Home Blog Page 2448

മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിന് 14 വര്‍ഷം തികയുന്നു….. ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ അജുവര്‍ഗീസ്

തന്റെ ആദ്യചിത്രമായ മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ അജുവര്‍ഗീസ്. മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് റിലീസായി 14 വര്‍ഷം തികയുന്ന വേളയിലാണ് അജു ഫെയ്സ് ബുക്കിലൂടെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. പതിനാല് വര്‍ഷങ്ങള്‍ എന്ന തലക്കെട്ടില്‍ രണ്ട് ചിത്രങ്ങളാണ് അജു ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. സിനിമയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ അന്നത്തെ ചിത്രത്തിനൊപ്പം സിനിമയുടെ നിര്‍മാതാവ്, നടന്‍ ദിലീപിനെ അജുവര്‍ഗീസ്, നിവിന്‍ പോളി, ഭഗത് മാനുവല്‍, ഹരികൃഷ്ണനും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്ന ചിത്രമാണ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍ തുടങ്ങിയവരുടെ ആദ്യ സിനിമക്കൂടിയായിരുന്നു മലര്‍വാടി ആര്‍ട്ട്സ് ക്ലബ്. 2010 ജൂലൈ 16നാണ് മലര്‍വാടി ആര്‍ട്ട്സ് ക്ലബ് റിലീസായത്. വിനീത് ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇടുക്കി .ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും, ശക്തമായ കാറ്റ്, മണ്ണിടിയുന്നത് മൂലം ഗതാഗത തടസ്സം എന്നിവ കണക്കിലെടുത്ത് ബുധനാഴ്ച (17.7.2024) ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഷിബ ജോർജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസ, കിൻഡർ ഗാർഡൻ, എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല എന്ന് കളക്ടർ അറിയിച്ചു. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്.

കോഴിക്കോട്, വയനാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതാത് ജില്ലാ കലക്ടര്‍മാര്‍ അവധിപ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

വയനാ’ട്ടിൽ’്. കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. കല്ലൂർ കല്ലുമുക്ക് മാറോട് സ്വദേശി രാജുവാണ് ചികിത്സയിലിരിക്കെ മരിച്ചത്.ഞായറാഴ്ച രാത്രിയായിരുന്നു വീടിനടുത്ത് വച്ച് കാട്ടാന ആക്രമണം

വനത്തോട് ചേർന്നുള്ള ഗ്രാമപ്രദേശമാണ് മാറോട് . ഞായറാഴ്ച രാത്രി 8 മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന രാജുവിനെ കാട്ടാന ആക്രമിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം

മേഖലയിലെ കിടങ്ങും വൈദ്യുതി വേലിയും കൊണ്ട് ഒരു ഗുണവുമില്ല എന്ന് നാട്ടുകാർ. ഈ പ്രദേശത്തേക്കുള്ള റോഡ് തകർന്നു തരിപ്പണമായിട്ട് വർഷങ്ങളായി

ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിൻറെ അത്താണിയായിരുന്നു രാജു.അഞ്ചുവർഷം മുമ്പ് ആണ് രാജുവിന്റെ സഹോദരൻ വാസുവിന്റെ മകൻ ബിജു കാട്ടാന ആക്രമണത്തിന് ഇരയായത്. അരയ്ക്കു താഴെ തളർന്ന കിടപ്പാണ് ബിജു .

ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസ് നിർണയിക്കുന്ന കാലം ആകും ഇനിയെന്ന് കെ സി വേണുഗോപാൽ

വയനാട്. ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസ് നിർണയിക്കുന്ന കാലം ആകും ഇനിയെന്ന് എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സംഘടനയെ ശക്തിപ്പെടുത്തുക എന്ന് ലക്ഷ്യമിട്ട കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവിന് വയനാട്ടിൽ പ്രൗഡമായ തുടക്കം. നേതൃനിരയിലെ അഭിപ്രായ ഭിന്നത സംഘടനയെ ബാധിക്കരുത് എന്ന് കെ സുധാകരനും എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകണമെന്ന് വിഡി സതീശനും അഭിപ്രായപ്പെട്ടു

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ , തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയ്ക്കായുള്ള മുന്നൊരുക്കമാണ് കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവിൽ നടക്കുന്നത്. വിജയത്തിനായുള്ള കർമ്മ പദ്ധതി ക്യാമ്പിൽ ആവിഷ്കരിക്കും. രാജ്യത്തിൻ്റെ രാഷ്ട്രീയം കോൺഗ്രസ് ആണ് ഇനി നിശ്ചയിക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കൂടെ നിൽക്കുന്നവർക്ക് പോലും കോൺഗ്രസ് രക്ഷപ്പെടില്ലേ എന്നായിരുന്നു ആശങ്ക. അതിൽ നിന്ന് രാഷ്ട്രീയ സാഹചര്യം മാറി.

പിണറായി സർക്കാർ ജനങ്ങളിൽ നിന്ന് അകന്നതാണ് തെരഞ്ഞെടുപ്പിൽ സിപിഎം ന് തിരിച്ചടി ആയതെന്ന് കെ സുധാകരൻ.
ഈ പിഴവ് കോൺഗ്രസിന് സംഭവിക്കരുത്. നേതൃ നിരയിലെ അഭിപ്രായ ഭിന്നത സംഘടനയെ ബാധിക്കരുത് എന്നും കെ സുധാകരൻ

സംഘടനപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്ന് വി.ഡി സതീശൻ പറഞ്ഞു. ആരെയും മാറ്റി നിർത്തരുത്

അതേസമയം കെ മുരളീധരൻ , മുല്ലപ്പള്ളി രാമചന്ദ്രൻ , വി എം സുധീരൻ എന്നിവർ ക്യാമ്പിൽ പങ്കെടുക്കുന്നില്ല. മുരളീധരൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ട ആളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. KPCC ഭാരവാഹികൾ, DCC അധ്യക്ഷൻമാർ, MP മാർ , MLA മാർ തുടങ്ങി 123 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്

ആമ ഇഴഞ്ചാന്‍ മാലിന്യം , സര്‍ക്കാരും നഗരസഭയും റെയില്‍വേക്കെതിരെ, റെയില്‍വേ കൈകഴുകി, സര്‍ക്കാരും നഗരസഭയും റെയില്‍വേക്കെതിരെ

തിരുവനന്തപുരം. റെയിൽവേ പരിധിയിലുള്ള ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി ജോയി അപകടത്തിൽപ്പെട്ടു മരിച്ച സംഭവത്തിൽ വീണ്ടും കൈകഴുകി റെയിൽവേ. റെയിൽവേ
അല്ല മാലിന്യം തള്ളിയതെന്നും,കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ നിയമപരമായി
മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും റെയിൽവേ ഡിവിഷണൽ മാനേജർ മനീഷ്
ധാപ്ലിയാൽ പ്രതികരിച്ചു.അതേ സമയം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കം ചർച്ച ചെയ്യാൻ
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു.

റെയിൽവേ കരാർ നൽകിയതിന്റെ അടിസ്ഥാനത്തിൽ നടന്ന ജോലിക്കിടെയായിരുന്നു എൻ.ജോയ്
റെയിൽവേ പരിധിയിലെ ആമയിഴഞ്ചാൻ തോട്ടിൽ വീണു മുങ്ങി മരിച്ചത്.കരാർ നൽകി മാലിന്യം
നീക്കാൻ പ്രവർത്തികൾ ആരംഭിച്ചിട്ടും ജോയിയുടെ മരണത്തിൽ ഉത്തരവാദിത്തമില്ലെന്നാണ് റെയിൽവേയുടെ ആവർത്തിച്ചുള്ള വാദം. റെയിൽ പരിധിയിലേക്ക് മാലിന്യം ഒഴുകി എത്തിയതാണ്.അത് തടയാൻ റെയിൽവേ ഷട്ടറുകൾ സ്ഥാപിച്ചിരുന്നു.ജോയ് കരാർ തൊഴിലാളി ആയത്തിനാൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യാൻ കഴികയുള്ളുവെന്നു ഡിവിഷണൽ റീജിയണൽ മാനേജർ മനീഷ് ധാപ്ലിയാൽ

മാലിന്യ നീക്കവും റെയിൽവേയുമായുള്ള തർക്കവും ഉൾപ്പടെ വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാനാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഓൺലൈൻ ആയാണ് യോഗം ചേരുക.ഏഴു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും,മേയറും,ചീഫ് സെക്രട്ടറിയും,റെയിൽവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.ഗവർണർ ആരിഫ് മുഹമ്മദ് ഖാനും,
മന്ത്രി വി ശിവൻകുട്ടിയും എൻ.ജോയിയുടെ വീട് സന്ദർശിച്ചു.റെയിൽവേയും നഗരസഭയും വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നു ഗവർണർ പ്രതികരിച്ചു .കുടുംബത്തിനുള്ള ധനസഹായം സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

അതേ സമയം ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു എം.പി മാരായ എ.എ റഹീം,കൊടിക്കുന്നിൽ സുരേഷ് എന്നിവർ കേന്ദ്രത്തിനു കത്ത് നൽകി.നിസ്സഹകരണത്തിൽ പ്രതിഷേധിച്ചു നാളെ ഡിവൈഎഫ്ഐ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി, ഇത്തവണ ഡോക്ടര്‍ സഹിതം

തിരുവനന്തപുരം. മെഡിക്കല്‍ കോളേജില്‍ രോഗി വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ ഉള്‍പ്പടെയാണ് അകപ്പെട്ടത്. പൊലീസെത്തി ഇരുവരെയും പുറത്തെത്തിച്ചു. മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു ദിവസം കിടന്നത് മരണം മുന്നില്‍ കണ്ടെന്ന് രവീന്ദ്രന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഇന്ന് ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ലി്ഫ്റ്റില്‍ വനിതാ ഡോക്ടറും രോഗിയും കുടുങ്ങിയത്. പൊലീസെത്തിയ ശേഷമാണ് ഇരുവരേയും പുറത്തെത്തിച്ചത്. വീഴ്ച ആവര്‍ത്തിച്ചതോടെ ആശുപത്രിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നു

അതിനിടെ മരണത്തെ മുന്നില്‍ കണ്ടാണ് ലിഫ്റ്റില്‍ 42 മണിക്കൂര്‍ കഴിഞ്ഞതെന്ന് ശനിയാഴ്ച ലിഫ്റ്റില്‍ അകപ്പെട്ട രവീന്ദ്രന്‍ നായര്‍ പറഞ്ഞു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. ലിഫ്റ്റിലെ അലാം സ്വിച്ച് പലവട്ടം അമര്‍ത്തിയെങ്കിലും ആരും എത്തിയില്ല.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ എത്തി രവീന്ദ്രന്‍ നായരെ കണ്ടു. സംഭവത്തില്‍ കേസെടുത്ത മനുഷ്യാവകാശ കമ്മിഷന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽതമിഴ്നാട് മുൻമന്ത്രി എംആർ വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റിൽ

തൃശൂര്‍. നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ
തമിഴ്നാട് മുൻമന്ത്രി എം.ആർ. വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ. വ്യാജരേഖയുണ്ടാക്കി നൂറ് കോടിയോളം രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്.

എം ആർ വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. അണ്ണാ ഡി.എം.കെ.യുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള എട്ടുപേർ ശ്രമിച്ചെന്നാണ് കേസ്. വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിൽ ആയിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും തമിഴ്നാട് സിബി സിഐഡിയാണ് പിടികൂടിയത്. പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട മൈസൂരിലെ കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്

പാലക്കാട് . ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട കുടുംബത്തെ സാഹസികമായി കരക്കെത്തിച്ച് ഫയര്‍ഫോഴ്‌സ്,മൂന്ന് പുരുഷന്മാരും ഒരു വയോധികയുമാണ് കുളിക്കാന്‍പുഴയില്‍ ഇറങ്ങിയതിനിടെ കുടുങ്ങിയത്,ഒരു മണിക്കൂറിന് ശേഷമാണ് നാല് പേരെയും രക്ഷിക്കാനായത്

മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു,വെളളം പൊങ്ങി തുടങ്ങിയതോടെ ഉയര്‍ന്ന പാറമേല്‍ കയറി നിന്നു,ഒരു മണിക്കൂറോളം ഒരേ നില്‍പ്പ്,പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് മൈസൂര്‍ സ്വദേശികളായ ലക്ഷ്മണന്‍,ഭാര്യ ദേവി,മകന്‍ സുരേഷ്,ചെറുമകന്‍ വിഷ്ണു എന്നിവരെ രക്ഷിച്ചത്

കാഴ്ചക്കാരെ ആശങ്കയുടെ മുള്‍മുനയിലാക്കിയായിരുന്നു രക്ഷാദൗത്യം .ശക്തമായ മഴയെതുടര്‍ന്നുണ്ടായ കുത്തൊഴുക്കിനേയും അവഗണിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം…ഒടുവില്‍ നാലുപേരും കരയില്‍ എത്തി.

മന്ത്രി കെ കൃഷ്ണന്‍കുട്ടിയടക്കം നേരിട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എത്തിയിരുന്നു,നിയന്ത്രണങ്ങള്‍ ലംഘിച്ച് ജലാശയങ്ങളില്‍ ആരും ഇറങ്ങരുതെന്ന് മന്ത്രിയും ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കി

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു

തൃശൂര്‍. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു.ഗുരുവായൂർ മമ്മിയൂർ സ്വദേശി 62 വയസ്സുള്ള സുരേഷ് ജോർജ് ആണ് മരിച്ചത്. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയിട്ടുള്ള സുരേഷ് പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷ് ജോർജിന് എലിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം

അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിൽ അതിശക്തമായ മഴക്കും വടക്കൻ കേരളത്തിൽ അതി തീവ്ര മഴക്കും ആണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.