കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. കഴിഞ്ഞയാഴ്ച മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി.
മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഈ ഫലം പോസിറ്റീവ് ആയാലെ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരുവിൽ പഠിക്കുന്ന മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്.
സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപ്പിടിച്ചു
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ബിഎംഡബ്ല്യു കാറിനാണ് തീപ്പിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപം ആയിരുന്നു സംഭവം. കാറിലുണ്ടായിരുന്നയാള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
തൂശനിലയിൽ വിഭവസമൃദ്ധമായ ഉത്രാട സദ്യയുണ്ട് ശാസ്താംകോട്ടയിലെ വാനരപ്പട
ശാസ്താംകോട്ട. ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ട് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ
വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കമായി.ധർമ്മശാസ്താവിന്റെ തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10.30 ഓടെ തൂശനിലയിൽ നിരന്നു.വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം എല്ലാവരെയും അവിടേക്ക് ക്ഷണിച്ചു.എന്നാൽ 150 ഓളം വരുന്ന ക്ഷേത്ര കുരങ്ങുകൾ ആദ്യം അതത്ര കാര്യമാക്കിയില്ല.കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം കുഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവരെത്തുമെന്ന പതിവുമുണ്ട്.

ഇക്കുറിയും അതു തെറ്റിച്ചില്ല.കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമെത്തി സദ്യ രുചിച്ചു നോക്കി.കുഴപ്പമില്ലെന്ന് ഇവർ തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു.ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി.പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ അവർക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നു.
വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.മനക്കര ശ്രീശൈലത്തിൽ എം.വി അരവിന്ദാക്ഷൻ പിള്ളയുടെ വകയായിട്ടാണ് ഉത്രാട സദ്യ ഒരുക്കിയത്. തിരുവോണദിനമായ ഞായറാഴ്ചയും വാനരന്മാർക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്.
താനൂർ കസ്റ്റഡി മരണം, അന്വേഷണ സംഘത്തിന് പരാതി നൽകി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം
മലപ്പുറം. താനൂർ കസ്റ്റഡി മരണത്തിൽ അന്വേഷണ സംഘത്തിന് പരാതി നൽകി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം സിബിഐക്ക് പരാതി നൽകിയത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു
2023 സെപ്റ്റംബർ 15 നാണ് താനൂർ കസ്റ്റഡി മരണ കേസ് സിബിഐ ഏറ്റെടുത്തത്. വർഷം ഒന്ന് തികയുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അറസ്റ്റിലായ നാല് പോലീസ് ഉദ്യോഗസ്ഥരും സ്വാഭാവിക ജാമ്യം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടുംബം സിബിഐ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നത്. കേസിലെ ഉന്നതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം വീണ്ടും പരാതിയുമായി സിബിഐയെ സമീപിച്ചത്
മുൻ മലപ്പുറം എസ്പി സുജിത് ദാസ് അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്ക് ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം..കേസിൽ സുജിത് ദാസിനെ സിബിഐ ചോദ്യ ചെയ്തിരുന്നങ്കിലും പ്രതി ചേർത്തിട്ടില്ല. പരാതിയിൽ അന്വേഷണ സംഘം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം
അനുവദിച്ച സമയം കഴിഞ്ഞും ബെവ്‌കോ ഔട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ പോലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരന് മർദ്ദനം
മലപ്പുറം. എടപ്പാളിൽ അനുവദിച്ച സമയം കഴിഞ്ഞും ബെവ്‌കോ ഔട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയ പോലീസുകാരുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരന് മർദ്ദനം. ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു അതിക്രമം. പരിക്കേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടപ്പാൾ കണ്ടനകം ബീവറേജിൽ ഇന്നലെ രാത്രി 9.30യോട് കൂടിയാണ് സംഭവം. ബീവറേജ് ഔട്ട്ലെറ്റിലെ ഗേറ്റിനു പുറമേ നിന്ന് രണ്ടുപേർ ബീവറേജ് ജീവനക്കാരുമായി സംസാരിക്കുന്നതും പണം കൈമാറുന്നതും ശ്രദ്ധയിൽപ്പെട്ട യുവാവ് ഇത് മൊബൈൽ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ ഇവർ ഫോൺ പിടിച്ചു വാങ്ങുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് പരിക്കേറ്റത്. ബിവറേജിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാനാണ് എത്തിയത് എന്നും സുനീഷ്‌കുമാർ ആണ് ആദ്യം മർദിച്ചത് എന്നും പൊലീസുകാർ പറഞ്ഞു
പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി,60ലധികം യാത്രക്കാര്‍ പെരുവഴിയില്‍
കൃഷ്ണഗിരി. മലയാളി യാത്രക്കാർ പെരുവഴിയിലാക്കി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി. രണ്ട് ബസിലെ 60ലധികം യാത്രക്കാരെ തമിഴ്നാട് കൃഷ്ണഗിരിയിൽ ഇറക്കിവിട്ടു. പകരം സംവിധാനം ഒരുക്കിയില്ലെന്ന് യാത്രക്കാർ. വിനായക ട്രാവൽസിന്റെ ബസുകളാണ് പിടികൂടിയത്. യാത്രക്കാരെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കൊയമ്പത്തൂർ വരെ എത്തിച്ചു. ഇന്നലെ രാത്രിയാണ് ബസുകൾ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്
വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം, രോഗിയുടെ കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു
വർക്കല.വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയതിനും രോഗിയുടെ കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വർക്കല ചാവടി മുക്ക് സ്വദേശി മുനീറിനെയാണ് ആശുപത്രി സംരക്ഷണ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്. മാതാവിനോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയതാണ് മുനീർ.വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു കയ്യേറ്റ ശ്രമം.അയിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുനീർ.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടിച്ചിട്ട കാർ നിർത്താതെ പോയി, ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍. ഇടിച്ചിട്ട കാർ നിർത്താതെ പോയതോടെ കണ്ണൂരിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അരമണിക്കൂറോളം റോഡരികിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു. വിളക്കോട് സ്വദേശി ടി കെ റിയാസാണ് മരിച്ചത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
ഉരുവച്ചാലിലെ ശിവപുരം – നടുവനാട് റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. റിയാസ് സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനം എതിർ ദിശയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി.
തെറിച്ച് വീണ റിയാസ് അരമണിക്കൂറോളം വഴിയരികിൽ കിടന്നു. ആശുപത്രിയിൽ എത്തിക്കാൻ മറ്റു വാഹനങ്ങൾ ലഭിച്ചില്ല. നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. അപകട ശേഷം നിർത്താതെ അമിത വേഗതയിൽ ഓടിച്ചു പോയ കാർ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ശബരിമല അതിവേഗ പാതയ്ക്ക് റെയില്‍വേ അനുമതി
തിരുവനന്തപുരം. ചെങ്ങന്നൂർ- പമ്പ അതിവേഗ പാതയ്ക്ക് റെയിൽവേ ബോർഡിന്റെ അനുമതി. 200 കിലോമീറ്റർ ആണ് ട്രാക്കിന്റെ പരമാവധി വേഗത. പാത യാഥാർത്ഥ്യമായാൽ ഒരു ദിവസം ഓടിക്കാൻ ആകുക 51 ട്രെയിനുകൾ. കേന്ദ്ര മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചശേഷമായയിരിക്കും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുക.
ശബരിമലയിലേക്ക് എത്തുന്ന ഭക്തജനങ്ങളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ ചെങ്ങന്നൂർ പമ്പ ബ്രോഡ്ഗേജ് ഇരട്ടപ്പാതയ്ക്ക്
അനുമതി നൽകിയത്.59.2.3 കിലോമീറ്റർ നീളമുള്ള പാതയ്ക്കായി റെയിൽവേ പ്രതീക്ഷിക്കുന്ന ചിലവ് 6450 കോടി രൂപയാണ്. അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം. പാതയിലാകെ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. ചെങ്ങന്നൂർ ആറന്മുള വടശ്ശേരിക്കര സീതത്തോട് പമ്പാ എന്നിവയാണ് സ്റ്റേഷനുകൾ. പദ്ധതി പൂർത്തിയാകുന്നതോടെ 200 കിലോമീറ്റർ വേഗത്തിൽ പരമാവധി 51 ട്രെയിനുകൾ ഓടിക്കാൻ ആകുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
മോണാർക്ക് സർവേയേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ലിമിറ്റഡ് എന്ന ഏജൻസിക്കാണ് പദ്ധതിയുടെ സർവ്വേ ചുമതല. പദ്ധതികളുടെ കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി റെയിൽവേ സമർപ്പിക്കും.അതേസമയം ചെങ്ങന്നൂർ പമ്പ പാതയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ നിർദിഷ്ട ശബരിപാത ഉപേക്ഷിക്കാനാണ് ബോർഡിന്റെ തീരുമാനം. റെയിൽവേ മന്ത്രിയുമായി കൂടിയാലോചിച്ച ഇക്കാര്യത്തിൽ ബോർഡ് അന്തിമ തീരുമാനം എടുക്കും.
ജമ്മു കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
. ജമ്മു കശ്മീരിൽ മൂന്നിടങ്ങളിൽ ഏറ്റു മുട്ടൽ. ബാരമുള്ളയിൽ സൈനികർക്ക് നേരെ വെടി ഉതിർത്ത ശേഷം ഭീകരർ കടന്നു കളഞ്ഞു. പ്രദേശത്ത് തെരച്ചിൽ തുടരുന്നു. കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു.
കത്വയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലുകൾക്ക് ഇടെയാണ് മൂന്നിടങ്ങളിലും ഏറ്റു മുട്ടൽ ഉണ്ടായത്.






































