.പുസ്തകപ്രദർശനം ജില്ലാ ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു.
നവോത്ഥാന നായകൻ സി എസ് സുബ്രഹ്മണ്യൻ പോറ്റി,ഡോ: വേലുക്കുട്ടി അരയൻ തുടങ്ങിയവരുടെ ജീവചരിത്ര കതികൾ ഉൾപ്പെടെ വള്ളിക്കാവ് മോഹൻ ദാസ് എഴുതിയ 55 ഓളം കൃതികളുടെ പ്രദർശനം നടന്നു.
സി എസ് നവോത്ഥാന വിപ്ലവകാരി എന്ന കൃതിയെ ആസ്പദമാക്കി സിഎസ്;ജീവചരിത്ര വായന എന്ന സംവാദത്തിന് ഡോ.വള്ളിക്കാവ് മോഹൻ ദാസ് നേതൃത്വം നല്കി.
ദേശചരിത്രകാരൻ വള്ളിക്കാവ് മേഹൻദാസിനുള്ള സ്കൂൾ വായന കൂട്ടത്തിൻ്റെ ഉപഹാരം സ്കൂൾ മാനേജർ ശ്രീലത ടീച്ചർ കൈമാറി.മുൻ ചിത്രകലാ അദ്ധ്യാപകൻ രാജേന്ദ്രൻ സാറിൻ്റെ കുടുംബാംഗങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറിയ പതിനായിരം രൂപയുടെ പുസ്തകങ്ങൾ മകൾ ജീദിയിൽ നിന്ന് ജെ പി ജയലാൽ സ്വീകരിച്ചു.സാഹിത്യ ക്വിസിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നല്കി
പി റ്റി എ പ്രസിഡൻ്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സരിത റ്റി സ്വാഗതവും കെ പി അനിതകുമാരി നന്ദിയും അറിയിച്ചു
ദന്തഡോക്ടറെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കാക്കനാട് ഫ്ലാറ്റില്‍ ദന്തഡോക്ടർ തൂങ്ങി മരിച്ച നിലയില്‍. എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫ്ലാറ്റിൽ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.
കേരളത്തിൽ ബി ജെ പിയിലേക്കുള്ള വോട്ടു ചോർച്ച സമ്മതിച്ച് സിപിഎം കേന്ദ്രകമ്മിറ്റി,കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റി
ന്യൂഡെല്‍ഹി. കേരളത്തിൽ ബി.ജെ.പിയിലേക്കുള്ള വോട്ടു ചോർച്ച സമ്മതിച്ച് സിപിഎം കേന്ദ്രകമ്മിറ്റി.തൃശൂരിൽ പരമ്പരാഗത പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയെന്ന് സ്ഥിരീകരണം . ബിജെപി രാഷ്ട്രീയത്തെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിൽ വീഴ്ചയെന്നും വിമർശനം. പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും അഴിമതി വർധിച്ചുവെന്നും,കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നുവെന്നും കേന്ദ്ര കമ്മറ്റി അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വോട്ടു ചോർന്നു വെന്ന് അംഗീകരിക്കുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ.
തൃശ്ശൂരിൽ ബി ജെ.പിയുടെ വിജയത്തിന് പ്രധാന കാരണം കോൺഗ്രസ് അടിത്തറ ഇളകിയത്.എന്നാൽ തൃശൂരിൽ പലയിടത്തും പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ബിജെപിക്ക് പോയി.
ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലും വോട്ട് ചോർച്ച ഉണ്ടായി.
ഹിന്ദു വികാരങ്ങളും” ജാതി സ്വാധീനവും മറ്റ് സീറ്റുകളിലും പാർട്ടി അടിത്തറയെ ഒരു പരിധിവരെ ബാധിച്ചു.
ബിജെപി രാഷ്ട്രീയത്തെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ വേണ്ടത്ര ശ്രദ്ധ നൽകിയില്ല.ജാതി, വർഗീയ സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ വലിയ പങ്കുവഹിച്ചു.എസ്എൻഡിപി നേതൃത്വം ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചു.ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ക്രിസ്ത്യൻ സഭയിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി.സഭയ്ക്കുള്ളിൽ വളർന്നുവരുന്ന മുസ്ലീം വിരുദ്ധ വികാരം ബിജെപി മുതലെടുത്തുവെന്നും സി പി ഐ എം വിലയിരുത്തി. പാർട്ടിയുടെ കണക്കുകൂട്ടലും ഫലവും തമ്മിൽ വൻ അന്തരമുണ്ട്.
ജന മനസ്സ് മനസ്സിലാക്കാൻ കീഴ്ഘടകങ്ങൾക്ക് കഴിയുന്നില്ല
പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും അഴിമതി വർധിച്ചു. കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നുവെന്നും പാർട്ടി സ്വയം വിമർശനം നടത്തിയിട്ടുണ്ട്.
തെറ്റായ പ്രവണതകളും പെരുമാറ്റവും ഇല്ലാതാക്കാൻ തിരുത്തൽ വേണം.കോൺഗ്രസിൻ്റെ അവസരവാദ നിലപാട് തുറന്നുകാട്ടുന്നത് തുടരണം. സാമൂഹ്യക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് തടസ്സമില്ലാതെഎത്തിക്കാൻ സർക്കാർ മുൻഗണന നൽകണം എന്നിവയാണ് കേന്ദ്ര കമ്മറ്റിയുടെ നിർദേശങ്ങൾ.
എം പിയെ കൊണ്ടുപോയി കടകൾ ഉൽഘാടനം ചെയ്യിക്കാമെന്ന് ആരും കരുതണ്ട,ഞാന്‍ നടനായേ വരൂ
തൃശൂര്‍. എം. പിയെ കൊണ്ടുപോയി കടകൾ ഉൽഘാടനം ചെയ്യിക്കാമെന്ന് ആരും കരുതണ്ട,ഞാന്‍ നടനായേ വരൂ. നയം വ്യക്തമാക്കി സുരേഷ് ഗോപി. കേന്ദ്രമന്ത്രിക്ക് തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ സ്വീകരണം ഒരുക്കി പ്രവർത്തകരോട് സംവദിക്കുകയായിരുന്നു സുരേഷ് ഗോപി. അഭിനയം തുടരുമെന്നും സിനിമ ജീവിതത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പൊതുജനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗുരുവായൂർ, മണലൂർ, നാട്ടിക, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് പ്രവർത്തകരുടെ നേതൃത്വത്തിൽ സുരേഷ് ഗോപിക്ക് സ്വീകരണം ഒരുക്കിയത്. സ്വീകരണത്തിനു നന്ദി പറഞ്ഞ സുരേഷ് ഗോപി സിനിമാ ജീവിതം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു.
എം. പിയെ കൊണ്ടുപോയി കടകൾ ഉൽഘാടനം ചെയ്യിക്കാമെന്ന് ആരും കരുതണ്ട. സിനിമാനടൻ ആയെ ഞാൻ പോകൂ, അതിന് കൃത്യമായ ശമ്പളവും വാങ്ങു, ആ കാശിൽ നിന്ന് നയാ പൈസ എടുക്കില്ലെന്നും സുരേഷ് ഗോപി.
കുത്തിത്തിരിപ്പുകാർ നമ്മുടെ കൂട്ടത്തിൽ ഉണ്ടെന്ന് ജാഗ്രത വേണമെന്ന് പ്രവർത്തകരോട് സുരേഷ് ഗോപി.നാളെയും വിവിധ മണ്ഡലങ്ങളിൽ സുരേഷ് ഗോപിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്
നീറ്റ് പരീക്ഷ ക്രമക്കേട്,എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തി
തിരുവനന്തപുരം . നീറ്റ് പരീക്ഷ ക്രമക്കേട് ഉത്തരവാദികളായ കേന്ദ്രസർക്കാർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ രാജ് ഭവനിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിൽ ആയിരുന്നു മാർച്ച്. രാജ്ഭവൻ റോഡിൽ പോലീസ് പ്രതിഷേധം തടഞ്ഞു. ബാരിക്കേഡ് മറിച്ചിട്ട് പ്രവർത്തകർ ചാടി കടന്നു. പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. വിദ്യാർത്ഥി പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാതെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രദാൻ രാജിവെക്കണം എന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം.



































