Home Blog Page 2210

26 വർഷത്തെ എന്റെ ജീവിതത്തിൽ മാറ്റം, ആറ് പേരുള്ള കുടുംബമായിരുന്നു; വിങ്ങിപ്പൊട്ടി അഹാന കൃഷ്ണ

മലയാളികൾക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. നാല് മക്കളും അച്ഛനും അമ്മയും അടങ്ങുന്ന ഈ കുടുംബത്തിൽ നിന്നും ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരാൾ മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. അഹാനയുടെ സഹോദരി ദിയ ആയിരുന്നു വിവാഹിതയായത്. ദിയയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. ഈ അവസരത്തിൽ അനുജത്തിയെ കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ദിയയുടെ വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപെടുത്ത വീഡിയോയാണ് അഹാന ഷെയർ ചെയ്തത്. ഇതിൽ അനുജത്തിയെ പിരിയുന്നതിലെ വിഷമത്തെ കുറിച്ച് പറഞ്ഞ അഹാന പൊട്ടിക്കരയുന്നുമുണ്ട്. വിവാഹ വിശേഷങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു വീഡിയോ തുടങ്ങിയത്. ഏറ്റവും ഒടുവിൽ ആയിരുന്നു അഹാന ഇമോഷണലായത്.

“ഓസിയുടെ വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി ഉള്ളത്. ഞാനും ഓസിയും വിസിബിൾ അറ്റാച്ച്മെന്റുള്ള സഹോദരിമാർ ഒന്നുമല്ല. പക്ഷേ കഴിഞ്ഞ കുറച്ച് നേരമായി എന്തൊക്കെയോ ഒരു ഫീലിങ്സാണ് എനിക്ക്. കല്യാണം നടക്കുന്നതും കുടുംബം വലുതാകുന്നതുമെല്ലാം എല്ലാം വളരെ സന്തോഷം ഉള്ള കാര്യങ്ങളാണ്. മാറ്റം ഇഷ്ടമാണെങ്കിലും എവിടെയോ ഒരു ബുദ്ധിമുട്ട് തോന്നുകയാണ്. ഇത് വലിയൊരു മാറ്റമാണല്ലോ. കുടുംബത്തിലെ ആദ്യ വിവാഹമാണിത്. അതുകൊണ്ട് ഞങ്ങൾക്കെല്ലാം എല്ലാം പുതിയ അനുഭവമാണ്. ഇത്രയും നാൾ ഞങ്ങൾ ആറ് പേരുള്ള ഒരു കുടുംബമായിരുന്നു. ജീവിതം ഇപ്പോൾ മാറാൻ പോകുന്നു”, എന്ന് അഹാന പറയുന്നു.

“എപ്പോഴും ഉള്ളതുപോലെ ഓസി ഇനി ഞങ്ങൾക്ക് ഇടയിൽ ഇല്ല. അടിയുണ്ടാക്കുമ്പോൾ ഇറങ്ങിപ്പോകുമെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷേ പോകാൻ വേറെ സ്ഥലമില്ലല്ലോ. ഇതാണല്ലോ ഞങ്ങടെ വീട്. ഓസിക്ക് മറ്റൊരു വീടായി. എനിക്ക് ഇപ്പോൾ 28. ഓസിക്ക് 26. ഈ 26 വർഷത്തെ എന്റെ ജീവിതത്തിൽ മണിക്കൂറുകൾക്ക് ശേഷം മാറ്റം വരാൻ പോകയാണ്. പതിയെ ഇതെല്ലാം ശീലമാകുമായിരിക്കും.നല്ലൊരു മാറ്റമാണ്. പക്ഷേ ആ മാറ്റം വരാൻ പോകുന്നുവെന്ന് അറിയുമ്പോൾ എന്തോപോലെ തോന്നുന്നു. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടിൽ വന്നിരുന്ന ഓസി, ഇനി ഞങ്ങളെ കുറച്ച് കൂടി മിസ് ചെയ്യും. കുറച്ചുകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. എന്താണ് എനിക്ക് ഇങ്ങനെ എന്ന് എനിക്ക് പോലും അറിയില്ല”, എന്നും അഹാന പറയുന്നു. നിരവധി പേരാണ് ഈ സഹോദരി ബന്ധത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്.

ഓണക്കാലത്ത് അറബിക്കടലിൽ ആഡംബര കപ്പലിൽ അടിച്ചുപൊളിക്കാം; ടിക്കറ്റെടുക്കാം, തീയതി പങ്കുവച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: ഈ ഓണം അവധിക്കാലത്ത് അറബിക്കടലിൽ ആഡംബര കപ്പൽ യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്ആർടിസി. തൊടുപുഴ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആഡംബര കപ്പൽ യാത്ര ഈ മാസം ഇരുപത്തിയേഴിന് (വെള്ളിയാഴ്ച – 27-09-2024) സംഘടിപ്പിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ്റെ Nefertity Cruise ആഡംബര കപ്പലിൽ അഞ്ച് മണിക്കൂർ കടൽ യാത്ര നടത്താം. രസകരമായ ഗെയിമുകളും പാട്ടും ഡാൻസും തീയേറ്ററും അപ്പർ ഡക്കിൽ നിന്ന് അറബി കടലിൻ്റെ അസ്തമയ സൂര്യ പ്രഭയും കാണുവാൻ കഴിയുന്നതാണ് അഞ്ചുമണിക്കുർ യാത്ര.

സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. 3550 രൂപയാണ് യാത്രയുടെ ചാർജ്. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക. അഞ്ച് മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് 1250 രൂപ ആണ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. രാവിലെ 9.30 മുതൽ 4.30 വരെയുള്ള സമയങ്ങളിൽ തൊടുപുഴ ഡിപ്പോയിൽ ആധാർ കാർഡുമായി എത്തി സീറ്റുകൾ ബുക്ക് ചെയ്യാമെന്ന് കെഎസ്ആർടിസി അറിയിച്ചു. ആഡംബര കപ്പൽ യാത്രയ്ക്ക് ഓൺലൈൻ മുഖേനെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമില്ല.

മീൻകറി കൂട്ടി ഊണും കഴിച്ച് കായലിലൂടെ 5 മണിക്കൂർ ട്രിപ്പ്; കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ അടിപൊളി കെഎസ്ആർടിസി പാക്കേജ്
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ തൊടുപുഴയുടെ 8304889896, 9744910383, 9605192092 ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി https://my.artibot.ai/budget-tour ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അറിയാനാകും. ബജറ്റ് ടൂർസ് ഗൂഗിൽ മാപ്പ് ലിസ്റ്റിംഗിനായി BUDGET TOURS, KSRTC 091886 19368 https://maps.app.goo.gl/oHMNgLx3CFCHQLMm7 . ഈമെയിൽ – [email protected] , [email protected] എന്നീ വെബ്സൈറ്റുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാം.

ഓണം അവധിക്കാലത്ത് കുടുംബത്തിനൊപ്പം ആഷോഷിക്കാനാകുന്ന യാത്രയാണ് തൊടുപുഴ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആഡംബര കപ്പൽ യാത്ര. കപ്പലിലെ ആഘോഷങ്ങളും കടലിലെ കാഴ്ചകളും കണ്ട് ആഡംബര കപ്പലിൽ അഞ്ച് മണിക്കൂർ യാത്ര ചെയ്യാം എന്നതാണ് ഈ ഉല്ലാസയാത്രയുടെ പ്രത്യേകത. ഓണത്തോടനുബന്ധിച്ച് നിരവധി ഉല്ലാസയാത്രകളാണ് കെഎസ്ആർടിസി ഇത്തവണ സംഘടിപ്പിക്കുന്നത്.

വന്ദേ മെട്രോയിൽ ടിക്കറ്റ് നിരക്ക് 30 രൂപ മുതൽ 430 രൂപ വരെ; ആഴ്ചയിൽ ആറ് ദിവസവും ഓടും

ന്യൂഡല്‍ഹി: വന്ദേ ഭാരത് മെട്രോ സര്‍വ്വീസ് സെപ്തംബർ 16ന് തുടങ്ങുമെന്ന് അനൗദ്യോഗികമായ വിവരം. നിരവധി മാധ്യമങ്ങൾ ഈ തീയതി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതെസമയം ആദ്യ വന്ദേ ഭാരത് മെട്രോയുടെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കിയിട്ടുണ്ട്.

ഗുജാറാത്തിലെ ഭുജ് – അഹ്മദാബാദ് റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് മെട്രോ ഓടുക. ആഴ്ചയിൽ ആറു ദിവസം മെട്രോ സർവ്വീസ് ഉണ്ടായിരിക്കും. രാവിലെ 5.05ന് ഭുജ് സ്റ്റേഷനിൽ നിന്ന് മെട്രോ യാത്ര തുടങ്ങും. അഹ്മദാബാദിൽ 10.50ന് എത്തിച്ചേരും. പിന്നീട് വൈകീട്ട് 5.30ന് തിരിച്ചുള്ള യാത്ര തുടങ്ങും. ഈ യാത്ര ഭുജ് സ്റ്റേഷനിൽ 11.10ന് എത്തിച്ചേരും. അഞ്ച് മണിക്കൂർ 45 മിനിറ്റ് നേരമാണ് 360 കിലോമീറ്റർ യാത്രയ്ക്ക് എടുക്കുക. ഒമ്പത് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. കച്ച് ജില്ലയിലെ അഞ്ജർ, ഗാന്ധിധാം, ബചൗ, സമഖിയാലി, മോർബി ജില്ലയിലെ ഹൽവാദ്, സുരേന്ദ്രനഗർ ജില്ലയിലെ ധ്രംഗധ്ര, അഹമ്മദാബാദ് റൂറലിലെ വിരംഗാം, അഹമ്മദാബാദ് നഗരത്തിലെ ചന്ദ്ലോഡിയ, സബർമതി സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ പിന്നിട്ട് അഹമ്മദാബാദിലെ കലുപ്പൂരിലെ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും.

വന്ദേ മെട്രോ ട്രെയിനിലെ ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയായിരിക്കും. ഭുജിൽ നിന്ന് ഏറ്റവുമടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കാണിത്. അതെസമയം ഭുജ് മുതൽ അഹ്മദാബാദ് വരെയുള്ള യാത്രയ്ക്ക് 430 രൂപ ചെലവ് വരും. ആഴ്ച, മാസം, അർധമാസം എന്നിങ്ങനെയുള്ള കണക്കിൽ സീസൺ ടിക്കറ്റ് വാങ്ങാനും സാധിക്കും.

അതെസമയം കേരളത്തിലേക്ക് വന്ദേ ഭാരത് മെട്രോ വരുന്നത് സംബന്ധിച്ച് വ്യക്തതയൊന്നും ഇതുവരെ വന്നിട്ടില്ല. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേ മെട്രോ കോച്ചുകൾ നിർമ്മിക്കുന്നത്. കഴിഞ്ഞമാസം തമിഴ്നാട്ടിൽ തന്നെയായിരുന്നു പരീക്ഷണ ഓട്ടം. മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 130 കിലോമീറ്റർ വരെ വേഗതയിൽ വന്ദേ മെട്രോ ഓടിക്കാനാകും.

12 കോച്ചുകളാണ് വന്ദേ ഭാരത് മെട്രോയിൽ ഉണ്ടായിരിക്കുക. ഒരു കോച്ചിൽ 200 പേർക്ക് ഇരിക്കാനാകും. 200 പേർക്ക് നിൽക്കാനും കഴിയും. കവച് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട് മെട്രോയിൽ. സിസിടിവി ക്യാമറകളും, ഏസിയും, സ്ലൈഡിങ് ഡോറുകളും തുടങ്ങി സാധാരണ സബർബൻ ട്രെയിനുകളിൽ കാണാത്ത സംവിധാനങ്ങളോടെയാണ് വന്ദേ മെട്രോ വരുന്നത്.

വാർത്താനോട്ടം

2024 സെപ്തംബർ 14 ശനി

BREAKING NEWS

?ചെങ്ങന്നൂർ -പമ്പ അതിവേഗ റെയിൽപാതയ്ക്ക് റെയിൽവേ ബോർഡിൻ്റെ അംഗീകാരം. 5 വർഷം കൊണ്ട് പൂർത്തിയാക്കുന്ന ഇരട്ട ബ്രോഡ്ഗേജ് പാതയ്ക്കാണ് അംഗീകാരം.

?സീതാറാം യെച്ചൂരിയുടെ ഭൗതീക ശരീരം പൊതുദർശനത്തിനായി എ കെ ജി ഭവനിൽ

?സീതാറാം യെച്ചൂരിക്ക് അന്തിമാഭിവാദ്യം അർപ്പിക്കാൻ രാജ്യ തലസ്ഥാനത്ത് ആയിരങ്ങൾ

? ഇ പി ജയരാജൻ ദില്ലിയിൽ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തി.

? കേരളീയം ?

? 24,116 കണ്ടെയ്‌നര്‍ ശേഷിയുള്ള ഇന്ത്യയില്‍ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്നലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. 399.9 മീറ്റര്‍ നീളവും 61.5 മീറ്റര്‍ വീതിയുമുള്ള ഈ അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ കപ്പലിന് 20,425 ടിഇയു വഹിക്കാനുള്ള ശേഷിയുണ്ട്.

? മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം ഉപ്പുതറയിൽ മുല്ലപ്പെരിയാര്‍ സമരസമിതി ഉപവസിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ഏജന്‍സിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം.

? കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

? ഗുരുവായൂരമ്പല
ത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിവസം ഉള്‍പ്പെട്ട ഈ മാസം ഇതുവരെയുള്ള ക്ഷേത്രത്തിന്റ ഭണ്ഡാര വരവ് 5.80 കോടിരൂപ കടന്നു. ഇതിനൊപ്പം രണ്ടര കിലോയിലധികം സ്വര്‍ണ്ണവും പതിനേഴര കിലോയിലധികം വെള്ളിയും ലഭിച്ചിട്ടുണ്ട്.

? സുഭദ്ര കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഈ കേസിലെ പ്രതി മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ റൈനോള്‍ഡിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

?ആലപ്പുഴ കലവൂരിലെ സുഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സുഭദ്രയെ കൊല്ലാന്‍ പ്രതികള്‍ നടത്തിയത് വന്‍ ആസൂത്രണമെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ മൊഴി നല്‍കി.

? കോഴിക്കോട് ഉള്ള്യേരിയില്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് കുടുംബം ആരോപിച്ചു . എകരൂര്‍ ഉണ്ണികുളം സ്വദേശി അശ്വതിയും ഗര്‍ഭസ്ഥ ശിശുവുമാണ് മരിച്ചത്.

?? ദേശീയം ??

? ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയില്‍ മോചിതനായി. ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയത്.

? കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ശൃംഖലയുടെ ഉടമയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ബിജെപി പ്രവര്‍ത്തകര്‍ അശ്രദ്ധമായി പങ്കുവെച്ചതിന് മാപ്പ് ചോദിച്ച് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ.

? ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ട് റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ആറ് യുവാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു.

? കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ടും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ചു.

? തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളില്‍ ഇടിച്ച് എട്ട് മരണം. ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപകടമുണ്ടായത്. പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്.

? ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ദെഹ്ഗാം താലൂക്കിലെ വസ്ന സൊഗ്തി ഗ്രാമത്തിലെ മെഷ്വോ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ട് ഗ്രാമവാസികളാണ് മുങ്ങി മരിച്ചത്.

? പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനും മറ്റും സൂക്ഷിക്കാന്‍ പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ കണ്ടുപിടിച്ച യുവതിക്ക് അവാര്‍ഡ്. ഒഡിഷ സ്വദേശിനിയായ കോമള്‍ പാണ്ടയ്ക്കാണ് 2024-ലേക്കുള്ള ജെയിംസ് ഡൈസെന്‍ അവാര്‍ഡ് ലഭിച്ചത്.

? വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. രണ്ടു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു ഓപ്പറേഷനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.

?? അന്തർദേശീയം ??

?ഡൊണാള്‍ഡ് ട്രംപിനേയും കമലാ ഹാരിസിനേയും രൂക്ഷമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരായ നയം സ്വീകരിച്ചതിനായിരുന്നു ട്രംപിനെതിരായ വിമര്‍ശനമെങ്കില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന കമലാ ഹാരിസിന്റെ നിലപാടിനേയാണ് മാര്‍പാപ്പ വിമര്‍ശിച്ചത്. വോട്ടര്‍മാര്‍ എന്ത് നിലപാട് എടുക്കണമെന്ന ചോദ്യത്തിന് കുറഞ്ഞ തിന്മയെ സ്വീകരിക്കാനായിരുന്നു മാര്‍പാപ്പയുടെ മറുപടി.

??‍♀️??കായികം??️‍♀️?

? ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്.സി യും രണ്ട് വീതം ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍നിന്ന മോഹന്‍ ബഗാന്‍, രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങുകയായിരുന്നു.

‘വിവാഹേതര ബന്ധം ആരോപിച്ച് പുറത്താക്കിയ ജുഡീഷ്യൽ ഉദ്യോ​ഗസ്ഥനെ തിരിച്ചെടുത്തില്ല’; വിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെട്ട് പുറത്താക്കിയ ജുഡീഷ്യൽ ഓഫീസറെ ജോലിയിൽ തിരിച്ചെടുക്കാത്ത പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെയും പഞ്ചാബ് സർക്കാറിനെയും വിമർശിച്ച് സുപ്രീം കോടതി. ഇവർക്ക് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്നും ജോലിയിൽ തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യത്തെ ഹൈക്കോടതി തള്ളിയത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2018 ഒക്‌ടോബർ 25നാണ് പുറത്താക്കിയ നടപടിയെ ഇരുവരും ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പുരുഷ ഓഫിസറുടെ ഹർജി ഹൈക്കോടതി തള്ളി. ഒരു ദിവസത്തിന് ശേഷം, അതേ ബെഞ്ച് വനിതാ ഉദ്യോഗസ്ഥയെ പുനഃസ്ഥാപിക്കാൻ ഉത്തരവിട്ടു. പുരുഷ ജുഡീഷ്യൽ ഓഫീസറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

വനിതാ ജുഡീഷ്യൽ ഓഫീസറെ തിരിച്ചെടുത്തതിനെതിരെ ഹൈക്കോടതി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, സുപ്രീം കോടതി അപ്പീൽ തള്ളി. പിന്നാലെ, താനും വനിതാ ജുഡീഷ്യൽ ഓഫീസറും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ സത്യമില്ലെങ്കിൽ തന്നെയും സർവീസിൽ തിരിച്ചെടുക്കണമെന്നും 2009ലെ പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പുരുഷ ഉദ്യോഗസ്ഥൻ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ഇദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. തീരുമാനം പുനഃപരിശോധിച്ച സർക്കാർ 2024 ഏപ്രിൽ 2-ന് വീണ്ടും ഇയാളെ പിരിച്ചുവിട്ട നോട്ടീസ് നൽകി.

ഈ കേസ് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. പിരിച്ചുവിടൽ ഉത്തരവ് റദ്ദാക്കുകയും പ്രസ്തുത പിരിച്ചുവിടലിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. ജീവനക്കാരനെ സർവീസിൽ തിരിച്ചെടുക്കണമെന്നും നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകണമെന്നും ബെഞ്ച് പറഞ്ഞു. ഓഫിസറെ സർവീസിലേക്ക് തിരിച്ചെടുക്കാത്തതിൽ ഹൈക്കോടതിയുടെയും സംസ്ഥാനത്തിൻ്റെയും നിഷ്‌ക്രിയത്വത്തിൽ ഞങ്ങൾ ന്യായീകരണമൊന്നും കാണുന്നില്ലെന്നും പരാതിക്കാരന് മേൽപ്പറഞ്ഞ കാലയളവിലെ മുഴുവൻ ശമ്പളത്തിനും അർഹതയുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ഉദ്യോ​ഗസ്ഥന്റെ ഭാര്യയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ജുഡീഷ്യൽ സൂക്ഷ്മപരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. 2022-ൽ, ജുഡീഷ്യൽ ഓഫീസറുടെ സേവനം അവസാനിപ്പിക്കാൻ പഞ്ചാബ് സർക്കാർ 2009-ൽ പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പിരിച്ചുവിടൽ ഉത്തരവിനെതിരായ ഉദ്യോഗസ്ഥൻ്റെ ഹർജി തള്ളിയ ഹൈക്കോടതി വിധിയും സുപ്രീം കോടതി റദ്ദാക്കി. കൂടാതെ, വിഷയം പുനഃപരിശോധിക്കാൻ ഹൈക്കോടതിയുടെ ഫുൾ ബെഞ്ചിനോട് കോടതി അഭ്യർത്ഥിച്ചു.

കിഴക്കേ കല്ലട മാർക്കറ്റിൻ്റെ ശിലാസ്ഥാപനം നടന്നു

കിഴക്കേ കല്ലട:ഗ്രാമ പഞ്ചായത്തിൻ്റെ മാർക്കറ്റ് തീരദേശ വികസന വകുപ്പിൻ്റെ സഹായത്തോടെ കിഫ്ബിയുടെ 1,14,42,000 രൂപ ചെലവഴിച്ച് നവീകരിക്കുന്നതിൻ്റെ ശിലാസ്ഥാപനം കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലാലി.കെ.ജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് രാജു ലോറൻസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയദേവി മോഹൻ,ജില്ലാ പഞ്ചായത്ത് മെമ്പർ സി.ബാൾഡുവിൻ, ജനപ്രതിനിധികളായ ബി.ദിനേശ്, റാണി സുരേഷ്,എ.സുനിൽകുമാർ,ശ്രുതി,
ഉഷാദേവി,ശ്രീരാഗ്
മoത്തിൽ,ഉമാ ദേവിയമ്മ,ആർ.ജി രതീഷ്,പ്രദീപ്കുമാർ,ഷാജി മുട്ടം, അമ്പിളി ശങ്കർ,തീരദേശ വികസന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷിലു,വിനോദ് വില്ല്യേത്ത്, വേലായുധൻ,എഡ്വേർഡ് പരിച്ചേരി,ഷാജി വെള്ളാപ്പള്ളി,പ്രശാന്ത് കുമാർ, സജി മള്ളാക്കോണം,അനിൽകുമാർ. ഡി.ചാലിൽ,പഞ്ചായത്ത് സെക്രട്ടറി സുചിത്രദേവി എന്നിവർ സംസാരിച്ചു.

മകളെ ജോലിക്ക് വിടാൻ പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; പിതാവിന് ദാരുണാന്ത്യം

കോട്ടയം∙ മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം. അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30നു മഞ്ഞാമറ്റം – മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മകൾ മെറിനെ (24) ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലായിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടുവിടാൻ പോകുന്നതിനിടയിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സെബാസ്‌റ്റ്യൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സീനിയർ എൽഐസി ഏജന്റായിരുന്നു സെബാസ്‌റ്റ്യൻ. പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്‌റ്റ്യനാണ് ഭാര്യ. മറ്റു മക്കൾ മെൽവിൻ, മാഗി

വൈദ്യുതി നിരക്ക് വർധന നവംബർ ഒന്നിന് മുൻപ്; കെഎസ്ഇബി ശുപാർശ ചെയ്ത വർധനയ്ക്കു സാധ്യത

തിരുവനന്തപുരം: കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്ന അതേ നിരക്കിൽ നവംബർ ഒന്നിനു മുൻപ് വൈദ്യുതി ചാർജ് വർധിപ്പിച്ചേക്കും. വേനൽക്കാലത്തെ ഉപയോഗത്തിനു കെഎസ്ഇബി നിർദേശിച്ച വർധനയുടെ നിയമപരമായ സാധുത പരിശോധിച്ച ശേഷം ഒഴിവാക്കാനാണ് സാധ്യത.

ഓണത്തിനു ശേഷം റഗുലേറ്ററി കമ്മിഷൻ, കെഎസ്ഇബി പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം വിളിച്ച് അഭിപ്രായം തേടും. തുടർന്ന്, പൊതുതെളിവെടുപ്പിൽ ഉപയോക്താക്കൾ ഉന്നയിച്ച പരാതികളിൽ കെഎസ്ഇബിയുടെ മറുപടി രേഖാമൂലം അറിയിക്കാൻ സമയം നൽകും. ഇതിനിടയിൽ റഗുലേറ്ററി കമ്മിഷൻ ചെയർമാനും അംഗങ്ങളും മറ്റു വിദഗ്ധരും ചേർന്ന് കെഎസ്ഇബി നൽകിയ താരിഫ് പെറ്റിഷനും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും നിയമവശങ്ങളും പരിശോധിച്ച് നിരക്ക് പരിഷ്കരണത്തിൽ തീരുമാനമെടുക്കും.

റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച 2022–27 കാലയളവിലെ വരവു കമ്മി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്കരണ ശുപാർശ വച്ചിരിക്കുന്നത് എന്നതിനാൽ അതിൽ കാര്യമായ കുറവ് വരുത്താൻ സാധ്യതയില്ല.

2022ൽ കെഎസ്ഇബി നൽകിയ 5 വർഷത്തെ ബഹു വർഷ നിരക്ക് പരിഷ്കരണ ശുപാർശ തള്ളിയ റഗുലേറ്ററി കമ്മിഷൻ ഒരു വർഷത്തേക്കും 2023ൽ നൽകിയ 4 വർഷത്തെ നിരക്ക് പരിഷ്കരണ ശുപാർശ 8 മാസത്തേക്കുമാണ് പരിഷ്കരിച്ചത്. ഇത്തവണ 2024 ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെ കാലയളവിലേക്കാണു കെഎസ്ഇബി ശുപാർശ.നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് യൂണിറ്റിന് 3.25 രൂപയാണ്.

രണ്ടാം ഘട്ടം വൈകിയേക്കാം
മേയ് 16 ന് റഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിക്കു നൽകിയ കത്തിൽ, 2027 വരെയുള്ള നിരക്ക് പരിഷ്കരണം സംബന്ധിച്ച ശുപാർശ സമർപ്പിക്കാനാണു നിർദേശിച്ചത്. എന്നാൽ, 2023–24 വർഷത്തെ കെഎസ്ഇബിയുടെ പ്രകടന റിപ്പോർട്ട് നവംബർ 30 നു മുൻപു സമർപ്പിക്കാൻ കമ്മിഷൻ നേരത്തേ നിർദേശിച്ചിരുന്നു. 2025– 26 ലെ നിരക്ക് പരിഷ്കരണം ഈ റിപ്പോർട്ട് വിലയിരുത്തിയ ശേഷം മതിയെന്നു തീരുമാനിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ താരിഫ് വർധനയുടെ കാലാവധി ജൂൺ 30 ന് അവസാനിച്ചതിനെ തുടർന്ന് ഈ മാസം 30 വരെ ദീർഘിപ്പിച്ച് ഉത്തരവായിരുന്നു. നിരക്ക് വർധന അതിനുള്ളിൽ പ്രഖ്യാപിക്കാനിടയില്ലാത്തതിനാൽ പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെ നിലവിലെ നിരക്കിനു പ്രാബല്യം നൽകി ഉത്തരവിറക്കിയേക്കും.

ട്രംപിനെയും കമലയെയും വിമർശിച്ച് മാർപാപ്പ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാൻ ആഹ്വാനം

സിംഗപ്പൂർസിറ്റി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെയും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെയും വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ് ഡൊണാൾഡ് ട്രംപിനെ വിമർശിച്ചതെങ്കിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാർപാപ്പയുടെ വിമർശനത്തിന് ഇടയാക്കിയത്.

ഡൊണാൾഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും പേരു പരാമർശിക്കാതെയായിരുന്നു മാർപാപ്പയുടെ വിമർശനം. തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങളിലായി 12 ദിവസത്തെ വിദേശ സന്ദർശനത്തിനു ശേഷം റോമിലേക്കുള്ള മടക്കയാത്രയിൽ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാർപാപ്പ.

‘കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാതിരിക്കുന്നത് മഹാപാപമാണ്. ഗർഭഛിദ്രം കൊലപാതകമാണ്. കുടിയേറ്റക്കാരെ ഓടിച്ചുവിടുന്നയാളായാലും കുഞ്ഞുജീവനുകളെ കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നയാളായാലും അവർ ജീവിതത്തിനെതിരാണ്. ഇവയിൽ ചെറിയ തിന്മയെ നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഎസിലെ കത്തോലിക്കാ വിശ്വാസികൾ തെരഞ്ഞെടുക്കണം. ആരാണ് കുറഞ്ഞ തിന്മ ചെയ്യുന്നത്? ആ സ്ത്രീയോ അതോ ആ പുരുഷനോ? എനിക്കറിയില്ല. എല്ലാവരും മനസാക്ഷിപൂർവം ചിന്തിച്ച് വോട്ടു ചെയ്യണം’ – മാർപാപ്പ ആഹ്വാനം ചെയ്തു.

വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും യുഎസിൽ ഇതിനകം തന്നെ താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കായി തടങ്കൽപ്പാളയങ്ങൾ നിർമ്മിക്കുന്ന കാര്യം തള്ളിക്കളയാനും ട്രംപ് വിസമ്മതിച്ചു.

2022 ൽ സുപ്രീം കോടതി അസാധുവാക്കിയ ഗർഭഛിദ്ര അവകാശങ്ങൾക്കുള്ള ദേശീയ സംരക്ഷണം പുനഃസ്ഥാപിക്കാൻ യുഎസ് കോൺഗ്രസ് പാസാക്കുന്ന ഏത് നിയമനിർമ്മാണത്തിലും ഒപ്പിടാൻ തയാറാണെന്ന് കമല ഹാരിസ് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 11ന് ഫിലഡൽഫിയയിൽ എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട സംവാദത്തിൽ സാമ്പത്തികരംഗം, വിദേശനയം, ഗർഭഛിദ്രം, കുടിയേറ്റം എന്നീ വിഷയങ്ങളിൽ ട്രംപും കമല ഹാരിസും അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മാർപാപ്പയുടെ വിമർശനം.

ഇന്തൊനീഷ്യ, കിഴക്കൻ ടിമോർ, പാപുവ ന്യൂഗിനി, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് 12 ദിവസത്തെ യാത്രത്തിൽ മാർപാപ്പ സന്ദർശിച്ചത്. സ്ഥാനമേറ്റ ശേഷം മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണിത്.

പടിഞ്ഞാറേകല്ലട പ്രിയദർശിനി ഓണാഘോഷവും വടംവലി മത്സരവും

പടിഞ്ഞാറേകല്ലട. പ്രിയദർശിനി ഗ്രന്ഥശാല & വായനശാലയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം 15 ,16, 17 തീയതികളിൽ വിവിധ കലാ കായിക മത്സരങ്ങൾ വടംവലി (സീനിയർ ജൂനിയർ) വിഭാഗം ,എന്നീ പരിപാടികളോട് നടത്തും .കൂടാതെ ഓണപ്പാട്ട് മത്സരം ഓണപ്പൂക്കളം മത്സരം, ഓണക്വിസ് 24,സമാപന പൊതുസമ്മേളനം ഗ്രന്ഥശാല താലൂക്ക് കൗൺസിൽ സെക്രട്ടറി കെ. ശശികുമാർ നിർവഹിക്കുന്നു വാർഡ് മെമ്പറും ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗവുമായ അഡ്വ.ത്രിദിപ് കുമാർ ഓണ സന്ദേശവും മത്സരാർത്ഥികൾക്കുള്ള സമ്മാനദാനം ക്യാഷ് അവാർ വിതരണം പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ജി.ശങ്കരപ്പിള്ള നിർവഹിക്കുന്നു. PH.9605247148