Home Blog Page 2263

‘വിരമിക്കുന്ന സിദ്ദിഖിന് നടിമാരുടെ യാത്രയയപ്പ്’; ട്രോൾ വിഡിയോയിൽ പ്രതികരിച്ച് ബീന ആന്റണി

നടൻ സിദ്ദിഖിനൊപ്പം പ്രചരിക്കുന്ന വിഡിയോയെപ്പറ്റിയുള്ള വിശദീകരണവുമായി നടി ബീന ആന്റണി. സിദ്ദിഖിന്റെ മകൻ സാപ്പി മരിച്ചതിനു ശേഷം അദ്ദേഹത്തെ ‘അമ്മ’ മീറ്റിങിൽ വച്ചു കണ്ടപ്പോൾ ആശ്വസിപ്പിക്കുന്ന വിഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് നടി പറയുന്നു. സിദ്ദിഖിന്റെ മകനെ കുഞ്ഞായിരുന്നപ്പോൾ മുതൽ അറിയുന്നതാണ്. അദ്ദേഹം തന്നെ ഒരു സഹോദരിയെപ്പോലെ ആണ് കണ്ടിരുന്നതെന്നും ബീന പറയുന്നു. സിദ്ധിഖിനെതിരെ ഉന്നയിച്ച ആരോപണം അന്വേഷിക്കുകയും തെറ്റുകാരാണെന്നു കണ്ടെത്തിയാൽ ശിക്ഷിക്കുകയും വേണം. പക്ഷേ തന്റെ പേരിൽ നടക്കുന്ന വ്യക്തിഹത്യ ഒഴിവാക്കണമെന്ന് ബീന ആന്റണി പറയുന്നു.

https://www.instagram.com/imbeena.antony/?utm_source=ig_embed&ig_rid=3500fde7-e50f-47e8-92f2-c92021a0d915

‘‘സിനിമാ മേഖല വല്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയമാണ് ഇത്. ‘അമ്മ’യിൽ നിന്ന് എല്ലാവരും കൂട്ട രാജി വയ്ക്കുകയുണ്ടായി. ഞങ്ങൾക്കെല്ലാം തന്നെ വിഷമവും ഉത്കണ്ഠയും ഉണ്ട്. ഞാൻ ഇപ്പോൾ വന്നത് വേറൊരു കാര്യം പറയാനാണ്. ഇന്നലെ എന്റെ ഒരു വിഡിയോ പ്രചരിക്കുകയുണ്ടായി. അത് എന്റെയും ഭർത്താവിന്റെയും ഒക്കെ കുടുംബ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ ആ വിഡിയോ വൈറലാണ്. ഒരുപാടുപേര് എനിക്ക് ആ വിഡിയോ അയച്ചു തന്നു. ഇത് ഒരു ട്രോൾ ആയി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഞാൻ ഈ വിഡിയോ ഇടുന്നത്.

സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവർത്തകർ എല്ലാം അവിടെ പോയിരുന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല. എനിക്ക് പനിയായി കിടപ്പായിരുന്നു. പിന്നെ ഞങ്ങൾ കാണുന്നത് ‘അമ്മ’യുടെ ജനറൽ ബോഡിക്ക് ആണ്. അവിടെ ചെന്നപ്പോൾ സിദ്ദിഖ് ഇക്ക താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാൻ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ഒരു ദൃശ്യമാണ് നിങ്ങൾ കാണുന്നത്. സാപ്പിയെ കുഞ്ഞായിരിക്കുമ്പോൾ മുതൽ എനിക്ക് അറിയുന്നതാണ്. അവൻ കുഞ്ഞായിരുന്നപ്പോൾ ഞാനും എന്റെ അമ്മച്ചിയും കൂടി സിദ്ദിഖ് ഇക്കയുടെ വീട്ടിൽ പോവുകയും ഇക്കയുടെ മരിച്ചുപോയ ഭാര്യയും ഉമ്മയും ഒക്കെ ആയി സംസാരിക്കുകയും അവർ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.

എനിക്കു വേണ്ടി ഇക്കയുടെ ഉമ്മ ഒരു പരിപ്പുകറി ഉണ്ടാക്കി വച്ചിരുന്നു. സാപ്പിയെ അന്ന് ഒരുപാട് ലാളിച്ചിട്ടാണ് വന്നത്. പിന്നെ ഒരുപാടു തവണ അവനെ കണ്ടിട്ടുണ്ട്. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച് പോകുന്നത് കണ്ടു ഞാൻ സാപ്പി എന്ന് വിളിച്ചപ്പോൾ ‘ബീനാന്റി’ എന്ന് വിളിച്ചു കൈ കാണിച്ചു, അന്നാണ് ഞാൻ അവനെ ഒടുവിൽ കണ്ടത്. പിന്നീട് അവൻ മരണപ്പെട്ടു എന്നറിഞ്ഞു. മരണം എന്നത് ഓരോ ആളിനെയും ജീവിതത്തിൽ നടക്കുമ്പോൾ മാത്രമേ അതിന്റെ ദുഃഖം അറിയാൻ പറ്റൂ. പുറത്തു നിൽക്കുന്നവർക്ക് അത് തമാശ ആയിരികും.

എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ ചേച്ചിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച് സമാധാനിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരി എന്ന നിലയിൽ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഇക്കയുടെ പേരിൽ ഒരു ആരോപണം വന്നു, ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവർക്ക് അങ്ങനെ സംഭവിച്ചെങ്കിൽ നിയമത്തിന്റെ മുന്നിൽ വരട്ടെ. സിദ്ദിക്ക് ഇക്ക അങ്ങനെ ചെയ്തെങ്കിൽ ശിക്ഷ കിട്ടട്ടെ. ഞാൻ അതിലേക്ക് ഒന്നും പോകുന്നില്ല. മരണം എന്നത് ആർക്കും വിദൂരമല്ല. നാളെ എന്ത് സംഭവിക്കുന്നു എന്നത് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ വേദനയിൽ ഞാൻ പങ്കുചേർന്നതാണത്. അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ട്, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ്’ എന്നൊക്കെ ആക്കി വരുമ്പോൾ ഒരുപാട് സങ്കടം തോന്നി. ഇതൊന്നും അറിയാത്ത പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് ഞാൻ പറയുന്നത്. ഇതാണ് സംഭവം. ഇതിനെയാണ് വളച്ചുകെട്ടി ട്രോള്‍ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്. വലിയ സങ്കടം തോന്നിയതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ വന്നു പറഞ്ഞത്.’’ ബീന ആന്റണി പറഞ്ഞു.

വയനാട്, മികച്ച പുനരധിവാസം ഉറപ്പാക്കാന്‍ തീരുമാനം

വയനാട്. ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനായി വിളിച്ച സർവ്വകക്ഷി യോഗത്തിൽ മികച്ച പുനരധിവാസം ഉറപ്പാക്കാൻ തീരുമാനം. വിവിധ വകുപ്പുകളുടെ മന്ത്രിമാരും വിവിധ കക്ഷികളുടെ നേതാക്കളും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിൽ മുൻഗണന നൽകാനും യോഗം തീരുമാനമെടുത്തു.

വയനാട് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ യോജിച്ച തീരുമാനം.വീട് നഷ്ടപ്പെട്ടവര്‍ക്കാണ് മുന്‍ഗണന..ദുരന്തബാധിതരായവർക്ക് പുനരധിവാസത്തിന്‍റെ ഭാഗമായി 1000 സ്ക്വയര്‍ഫീറ്റില്‍ ഒറ്റനില വീടാണ് നിര്‍മ്മിച്ചു നല്‍കുക. ഭാവിയിൽ രണ്ടാം നില പണിയുന്ന തരത്തിലാവും നിർമ്മാണം. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ തൊഴിൽ സംവിധാനം കൂടി ഉറപ്പാക്കും. എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്‍പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും.
കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിന്‍റെ ഭാഗമായി പരിഗണിക്കും.
വാടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്‍റെ ഭാഗമായി സംരക്ഷിക്കാനാണ് തീരുമാനം. വായ്പകൾ എഴുതി തള്ളാൻ റിസർവ്വ് ബാങ്കിനെയും ധനമന്ത്രാലയത്തെയും ബന്ധപ്പെടാനും യോഗം തീരുമാനമെടുത്തു.സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്പെഷ്യല്‍ പാക്കേജാണ് സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സർവ്വകക്ഷി യോഗത്തിൽ അറിയിക്കുകയും ചെയ്തു.
സ്കൂള്‍ പുനര്‍നിര്‍മ്മിച്ച് നിലനിര്‍ത്താനാവുമോ എന്ന് വിദഗ്ധര്‍ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങള്‍ നിർമ്മിക്കും.
ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍വേഗത്തിൽ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടും . ഉരുൾപ്പൊട്ടലുണ്ടായ വിലങ്ങാടിലെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനമായി.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ആദ്യം കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മന്ത്രിസഭാ യോഗത്തിലും വച്ച ശേഷമാണ് പുനരധിവാസ പാക്കേജ് സർവ്വകക്ഷിയോഗത്തിൽ അവതരിപ്പിച്ചത്..

മലയാളികൾക്ക് റെയിൽവേയുടെ ഓണസമ്മാനമായി നാഗർകോവിൽ വന്ദേഭാരത്; യാത്രാ ദുരിതം കുറയും

ചെന്നൈ: നാട്ടിലെത്താൻ ടിക്കറ്റിനായി ഓടുന്ന മലയാളികൾക്ക് റെയിൽവേയുടെ ഓണസമ്മാനമായി വന്ദേഭാരത്. 31ന് ഉദ്ഘാടനം ചെയ്യുന്ന ചെന്നൈ– നാഗർകോവിൽ– ചെന്നൈ സർവീസാണു കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക്, പ്രത്യേകിച്ച് തിരുവനന്തപുരത്തേക്കുള്ളവർക്ക് സഹായമാവുക. നാഗർകോവിലിൽ ഇറങ്ങിയ ശേഷം ബസ് മാർഗമോ സ്വകാര്യ വാഹനങ്ങളിലോ നാട്ടിലെത്താം.

ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണു പുതിയ വന്ദേഭാരത് സർവീസ് നടത്തുക. എഗ്‌മൂറിൽ നിന്നു പുലർച്ചെ അഞ്ചിനു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50നു നാഗർകോവിലിലെത്തും.മടക്ക സർവീസ് ഉച്ചയ്ക്ക് 2.20നു പുറപ്പെട്ട് രാത്രി 11ന് എഗ്‌മൂറിലെത്തും. വിഴുപ്പുറം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, മധുര, കോവിൽപട്ടി, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും ഉടൻ തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. നാഗർകോവിലിൽ നിന്നു തുടർയാത്രയ്ക്കുള്ള ട്രെയിൻ വൈകിട്ട് മാത്രമാണെങ്കിലും റോഡ് മാർഗം നാട്ടിലേക്കു പോകാമെന്നതാണു നേട്ടം. ചെന്നൈയിൽ നിന്നു പാലക്കാട് വഴിയുള്ള ട്രെയിനുകളിലും കെഎസ്ആർടിസി ബസുകളിലും ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ഈ ട്രെയിൻ മലയാളികൾക്ക് ഉപകാരപ്പെടും.

തിരുനെൽവേലി വഴിയും നാട്ടിലെത്താം
ചെന്നൈയിൽ നിന്നു തിരുനെൽവേലിയിലേക്കുള്ള വന്ദേഭാരതിൽ നിലവിൽ ടിക്കറ്റ് ബാക്കിയുള്ളത് സെപ്റ്റംബർ 11നു മാത്രമാണ്. ചെയർകാറിൽ 8 സീറ്റുകളാണു ബാക്കിയുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ വെയ്റ്റ്ലിസ്റ്റ് ആണ്. ചെന്നൈയിൽ നിന്ന് ഉച്ചയ്ക്ക് 2.50നു പുറപ്പെടുന്ന ട്രെയിൻ തിരുനെൽവേലിയിൽ രാത്രി 10.40നാണ് എത്തുക.

തുടർന്നു 11.30നുള്ള പാലരുവി എക്സ്പ്രസിൽ പിറ്റേന്നു പുലർച്ചെ 3ന് പുനലൂരിലെത്താം. കൊട്ടാരക്കര (3.23), കുണ്ടറ (3.37), കൊല്ലം (4.45), കരുനാഗപ്പള്ളി (5.25) ചെങ്ങന്നൂർ (6.08), തിരുവല്ല (6.19), കോട്ടയം (6.55) തുടങ്ങിയ സ്ഥലങ്ങളിൽ സ്റ്റോപ്പുണ്ട്. മറ്റു ട്രെയിനുകളിലെല്ലാം ടിക്കറ്റ് തീർന്നതിനാൽ നാട്ടിലെത്താൻ ഈ യാത്രാമാർഗം ഉപയോഗപ്പെടുത്താം.

കോയമ്പത്തൂരിലേക്കുള്ള വന്ദേഭാരതിലെ എക്സിക്യൂട്ടീവ് കോച്ചിൽ 12ന് 5 ടിക്കറ്റുകൾ ബാക്കിയുണ്ട്. ഉച്ചയ്ക്ക് 2.15നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 8.15നു കോയമ്പത്തൂരിലെത്തും. തുടർന്നു ബസ് മാർഗമോ സ്വകാര്യ വാഹനങ്ങളിലോ പാലക്കാട്, എറണാകുളം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാം. മലബാറിലേക്ക് ആ സമയത്തുള്ള ട്രെയിനുകളിൽ സീറ്റുകൾ ബാക്കിയില്ല.

കൂടുതൽ ബസുകൾ നിരത്തിൽ‌
സംസ്ഥാനത്ത് സർവീസ് നടത്തുന്നതിനായി കൂടുതൽ സൗകര്യങ്ങളുള്ള 150 എസ്ഇടിസി ബസുകൾ കൂടി നിരത്തിലിറക്കി. ചെന്നൈയിൽ നിന്നു കോയമ്പത്തൂർ, കന്യാകുമാരി, കേരളത്തിന്റെ അതിർത്തി ജില്ലകൾ എന്നിവിടങ്ങളിലേക്കെല്ലാം ഈ ബസുകൾ സർവീസ് നടത്തും. ബിഎസ് 6 ബസുകളായ ഇവയിൽ മൊബൈൽ ചാർജിങ് പോയിന്റ്, അടിയന്തര ആവശ്യങ്ങൾക്കുള്ള എസ്ഒഎസ് ബട്ടൺ, അറിയിപ്പ് സംവിധാനം, ഫയർ ഡിറ്റക്‌ഷൻ സംവിധാനം എന്നിവയെല്ലാമുണ്ട്.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരമ്പരാഗത രീതികളില്‍ നിന്നും മാറി തടാക സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം,ഡോ. എഫ് ജോര്‍ജ്ജ് ഡിക്രൂസ്

ശാസ്താംകോട്ട. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അവരുടെ പരമ്പരാഗത രീതികളില്‍ നിന്നും മാറി തടാക സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് പരിസ്ഥിതി സമിതി ചെയര്‍മാനുമായ ഡോ.എഫ്.ജോര്‍ജ്ജ് ഡിക്രൂസ് പറഞ്ഞു.
തടാക സംരക്ഷണ സമിതി ചെയര്‍മാനായിരുന്ന കെ കരുണാകരന്‍പിള്ളയുടെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് തടാകത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഴയ രീതിയില്‍ത്തന്നെയാണ് സംരക്ഷണം.
വര്‍ഷങ്ങളായി മണ്ണ് സംരക്ഷണ വകുപ്പ് കയ്യാല തീര്‍ക്കുന്നു ഫിഷറീസ് മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു സാമൂഹിക വനവല്‍ക്കരണ വിഭാഗം തൈകള്‍നട്ടുകൊണ്ടേയിരിക്കുന്നു ഈ നിലപാട് മാറണം. തടാകത്തിന്റെ ചുറ്റുമുള്ള 9.4ചതുരശ്ര കിലോമീറ്ററിലെ മഴ തടാകത്തിന് ഗുണപ്പെടണം. ചുറ്റുമുള്ള പുരയിടത്തിലെ മണ്ണിളക്കിയുള്ള കൃഷി മാറണം അതിന് അവര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കണം അദ്ദേഹം പറഞ്ഞു


പ്രിന്‍സിപ്പല്‍ പ്രഫ.ഡോ.കെ സി പ്രകാശ് അധ്യക്ഷത വഹിച്ചു. തടാകസംരക്ഷണ സമിതി ചെയര്‍മാന്‍ എസ് ബാബുജി, വൈസ് ചെയര്‍മാന്‍ തുണ്ടില്‍ നൗഷാദ്, ഭൂമിത്രസേനാ ക്ലബ് കൺവീനർ ലക്ഷ്മി ശ്രീകുമാര്‍,ബോട്ടണി വിഭാഗം അസി.പ്രഫ ധന്യ,എന്‍സിസി പ്രോഗ്രാം ഓഫിസര്‍ ഡോ.എം സി മധു, സമിതി ജനറല്‍ കണ്‍വീനര്‍ ഹരികുറിശേരി, വിന്ധ്യ, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മീനാക്ഷി, സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.
തടാക സംരക്ഷണ സമിതിയും ഭൂമിത്രസേന ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

പടിഞ്ഞാറെ കല്ലട കാരുവള്ളിൽ ഗോപാല പിള്ള സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ശനിയാഴ്ച

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലടയിൽ നിർമ്മാണം പൂർത്തീകരിച്ച കാരുവള്ളിൽ ഗോപാല പിള്ള സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.രാവിലെ 10.30 ന് എഐസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവുമായ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.ജി.യേശുദാസന്റെ സ്മരണയ്ക്കായി മന്ദിരത്തിൽ നിർമ്മിച്ച ഹാളിന്റെ സമർപ്പണം എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും.
എംഎൽഎമാരായ പി.സി വിഷ്ണു നാഥ്,സി.ആർ മഹേഷ്,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഡോ.ശൂരനാട് രാജശേഖരൻ,അഡ്വ.ബിന്ദു കൃഷ്ണ,കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ.പഴകുളം മധു, എം.എം നസീർ,യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ,ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,കെപിസിസി സെക്രട്ടറി അഡ്വ.പി.ജർമിയാസ്,അംഗം എം.വി ശശി കുമാരൻ നായർ,ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,ഡിസിസിയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ എന്നിവർ പങ്കെടുക്കും.കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ദീർഘകാലം പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും പടിഞ്ഞാറെ കല്ലട സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന കാരുവളളിൽ ഗോപാല പിള്ളയുടെ സ്മാരകമായാണ് കോൺഗ്രസ് ഭവൻ നിർമ്മിച്ചിരിക്കുന്നത്.നടുവിലക്കര വാർഡിൽ 1400 ചതുരശ്ര അടി വിസ്തീർണത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിർമ്മാണം നടത്തിയതെന്ന് നിർമ്മാണ കമ്മിറ്റി ചെയർമാൻ കല്ലട ഗിരീഷ്,കൺവീനർ കടപുഴ മാധവൻ പിള്ള,കെപിസിസി നിർവ്വാഹക സമിതി അംഗം എം.വി ശശികുമാരൻ നായർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ എന്നിവർ അറിയിച്ചു.

ആനയടി വയ്യാങ്കര മൂന്നാം വാർഡില്‍ പൈപ്പു വെള്ളം ഇല്ലാതായിട്ട് ഇന്നേക്ക് രണ്ടര മാസം തികയുന്നു

ശൂരനാട് വടക്ക്.ആനയടി വയ്യാങ്കര മൂന്നാം വാർഡ് കുടിവെള്ളം ഇല്ലാതായിട്ട് ഇന്നേക്ക് രണ്ടര മാസം തികയുന്നു. വാർഡ് മെമ്പർ ഗംഗാദേവിക്കും പഞ്ചായത്തിനും പരാതി നല്‍കി ജനം മടുത്ത നിലയാണ്.. കിണറില്ലാതെ പൈപ്പ് ലൈനെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങളാണ് കുടിവെള്ളത്തിനായി വലയുത്. അധികാരികൾ കൃത്യമായി തന്നെ വെള്ളത്തിനുള്ള പണം പിരിക്കുന്നുണ്ട്. എന്നാൽ കുടിവെള്ളമില്ല. വയ്യാങ്കര കുടിവെള്ള പദ്ധതിയുടെ മറവിൽ വൻ തട്ടിപ്പ് നടക്കുന്നെന്നും ജനം പറയുന്നു.

കൊല്ലം സ്വദേശികളായ മലയാളി കുടുംബത്തെ സൗദിയിലെ അൽ കോബാറിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്.സൗദിയിലെ അൽ കോബാറിൽ മലയാളി കുടുംബത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ അനൂപ് മോഹൻ ,ഭാര്യ വസന്തകുമാരി രമ്യമോൾ എന്നിവരെയാണ് തുക്ബയിലെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകളായ അഞ്ചുവയസ്സുകാരി ആരാധിക അനൂപിൻറ്റെ കരച്ചിൽ കേട്ട തൊട്ടടുത്ത താമസക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത് . വസന്തകുമാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന രീതിയിലും ,അനൂപ് മോഹനനെ മറ്റൊരു റൂമിനകത്ത് തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്താനായത് . കഴിഞ്ഞ കുറെ വര്ഷങ്ങളായി സനയ്യ ഏരിയയിൽ വർക് ഷോപ്പ് ജോലി ചെയ്തു വരികയായിരുന്നു അനൂപ് , സൗദിയിൽ വിസിറ്റിങ് വിസയിൽ മകളൊടൊപ്പം എത്തിയതായിരുന്നു വസന്തകുമാരി രമ്യമോൾ. മരണ കാരണങ്ങൾ വ്യക്തമായിട്ടില്ല പോലീസ് അന്വേഷിച്ചു വരുന്നു . ഇരുവരുടെയും മൃതദേഹം ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ് .

എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം.എം.മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സി.പി.ഐ.എം. ഇന്നു ചേര്‍ന്ന അവയ്‌ലബിള്‍ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും.

ലൈംഗിക അതിക്രമ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത മുകേഷ് എംഎല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടേണ്ടെന്നാണ് അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ധാരണയിലെത്തിയത്. മുകേഷിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കാതെ തുടര്‍ നടപടി സ്വീകരിച്ചു. മുകേഷിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. എന്നാല്‍ ആരോപണത്തിന്‍െ്‌റ സത്യാവസ്ഥ തെളിയുന്നതിന് മുമ്പ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണ്.

കോണ്‍ഗ്രസും ബി.ജെ.പിയും ഉന്നയിക്കുന്ന ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ല. എന്നാല്‍ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കും. ഇതിനായി സമിതി പുനസംഘടിപ്പിക്കണം. രാജിവയ്ക്കണമെന്ന സി.പി.ശഎ ദേശീയ നേതൃത്വത്തിന്റെ ആവശ്യം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം കണക്കിലെടുത്തില്ല. നാളെ ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുകേഷിന്റെ രാജി ആവശ്യം വീണ്ടും ചര്‍ച്ച ചെയ്യും. ഇതിലാകും അന്തിമ തീരുമാനമെടുക്കുക.

മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്, സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ മൂന്നിനു വിശദ വാദം കേള്‍ക്കും.

മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും

കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരെയാണ് യുവനടി പൊലീസിന് പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ ഡിഐജി അജിതാ ബീഗം, എഐജി ജി പൂങ്കുഴലി എന്നിവര്‍ നടിയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് 10 മണിക്കൂറോളം നീണ്ടിരുന്നു.

മരടിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടി പൊലീസ് സംഘത്തിന് നല്‍കിയ മൊഴി. സിനിമയില്‍ അവസരങ്ങള്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും നടി വ്യക്തമാക്കി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ഒരു നിര്‍മാതാവിനും രണ്ട് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുമാര്‍ക്കും എതിരെയാണ് നടി പരാതി നല്‍കിയത്. ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി; ‘ആറാട്ടണ്ണന്‍’, അലിന്‍ ജോസ് പെരേര എന്നിവരടക്കം 5 പേര്‍ക്കെതിരേ കേസ്

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍ വിനീതിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതി നല്‍കിയത്. ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ലാറ്റില്‍ വെച്ച് കടന്നു പിടിക്കുകയും, കെട്ടിയിട്ട് പീഡിപ്പിച്ചെന്നുമാണ് പരാതി.
ഏപ്രില്‍ 12 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകന്‍ വിനീതിനെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിനീതിന്റെ സുഹൃത്തുക്കളായ അലന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍ എന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകരായ ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
തന്റെ സുഹൃത്തുക്കള്‍ക്കും ലൈംഗികമായി വഴങ്ങിക്കൊടുക്കണമെന്ന് വിനീത് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ചേരാനെല്ലൂര്‍ പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഓഗസ്റ്റ് 13 നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ചേരാനെല്ലൂര്‍ സ്വദേശിനിയായ നടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.