Home Blog Page 2373

ഭരണിക്കാവ് കാഷ്യൂ കോർപ്പറേഷൻ ഫാക്ടറി അതിക്രമം,പ്രതിഷേധ യോഗം നടത്തി

ഭരണിക്കാവ്:കശുവണ്ടി വികസന കോർപ്പറേഷൻ്റെ ഭരണിക്കാവ് ഫാക്‌ടറിയിൽ അതിക്രമിച്ചു കയറി
നാശനഷ്‌ടം വരുത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി ഗേറ്റിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.നൂറുകണക്കിന് തൊഴിലാളികളും യൂണിയൻ പ്രവർത്തകരും നേതാക്കളും പങ്കെടുത്ത യോഗം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു.ബോർഡ്‌ അംഗം ബി.സുജിന്ദ്രൻ അധ്യക്ഷത വഹിച്ചു.സജി ഡി.ആനന്ദ്,ബോർഡ്‌ അംഗങ്ങളായ ജി.ബാബു, ശൂരനാട് ശ്രീകുമാർ ,കാഷ്യു വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു ) കുന്നത്തൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ടി.ആർ ശങ്കരപിള്ള,ഏരിയ സെക്രട്ടറി എൻ.യശ്പാൽ,വിവിധ യൂനിയൻ നേതാക്കളായ ഉല്ലാസ് കോവൂർ,കേരളാ മണിയൻ പിള്ള, ലക്ഷ്മി കുട്ടി,രാമൻ പിള്ള,ബേബി ജോൺ,പേഴ്‌സണൽ,മാനേജർ അജിത് കുമാർ എന്നിവർ സംസാരിച്ചു. സംസാരിച്ചു.

കുന്നത്തൂരിൽ കെഎസ്ഇബി റിട്ട.ഓവർസിയർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കുന്നത്തൂർ:കെഎസ്ഇബി റിട്ട.ഓവർസിയർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തൂർ പടിഞ്ഞാറ് മാടൻനട കാഞ്ഞിരംവിള പടിഞ്ഞാറ്റതിൽ രവീന്ദ്രൻ (60) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം പിന്നീട്.മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.

നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളിയാണ് മാറ്റിവെച്ചത്. പുന്നമടക്കായലിലാണ് നെഹ്‌റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് ആലോചന.

വയനാട് ഉരുൾപൊട്ടൽ 29 സ്ക്കൂൾ വിദ്യാർത്ഥികളെ കാണാതായി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളില്‍ നിന്നുമായി 29 വിദ്യാർഥികളെയാണ് കാണാതായതെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വയനാട്ടില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ ഉള്ളത്. ഇതില്‍ വെള്ളാർമല സ്കൂളില്‍നിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുഴുവൻ കുട്ടികളുടെയും വിശദവിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്.

ഉരുള്‍പൊട്ടലിനെ തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവർത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കർണാടക സബ് ഏരിയ ജനറല്‍ ഓഫിസർ കമാൻഡിങ് (ജി.ഒ.സി) മേജർ ജനറല്‍ വി.ടി മാത്യു യോഗത്തെ അറിയിച്ചു.

ആർമിയുടെ 500 പേർ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി ഉണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താൻ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്നിഫർ നായകളും തെരച്ചിലിനായി ഉണ്ട്. മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാൻ പാലം പണിയല്‍ ആയിരുന്നു പ്രധാനദൗത്യം. ബുധനാഴ്ച രാത്രിയും ഇടതടവില്ലാതെയാണ് ഇതിന്റെ പ്രവൃത്തി നടന്നത്. കേരള പൊലീസിലെ 1000 പേർ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാർ മലപ്പുറത്തും പ്രവർത്തന രംഗത്ത് ഉണ്ടെന്ന് എ.ഡി.ജി.പി എം.ആർ അജിത്കുമാർ അറിയിച്ചു.

മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോർട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടലിൽ വൈദ്യസഹായവുമായി സാൽവേഷൻ ആർമി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ,ചൂരൽമല എന്നിവിടങ്ങളിലെ ഉരുൾപൊട്ടലിൽ വൈദ്യസഹായവുമായി സാൽവേഷൻ ആർമിയും രംഗത്ത്. അവശ്യമരുന്നുകളുമായി കവടിയാറിൽ നിന്ന് വയനാട് കളക്ട്രേറ്റിലേക്ക് പുറപ്പെട്ട ആംബുലൻസിൻ്റെ യാത്ര മുഖ്യ കാര്യദർശി ലെഫ്.കേണൽ ഗുർണ്ണം മസി ഫ്ലാഗ് ഓഫ് ചെയ്തു.
വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻറ് കേണൽ രത്നസുന്ദരി പൊളി മെറ്റ്ല പ്രാർത്ഥന നടത്തി. പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജൂഡാനിയേൽ, പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ എൻ ഡി ജോഷ്വാ, എസ് ബിഎ ലെഫ്.കേണൽ സി ജെ ബെന്നി മോൻ, പബ്ളിക്ക് റിലേഷൻസ് സെക്രട്ടറി മേജർ റ്റി.ഇ.സ്റ്റീഫൻസൺ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന യൂത്ത് സെക്രട്ടറി ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

തിരുവോണം ബമ്പർ: ആദ്യ ദിനം തന്നെ റിക്കാര്‍ഡ് വില്‍പന

തിരുവനന്തപുരം. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ 2024 (BR 99) വിൽപ്പനയുടെ ആദ്യ ദിവസം ഭാഗ്യാന്വേഷികളുടെ തിരക്കുമൂലം വന്‍ വില്‍പന.ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകൾ.

അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളിൽ 6 ലക്ഷത്തിലധികം ടിക്കറ്റുകൾ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു.കൂടുതൽ ടിക്കറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള നടപടികൾ ലോട്ടറി വകുപ്പ് ആരംഭിച്ചു.

അർഹതാ പട്ടികകൾ പി എസ് സി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം. കേരള ബാങ്കിൽ അസിസ്റ്റൻ്റ് മാനേജർ, പോലിസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലിസ്, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ്ങ് ഓർഗനൈസർ തസ്തികകളുടെ അർഹതാ പട്ടികകൾ പി എസ് സി പ്രസിദ്ധീകരിച്ചു. വിശദാംശം പി എസ് സി വെബ്സൈറ്റിൽ ലഭ്യമാണ്

കഞ്ചാവ് കടത്തികൊണ്ട് വന്നതിന് പത്തനംതിട്ട സ്വദേശിക്കു 3 വർഷം കഠിന തടവും പിഴയും വിധിച്ചു

കരുനാഗപ്പള്ളി.കഞ്ചാവ് കടത്തികൊണ്ട് വന്നതിന് പത്തനംതിട്ട സീതത്തോട് സ്വദേശിക്കു 3 വർഷം കഠിന തടവും 40000 രൂപ പിഴയും വിധിച്

2019 ജൂലൈ മാസം 21 ആം തീയതിയിൽ അന്നത്തെ കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന എ. ജോസ് പ്രതാപും പാർട്ടിയും പട്രോൾ ചെയ്യുന്നതിനിടയിൽ നീണ്ടകര ജോയിന്റ് ജംഗ്ഷന് സമീപത്തു നിന്ന് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ പത്തനംതിട്ട സീതത്തോട് സ്വദേശി അരുൺ മോറയെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
നീണ്ടകര സ്വദേശി ജോൺ ബ്രിട്ടാസിനു വേണ്ടിയാണു കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം (31/7/2024) കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് & സേഷൻസ് ജഡ്ജ് ശാലീന വി ജി നായർ ആണ് പ്രതി അരുൺ മോറ കുറ്റക്കാരനാണെന്നു കണ്ടു 3 വർഷം കഠിന തടവിനും 40000 രൂപ പിഴയും വിധിച്ചത്. പിഴ അയച്ചില്ലെങ്കിൽ 3 മാസം അധിക കഠിന തടവിനും വിധിച്ചിട്ടുണ്ട്.
എക്സ്സൈസ് സംഘത്തിൽ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം പ്രിവന്റീവ് ഓഫിസർ ശ്യാകുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സജീവ് കുമാർ, വിജു സി എ, ശ്യാംകുമാർ, ജിനു തങ്കച്ചൻ, വനിതാ എക്സ്സൈസ് ഉദ്യോഗസ്ഥരായ ശ്രീമോൾ ആർ, ഷിബി എസ്, എന്നിവർ ഉണ്ടായിരുന്നു.. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ വി. വിനോദ് ഹാജരായി

വയനാടിന് കൈത്താങ്ങുമായി മമ്മൂട്ടിയും ദുല്‍ഖറും

കൊച്ചി. ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി സിനിമാലോകവും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന 35 ലക്ഷം രൂപ സംഭാവന നൽകി.ദുരിതാശ്വാസ സഹായവുമായി എറണാകുളത്തുനിന്ന് വയനാട്ടിലേക്കുള്ള ആദ്യ വാഹനം മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു

സമാനതകളില്ലാത്ത മഹാദുരന്തം നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്ന കൊച്ചി കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലെത്തിയ മമ്മൂട്ടി മന്ത്രി പി രാജീവിന് തുക കൈമാറി.

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി എറണാകുളം
ജില്ലാ ഭരണകൂടവും അൻപോട് കൊച്ചിയും ചേർന്ന സമാഹരിച്ച സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള ആദ്യ വാഹനം മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു.സഹായസ്തവുമായി വയനാടിനൊപ്പം ഉണ്ടാകണമെന്ന് നടൻ ഇന്ദ്രജിത്ത് ആവശ്യപ്പെട്ടു

വയനാട്ടിലെ ദുരന്തഭൂമിയില്‍ സൈന്യം സജ്ജീകരിച്ച ബെയ്ലി പാലം തുറന്നു

വയനാട്ടിലെ ദുരന്തഭൂമിയില്‍ സൈന്യം സജ്ജീകരിച്ച ബെയ്ലി പാലം തുറന്നു. വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇതോടെ മണ്ണും ചെളിയും മാറ്റിയുള്ള രക്ഷാദൗത്യത്തിനായി കൂടുതല്‍ ഉപകരണങ്ങള്‍ മുണ്ടക്കൈയിലേക്ക് ഇനി വേഗത്തില്‍ എത്തിക്കാനാകും.
മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്.
ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെയിലേക്ക് ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിര്‍മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.