വയനാട്ടിലെ ദുരന്തഭൂമിയില്‍ സൈന്യം സജ്ജീകരിച്ച ബെയ്ലി പാലം തുറന്നു. വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.
മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്.
ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
വയനാട്ടിലെ ദുരന്തഭൂമിയില്‍ സൈന്യം സജ്ജീകരിച്ച ബെയ്ലി പാലം തുറന്നു
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നെഹ്രുട്രോഫി വള്ളംകളി മാറ്റി
ആലപ്പുഴ: വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നെഹ്രുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി.തീയതി തീരുമാനിച്ചിട്ടില്ല.വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചു.ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല
വൈകിട്ട് ആറുമണിക്ക് ചേരുന്ന യോഗത്തിൽ മന്ത്രി പി പ്രസാദ് തീരുമാനം എൻബിആർ സൊസൈറ്റിയേ അറിയിച്ചേക്കും
സെപ്തംബർ 7 നു വള്ളംകളി നടത്തിയേക്കും
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 11 വര്‍ഷം കഠിന തടവ്
കൊല്ലം: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും. ഇരവിപുരം വാളത്തുംഗല്‍ താലിഫ് മന്‍സിലില്‍ താലിഫിനെ (26) ആണ് കൊല്ലം പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് അരുണ്‍ എം. കുരുവിള ശിക്ഷിച്ചത്. ഇരവിപുരം ആക്കോലില്‍ ലക്ഷംവീടിന് സമീപം സീനാനിവാസില്‍ ബിനുവിനെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
2016-നാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോട് കൂടി ജോലി കഴിഞ്ഞ് തിരികെ സുഹൃത്തിനൊപ്പം വരികയായിരുന്ന ബിനുവിന്റെ ബൈക്ക് ഇരവിപുരം കാവല്‍പ്പുര റെയില്‍വേ ഗേറ്റ് തുറന്നതിന്റെ ഇടയില്‍ പ്രതിയുടെ ബൈക്കില്‍ തട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് താലിഫും ബിനുവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി കമ്പിവടിയുമായെത്തി ബിനുവിനെ ആക്രമിക്കുകയായിരുന്നു.
ഇയാളുടെ സംസാരശേഷിയും സംഭവത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷാഫിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപ്പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ വി. വിനോദ്, എ. നിയാസ് എന്നിവര്‍ ഹാജരായി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) അവധി
തൃശൂര്‍. ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 2) ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 2, വെള്ളി) അവധി
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (02.08.2024, വെള്ളി) അവധിയായിരിക്കും. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.
ആറ് ജില്ലകളില്‍ നാളെ അവധി. വയനാട്, തൃശൂര്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്,പാലക്കാട് ജില്ലകള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം.
ഇടുക്കി, എറണാകുളം ജില്ല കളില്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധിയാണ്.
സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍
കൊല്ലം: സ്‌കൂള്‍ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍. കൊറ്റംകര ചിറവയല്‍ കുറ്റിവിളവീട്ടില്‍ അല്‍ത്താഫ് (24), തെറ്റിച്ചിറ എസ്‌വി നിവാസില്‍ വിനീത് (30) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അയത്തില്‍ ഗുരുമന്ദിരത്തിന് സമീപം റോഡില്‍ വച്ചിരുന്ന പ്രതികളുടെ സ്‌കൂട്ടര്‍ സ്‌കൂള്‍ ബസ് ഓടിച്ച് വന്ന ഡ്രൈവര്‍ മുഹളാര്‍ കോയ മാറ്റിവച്ചതില്‍ പ്രകോപിതാരായി ഇവര്‍ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
സ്‌ക്രൂട്രൈവര്‍ കൊണ്ട് കഴുത്തിനും മുതുകത്തും ഇവര്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് പ്രതികളെ പിടികൂടി. ഇരുവരും കിളികൊല്ലൂര്‍, ഇരവിപുരം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസുകളിലും പ്രതികളാണ്. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശശി, എഎസ്‌ഐ കലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പീഡനക്കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും
കൊട്ടാരക്കര: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. ഇളമാട് ഇടത്തറപ്പണ മുറിയില്‍ കൊല്ലുകോണത്ത് അഭിരാജ് ഭവനില്‍ അഭിരാജി (30) നെ ആണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി അഞ്ജു മീരാ ശിക്ഷിച്ചത്.
2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രതി അതിജീവതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. ചടയമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. ബിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്ക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഷുഗു. സി. തോമസ് ഹാജരായി.
യുവതിയെ വീട്ടില്‍ക്കയറി വെടിവച്ചത് ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നത്താല്‍
തിരുവനന്തപുരം: പെരുന്താന്നിയില്‍ യുവതിയെ വീട്ടില്‍ക്കയറി എയര്‍ഗണ്‍ ഉപയോഗിച്ച് പട്ടാപ്പകല്‍ വെടിവച്ചത് പ്രതിയായ വനിതാ ഡോക്ടറും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നെന്ന് പോലീസ്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോ. ദീപ്തിമോള്‍ ജോസാണ് പ്രതി. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ആശുപത്രി പരിസരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ദീപ്തിമോള്‍ ജോസും വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജീത്തും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിസിപി പോലീസ് വ്യക്തമാക്കി. സുജീത്തും ദീപ്തിയും ഒന്നരവര്‍ഷം മുമ്പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പം ഷിനിയുടെ ഇടപെടലോടെ തടസമായി എന്നതിനാലാണ് വെടിവയ്പ്പ് ആസൂത്രണം ചെയ്തത്. താന്‍ നിരന്തരം മാനസിക സംഘര്‍ഷം അനുഭവിച്ചെന്നും ഷിനിയും കുടുംബവും അതേ മാനസികസംഘര്‍ഷം അനുഭവിക്കുന്നതിനുവേണ്ടിയായിരുന്നു ആക്രമണമെന്നുമാണ് വെടിവയ്ക്കാനുള്ള കാരണമായി ഇവര്‍ പറയുന്നത്. പ്രതി ഡോ. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്.
ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ഡോക്ടര്‍ ആയതിനാല്‍ ശരീരത്തിലേല്‍ക്കുന്ന പരിക്കിനെക്കുറിച്ചും മരണസാധ്യതയും അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. ബന്ധുവിന്റെ വാഹനം താത്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കിയാണ് ഷിനിയുടെ വീട്ടിലെത്തിയത്.
കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുനടത്തിയ അന്വേഷണത്തിലൊടുവിലാണ് ദീപ്തിയെ കസ്റ്റഡിയിലായത്. ദീപ്തി ദിവസങ്ങള്‍ക്ക് മുമ്പ് പെരുന്താന്നിയിലെത്തി വീടും പരിസരവും നിരീക്ഷിച്ചിരുന്നു. മുഖം പ്രത്യേക തരം തൂവാല ഉപയോഗിച്ച് മറച്ചായിരുന്നു കുറിയര്‍ നല്‍കാനെന്ന പേരിലെത്തിയത്. നീളന്‍കോട്ടും ധരിച്ചിരുന്നു. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ചോദ്യംചെയ്യലിനോട് ആദ്യം സഹകരിച്ചിരുന്നില്ല. തെളിവുകള്‍ നിരത്തി ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് ഡോ. ദീപ്തി, ഷിനിയുടെ വീട്ടിലെത്തി വെടിയുതിര്‍ത്തത്.
ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഭവം; പിടിയിലാകാന്‍ ഇനിയും രണ്ട് പേര്‍കൂടി
കൊല്ലം: പള്ളിമുക്ക് തെക്കേകാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന അഞ്ചു മാസം ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. വടക്കേവിള ഗാന്ധിനഗര്‍ 175 വയലില്‍ പുത്തന്‍വീട്ടില്‍ സെയ്ദലി (28), അയത്തില്‍ താഴത്തുവിളവീട്ടില്‍ പ്രസീദ് (24), അയത്തില്‍ കോളജ് നഗര്‍ 221 മടയ്ക്കല്‍ വീട്ടില്‍ ബിവിന്‍ (24) എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കളക്ടറേറ്റിന് സമീപത്തുവെച്ചാണ് പ്രതികള്‍ പിടിയിലാണ്. സംഭവത്തില്‍ കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ അല്‍ അമീന്‍ നേരത്തെ പിടിയിലായിരുന്നു. ഇനിയും രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കാറിലും സ്‌കൂട്ടറിലുമെത്തിയ അക്രമികള്‍ ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന കുതിരയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടക്കേവിള നെടിയം ഷാനവാസ് മന്‍സിലില്‍ ഷാനവാസിന്റെ ദിയ എന്ന അഞ്ചുവയസുള്ള കുതിരയാണ് മര്‍ദ്ദനത്തിനിരയായത്. കുതിരയെ അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മര്‍ദ്ദനമേറ്റ വിവരം അറിഞ്ഞത്. കുതിരയുടെ കണ്ണിന് മുകളിലും മുഖത്തും ചെവിക്കും കാലിനുമെല്ലാം പരിക്കേറ്റിരുന്നു. ജില്ലാ വെറ്റിനറി ആശുപത്രിയില്‍ കുതിരയ്ക്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സുമേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം
കൊല്ലം: കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് 1, 2, 3 കോടതികളില്‍ 5 മുതല്‍ 24 വരെ പെറ്റി കേസ്സ് തീര്‍പ്പാക്കല്‍ യജ്ഞം സംഘടിപ്പിക്കുന്നു. കൊല്ലം സിറ്റി പോലീസിന്റെ പരിധിയിലുള്ള കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, പള്ളിത്തോട്ടം, ശക്തികുളങ്ങര, കിളികൊല്ലൂര്‍, ഇരവിപുരം, അഞ്ചാലുംമൂട്, കൊട്ടിയം, ട്രാഫിക് എന്നീ പോലീസ് സ്റ്റേഷനുകളിലെ ഏകദേശം 10000 ത്തോളം പെറ്റികേസ്സുകളാണ് യഞ്ജത്തിലൂടെ പരിഗണനയ്ക്ക് വിധേയമാക്കുന്നത്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവരുടെ പേരിലുള്ള പെറ്റി കേസ്സുകള്‍ അതാത് കോടതികളില്‍ പിഴ ഒടുക്കി തീര്‍പ്പാക്കാണമെന്നും കോടതി നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.





































