തിരുവനന്തപുരം മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷന്‍ രാജിനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ശാസ്തവട്ടത്തെ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി കാണാനെത്തിയ ആളാണ് മരിച്ചത്.മൂന്ന് പേര്‍ കയറിയ ബൈക്ക് ആണ് ആഘോഷം കാണാനെത്തിയവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്.
മറ്റൊരു അപകടത്തില്‍ തിരുവനന്തപുരം കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പൗണ്ട്കടവ് സ്വദേശി അനുരാജ് (27) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലും മരത്തിലുമിടിക്കുകയായിരുന്നു.
ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി പരിപാടി കാണാനെത്തിയ ഒരാള്‍ മരിച്ചു
മദ്രസാ ഫെസ്റ്റ് നടത്തി
പോരുവഴി. പോരുവഴി മയ്യത്തുങ്കര മിഫ്ത്ഹുൽ ഉലൂം മദ്രസാകലാ സാഹിത്യ മത്സരം,മയ്യത്തുങ്കര ഹനഫി മഹൽ ചീഫ് ഇമാം ഹാഫിസ് അബ്ദുൽ സലാം മൗലവി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കുഞ്ഞുമോൻ പുതുവിള അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഭാരവാഹികളായ ചക്കുവള്ളി നസീർ, ഷഫീഖ് അർത്തിയിൽ, സലാം പുതുവിള, അർത്തിയിൽ അൻസാരി, അനീഷ് അയന്തിയിൽ, എച്. നസീർ, അർത്തിയിൽ സമീർ, മുഹമ്മദ് ഖുറൈശി, അസിസ്റ്റന്റ് ഇമാം സജീർമൗലവി, ബാസിത് മൗലവി, സഫ്വിൽ മൗലവി എന്നിവർ സംസാരിച്ചു.ചീഫ് ഇമാമും, ജമാഅത്ത് പ്രസിഡന്റ്‌ഉം സമ്മാനങ്ങൾ വിതരണം ചെയ്തു.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം
ആലപ്പുഴ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം. ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് മർദ്ദിച്ചത്. നെറ്റിയിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെയാണ് മർദനം. രോഗി മദ്യലഹരിയിൽ ആയിരുന്നു എന്ന് ഡോക്ടർ. ഡോക്ടറുടെ കൈപിടിച്ച് തിരിച്ചു. ശസ്ത്രക്രിയാ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ.അജ്ഞലിയ്ക്കാണ് പരിക്കേറ്റത്
നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ
ആശുപത്രി ജീവനക്കാർ പിടിച്ചു മാറ്റി. ഇതിനിടെ ഇയാൾ കടന്നുകളഞ്ഞു.
നാലംഗ കുടുംബം സഞ്ചരിച്ച കാർ വെള്ളത്തിൽ വീണ് അപകടം
കോട്ടയം. അമ്പാട്ട് കടവിൽ ആമ്പല്‍ പൂ വസന്തം കാണാന്‍ എത്തിയ കുടുംബത്തിന്‍റെ കാർ വെള്ളത്തിൽ വീണ് അപകടം. രണ്ട് കുട്ടികളടക്കം കാറിലുണ്ടായിരുന്ന 4പേരും അത്ഭുതകരമായി രക്ഷപ്പെട്ടു
പാമ്പാടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് . നാട്ടുകാരുടെ കൂട്ടായ പ്രവർത്തനമാണ് ഓണനാളിൽ വന്ന ദുരന്തത്തില്‍നിന്നും കുടുംബത്തെ രക്ഷിച്ചത്
വൈകുന്നേരം 3 മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത് . പാമ്പാടി സ്വദേശിയായ രാജുവും ഭാര്യയും പേരക്കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത് . അമ്പാട്ടുകടവിൽ എത്തിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് തെന്നിഇറങ്ങുകയായിരുന്നു. റോഡിൽ നിന്നും 50 മീറ്ററോളം കാർ ഒഴുകിപ്പോയി. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ഈ കുടുംബത്തെ രക്ഷിച്ചത് .
ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നിരവധി ആളുകൾ ഓണനാളിലും അമ്പാട്ടുകടവിൽ എത്തിയിരുന്നു . സംഭവം നടക്കുന്ന സമയത്ത് ഈ ഭാഗത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .
വാഹനത്തിൽ ഉണ്ടായ നാലുപേർക്കും പരുക്കില്ല .എന്നാൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
ഭട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാസറഗോഡ്. ഭട്ടത്തൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ട് കടവ് സ്വദേശി സിദ്ധാർഥ് (21)ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സിദ്ധാർഥിന്റെ സുഹൃത്ത് വൈഷ്ണവ് ഇ കെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. തുടയെല്ലിന് പൊട്ടലുള്ള യുവാവിനെ ശസ്ത്രക്രിയയ്ക്കായി മാറ്റിയിട്ടുണ്ട്. കെയർവെൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സിദ്ധാർഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
കുളത്തൂപ്പുഴയില്‍ കല്ലടയാറ്റിൽ വീണ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്
കുളത്തൂപ്പുഴ. കല്ലടയാറ്റിൽ വീണ യുവാവ് മരിച്ച സംഭവം. കൊലപാതകമെന്ന് പോലീസ്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ നിലമേൽ സ്വദേശി മുജീബിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് പോലീസ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു
കുളത്തുപ്പുഴ സ്വദേശിയായ മനോജ് ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞദിവസമാണ് മുജീബിനെ പുഴയിൽ വീണ് കാണാത്ത ആക്കുന്നത്. ഇന്ന് ഇയാളുടെ മൃതദേഹം പോലീസ് കണ്ടെത്തി . ആദ്യം പോലീസ് കരുതിയത് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു എന്നാണ്. പിന്നീട് അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്
ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവ്
തിരുവനന്തപുരം. ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14 കോടി രൂപയുടെ കുറവ്. ഇത്തവണ നടന്നത് 701 കോടി രൂപയുടെ വില്‍പ്പനയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും മദ്യവില്‍പ്പന കുറഞ്ഞു. എന്നാല്‍ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ നാലുകോടിയുടെ വര്‍ധന ഉണ്ടായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓരോ വര്‍ഷം കഴിയുന്തോറും മദ്യവില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നതാണ് കണ്ടത്.
എന്നാല്‍ ഇത്തവണ മദ്യവില്‍പ്പനയില്‍ 14 കോടിയുടെ കുറവ് ഉണ്ടായതായി ബെവ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 715 കോടിയുടെ വില്‍പ്പനയാണ് നടന്നത്.ബാറുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യവില്‍പ്പനയില്‍ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്‌കോ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം ഉത്രാടദിനത്തില്‍ മദ്യവില്‍പ്പന കൂടി. നാലുകോടിയുടെ വര്‍ധനയാണ് ഉണ്ടായത്. ഇത്തവണ ഉത്രാടദിനത്തില്‍ 124 കോടിയുടെ മദ്യമാണ് വിറ്റത്.
ചവറയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, വീടുകയറിയുളള പോലീസ് അതിക്രമമെന്ന് ബന്ധുക്കൾ
ചവറ. അലർട്ട് കൺട്രോളിൽ നിന്നുള്ള പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് S.I ഗ്രേഷ്യസിനെയും സിപിഒ ജയകൃഷ്ണനെയും മർദ്ദിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു.പ്രവാസിയായ ചവറ തട്ടാക്കുന്നേൽ വീട്ടിൽ റഫീക്കിനെയും പ്രായപൂർത്തിയാകാത്ത സഹോദര പുത്രനെയുമാണ് കസ്റ്റഡിയിലെടുത്തത്.
കരുനാഗപ്പള്ളി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഒന്നാം പ്രതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.പ്രതിക്ക് വേണ്ടി അഡ്വ.ദീപക് അനന്തൻ ഹാജരായി.
പ്രതിയുടെ സഹോദരനെതിരെ അയൽവാസിയായ സ്ത്രീ പരാതി നൽകിയിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നതിന് പകരം രാത്രിയിൽ പോലീസ് വീട്ടിലെത്തി നിരപരാധികളെ തല്ലിച്ചതക്കുകയാണ് ഉണ്ടായതെന്ന് പ്രതിയുടെ ബന്ധുക്കൾ ആരോപിച്ചു.
രണ്ട് ദിവസം മുൻപ് മാത്രമാണ് ഓണാവധിക്കായി റഫീക്ക് നാട്ടിലെത്തിയത്.മൈനറായ രണ്ടാം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് ലോക്കപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചതിന് ശേഷമാണെന്നും കുട്ടി ആശുപത്രിയിൽ ചികിൽസയിലാണെന്നും പോലീസ് അതിക്രമത്തിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.
എടവണ്ണയിൽ യുവാവ് സംശയ രോഗത്തെ തുടർന്ന് അയൽവാസികളായ യുവാക്കളെ കുത്തി
മലപ്പുറം. എടവണ്ണയിൽ യുവാവ് അയൽവാസികളെ കുത്തി പരിക്കേൽപ്പിച്ചത് സംശയ രോഗത്തെ തുടർന്ന് . പത്തപ്പിരിയം സ്വദേശികളായ തേജസിനും ജേഷ്ഠൻ രാഹുലിനു മാണ് കുത്തേറ്റത്. പ്രതി മോങ്ങം സ്വദേശി എബിനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുമായി അയൽവാസിക്ക് ബന്ധമുണ്ടെന്ന് സംശയരോഗമാണ് പ്രതിയുടെ പരാക്രമത്തിന് കാരണം. ഇന്ന് രാവിലെ എട്ടുമണിയോടെ നാല്പതുകാരൻ എബിനേഷ് വീടിനു മുന്നിൽവെച്ച് 27 വയസ്സുകാരനായ തേജസിനെയും ജേഷ്ഠൻ രാഹുലിനെയും കുത്തുകയായിരുന്നു. തേജസിന്റെ വീട്ടിലെത്തിയ പ്രതി നല്ല രീതിയിൽ സംസാരിക്കുകയും തേജസിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നീട് അരയിൽ നിന്ന് കത്തിയൂരി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. തടയാൻ വന്ന രാഹുലിനും കുത്തേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. എബിനേഷിനെ എടവണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.മുൻപ് വഴക്ക് നടന്നിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ
മലപ്പുറം. കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു.



































