അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ തിളങ്ങി നടൻ പൃഥ്വിരാജും ഭാര്യയും സുപ്രിയ മേനോനും. ഓഫ് വൈറ്റ് നിറത്തിലെ കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഢംബര വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം വിവാഹത്തിനെത്തി.
മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിലെ റെക്കോര്‍ഡ് പോയിന്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ല.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്.
നിരത്തില്‍ തെന്നിവീണ വയോധികന്റെ ദാരുണാന്ത്യം,അന്വേഷണം വ്യാപകം
കണ്ണൂർ. നിരത്തില്‍ തെന്നിവീണ വയോധികന്റെ ദാരുണാന്ത്യത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾക്കായി ആണ് അന്വേഷണം. റോഡിൽ വീണ വയോധികനെ വാഹനം ഇടിച്ചുതെറിപ്പിച്ചു. പിന്നിൽ വന്ന വാഹനം ശരീരത്തിൽ കയറിയിറങ്ങുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കി നിർത്താതെ പോയ വാഹനങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു.
പുറത്തു പോകേണ്ടി വരും,ബിജെപിക്ക് മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി
പനജി.ബിജെപിക്ക് മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി.കോൺഗ്രസിന്റെ വീഴ്ചകൾ ബിജെപിയും ആവർത്തിച്ചാൽ ഭരണത്തിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് ഗഡ്കരി.കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ കാരണമാണ് ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തത്.ഇതേ പിഴവ് ബിജെപിയും ആവർത്തിച്ചാൽ അധികാരത്തിൽനിന്ന് പുറത്തു പോകേണ്ടിവരും.സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതാണ് രാഷ്ട്രീയം എന്നും ഗോവയിലെ ബിജെപി എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര മന്ത്രി.
നിർഭയ കേന്ദ്രത്തിൽ നിന്നും 19 പെൺകുട്ടികൾ രാത്രി പുറത്ത് ചാടി
പാലക്കാട് .മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പോക്സോ കേസുകളിലെ അതിജീവിതകൾ അടക്കമാണ് ജീവനക്കാർ കാണാതെ പുറത്തു ചാടിയത്
മണിക്കൂറുകൾ നീണ്ട തിരച്ചിലൊടുവിൽ കുട്ടികളെ പിന്നീട് പോലീസ് കണ്ടെത്തി. കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്പെക്ടർ പറഞ്ഞു.കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം 15 പേരെയും രാത്രി ഒരു മണിയോടെ നാലു പേരെയും കണ്ടെത്തുകയായിരുന്നു.
മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത് സ്വർണ പതക്കങ്ങളും ആഭരണങ്ങളും നാണയങ്ങളുമടങ്ങുന്ന കുടം
സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിൽ പരിപ്പായി ഗവൺമെന്റ് എൽപി സ്കൂളിനടുത്താണ് സംഭവം. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളുമടങ്ങുന്ന കുടം കണ്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല.
പിന്നീട് ഉച്ചയോടെയാണ് തുറന്നു നോക്കുന്നത്. ഉടനെ പഞ്ചായത്ത് പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കുടത്തിനുള്ളിൽ കണ്ടെത്തിയത്.
വെള്ളി നാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
റേഷൻ കട അടച്ചിട്ട് സമരം
കൊച്ചി. കളമശ്ശേരി മേഖലയിൽ റേഷൻകട ഉടമകൾ ഇന്ന് സമരം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് റേഷൻകട ഉടമയ്ക്ക് മർദ്ദനമേറ്റ സംഭവത്തിലാണ് സമരം പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പരാതി. റേഷൻകട ഉടമയെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യും വരെ കടകൾ അടച്ചിടാൻ തീരുമാനം
പാലക്കാട്ടെ സിപിഐയിലും നിയമന വിവാദം
പാലക്കാട്. പാലക്കാട്ടെ സിപിഐയിലും നിയമനകോഴ വിവാദം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ അംഗത്തെ ചൊല്ലിയാണ് പാർട്ടിയിൽ പൊട്ടലും ചീറ്റലും.
പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യോഗ്യതയുള്ളയാളെ തഴഞ്ഞ് പാർട്ടി ബന്ധമില്ലാത്തയാളെ പരിഗണിക്കാൻ നീക്കം. ഷോളയൂരിൽ നിന്നുള്ള വനിതയിൽ നിന്ന് പണം വാങ്ങി നിയമനം നടത്താൻ ശ്രമമെന്നാണ് പരാതി. കുറുമ്പ സംഘം സെക്രട്ടറി സിന്ധു സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി.
കോഴ നിയമനത്തിന് എതിരെ പ്രതികരിച്ച മണ്ഡലം കമ്മറ്റി അംഗത്തെ പാർട്ടി ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. കോഴയും മാസപ്പടിയും പറഞ്ഞുറപ്പിച്ചാണ് നിയമനമെന്ന് ആ ആക്ഷേപം
രക്തസാക്ഷിയാകാതിരിക്കാന്‍ ഓടി, പക്ഷേ കിട്ടിയത് നിധി
ശ്രീകണ്ഠപുരം . കണ്ണൂരില്‍ സാധാരണ കുഴിക്കുമ്പോള്‍ കുടം കിട്ടിയാല്‍ ആരും രഹസ്യമായി വീട്ടില്‍ കൊണ്ടുപോകാറില്ല. എറിഞ്ഞ്ിട്ട് ഓടാറാണ് പതിവ്. ഇവിടെ പക്ഷേ പതിവ് തെറ്റി. ചെങ്ങളായിയില്‍ റബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്ത ലോഹക്കുടംതുറന്നപ്പോള്‍ നിധിയായിരുന്നു. പരിപ്പായി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
ബോംബെന്നു കരുതി പേടിച്ചാണ് അവര്‍ ആ പാത്രം വലിച്ചെറിഞ്ഞത്. പക്ഷേ, ഏറില്‍ പാത്രം പൊട്ടിയപ്പോള്‍ പുറത്തു വന്നത് നിധിക്കൂമ്പാരം. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശുമാലയുടെ ഭാഗമെന്നു കരുതുന്ന 4 പതക്കങ്ങള്‍, പഴയകാലത്തെ 5 മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍. കിട്ടിയ നിധി എന്തു ചെയ്യണമെന്നതിലും തൊഴിലുറപ്പു തൊഴിലാളികളായ അവര്‍ക്ക് സംശയമൊന്നുമുണ്ടായില്ല.
പഞ്ചായത്തിലറിയിച്ച് പൊലീസിനു കൈമാറി. ലഭിച്ച വസ്തുക്കള്‍ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. ഇവ സ്വര്‍ണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിക്കുന്നുണ്ട്.
അരൂര്‍ മുതൽ തുറവൂര്‍ വരെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു
ആലപ്പുഴ.ദേശീയപാതയിൽ മേൽപാത നിർമാണം നടക്കുന്ന അരൂര്‍ മുതൽ തുറവൂര്‍ വരെ കുഴികൾ അടയ്ക്കാൻ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഒരു ഭാഗത്തേക്കുള്ള റോഡ് ഇന്നും നാളെയും കൂടി അടച്ചിടും. ഹൈവേയിലൂടെ തുറവൂർ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള സിംഗിള്‍ ലൈന്‍ ട്രാഫിക്ക് മാത്രമാണ് അനുവദിക്കുക. അരൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി – തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. ഹൈക്കോടതി നിർദേശപ്രകാരം ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് ഗതാഗത പ്രശ്നങ്ങൾ രൂക്ഷമയ സ്ഥലങ്ങൾ സന്ദർശിച്ചു. തുറവൂർ മുതൽ അരൂർ വരെയുള്ള സ്കൂളുകളുടെ മുൻവശം നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിൻറെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കാനും തീരുമാനമായി.




































