ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. മൂന്ന് മണിക്കൂറിലേറെ നേരം തിരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മാലിന്യത്തിന്റെ വലിയ കൂമ്പാരമാണ് തിരിച്ചലിന് പ്രതിസന്ധിയാകുന്നത്.
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ കയര്‍ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചുകയറാനായില്ല. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്തു പോകുന്ന ഭാഗത്ത് മാലിന്യങ്ങള്‍ക്കടിയിലൂടെ ഊളിയിട്ട് തിരച്ചില്‍ നടത്തുകയെന്നത് ദുഷ്‌കരമാണ്. പാളത്തിന് അടിയില്‍ തോടിന് വീതികുറവാണെന്നതും വെല്ലുവിളിയാണ്.
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായി…. തിരച്ചില്‍ ഊര്‍ജ്ജിതം
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു
ഓറഞ്ച് അലർട്ട്
13-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
14-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
15-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
16-07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
13-07-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്
14-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്
15-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
16-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്
17-07-2024: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
- ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
- സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
- ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
- സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
- വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
- മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
- ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
- ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
- ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
- ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
- കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
- വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2023 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2023/06/Orange-Book-of-Disaster-Management-2023-2.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.
ജില്ലയില്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ ലാബോറട്ടറി വരുന്നു
ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെൻ്റർ ലബോറട്ടറി തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ മൃഗസംരക്ഷണവകുപ്പ്തല ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സുസജ്ജമായ
ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും.
വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും. കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം.
പാലുല്പാദന വർദ്ധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാപ്ര ശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെൻ്റ് മൊബൈൽ സെൻ്റർ ഉടൻ പ്രവർത്തനമാരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എ.ബി.സി സെൻ്ററും സ്ഥാപിക്കും.
കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം കൂടാതെ നൽകാനും കഴിയണം.
രോഗപ്രതിരോധനടപടികൾ കുറ്റമറ്റരീതിയിൽ സമയബന്ധിതമായി നടത്തിവരികയാണ്.
പശുക്കളുടെ പാലുത് പാദന വർധനയ്ക്കും സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്. 182ബ്ളോക്കുകളിലും ആംബുലൻസ് സൗകര്യം സജ്ജമാക്കി വരുന്നു. രാത്രികാല സേവനവും ഉറപ്പാക്കുന്നു.
പക്ഷിപനി നിയന്ത്രിക്കാൻ സുശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. 30 കോടിയോളം രൂപയാണ് ഇതിനായി ചിലവായത്. കേന്ദ്രസർക്കാരിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ, മീറ്റ് പ്രൊഡക്ടേഴ്സ് ഓഫ് ഇന്ത്യ എന്നിവ വഴി പക്ഷിപനിബാധിത മേഖലകളിലെ ഭക്ഷ്യഇറച്ചിയുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ കലക്ടർ എൻ. ദേവിദാസ് അധ്യക്ഷനായി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.ഷൈൻകുമാർ,
ആത്മ ഡെപ്യൂട്ടി ഡയറക്ടർ
ഡോ.പി.കെ. ആനന്ദ്
എന്നിവർ സംസാരിച്ചു.
50 /50 പദ്ധതി: സപ്ലൈകോ ഉൽപ്പന്നങ്ങൾക്ക് പകുതി വില
ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും. 50/ 50 പദ്ധതിയുടെ ഭാഗമായി 300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും. ശബരി മുളകുപൊടി , മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിര്‍വാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍, ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്.
ഗതാഗത നിയന്ത്രണo
അഞ്ചാലുംമൂട് നിന്ന് ഇഞ്ചവിള – മുക്കടക്കമുക്ക് – കാഞ്ഞാവെളി റോഡിൽ ജൂലൈ 15 മുതൽ 27 വരെ പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
അംബാനി കല്യാണത്തിൽ തിളങ്ങി നടൻ പൃഥ്വിരാജും
അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ തിളങ്ങി നടൻ പൃഥ്വിരാജും ഭാര്യയും സുപ്രിയ മേനോനും. ഓഫ് വൈറ്റ് നിറത്തിലെ കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഢംബര വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്‌ലി എന്നിവർ കുടുംബസമേതം വിവാഹത്തിനെത്തി.
മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിലെ റെക്കോര്‍ഡ് പോയിന്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ല.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീടുള്ള രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് തിരിച്ചുകയറിയത്.
നിരത്തില്‍ തെന്നിവീണ വയോധികന്റെ ദാരുണാന്ത്യം,അന്വേഷണം വ്യാപകം
കണ്ണൂർ. നിരത്തില്‍ തെന്നിവീണ വയോധികന്റെ ദാരുണാന്ത്യത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾക്കായി ആണ് അന്വേഷണം. റോഡിൽ വീണ വയോധികനെ വാഹനം ഇടിച്ചുതെറിപ്പിച്ചു. പിന്നിൽ വന്ന വാഹനം ശരീരത്തിൽ കയറിയിറങ്ങുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കി നിർത്താതെ പോയ വാഹനങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു.
പുറത്തു പോകേണ്ടി വരും,ബിജെപിക്ക് മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി
പനജി.ബിജെപിക്ക് മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി.കോൺഗ്രസിന്റെ വീഴ്ചകൾ ബിജെപിയും ആവർത്തിച്ചാൽ ഭരണത്തിൽ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് ഗഡ്കരി.കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾ കാരണമാണ് ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തത്.ഇതേ പിഴവ് ബിജെപിയും ആവർത്തിച്ചാൽ അധികാരത്തിൽനിന്ന് പുറത്തു പോകേണ്ടിവരും.സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതാണ് രാഷ്ട്രീയം എന്നും ഗോവയിലെ ബിജെപി എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര മന്ത്രി.
നിർഭയ കേന്ദ്രത്തിൽ നിന്നും 19 പെൺകുട്ടികൾ രാത്രി പുറത്ത് ചാടി
പാലക്കാട് .മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. പോക്സോ കേസുകളിലെ അതിജീവിതകൾ അടക്കമാണ് ജീവനക്കാർ കാണാതെ പുറത്തു ചാടിയത്
മണിക്കൂറുകൾ നീണ്ട തിരച്ചിലൊടുവിൽ കുട്ടികളെ പിന്നീട് പോലീസ് കണ്ടെത്തി. കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്പെക്ടർ പറഞ്ഞു.കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആദ്യം 15 പേരെയും രാത്രി ഒരു മണിയോടെ നാലു പേരെയും കണ്ടെത്തുകയായിരുന്നു.





































