Home Blog Page 231

പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ല, കെ ജയകുമാർ

ശബരിമല.പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ പറഞ്ഞു. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല.ബോർഡ് യോഗങ്ങൾ എങ്ങനെ ചേരണം എന്നുള്ളതിനെപ്പറ്റി ക്രമീകരണം വരുത്തിയിട്ടുണ്ട്. അജണ്ട നേരത്തെ കിട്ടണം.പരിഗണനയ്ക്ക് വരുന്ന വിഷയങ്ങൾ പ്രസിഡൻറ് അറിഞ്ഞിരിക്കണം. യോഗം നടക്കുമ്പോൾ ഫയലുകൾ കൊണ്ടുവന്ന് തിരുകി കയറ്റുന്നത് സാധ്യമല്ല. അങ്ങനെയൊക്കെ ചെയ്തതിന്റെ കുഴപ്പങ്ങളാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡൻറ് അറിയാതെ ഒരു അജണ്ടയും ബോർഡിലേക്ക് വരാൻ പാടില്ലെന്ന ഉത്തരവിറക്കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

70,000 മുതൽ 75,000 വരെ ആളുകളാണ് വരുന്നത്. ഇത്തരത്തിൽ ആളുകൾ എത്തിയാൽ പ്രശ്നമില്ലാതെ മുന്നോട്ടു പോകാൻ കഴിയും. കാര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു. ഞങ്ങളും ഭക്തന്മാരും സംതൃപതർ

പോലീസ് ഓഫീസർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും അധികാരം നൽകിയിട്ടുണ്ട്. ഒരു ബുക്കിംഗ് ഇല്ലാതെയും വരുന്നവരുണ്ട്. സ്പോട്ട് ബുക്കിംഗ് 5000 അല്ലെങ്കിൽ 7000 ആക്കി നിർത്തിയില്ലെങ്കിൽ നിയന്ത്രിക്കാനാകില്ല. എണ്ണം കൂട്ടുന്നതിലല്ല കാര്യം. വരുന്നവർക്ക് സേവനം നൽകാൻ കഴിയണം. കുറച്ചതുമൂലം ഗുണമുണ്ട്

സ്പോട്ട് ബുക്കിംഗ് 5000 ആക്കി കുറച്ചപ്പോൾ സമ്മർദ്ദമുണ്ട്. അത് പതുക്കെ വർദ്ധിപ്പിച്ചു വരുന്നു. സ്പോട്ട് ബുക്കിംഗ് പതുകെ 10,000 വരെ ആക്കാൻ സാധിക്കും

വടക്കാഞ്ചേരിയിൽ ബസ് അപകടം ;12 പേർക്ക് പരിക്ക്

തൃശ്ശൂർ വടക്കാഞ്ചേരിയിൽ ബസ് അപകടം ;12 പേർക്ക് പരിക്ക്.തൃശ്ശൂർ – ഷോർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ചിറയത്ത് ബസ്സാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയത്ത് നിയന്ത്രണം നഷ്ടമായ ബസ് പുളിമരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. യാത്രക്കാരിൽ 12 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി

വയനാട്ടില്‍ കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള സമസ്ത എതിർപ്പ്, അനുനയനീക്കവുമായി ജില്ലാ നേതൃത്വം

വയനാട്. കോൺഗ്രസ്സ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുള്ള സമസ്ത എതിർപ്പിൽ അനുനയനീക്കവുമായി ജില്ലാ നേതൃത്വം. കല്പറ്റയിലെ സമസ്ത ജില്ലകമ്മിറ്റി ഓഫീസിൽ ടി സിദ്ദിഖ് MLA യുടെ നേതൃത്വത്തിൽ നേരിട്ടത്തിയാണ് ചർച്ച നടത്തിയത്. ആശങ്കകൾ കോൺഗ്രസ്സ് നേതൃത്വം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമസ്ത ജില്ലാ നേതൃത്വം പ്രതികരിച്ചു

ജില്ലാ പഞ്ചായത്തിലേക്കും
ബ്ലോക്ക് പഞ്ചായത്തുകളിലേക്കും കോൺഗ്രസ്സ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ മുസ്ലിം വിഭാഗത്തിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടി സമസ്ത യുവജന വിഭാഗം രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ അനു നയ നീക്കം.കൽപ്പറ്റ പള്ളിത്താഴ സമസ്ത ഓഫീസിൽ നേരിട്ടത്തിയാണ് ടി സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്.DCC പ്രസിഡൻ്റ് ടി ജെ ഐസക്കും ചർച്ചയിൽ പങ്കെടുത്തു. തോമാട്ടുചാൽ ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി.എൻ. ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളി വയൽ വിമത സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രികയും നൽകിയിരുന്നു.എന്ത് അയോഗ്യത യാണ് തനിക്കുള്ളതെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നായിരുന്നു ജഷീർ ഉന്നയിച്ച് ആവശ്യം. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കെയാണ് എം.എൽ.എ യുടെയും ഡി.സി.സി. പ്രസിഡെന്റിന്റെയും സമസ് നേതൃത്വവുമായുള്ള ചർച്ച.തങ്ങളുടെ
എതിർപ്പ് അംഗീകരിക്കുന്നതായി കോൺഗ്രസ്സ് അറിയിച്ചുവെന്നും തുടർന്നുള്ള തിരഞ്ഞെടുപ്പിൽ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയതായി സമസ്ത നേതൃത്വം പ്രതികരിച്ചു

ഇടഞ്ഞു നിൽക്കുന്ന ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചെക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്.വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് ഡിസിസി

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യം, ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

ന്യൂഡെല്‍ഹി.ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക്‌ മേൽ സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്.ഒരു കേസിലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് സമ്മര്‍ദം നേരിടേണ്ടി വന്നിട്ടില്ലെന്നും വിരമിക്കല്‍ ദിനം ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വിരമിക്കലിനു ശേഷം ഒരു ഔദ്യോഗ പദവിയും വഹിക്കില്ലെന്നും ബി ആർ ഗവായ് അറിയിച്ചു.

ചീഫ് ജസ്റ്റിസ് പദവിയിലെ അവസാന ദിനമാണ് വിവിധ വിഷയങ്ങളിൽ ബി ആർ ഗവായി നിലപാടുകൾ വ്യക്തമാക്കിയത്.ഭരണ ഘടനയില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രപതിയുടെ റഫന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തോട് ചീഫ് ജസ്റ്റിസിന്റെ മറുപടി. ബില്ലുകള്‍ അംഗീകരിക്കാന്‍ സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ല. എന്നാല്‍ കാലതാമസമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ഗവായ് വ്യക്തമാക്കി.
കൊളീജിയത്തിൽ സമവായമില്ലാത്തത് കൊണ്ടാണ് കൂടുതൽ വനിതാ ജഡ്ജിമാർ സുപ്രീംകോടതിയിൽ ഇല്ലാത്തത് എന്നും ഗവായ് വിമർശിച്ചു.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തനിക് നേരെ സുപ്രീംകോടതിയിൽ ഉണ്ടായ ഷൂ ഏറും ഗവായി ഓർത്തെടുത്തു .വിരമിച്ചതിനുശേഷം ഒരു നിയമനവും സ്വീകരിക്കില്ലെന്ന കാര്യവും ആവര്‍ത്തിച്ചു. ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി വ്യക്തമാക്കി. ജസ്റ്റിസ്‌ സൂര്യകാന്ത് നാളെ സുപ്രീം കോടതിയുടെ 53ാം ചീഫ് ജസ്റ്റിസ്‌ ആയി ചുമതലയേൽക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടു പോയി പീഡനശ്രമം, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.പ്രേമം നടിച്ച് വശീകരിച്ച്, കാറിൽ കൂട്ടിക്കൊണ്ടു പോയായിരുന്നു പീഡന ശ്രമം.പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.കുട്ടി സ്കൂൾ ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിതുര പോലീസ് പ്രതിയെ പിടികൂടിയത് തൃശ്ശൂരിൽ നിന്ന്.

ടെറസില്‍ ഒളിച്ചിരുന്ന് മോഷ്ടാവ്….തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസില്‍ തുണി ഉണക്കാന്‍ കയറിയ സ്ത്രീ കണ്ടു…. ഒടുവില്‍ പോലീസ് പിടിയില്‍

പട്ടാപ്പകല്‍ വീടിനു മുകളിലെ ടെറസില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി മേലുകാവ് പൊലീസിനെ ഏല്പിച്ചു. കോട്ടയത്തെ കൊല്ലപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം തൊട്ടടുത്ത ഇരുനില വീട്ടിന്റെ ടെറസില്‍ തുണി ഉണക്കാന്‍ കയറിയ സ്ത്രീയാണ് അയല്‍വീടിന്റെ ടെറസില്‍ മോഷ്ടാവ് ഒളിച്ചിരിക്കുന്നത് കണ്ടത്.

തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയാണ് ഇയാള്‍. നേരത്തേ, കൊടുമ്പിടിയില്‍ ഒരു കെട്ടിടത്തില്‍ ജോലി കഴിഞ്ഞ് ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ രണ്ടു മൊബൈല്‍ ഫോണും 5000 രൂപയും മോഷണംപോയിരുന്നു.

ഒരാഴ്ച മുമ്പ് കാവുംകണ്ട പ്രദേശത്തെ വീടുകളില്‍ മോഷണശ്രമവും നടന്നിരുന്നു. ഒരുമാസം മുമ്പ് കുറുമണ്ണ് പള്ളിയില്‍ നിന്ന് ചെമ്പുകമ്പിയും പ്രദേശത്തെ 2 വീടുകളില്‍ നിന്ന് 500 കിലോയോളം റബര്‍ ഷീറ്റും ഒട്ടുപാലും മോഷണം പോയിരുന്നു. കടനാട് ക്ഷേത്രത്തിലും മോഷണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കടനാട്, കൊടുമ്പിടി, കാവുംകണ്ടം പ്രദേശങ്ങള്‍ മോഷ്ടാക്കളുടെ കേന്ദ്രമാണ്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. സംഗീതസംവിധായകന്‍ പലാശ് മുഛലുമായുള്ള സ്മൃതിയുടെ വിവാഹം ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ദാനയുടെ ജന്മനാടായ സാംഗ്ലിയിലെ സാംഡോളിലുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. സ്മൃതിയുടെ പിതാവിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെക്കുന്നതെന്ന് താരത്തിന്റെ മാനേജര്‍ തുഹിന്‍ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
സാംഗ്ലിയിലെ സര്‍വിത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള ശ്രീനിവാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു. സ്മൃതിയും അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്രീനിവാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. അദ്ദേഹം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരോഗ്യ നില വഷളായതോടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും താരത്തിന്റെ മാനേജര്‍ പറഞ്ഞു. വെഡ്ഡിങ് മനേജ്‌മെന്റ് ടീമും വിവാഹം മാറ്റിവെച്ച വിവരം സ്ഥിരീകരിച്ചു.
വിവാഹ ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഹല്‍ദി ആഘോഷത്തിന്റെ ഭാഗമായി വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമംഗങ്ങളും സ്മൃതിയും വാദ്യമേളങ്ങള്‍ക്കൊപ്പം ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീല്‍, റേണുക സിങ്, ശിവാലി ഷിന്‍ഡെ, റാധ യാദവ്, ജെമിമ റോഡ്രിഗസ് തുടങ്ങിയവര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോ ശഫാലി വര്‍മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. പലാശ് മുഛലുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്ത സ്മൃതി തന്നെയാണ് പുറത്തുവിട്ടത്. പ്രഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 28കാരനായ പലാഷ്.

പാലത്തായി,പീഡിപ്പിച്ചത് ഹിന്ദു ആയത് കൊണ്ടാണ് എസ് ഡി പിഐ വിവാദമാക്കിയതെന്ന് സിപിഎം നേതാവ്

കണ്ണൂര്‍.പാലത്തായി പീഡനക്കേസ്. കേസ് SDPI വിവാദമാക്കിയത് പീഡിപ്പിച്ചത് ഹിന്ദു ആയത് കൊണ്ടാണെന്ന് Cpm ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ. ഉസ്താദുമാർ പീഡിപ്പിച്ച കേസ് വിവാദമാക്കുന്നില്ല. പീഡിപ്പിക്കപ്പെട്ടതല്ല, പീഡിപ്പിച്ചത് ഹിന്ദുവും ഇര മുസ്ലിമും ആയതാണ് എസ്ഡിപിഐയുടെ പ്രശ്നം. കമ്മ്യൂണിസ്റ്റുകാർ മുസ്ലിമാണോ ഹിന്ദുവാണോ എന്ന് നോക്കാറില്ല എന്നും ഹരീന്ദ്രന്‍ പറഞ്ഞു.
പി ഹരീന്ദ്രൻ്റെ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തുവന്നു. ഹരീന്ദ്രൻ്റെത് വർഗീയ പ്രസ്താവനയാണെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

പാലത്തായി കേസിൽ എങ്ങനെയാണ് സി പി എമ്മിന് മതം കാണാൻ കഴിയുന്നത്. ലീഗ് മതം നോക്കി സമീപനമെടുത്തിട്ടില്ല എന്നും അബ്ദുൽ കരീം ചേലേരി

ജോലി തെറിപ്പിക്കും,പത്രിക പിൻവലിക്കാൻ സിപിഎം നേതാക്കളുടെ ഭീഷണി


തിരുവല്ല. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പൊടിയാടി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ആശാ മോൾ ടി.എസ്. ആണ് പരാതിയുമായി രംഗത്തുവന്നത്.. മത്സരിച്ചാൽ ആശയുടെയും സഹപ്രവർത്തകരുടെയും ജോലി കളയുമെന്നും ഭീഷണി

കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം..പൊടിയാടി ഡിവിഷനിൽ മത്സരിച്ചാൽ പുളിക്കീഴ് ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിലെ താൽക്കാലിക്ക് ജോലി കളയുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ആശ പറയുന്നു. പിന്മാറിയില്ലെങ്കിൽ തനിക്കൊപ്പം ജോലി ചെയ്യുന്ന 28 പേരുടെ പണി തെറിപ്പിക്കും എന്ന സമ്മർദ്ദവും ആശയ്ക്ക് മുകളിലുണ്ട്

സിപിഎം നടപ്പിലാക്കുന്നത് കണ്ണൂർ മോഡൽ എന്നാണ് കോൺഗ്രസിന്റെ പ്രതികരണം

ആശയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.. അതേസമയം ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വം നൽകുന്ന വിശദീകരണം.കുടുംബശ്രീ വഴിയാണ് പുളിക്കീഴ് ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസിൽ കരാർ ജോലി നൽകുന്നത്..കുടുംബശ്രീ എഡിഎസ് പ്രസിഡൻറ് കൂടിയാണ് ഭീഷണിക്ക് ഇരയായ ആശ

വിനോദയാത്രക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു

ആലപ്പുഴ. വിനോദയാത്രക്കിടയില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു. വിനോദസഞ്ചാരികളുമായി യാത്ര ആരംഭിച്ചതിനു പിന്നാലെയായിരുന്നു തീപിടുത്തം. നാട്ടുകാരുടേയും ബോട്ട് ജീവനക്കാരുടേയും സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്.
പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്ന് രണ്ട് വിനോദ സഞ്ചാരികളുമായാണ് സീസൺസ് എന്ന ഹൌസ് ബോട്ട് യാത്ര ആരംഭിച്ചത്. ഒരു കിലോമീറ്റർ പിന്നിട്ട് സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമെത്തിയപ്പോൾ പിൻവശത്ത് നിന്ന് പുക ഉയർന്നു. കരയിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് ബോട്ടുകാരും അറിയച്ചതോടെ ഹൌസ് ബോട്ട് കരയിലടുപ്പിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നാലെയാണ് തീ ആളി പടർന്നത്. ബോട്ട് പൂർണമായി കത്തി നശിച്ചു.

ഷോർട് സർക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർ ഫോഴ്സിന്റെ ബോട്ടിലേക്കും തീ പടർന്നത് ആശങ്കയായി