ശൂരനാട് തെക്ക് : കിടങ്ങയം കന്നിമേൽ കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണ പിള്ള(75) നിര്യാതനായി.
ഭാര്യ: അംബുജാക്ഷിയമ്മ.
മക്കൾ: അർച്ചന (ജില്ലാ പഞ്ചായത്ത് കോട്ടയം), കൃഷ്ണകുമാർ (എക്സൈസ് ഇൻസ്പെക്ടർ, വൈക്കം )
മരുമക്കൾ: എസ് ഗോപകുമാർ (ഗൾഫ് ) , ആർ ജ്യോതി (ഫെഡറൽ ബാങ്ക്, ചിറ്റുമല ).സഞ്ചയനം വ്യാഴം രാവില 7.30 ന്.
കിടങ്ങയം കന്നിമേൽ കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണ പിള്ള നിര്യാതനായി
കൊല്ലത്ത് 18.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍
കൊല്ലം: എംഡിഎംഎയുമായി യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിലായി. ഇരവിപുരം, തേജസ് നഗര്‍, വെളിയില്‍ വീട്ടില്‍ അലിന്‍ (25) ആണ് പോലീസിന്റെ പിടിയിലായത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസും ഡാന്‍സാഫ്
സംഘവും സംയുക്തമായി നടത്തി വന്ന വാഹന പരിശോധനയില്‍ വാളത്തുംഗല്‍ ചന്തമുക്കിന് സമീപം വെച്ച് അലിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്നും വില്‍പ്പനക്കായി കരുതിയിരുന്ന 18.5 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നതിനായി ബാഗ്ലൂരില്‍ നിന്നും എംഡിഎംഎ കടത്തി കൊണ്ടുവരുകയായിരുന്നു ഇയാള്‍. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഉമേഷ്, അജേഷ്, മധു, എഎസ്‌ഐ നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കരുനാഗപ്പള്ളിയില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര വൈപ്പില്‍ വടക്കതില്‍ അബ്ദുല്‍സലാം (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയാണ് വീടിന് സമീപത്തെ ചതുപ്പില്‍ അബ്ദുല്‍ സലാമിനെ മരിച്ച നിലയില്‍ സമീപവാസികള്‍ കണ്ടത്. അബ്ദുല്‍ സലാമിന്റെ കാലില്‍ വൈദ്യുതി കമ്പി ചുറ്റിയ നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അസിഡിറ്റി അഥവ നെഞ്ചെരിച്ചിൽ കുറയ്ക്കാൻ ഇതാ ചില വഴികൾ
തെറ്റായ ജീവിതശൈലി കൊണ്ട് തന്നെ ഇന്ന് പലരിലും ഉണ്ടാക്കുന്ന പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ.
വെറും വയറ്റിലും രാത്രി കിടക്കുന്നതിന് മുമ്പും ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് അസിഡിറ്റി പ്രശ്നം കുറയ്ക്കാൻ സഹായിക്കും. മറ്റൊന്ന് ഇത് ദഹനം എളുപ്പമാക്കുകയും രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അസിഡിറ്റിയെ ചെറുക്കുന്നതിനുള്ള പാനീയമാണ് തണുത്ത പാൽ. പാലിലെ കാൽസ്യത്തിന്റെ സമൃദ്ധി ഹൈഡ്രോക്ലോറിക് ആസിഡുകളുടെ അമിത സ്രവത്തെ നിയന്ത്രിക്കുകയും അതുവഴി ആമാശയത്തിലെ ആസിഡുകൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു. മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മോര് കഴിക്കുന്നത് ആമാശയത്തെ ശമിപ്പിക്കുകയും അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും.
ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് അയമോദകം . അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും വിവിധ ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. പെരുംജീരകം അമിതമായ വയറ്റിലെ ആസിഡ് നിർവീര്യമാക്കാൻ സഹായിക്കും. അവയ്ക്ക് ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കാൻ സാധിക്കും. ദിവസവും വെറും വയറ്റിൽ പെരും ജീരക വെള്ളം കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
അസിഡിറ്റി പ്രശ്നമുള്ള ആളുകൾക്ക് കരിക്കിൻ വെള്ളം മികച്ച പാനീയമാണ്. ഈ പാനീയം പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടമാണ്. അസിഡിറ്റി കുറയ്ക്കുന്നതിന്റെ കാര്യത്തിൽ ഏറെ ഫലപ്രദമാണ് തുളസി വെള്ളം. വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും തുളസി വെള്ളം സഹായകമാണ്.
പ്ലസ് വണ്‍: ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ തുടങ്ങും
പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ തുടങ്ങും. അലോട്ട്‌മെന്റ് വിവരങ്ങള്‍ https://hscap.kerala.gov.in/ ലെ കാന്‍ഡിഡേറ്റ് ലോഗ് ഇന്‍ എസ്ഡബ്ല്യുഎസ് ലെ സപ്ലിമെന്ററി അലോട്ട് റിസള്‍ട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലുവരെയാണ് സമയപരിധി.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ടി സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളില്‍ ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
സംസ്ഥാനത്തുള്ള 14 മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി ഘട്ടത്തില്‍ ഇനി രണ്ട് അലോട്ട്‌മെന്റ് കൂടിയുണ്ടാകും. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വിശദാംശങ്ങള്‍ 12-ന് പ്രസിദ്ധീകരിക്കും.
ടൈറ്റാനിക്കിന്റെ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു
ന്യൂയോര്‍ക്ക്: വിഖ്യാതചിത്രം ടൈറ്റാനിക്കിന്റെ നിര്‍മ്മാതാവ് ജോണ്‍ ലാന്‍ഡൗ അന്തരിച്ചു. 63 വയസ്സായിരുന്നു. ടൈറ്റാനിക്, അവതാര്‍ എന്നീ മെഗാഹിറ്റുകളുടെ സഹനിര്‍മ്മാതാവാണ്. ഹോളിവുഡിലെ ഹിറ്റ്മേക്കര്‍ ജെയിംസ് കാമറൂണിനൊപ്പമാണ് ടൈറ്റാനിക്, അവതാര്‍ സിനിമകള്‍ ലാന്‍ഡൗ നിര്‍മ്മിച്ചത്.
31 വര്‍ഷത്തോളമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞു. ജോണ്‍ ലാന്‍ഡൗവിന്റെ നിര്യാണത്തില്‍ അവതാര്‍ താരം സോ സല്‍ദാനയും അനുശോചിച്ചു.
വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ ചാടി യുവതി മരിച്ചു
തിരുവനന്തപുരം: വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ ചാടി യുവതി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. കുടുബ പ്രശ്നങ്ങളെത്തുടര്‍ന്ന് യുവതി കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ ഈ വീട്ടില്‍ വരാറില്ലന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫന്‍ വിവാഹിതനാകുന്നു
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ ജീവന്‍ സ്റ്റീഫന്‍ വിവാഹിതനാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. റിയ സൂസന്‍ ആണ് ഭാവി വധു. കരിക്കിലെ മറ്റ് സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ജീവനും റിയയ്ക്കും ആശംസകള്‍ നേരുന്നത്. ജീവനും വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കരിക്ക് നിര്‍മിച്ച നിരവധി വെബ് സീരിസുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് ജീവന്‍.
അറേഞ്ചിഡ് ആണോ ഇരുവരും പ്രണയത്തിലാണോ?, ഉടന്‍ വിവാഹം ഉണ്ടാകുമോ? എന്നൊക്കെ ആരാധകര്‍ കമന്റ് ബോക്‌സിലൂടെ ചോദിക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിലായിരുന്നു കരിക്ക് ടീമിലെ കിരണ്‍ വിയ്യത്ത് വിവാഹം കഴിച്ചത്. ആതിരയാണ് വധു. കരിക്ക് ടീം മൊത്തം വിവാഹത്തിന് എത്തിയിരുന്നു.
ഒന്നര വയസുള്ള പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ. ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുള്ള പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെ യാണ് വീട്ട് കിണറ്റിൽ മരിച്ച് കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്,ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം.കുട്ടിയുടെ മാതാവ് ജിഷയ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നു എന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്
കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്.സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു
കേണിച്ചിറ കടുവയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
വയനാട് കേണിച്ചിറയിൽ കൂട്ടിലക്കപ്പെട്ട തോൽപ്പെട്ടി 17 എന്ന കടുവയെ ഇന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കും. 13 ദിവസമായി കടുവ ഇരുളത്ത് ചികിൽസയിലായിരുന്നു. കേണിച്ചിറ, എടക്കാട് മേഖലകളിൽ കന്നുകാലികളെ കൊല്ലുകയും ഭീതി പടർത്തുകയും ചെയ്ത കടുവ കഴിഞ്ഞ 23നാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. ആരോഗ്യസ്ഥിതി മോശമായിരുന്ന കടുവയുടെ ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനം ഉണ്ടായത്.




































