തൃശൂര്‍. വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ ട്രാക്കിൽ വെള്ളക്കെട്ട്. 3 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി റെയിൽവേ. എറണാകുളം കണ്ണൂർ ഇന്റർ സിറ്റി എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുനെൽവേലി പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയിൽ യാത്ര അവസാനിപ്പിക്കും
വയനാട്ടിലെ ഉരുൾപൊട്ടൽ: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി..മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സഹായം
വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് സ്ഥിതി ഗതികൾ മനസ്സിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50000 രൂപയും ദുരിതാശ്വാസനിധിയിൽനിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മുഖ്യമന്ത്രിയുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചു. വയനാട്ടിൽ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഞ്ച് മാസം ഗര്‍ഭമുള്ള കുതിരയെക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഒരാള്‍ റിമാന്റില്‍
കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗര്‍ഭമുള്ള കുതിരയെ, കാറിലും സ്‌കൂട്ടറിലുമെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ റിമാന്റില്‍. കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ അല്‍ അമീന്‍ (26) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
കുതിരയെ അക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ അമീന്‍ ഇന്നലെ രാവിലെ ഉമയനല്ലൂരില്‍ നിന്ന് പോലീസ് പിടിയിലായത്. കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ളവരും കൊട്ടിയം സ്വദേശികളുമായ യുവാക്കളാണ് ഇനി പിടിയിലാകാനുള്ളതെന്നാണ് സൂചന. കുതിരയെ മര്‍ദ്ദിച്ച സംഭവത്തിലെ മറ്റ് പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഇരവിപുരം പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഭവം നടന്ന ശേഷം പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ കഴിഞ്ഞ ദിവസം കുതിരയെ ആക്രമിച്ച സംഭവം വാര്‍ത്തയായാതോടെ ഒളിവില്‍ പോകുകയായിരുന്നു. ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയതായും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് ഇന്നലെ സംഭവ സ്ഥലത്തെത്തി മഹ്‌സര്‍ തയ്യാറാക്കി. ഷാനവാസിന്റെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തുകയും ചെയ്തു. വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള ഗര്‍ഭിണിയായ കുതിരയാണ് മര്‍ദ്ദനത്തിനിരയായത്. ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ കെട്ടിയിരുന്ന കുതിരയെയാണ് 6 യുവാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിയെ ഇരവിപുരം എസ്എച്ച്ഒ രാജീവ്, എസ്‌ഐമാരായ സുകേഷ്, ഉമേഷ്, സിപിഒമാരായ സുമേഷ്, ദീപു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
എഴുകോണിൽ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മരണം;ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ ഇളവില്ല
കൊല്ലം: എഴുകോണ്‍ നെടുമണ്‍കാവില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ഇബി. 2021 ഒക്ടോബര്‍ 30ന് ടികെഎം എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ മൊഹമ്മദ് റിസ്വാന്‍, അര്‍ജ്ജുന്‍ എം.എസ്. എന്നിവര്‍ കല്‍ച്ചിറപ്പള്ളിയ്ക്ക് സമീപം നെടുമണ്‍കാവ് ആറിന് സമീപത്തുള്ള കല്‍പ്പടവില്‍ ഇറങ്ങുമ്പോള്‍ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അവിചാരിതമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
വെളിയം ഇലക്ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ് എന്‍ജിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍ എന്നീ തസ്തികകളില്‍പ്പെട്ട എട്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയതിനെത്തുടര്‍ന്ന് ആറ് ജീവനക്കാരുടെ മൂന്നും, ഒരു ജീവനക്കാരിയുടെ ഒന്നും വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ തടഞ്ഞ് ചീഫ് എന്‍ജിനീയര്‍ (എച്ച്ആര്‍എം) അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതിനെതിരെ ബന്ധപ്പെട്ട ജീവനക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ കുറ്റാരോപിതര്‍ക്കെതിരെ ചീഫ് എന്‍ജിനീയര്‍ (എച്ച്ആര്‍എം) പുറപ്പെടുവിച്ച അന്തിമ ഉത്തരവ് ശരിവച്ച് ശിക്ഷയില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ല എന്ന് ഉത്തരവിറക്കുകയായിരുന്നു.
റോഡരികില്‍ കഞ്ചാവ് ചെടി;എക്‌സൈസ് സംഘം നശിപ്പിച്ചു
അഞ്ചല്‍: തിരക്കേറിയ റോഡരികില്‍ വളര്‍ന്നു വന്ന കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. ഏരൂര്‍ ആലഞ്ചേരി-ഓന്ത്പച്ച റോഡില്‍ കരുകോണിന് സമീപമാണ് ചെടി വളര്‍ന്നുനിന്നത്. 164 സെന്റിമീറ്റര്‍ നീളമുള്ളതാണ് നശിപ്പിക്കപ്പെട്ട ചെടി. കാട്ടുചെടിയാണെന്ന ധാരണയിലായിരുന്നു നാട്ടുകാര്‍. അതിനാല്‍ ആരുമിത് കാര്യമാക്കിയിരുന്നില്ല. കഞ്ചാവ് കച്ചവടം നടത്തുന്നവരിലാരെങ്കിലും വളര്‍ത്തിയതാകാമെന്ന് കരുതപ്പെടുന്നു. ഈ പ്രദേശത്ത് അടുത്ത കാലത്തായി നിരവധി കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുടുള്ളതാണ്. എക്‌സൈസ് ഓഫീസില്‍ ലഭിച്ച ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തി ചെടി നശിപ്പിച്ചത്.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ബിനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്, നിനീഷ് എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചത്.
മഴ മുന്നറിയിപ്പ് പുതുക്കി, അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
മഴ മുന്നറിയിപ്പ് പുതുക്കി. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, തൃശൂർ, ഇടുക്കി പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.




































