26.6 C
Kollam
Thursday 25th December, 2025 | 08:15:41 PM
Home Blog Page 2223

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ നവീകരണം;പാർക്കിംഗ് ഏരിയകളുടെ നിർമ്മാണം പൂർത്തിയായതായി കൊടിക്കുന്നിൽ

ശാസ്താംകോട്ട:റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായുള്ള നവീകരണവുമായി ബന്ധപ്പെട്ട് കൂടുതൽ ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുന്നതിന് മുന്നോടിയായി സ്റ്റേഷനിലെ പാർക്കിംഗ് ഏരിയകളുടെ നിർമ്മാണം പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 96.47 ലക്ഷം രൂപ ചിലവിലാണ് കാർ,ഓട്ടോ,ബൈക്ക്, സൈക്കിൾ എന്നിവ പാർക്ക് ചെയ്യുന്നതിനായാണ് മെറ്റൽ വിരിച്ച് ടാർ ചെയ്ത പാർക്കിംഗ് ഏരിയ നിർമ്മിച്ചത്.

കാറുകളുടെ പാർക്കിങ്ങിനായി 600 സ്ക്വയർ മീറ്റർ സ്ഥലവും ബൈക്കുകൾക്കായി 750 സ്ക്വയർ മീറ്റർ സ്ഥലവും ആണ് ക്രമീകരിച്ചിരിക്കുന്നത്.ഇവിടെ 40 കാറുകളും 180 ബൈക്കുകളും പാർക്ക് ചെയ്യുവാൻ കഴിയും.സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിലവിൽ പ്ലാറ്റ്ഫോമുകളിൽ മിനി ഷെൽട്ടറുകൾ സ്ഥാപിച്ചു.റെയിൽവേ സ്റ്റേഷനിലെ കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള ലെവൽ ക്രോസിന് പകരമായി അടിപ്പാത നിർമ്മിക്കണമെന്നുള്ള ആവശ്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. 2024- 25 സാമ്പത്തിക വർഷത്തിൽ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ കെട്ടിടത്തിന്റെ പുതുക്കിപ്പണിയൽ,പ്ലാറ്റ്ഫോമുകളുടെ നവീകരണം,ഇരു പ്ലാറ്റ്ഫോമുകളിലുമായി ലിഫ്റ്റ് സ്ഥാപിക്കൽ,അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് ആവശ്യമായ അനുകൂല നിലപാടിനായി റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.യാത്രക്കാരുടെ നിരന്തര ആവശ്യമായ ആലപ്പുഴ വഴിയുള്ള ട്രെയിനുകളുടെ സ്റ്റോപ്പ്,കോവിഡിന് മുമ്പ് ഉണ്ടായിരുന്ന ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കൽ,പുതുതായി ദീർഘ ദൂരെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അടക്കമുള്ള ആവശ്യങ്ങൾ അനുവദിക്കുന്നതിനായി റെയിൽവേ ബോർഡിനും സതേൺ റെയിൽവേ ജനറൽ മാനേജർക്കും കത്ത് നൽകിയതായും കൊടിക്കുന്നിൽ
അറിയിച്ചു.

പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷവും ആദരിക്കലും സംഘടിപ്പിച്ചു

ശാസ്താംകോട്ട:കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കുന്നത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട വ്യാപാരഭവനിൽ ഓണാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംഘടന കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് റിട്ട.ഡിവൈഎസ്പി വരദ രാജൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച അശോക് കുമാർ,എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ അരുണിമ,അഭിജിത്ത് എന്നിവർക്ക് റിട്ട.ഡിവൈഎസ്പി ശിവസുതൻ പിള്ള,സംഘടന ജില്ലാ പ്രസിഡന്റ് വരദരാജൻ,സീനിയർ അംഗം സദാശിവൻ പിള്ള എന്നിവർ ഉപകാരങ്ങൾ സമ്മാനിച്ചു.കുന്നത്തൂർ മേഖലാ പ്രസിഡന്റ് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻറ് സോമരാജൻ നായർ,മേഖല സെക്രട്ടറി ശിവശങ്കരപ്പിള്ള,ആഘോഷകമ്മിറ്റി ചെയർമാൻ സൈറസ് പോൾ,സീനിയറംഗം ഇബ്രാഹിം കുട്ടി തുടങ്ങിയവർ സംസാരിച്ചു.

മുല്ലപ്പെരിയാർ;ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ രാജ്ഭവൻ മാർച്ച് നടത്തി

തിരുവനന്തപുരം:അതീവ അപകടാവസ്ഥയിൽ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഡീ-കമ്മീഷൻ ചെയ്ത് പുതിയ കരാറും അണക്കെട്ടും നിർമ്മിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ നേതൃത്വത്തിൽ നടത്തിയ രാജഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.50 വർഷ കാലാവധി നിർണയിക്കപ്പെട്ട അണക്കെട്ട് 129 വർഷം പിന്നിടുമ്പോഴും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ പേരിൽ തീരുമാനം നീണ്ടു പോവുകയാണ്.തമിഴ്നാട് ജനതയ്ക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണയാണ് വിഷയങ്ങൾ രൂക്ഷമാക്കുന്നത്.ഡാമിന്റെ ഡീ-കമ്മീഷനിങ്ങിനായി പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ഷിബു .കെ.തമ്പി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ,ദേശീയ പ്രസിഡന്റ് അഡ്വ.ഡോ.രാജീവ് രാജധാനി,ചെയർമാൻ പി.ആർ.വി നായർ,കെ.പി ചന്ദ്രൻ,സന്തോഷ് കൃഷ്ണൻ, എ.എം റെജിമോൻ, ലളിതാരാജ്,ഇ.മനീഷ്,അഡ്വ.സ്മിത സന്തോഷ് എന്നിവർ സംസാരിച്ചു. മാർച്ചിന് രാജു ചേർത്തല,ഗിരിജ ചന്ദ്രശേഖരൻ,സുജിത് കുമാർ,സണ്ണി പൗലോസ്,ആത്മാനന്ദൻ,പി ആർ വിനയൻ,കോശി ജോർജ്, പുഷ്പൻ, വിപിൻ ചന്ദ്രൻ തോപ്പിൽ,രാജേഷ് എന്നിവർ നേതൃത്വം നൽകി.

കലവൂരില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കാണാതായ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരണം

കലവൂരില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെയെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇവര്‍ മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാന്‍ഡേജ് കണ്ടാണ് മക്കള്‍ സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.

മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ഒളിവിലാണ്. കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
കാണാതാകുമ്പോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങളുണ്ടായിരുന്നില്ല. സുഭദ്ര ശര്‍മിളയ്ക്കൊപ്പം പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണം ആലപ്പുഴയിലും ഉടുപ്പിയിലും വിറ്റുവെന്നാണ് പൊലീസ് നിഗമനം.

മാത്യൂസും ശര്‍മിളയും താമസിക്കുന്ന ആലപ്പുഴ കലവൂരിലെ വാടക വീട്ടില്‍ സുഭദ്ര സ്ഥിരമായി വരാറുണ്ട്. ഇവിടെ നിന്നാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുഭദ്രയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് മാത്യൂസും ശര്‍മിളയും പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തിയപ്പോഴേക്കും ഇരുവരും വീട് പൂട്ടി മടങ്ങിയിരുന്നു.

സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിച്ചു, നീതി ലഭിക്കാതെ തിരികെ ജോലിയിൽ പ്രവേശിക്കില്ലെന്ന നിലപാടില്‍ ഡോക്ടർമാർ

കൊല്‍ക്കൊത്ത. ആർ ജി കോര്‍ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ – കൊലപാതകത്തില്‍ പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക്‌ തിരികെ ജോലിയിൽ പ്രവേശിക്കാൻ സുപ്രീംകോടതി നൽകിയ സമയപരിധി അവസാനിച്ചു. നീതി ലഭിക്കാതെ തിരികെ ജോലിയിൽ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. പശ്ചിമബംഗാൾ ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥി ഭവനിലേക്ക് ഡോക്ടർമാർ പ്രതിഷേധ മാർച്ച് നടത്തി. ആരോഗ്യ സെക്രട്ടറി അടക്കം മൂന്നു ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. മെഡിക്കൽ കോളേജ് അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സിയാൽദ പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി.

സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാം

സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തവണ വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാം. ഡിജിപി ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാന്‍ യൂണിറ്റ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയാണ് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. വീട്ടിലെ സാധാരണ ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ പറ്റുന്നില്ലെന്ന പരാതി പൊലീസുകാര്‍ക്കിടയില്‍ ഉണ്ടായിരിക്കെയാണ് ഡിജിപിയുടെ പുതിയ ഉത്തരവ് . പൊലീസുകാരില്‍ ജോലി സമ്മര്‍ദം വര്‍ധിക്കുന്നതും ആത്മഹത്യ പെരുകുന്നതും അടക്കം കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ 7 വര്‍ഷത്തിനിടെ ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാനസിക സമ്മര്‍ദത്തിനു ചികിത്സ തേടിയെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 5 വര്‍ഷത്തിനിടെ 88 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.

തിരുവോണത്തിന് ഇനി നാലു ദിസവമാണ് ശേഷിക്കുന്നത്. വരുംദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാനുള്ള ഡ്യൂട്ടി ക്രമീകരണങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കും.

സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികൾക്ക് ബോണസ് ആയി

തിരുവനന്തപുരം. സംസ്ഥാനത്തെ കയർ ഫാക്ടറി തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് ബോണസായി 29.90% തുക ലഭിക്കും. ഇതിൽ 20% ബോണസും 9.90% ഇൻസെന്റീവുമായിരിക്കും.

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം.

ആളെകാത്ത് ഗതികെട്ട് ഗതാഗത കമ്മീഷണര്‍ കസേര,

തിരുവനന്തപുരം. പുതിയ ഗതാഗത കമ്മീഷണർ എ അക്ബർ ചുമതല ഏറ്റെടുക്കാത്തതിനെ തുടർന്ന് കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കറിന് ഗതാഗത കമീഷണറുടെ അധിക ചുമതല നൽകി സർക്കാർ. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ കൂടിയായ പ്രമോജ് ശങ്കർ വിഷയം ചൂണ്ടി കാട്ടി ഗതാഗത വകുപ്പിന് കത്ത് നൽകിയിരുന്നു. ചുമതല ഏറ്റെടുക്കാൻ ഇല്ല എന്നാണ് ക്രൈം ബ്രാഞ്ച് ഐജി എ അക്ബറിൻ്റെ നിലപാട്.

ഗതാഗത കമീഷണർ ആയി നിയമന ഉത്തരവ് ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും എ അക്ബർ ചുമതല ഏറ്റെടുക്കാൻ തയറാകാത്തതിനെ തുടർന്നാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമീഷണറും കെഎസ്ആര്‍ടിസി സിഎംഡി യുമായ പ്രമോജ് ശങ്കറിന് അധിക ചുമതല നൽകാൻ സർക്കാർ തീരുമാനിച്ചത്. പുതിയ ഗതാഗത കമ്മീഷണർ ചുമതല ഏറ്റെടുക്കുന്നത് വരെയാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അധിക ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. ക്രൈം ബ്രാഞ്ച് ഐജി കൂടിയായ എ അക്ബറിന് ഗതാഗത കമ്മീഷണർ ആകാൻ താത്പര്യമില്ല എന്ന് അറിയിച്ചതായാണ് വിവരം. ഗതാഗത കമീഷണർ ചുമതല ഏറ്റെടുക്കാതെ ആയതോടെ മോട്ടോർ വാഹന വകുപ്പിലെ സുപ്രധാന പ്രവർത്തനങ്ങൾ അവതാളത്തിൽ ആയിട്ടുണ്ട്.

ആര്‍സി ബുക്ക്, ലൈസൻസ് തുടങ്ങിയവയുടെ അച്ചടി, ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, പ്രധാനപ്പെട്ട യോഗങ്ങൾ എന്നിവ ട്രാൻസ്പോർട്ട് കമ്മീഷണർ ഇല്ലാത്തത് കാരണം ഇഴയുകയായിരുന്നു. അതേസമയം കെഎസ്ആർടിസി സിഎംഡി സ്ഥാനത്തിരിക്കുന്ന പ്രമോജ് ശങ്കറിന് ട്രാൻസ്പോർട്ട് കമ്മീഷണരുടെ സുപ്രധാന ചുമതല നൽകുന്നതിൽ മോട്ടോർ വാഹന വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അതൃപ്ത്തി ഉണ്ട്. രണ്ട് ചുമതലകളും ഒരുമിച്ച് കൈകാര്യം ചെയ്യുക അപ്രായോഗികം ആണെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ഒംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്, ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരന്‍ ജന്‍സണും അപകടത്തില്‍പെട്ടു

വയനാട് .കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഒംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്. ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുതവരന്‍ ജന്‍സണും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. വാനും കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസും ആണ് കൂട്ടയിടിച്ചത്. വാന്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മാധവി, രത്നമ്മ, ലാവണ്യ, കുമാര്‍ ,ആര്യ, അനില്‍കുമാര്‍, അനൂപ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ശ്രുതിക്ക് കാലിനാണ് പരിക്ക്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കിന്‍ഫ്രയ്ക്കടുത്ത് സ്ഥിരം അപകടമേഖലയായ വളവിലാണ് വാനും ബസും കൂട്ടിയിടിച്ചത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമടക്കം 9 ബന്ധുക്കളെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്.

കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടെ മരണം കൊലപാതകം ? മൃതദേഹാവശിഷ്ടങ്ങൾ ആലപ്പുഴയിൽ കണ്ടെത്തി, പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികൾ സംസ്ഥാനത്തിന് പുറത്ത്

ആലപ്പുഴ:
കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

കലവൂരുള്ള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചുമൂടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചൂമൂടിയെന്നാണ് വിവരം. പ്രതികൾ എന്ന് സംശയിക്കുന്ന മാത്യു, ശർമിള എന്നിവർ ഇപ്പോൾ സംസ്ഥാനത്തിന് പുറത്താണ്.

യാത്രകളും മറ്റും ഒന്നിച്ച് പോയിരുന്ന ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചു. ഇതേ ചൊല്ലി സുഭദ്ര ഇവരുമായി വഴക്കിട്ടു. കുറച്ചു കാലത്തിന് ശേഷം ഇവർ തമ്മിൽ വീണ്ടും അടുപ്പത്തിലായി. തുടർന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചുവരുത്തി കൊന്ന് സ്വർണം തട്ടിയെടുത്ത ശേഷം കുഴിച്ചിട്ടെന്നാണ് വിവരം. കൊച്ചിയിൽ നിന്ന് സുഭദ്രയുടെ മക്കൾ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളജിലേക്ക് മൃതദേഹ അവശിഷ്ടങ്ങൾ മാറ്റിയേക്കും.