Home Blog Page 2470

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ കൂട്ടായ്മയ്ക്ക് വൻ മുന്നേറ്റം

നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യാ കൂട്ടായ്മയ്ക്ക് വൻ മുന്നേറ്റം.വോട്ടെടുപ്പ് നടന്ന 13 സീറ്റുകളിൽ 10 ഇടത്ത് പ്രതിപക്ഷ സഖ്യത്തിന് നേട്ടം.കോൺഗ്രസും തൃണമൂലും നാലിടത്ത് വീതം ജയിച്ചു.ബിജെപി രണ്ട് സീറ്റിൽ ഒതുങ്ങി.ഉപതെരഞ്ഞെടുപ്പ് നടന്നത് ഏഴ് സംസ്ഥാനങ്ങളിൽ.മോദി സർക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു.


ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന ഉപതിരഞ്ഞെടുപ്പിലും ഇന്ത്യ മുന്നണിക്ക് വ്യക്തമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു.പഞ്ചാബ് ജലന്ധറിൽ ആം ആദ്മി സ്ഥാനാർഥി മോഹിന്ദർ ഭഗതിന് മുപ്പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷത്തോടെ വിജയിച്ചു.ഹിമാചൽ പ്രദേശിൽ രണ്ടിടത്ത് കോൺഗ്രസ് വിജയിച്ചു.ഡെഹ്റയിൽ മുഖ്യമന്ത്രി സുഖവീന്ദർ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂർ ഒമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിലും നലഗഡിൽ 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹർജിത് സിംഗ് ബാവയുമാണ് വിജയിച്ചത്.  ഉത്തരാഖണ്ഡിലെ ബിജെപി ആധിപത്യം ഉള്ള   ബദ്രിനാഥ്വിലും മാംഗ്ലൂരിലും കോൺഗ്രസ് ജയിച്ചു. ഇഞ്ചോടിച്ചു പോരാട്ടം നടന്ന ഹിമാചൽ പ്രദേശിലെ  ഹമീർപൂരിലും മധ്യപ്രദേശിലെ അമർവാരയിലും ബിജെപി വിജയിച്ചു. പശ്ചിമബംഗാളിലെ നാലു സീറ്റുകളിലും തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ ഒരു സീറ്റിൽ ഡിഎംകെയും  ബീഹാറിലെ ഒരു സീറ്റിൽ സ്വതന്ത്രനും ആണ് വിജയിച്ചത്.ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിലാണെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.



ബിജെപി വിജയിച്ച രണ്ടിടത്തും പാർട്ടിക്ക് വലിയ ഭൂരിപക്ഷം നേടാനായില്ല. 13 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പത്തിടത്താണ് പ്രതിപക്ഷ കൂട്ടായ്മ വിജയം നേടിയത്.

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം


സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം.കാസർഗോഡും മലപ്പുറത്തുമാണ് മരണം.കോഴിക്കോട്  മടപ്പള്ളിയിൽ സീബ്രാ ലൈൻ മുറിച്ചു കടന്ന വിദ്യാർത്ഥികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി.കണ്ണൂർ ഇരിട്ടിയിൽ റോഡിൽ വീണ വയോധികൻ വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവത്തിൽ , വാഹനങ്ങൾ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു



കാസർഗോഡ് ബദിയടുക്കയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ  യുവാവ് മരിച്ചു.വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസിന് ആണ് ദാരുണാന്ത്യം.മലപ്പുറം വേങ്ങര കാട്ടുപൊന്തയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന ബീഹാർ സ്വദേശി അജ്മൽ ഹുസ്സൈന് ജീവൻ നഷ്ടമായി.പന്തളം കുരമ്പാലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറി അപകടം ഉണ്ടായി.ബസ് കാത്ത് നിന്ന സ്ത്രീയ്ക്കും ഡ്രൈവർക്കും  പരുക്കേറ്റു.കണ്ണൂർ ഇരിട്ടിയിൽ റോഡിൽ വീണ വയോധികൻ വാഹനങ്ങൾ ഇടിച്ച് മരിച്ച സംഭവത്തിൽ വാഹനങ്ങൾ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു.ഇന്നലെയാണ്  പകടത്തിൽ ഇടുക്കി സ്വദേശി രാജൻ മരിച്ചത്. റോഡിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച രാജനെ, പിന്നാലെ വന്ന വാഹനങ്ങൾ ഇടിച്ചു വീഴ്ത്തുകയായിരുന്നു


കോഴിക്കോട് വടകര മടപ്പള്ളിയിൽ  സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. വടകര സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ ലൈസന്‍സാണ് മോട്ടോർ വാഹന വകുപ്പ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കിയത്.വിദ്യാർത്ഥികളെ വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ചോമ്പാല പോലീസ്  ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു

ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം: ഏഴ് സീറ്റുകളിൽ ജയിച്ചു, നാലിടങ്ങളിൽ ലീഡ് തുടരുന്നു

ന്യൂ ഡെൽഹി :
ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യത്തിന് മുന്നേറ്റം. ഏഴ് ഇടങ്ങളിൽ ഇന്ത്യ മുന്നണി ജയിച്ചു. നാല് സീറ്റുകളിൽ ലീഡ് തുടരുകയാണ്. അതേസമയം രണ്ടിടത്ത് മാത്രമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. ബിഹാർ, ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഹിമാചൽപ്രദേശിലെ ഡെഹ്‌റയിൽ മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിന്റെ ഭാര്യയും കോൺഗ്രസ് സ്ഥാനാർഥിയുമായ കമലേഷ് താക്കൂർ വിജയിച്ചു. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർഥി ജയിച്ചു.

പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലും തൃണമൂൽ സ്ഥാനാർഥികൾ ആണ് ജയിച്ചത്.

നീണ്ട മെയില്‍ വായിച്ച് ഇനി സമയം കളയേണ്ട…. ഐഎ പവേര്‍ഡ് സമ്മറിയുമായി ജിമെയില്‍

നീണ്ട മെയില്‍ വായിച്ച് ഇനി സമയം കളയേണ്ട. വലിയ മെയിലുകളുടെ സംക്ഷിപ്ത രൂപം നല്‍കുന്ന ഐഎ പവേര്‍ഡ് സമ്മറിയുമായി ജിമെയില്‍. ഇ-മെയില്‍ സംഭാഷണങ്ങളുടെ ഉള്ളടക്കം അടങ്ങിയിരിക്കുന്ന റീക്യാപ്പുകള്‍ നല്‍കുന്നതിനാണ് ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദൈര്‍ഘ്യമേറിയ മെയിലുകള്‍ മുഴുവന്‍ വായിക്കാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. പെയ്ഡ് കസ്റ്റമേഴ്സിനായി ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും. സിംഗിള്‍ ത്രെഡ് ഇ-മെയിലുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകില്ല. കുറഞ്ഞത് രണ്ട് പ്രതികരണങ്ങളെങ്കിലും ഉള്ള മെയിലുകള്‍ക്കാണ് ഫീച്ചര്‍ ഉപയോഗപ്പെടുക. വിപുലമായ മെയിലുകള്‍ സംഗ്രഹിക്കുന്നതിനും പ്രധാന പോയിന്റുകള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും പുതിയ ഫീച്ചര്‍ സഹായിക്കുന്നു.
മെയിലിന് മുകളിലുള്ള സമ്മറൈസ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഉള്ളടക്കം ബുള്ളറ്റ് പോയിന്റുകളായി സമ്മറി ലഭിക്കും. സ്‌ക്രീനിന്റെ താഴെ നിന്നും മുകളിലേക്കായാണ് സമ്മറി ലഭിക്കുക.

1000 കോടി പിന്നിട്ട് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി

പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ബോക്സ് ഓഫീസില്‍ 1000 കോടി പിന്നിട്ടിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നാണ് ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ 1000 കോടി ക്ലബ്ബില്‍ ഇടംനേടുന്ന ഏഴാമത്തെ ചിത്രമായി കല്‍ക്കി 2898 എഡി മാറി.
ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. പ്രഭാസിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് പ്രേക്ഷകരോട് നന്ദി കുറിച്ചത്. ഈ നേട്ടം കുറിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രം കൂടിയാണ് കല്‍ക്കി.
റിലീസ് ചെയ്ത് രണ്ടാം ആഴ്ചയിലാണ് ചിത്രത്തിന്റെ മിന്നും നേട്ടം. ഇതിനു മുന്‍പ് ദംഗല്‍, ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് 2, ജവാന്‍, പത്താന്‍ എന്നിവയാണ് 1000 കോടി നേടിയ മറ്റ് ചിത്രങ്ങള്‍. അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍ അന്ന ബെന്‍, ശോഭന തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു, പതിനാലുകാരന്‍ തൂങ്ങിമരിച്ചു

കൊച്ചിയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. രൂപമാറ്റം നിയമവിരുദ്ധവും അരോചകവും, ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കും. വേഗപ്പൂട്ട് ഊരിയവര്‍ തിരിച്ച് ഘടിപ്പിക്കേണ്ടിവരും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സുകള്‍ തിരിച്ചുനല്‍കല്‍ ഇനി കര്‍ശനമെന്നും മന്ത്രി.

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
ഇന്ന് രാവിലെ 8.30-ഓടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചോരവാര്‍ന്ന നിലയിലായിരുന്നു വനജയുടെ മൃതദേഹം.
ഇവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരുടെ പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളിലാണ്. ഒരു മകള്‍ വീടിന് ഏതാണ്ട് അടുത്തും മറ്റൊരു മകള്‍ ചങ്ങനാശ്ശേരിയിലുമാണ് കഴിയുന്നത്. വിദ്യാധരന്‍ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നേരത്തെ ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ കുറച്ചുനാളായി കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. പലപ്പോഴായി ഇരുവരും വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി…. തിരച്ചില്‍ ഊര്‍ജ്ജിതം

ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. മൂന്ന് മണിക്കൂറിലേറെ നേരം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധിയാകുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു

ഓറഞ്ച് അലർട്ട്

13-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

14-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

15-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

13-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

14-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്

15-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

16-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

17-07-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

  • ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
  • സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
  • ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
  • സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
  • വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
  • മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
  • ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
  • ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
  • ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
  • കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
  • വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.

കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf എന്ന ലിങ്കിൽ ലഭ്യമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.