കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് അടകപ്പുറത്തു കളീക്കൽ പുത്തൻ വീട്ടിൽ പരേതനായ
വൈ.മാത്യുവിൻ്റെ (റിട്ട.ഹൈസ്കൂൾ അധ്യാപകൻ,വി.എച്ച്.എസ്.എസ്
കുഴിക്കലിടവക,പാങ്ങോട്) ഭാര്യ അമ്മിണി മാത്യു (92) നിര്യാതയായി.കിഴക്കേ കല്ലട ചിറ്റേത്ത് കുടുംബാംഗമാണ്.സംസ്ക്കാര ശുശ്രുഷകൾ ബുധൻ രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കും.സംസ്കാരം 12.30ന് കൈതക്കോട് ശാരോൻ ഫെല്ലോഷിപ് ചർച്ച് സെമിത്തേരിയിൽ നടക്കും.മക്കൾ:ജോൺ മാത്യു,ആനി ശാമൂവേൽ,അനിത സാം,ആശ ഇമ്മാനുവേൽ,ആലീസ് മാത്യു.മരുമക്കൾ:സൂസൻ ജോൺ,കെ.ശമുവേൽ,സാം കുട്ടി,പി.ജി ഇമ്മാനുവേൽ.
കുന്നത്തൂർ കിഴക്ക് അടകപ്പുറത്തു കളീക്കൽ പുത്തൻ വീട്ടിൽ അമ്മിണി മാത്യു നിര്യാതയായി
കുളത്തൂപ്പുഴയില്‍ യുവാവ് ആറ്റില്‍ വീണ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയില്‍
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ നെടുവണ്ണൂര്‍ക്കടവ് ഭാഗത്ത് ആറ്റില്‍ വീണു മരിച്ച നിലമേല്‍ കൊച്ചു കുന്നുംപുറം ഇരട്ടമുകളില്‍ വീട്ടില്‍ മുജീബ് (39) ന്റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. പ്രതി കുളത്തുപ്പുഴ നെടുവണ്ണൂര്‍ക്കടവ് സ്വദേശി മനോജ് (42) അറസ്റ്റിലായി. കഴിഞ്ഞ ദിവസം നെടുവണ്ണൂര്‍ കടവില്‍ മദ്യപിക്കാന്‍ ഒത്തുകൂടിയ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മുജീബിനെ ആറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
ഒഴുക്കില്‍ പെട്ട മുജീബിന്റെ മൃതദേഹം ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കൂടെ മദ്യപിക്കാന്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ആണെന്നും പ്രതി മനോജ് ആണെന്നും വ്യക്തമായത്. മനോജിനെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍
പരവൂര്‍: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പരവൂര്‍ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. ബാംഗ്ലൂര്‍ സ്വദേശിയായ ശരത്തി (30)നെയാണ് ആലപ്പുഴയിലെ തുമ്പോളിയില്‍ നിന്ന് പരവൂര്‍ പൊലീസ് പിടികൂടിയത്. പരവൂര്‍ സ്വദേശിനി റസീനയാണ് തട്ടിപ്പിനിരയായത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി റസീനയുമായി ബന്ധം സ്ഥാപിച്ച പ്രതി ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന തൊഴില്‍ ലഭിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇവരെ പ്രലോഭിപ്പിക്കാന്‍ വേണ്ടി പ്രതി ചെറിയ തരത്തിലുള്ള ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യിക്കുകയും തുച്ഛമായ തുകകള്‍ പലപ്പോഴായി വേതനം നല്കുകയും ചെയ്തിരുന്നു. തൊഴില്‍ ലഭിക്കണമെങ്കില്‍ ഓണ്‍ലൈന്‍ ടാസ്‌കുകളില്‍ പങ്കെടുക്കണമെന്നും പണം മുന്‍കൂറായി കെട്ടിവയ്ക്കണമെന്നും പറഞ്ഞ് പലപ്പോഴായി പത്ത് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് തട്ടിയെടുത്തത്. തുടര്‍ന്ന് റസീന പരവൂര്‍ പൊലീസില്‍ പരാതി നല്കി.
പൊലീസ് അന്വേഷണത്തില്‍ സമാന രീതിയിലെ തട്ടിപ്പ് ആലപ്പുഴ ജില്ലയില്‍ നടന്നതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാ സ്വദേശിയും ബ്ലാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ ശ്രീധര്‍ എന്നയാളെ ആലപ്പുഴ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ശ്രീധറിനെ ചോദ്യം ചെയ്തതിലും തുടര്‍ന്ന് നടത്തിയ കൂടുതല്‍ അന്വേഷണത്തിലും ശരത്ത് കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. കേസില്‍ ഇയാളെ രണ്ടാം പ്രതിയാക്കി. ഇതറിഞ്ഞ ശരത്ത് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും പരവൂരില്‍ കേസ് ഉള്ള വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. മുന്‍കൂര്‍ ജാമ്യം ലഭ്യമായതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പ്രതി എത്തിയപ്പോഴാണ് പൊലീസ് ആലപ്പുഴയിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ ദീപുവിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നെല്‍സണ്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടില്‍ തിരിച്ചെത്തി. ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്.
അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
ന്യൂസ് അറ്റ് നെറ്റ്,ഇപ്പോൾ സംഭവിക്കുന്ന വാർത്തകൾ
2024 സെപ്തംബർ 16 തിങ്കൾ 5. 30 PM
?നിപ: ആരോഗ്യമന്ത്രി വീണാ ജോർജ് മലപ്പുറത്ത് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.
?ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേറിവാൾ. നാളെ വൈകിട്ട് 4.30ന് ലെഫ്.ഗവർണ്ണറെ കാണും.
?നാല് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ കുടി അധ്യക്ഷ സ്ഥാനം കൂടി കോൺഗ്രസിന് നൽകി കേന്ദ്ര സർക്കാർ
?മരുമകനുമായുള്ള വഴക്കിനിടെ മലപ്പുറം പെരിയമ്പലം സ്വദേശിയായ മധ്യവയസ്ക്കൻ കുഴഞ്ഞ് വീണ് മരിച്ചു.

?പാലക്കാട് കെഎസ്ആർറ്റിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്. വൈകിട്ട് 3നായിരുന്നു അപകടം.
? വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.
? പി വി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി.
? കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
?മൈനാഗപ്പള്ളി അപകടം: പ്രതികളായ കരുനാഗപ്പള്ളി സ്വദേശി അജ്മലും നെയ്യാറ്റിൻ കുറ്റകര സ്വദേശിയായ ഡോ. ഡോ.ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനാ ഫലം പൊലീസിന് ലഭിച്ചു.
? ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വനിത ഡോക്ടറുടെ നേര്‍ക്ക് രോഗിയുടെ കയ്യേറ്റം. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.
? വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ രോഗി കയ്യേറ്റം ചെയ്ത സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.
? ഓണക്കാലത്ത് പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റഴിച്ചത്.
? ഓണക്കാലത്തെ മദ്യവില്‍പനയില്‍ കുറവെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് ഇക്കൊല്ലമുണ്ടായത്.
? ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി (33) അന്തരിച്ചു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
? എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലാപ്പറമ്പ് പാറമ്മല്‍ റോഡ് സനാബില്‍ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്.
? ആറ് വന്ദേഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാര്‍ഖണ്ഡിലെ ടാറ്റാ നഗര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.
? ഡല്‍ഹി മുഖ്യന്ത്രി സ്ഥാനം രാജിവയ്ക്കാനുള്ള അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കി പാര്‍ട്ടി.
? ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ തുടര്‍ച്ചയായി ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍. പൂഞ്ചില്‍ ഭീകരരും സുരക്ഷസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
? ഹരിയാനയില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം. മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി.

? മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ നൂറ് ദിനം കൊണ്ട് പൂര്‍ത്തിയാക്കിയതായാണ് സര്‍ക്കാരിന്റെ അവകാശ വാദം.
? ഗാന്ധി കുടുംബം ദളിത് വിരുദ്ധരും ദളിതരുടെ സംവരണം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുമാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
? നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന.
? കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 250 കിലോ കേടായ ഇറച്ചി പിടിച്ചെടുത്തു.
? സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,880 രൂപയിലെത്തി. പവന്‍ വില 120 കൂടി 55,040 രൂപയുമെത്തി.
നിപ: മലപ്പുറത്ത് 10 പേര്‍ക്ക് രോഗലക്ഷണം
മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിള്‍ ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബില്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടപടി തുടങ്ങി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്നു, നമ്പര്‍: 0483 2732010, 0483 2732050. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡുമാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും ചെയ്തു.
അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി… അജ്മല്‍ നിരവധി കേസുകളില്‍ പ്രതി…
മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ അറസ്റ്റിലായ അജ്മലിനൊപ്പം സഞ്ചരിച്ചിരുന്ന വനിതാ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. വനിതാ ഡോക്ടറെ പുറത്താക്കിയെന്ന് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് അജ്മലിനെയും വനിതാ ഡോക്ടറെയും കൊല്ലം റൂറല്‍ എസ്പി ചോദ്യം ചെയ്ത് വരികയാണ്. അപകടത്തില്‍പ്പെട്ട കാറിന്റെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അതിനിടെ അജ്മലിനെതിരെ പോലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. അജ്മലും ഡോക്ടറായ യുവതിയും മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പോലീസ് അറിയിച്ചു. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. അതിനിടെ അജ്മലിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസ് അറിയിച്ചു. അജ്മല്‍ അഞ്ചു കേസുകളില്‍ പ്രതിയാണ്. മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍, ചന്ദനക്കടത്ത്, വഞ്ചന, എന്നിവയാണ് മറ്റു കേസുകളെന്നും പോലീസ് അറിയിച്ചു.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ക്യാഷ്യലിറ്റിയില്‍ വച്ചാണ് യുവ ഡോക്ടറെ അജ്മല്‍ പരിചയപ്പെടുന്നത്. തന്റെ സ്വര്‍ണാഭരങ്ങള്‍ ഉള്‍പ്പെടെ അജ്മല്‍ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. കാറോടിച്ച കരുനാഗപ്പള്ളി സ്വദേശിയായ അജ്മലിനെ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്.
ഇന്നലെ വൈകീട്ട് 5.45നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അജ്മല്‍ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. റോഡില്‍ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്കും ബന്ധുവായ മൂന്ന് വയസുകാരനും ദാരുണാന്ത്യം
സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്കും ബന്ധുവായ മൂന്ന് വയസുകാരനും ദാരുണാന്ത്യം. മലപ്പുറം മമ്പാടാണ് സംഭവം. ശ്രീലക്ഷ്മി (37), ധ്യാന്‍ദേവ് എന്നിവരാണ് മരിച്ചത്. ശ്രീലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അനുജന്റെ മകനാണ് ധ്യാന്‍ദേവ്. അപകടത്തില്‍ പരിക്കേറ്റ ശ്രീലക്ഷ്മിയുടെ രണ്ട് മക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെ മമ്പാടിന് സമീപം കാരച്ചാല്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഷിനോജ്, ശ്രീലക്ഷ്മി, മൂന്ന് കുട്ടികള്‍ എന്നിവരാണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേയ്ക്ക് മറിയുകയായിരുന്നു. റബര്‍ മരത്തിലിടിച്ചാണ് വാഹനം നിന്നത്.
അപകടം നടന്ന സ്ഥലം ആള്‍ താമസം കുറവുള്ള ഒരു പ്രദേശമായിരുന്നു. അതുകൊണ്ട് തന്നെ അപകടം നടന്ന് കുറേനേരം ഇവര്‍ റോഡില്‍ തന്നെ കിടക്കുന്ന സ്ഥിതി ഉണ്ടായതായാണ് വിവരം. പിന്നീട് റോഡിലൂടെ പോയവരാണ് ഇവര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ ധ്യാന്‍ദേവിന് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശ്രീലക്ഷ്മി മരിച്ചത്. പരിക്കേറ്റ ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് ഷിനോജിനെയും രണ്ടുമക്കളെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി
വര്‍ഷങ്ങള്‍ നീണ്ട പ്രണയകാലത്തിന് ശേഷം നടന്‍ സിദ്ധാര്‍ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സോഷ്യല്‍ മീഡിയയിലൂടെ താരദമ്പതികള്‍ തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
സിംപിള്‍ ലുക്കിലാണ് ഇരുവരേയും കാണുന്നത്. ഗോള്‍ഡന്‍ സാറി വര്‍ക്കിലുള്ള ടിഷ്യൂ ഓര്‍ഗാന്‍സ ലെഹങ്കയായിരുന്നു അദിതിയുടെ വേഷം. റൂബി വര്‍ക്കുള്ള സ്വര്‍ണ നെക്ലെസും ജിമിക്കിയും വളകളുമാണ് താരം ദരിച്ചത്. ക്രീം കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം. സെപ്റ്റംബര്‍ 16നായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഇരുവരും രണ്ടാം വിവാഹമാണ്.
കാഞ്ഞങ്ങാട് ഭാര്യയ്ക്കും രണ്ട് മക്കൾക്കും വിഷം നൽകി ഗൃഹനാഥൻ തൂങ്ങി മരിച്ചു
കാസറഗോഡ്. കാഞ്ഞങ്ങാട് ഭാര്യയ്ക്കും രണ്ട് മക്കൾക്കും വിഷം നൽകി ഗൃഹനാഥൻ തൂങ്ങി മരിച്ചു. മടിക്കൈ പൂത്തക്കൽ സ്വദേശി വിജയൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ വിജയൻ ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ വിജയന്റെ ഭാര്യ ലക്ഷ്മി, മക്കളായ ലയന, വിശാൽ എന്നിവർ മംഗലാപുരം കെ എസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉറങ്ങാൻ കിടന്ന ലക്ഷ്മിക്കും മക്കൾക്കും വയറു വേദന അനുഭവപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് വിജയനെ വീടിന് പിറകിലെ പറമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിജയന് സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് വിവരം






































