Home Blog Page 2389

മുണ്ടക്കൈയിൽ പട്ടാളം ബെയിലി പാലം നിർമിക്കും; സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും

വയനാട് : മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം ബെയിലി പാലം നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ എത്തും. പാലം നിർമിച്ചാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയി.

ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തകർന്നുകിടക്കുന്ന വീടുകൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 98 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഇരുന്നൂറോളം പേരെ കണ്ടെത്താനുണ്ടൈന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം

മരണസംഖ്യയും ഉയരുകയാണ്. 159 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന് ശേഷവും 7 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വീടുകൾക്കുള്ളിൽ ( കുടുങ്ങിക്കിടക്കുകയാണ്. മുണ്ടക്കൈയിൽ ഒരു വീട്ടിൽ സോഫയിൽ ഇരിക്കുന്ന നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു.

വീട് തകർന്നു കിടക്കുന്ന നിലയിലായതിനാൽ ഈ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. വലിയ കട്ടിംഗ് മെഷീനുകളടക്കം ഇവിടേക്ക് എത്തിച്ചാൽ മാത്രമേ മൃതദേഹങ്ങൾ പുറത്തേക്ക് എത്തിക്കാൻ സാധിക്കൂ എന്നാണ് ഇവർ പറയുന്നത്

സമീപത്തുള്ള വീടുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ഈ വീടുകളിലെല്ലാം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പല വീടുകളിലും ശരീര ഭാഗങ്ങൾ ചിതറി കിടക്കുന്ന നിലയിൽ കണ്ടതായും വിവരമുണ്ട്.

വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍…കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തത് ആശുപത്രിയില്‍നിന്ന്

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നും പൊലീസ് അനേഷിക്കുന്നുണ്ട്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും.

റോഡിൽ കുഴഞ്ഞുവീണ ഗൃഹനാഥൻ മരിച്ചു

കൊട്ടിയം : ആശുപത്രിയിൽ പോയി മടങ്ങിയ ഗൃഹനാഥൻ വഴിയിൽ കുഴഞ്ഞു വീണു മരിച്ചു.

മൈലക്കാട് കാവുവിളവീട്ടിൽ മുഹമ്മദ്‌ ഹുസൈൻ (56) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങും വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. കണ്ടു നിന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏറെ കഴിയും മുൻപെ മരിച്ചു. ഭാര്യ. ആൽഫി മക്കൾ.മുഹമ്മദ് ഹാരിസ് (ഖത്തർ) മുഹമ്മദ് ആരിഫ്.

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 153… ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മുണ്ടക്കൈയിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 153 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങി. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് നടക്കുന്നത്.
അതേസമയം ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 60 മൃതദേഹങ്ങളാണ്. സംസ്കാരം ഒന്നിച്ചുനടത്തണോ എന്നതില്‍ അന്തിമ തീരുമാനമായില്ല. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

ആരോഗ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടത് വയനാട്ടിലേക്കുള്ള യാത്രക്കിടെ

വയനാട്ടിലേക്കുള്ള യാത്രക്കിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കാര്‍ അപകടത്തില്‍പെട്ടു. കാര്‍ പോസ്റ്റിലും രണ്ടു ബൈക്കുകളിലും ഇടിച്ചു. മന്ത്രിയ്ക്കു പരിക്കേറ്റു. മ‍ഞ്ചേരി മെഡി. കോളജില്‍ ചികില്‍സ തേടി. 

മാലിന്യം ഒഴുക്കിയതിന് കരുനാഗപ്പള്ളിയിലെ വസ്ത്രശാലക്ക് ഒരു ലക്ഷം രൂപ പിഴ

കരുനാഗപ്പളളി. നഗരസഭയിൽ ഡിവിഷൻ 15 ൽ അയ്യൂബ്‌ഖാന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന യെസ് ഭാരത് വെഡ്ഡിംഗ് സെന്ററിൽ നിന്നും 27.07.2024 ന് കക്കൂസ് മാലിന്യം പൊതുനിരത്തിലേക്കും പൊതുഓടയിലേക്കും ഒഴുക്കിയതിന് നഗരസഭ ഹെൽത്ത് വിഭാഗം കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം ഒരു ലക്ഷം രൂപ പിഴ അടപ്പിച്ചു. മറ്റ് സ്ഥാപനങ്ങൾ അത്തരത്തിൽ സെപ്റ്റേജ് മാലിന്യം ഒഴുക്കുന്നുണ്ടോ എന്ന പരിശോധന നടന്നു. കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് അടപ്പിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസാസിന്റെ ആദരം

തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ രക്ഷാപ്രവർത്തനം നടത്തിയ ഫയർഫോഴ്സ് അംഗങ്ങൾക്ക് സെന്റ് തെരേസസിന്റെ ആദരം. ISSD യുമായി
സഹകരിച്ചാണ് സെന്റ് തെരേസാസ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്.
ടീമിൽ പെട്ട 15 അംഗ സ്കൂബാ ഡ്രൈവമാർക്ക് ISSD CEO എം വി തോമസ് ആദരം കൈമാറി. കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചൻ തോടിൽ ഫയർഫോഴ്സ് നടത്തിയതെന്ന്
അദ്ദേഹം പറഞ്ഞു. കോളേജ് വിദ്യാർത്ഥികളും , എറണാകുളത്തെ സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോട്ടയം: മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി ബുധനാഴ്ച (ജൂലൈ 31) കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണ്. പൊതു പരീക്ഷകൾക്കും മുൻ നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

വയനാട്,കണ്ണൂര്‍,കാസര്‍കോഡ്,പാലക്കാട്,മലപ്പുറം,തൃശൂര്‍,കോഴിക്കോട്,എറണാകുളം,ഇടുക്കി, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്

പാർലമെന്റിൽ ഇന്നും വയനാട് ദുരന്തം ഇന്ത്യ മുന്നണി പാർട്ടികൾ ഉന്നയിക്കും

ന്യൂഡെല്‍ഹി. പാർലമെന്റിൽ ഇന്നും വയനാട് ദുരന്തം ഇന്ത്യ മുന്നണി പാർട്ടികൾ ഉന്നയിക്കും. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. സമയബന്ധിതമായ രക്ഷാപ്രവർത്തനം, ദുരന്തത്തിന്റെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം, മേഖലയിലെ പുനർനിർമാണത്തിന് ധനസഹായം തുടങ്ങിയ ആവശ്യങ്ങളാകും അടിയന്തര പ്രമേയം വഴി സഭയിൽ ഉന്നയിക്കുക. അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും എന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു .

വയനാട് ദുരന്തം, അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേരുക.മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും.തുടർന്ന് മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും.സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെ യോടെ മുഖ്യമന്ത്രി വയനാട്ടിൽ എത്തും.