Home Blog Page 2186

കാഫിർ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചയാൾ  വീണ്ടും സി പി എം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂര്‍. വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവെച്ചയാൾ  വീണ്ടും സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി.  അമ്പാടിമുക്ക്
സഖാക്കളെന്ന പേജിന്റെ അഡ്മിൻ കൂടിയായ കെ കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായി  തെരഞ്ഞെടുത്തത്. കാഫിർ സ്ക്രീൻഷോട്ട് മനീഷ്  ഷെയർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് അമ്പാടിമുക്ക് സഖാക്കളെന്ന ഫേസ്ബുക്ക്  പേജ് പങ്കുവെച്ചിരുന്നു. പേജ് അഡ്മിനായ മയ്യിൽ
സ്വദേശി കെ കെ മനീഷാണ് പോസ്റ്റ് ഷെയർ ചെയ്തതെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുണ്ട്. റെഡ് ബെറ്റാലിയൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച സ്ക്രീൻഷോട്ട് പങ്കുവെച്ചുവെന്നാണ് മനീഷ് പോലീസിന് നൽകിയ മൊഴി. ആധികാരികതയിൽ സംശയം തോന്നിയതിനാൽ പിന്നീട് നീക്കം ചെയ്തുവെന്നും  മനീഷ് മൊഴി നൽകി. വടകരയിൽ യുഡിഎഫിനെതിരെ  സിപിഎം തൊടുത്തുവിട്ട ആരോപണം ബൂമറാങായതോടെ വ്യാജ പോസ്റ്റ് ഷെയർ ചെയ്തത്  തെറ്റെന്ന്‌  സി പി ഐ എം ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു. പിന്നാലെയാണ്  മനീഷിനെ വീണ്ടും സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

രക്തം ഒലിച്ചിറങ്ങുന്ന സ്യൂട്ട്കേസ് വഴിയരികിൽ; 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ 22 കാരൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ 35കാരിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ദുരൈപാക്കത്ത് കഴിഞ്ഞ ദിവസം പുലർച്ചെ 5.30ഓടെ നാട്ടുകാരാണ് രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിൽ വെട്ടിമുറിച്ച് കഷണങ്ങളാക്കിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെന്നൈ മടവരത്തുനിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ ദീപയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണികണ്ഠൻ എന്ന 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്യൂട്ട്കേസുമായി ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇരുവരും നേരത്തെ പരിചയക്കാരണെന്ന് പൊലീസ് അറിയിച്ചു. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. ബുധനാഴ്ച ദുരൈപാത്തേക്കു പോയ ദീപ തിരികെ വരാത്തതിനെ തുടർന്ന് സഹോദരൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.

‘ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം’, മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്‍റെ പരിഹാസം.

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത്‌ കുമാർ സാറിന് കൊടുക്കണമെന്നാണ് പരിഹാസ രൂപേണ അൻവർ ഫേസ്ബുക്കിൽ കുറിച്ചത്. ശ്രീ അജിത്ത്‌ കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ മറിച്ചുവിറ്റെന്ന ആരോപണം ചൂണ്ടികാട്ടിയാണ് അൻവറിന്‍റെ പരിഹാസം. പി ശശിക്കെതിരായ വിമർശനങ്ങൾ അൻവർ ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.

പി വി അൻവറിന്‍റെ കുറിപ്പ്

35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി,വെറും 10 ദിവസത്തിനകം ഇരട്ടി ലാഭത്തിൽ അത്‌ മറിച്ച്‌ വിൽക്കുക.!!
ഇത്തരം ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ സ്ട്രാറ്റജി സംസ്ഥാനത്ത്‌ നടപ്പിലാക്കാൻ സാധിച്ചാൽ ഒരു വർഷം കൊണ്ട്‌ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തിനൊപ്പം, സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ.അജിത്ത്‌ കുമാർ സാറിന് കൊടുക്കണം.
ശ്രീ.അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌..

നേരത്തെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു ഇടതുപക്ഷ എം എൽ എ എന്ന നിലയിൽ പി വി അൻവർ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.

എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങും വഴി വാഹനാപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

പത്തനംതിട്ട . കൂടൽ ഇഞ്ചപ്പാറ ഗാന്ധി സ്ക്വയറിന് സമീപം നടന്ന വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. മാർത്താണ്ഡം സ്വദേശികളായ ബിബിൻ ,അമ്മ വാസന്തി എന്നിവരാണ് നിയന്ത്രണം വിട്ട് കാർ കൈവരിയിൽ ഇടിച്ച് മരിച്ചത് . നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് മടങ്ങുകയായിരുന്നു അപകടം .മകൻ സുമിത്തിനെ വിമാനം കയറ്റാനായി എയർപോർട്ടിലേക്ക് പോയതായിരുന്നു വാസന്തിയും കുടുംബവും ,വാഹനം ഓടിച്ചിരുന്ന മകൻ ബിബിൻ ഉറങ്ങിയതാണ് കാർ നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട് .ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .

‘ടയർ ടാങ്കർ ലോറിയുടേത്’: ഗംഗാവലിപ്പുഴയിൽ കണ്ടെത്തിയ ടയർ അർജുന്റെ ലോറിയുടേതല്ല, തെരച്ചിൽ തുടരുന്നു

കാർവാർ: ഗംഗാവലിപ്പുഴയിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയ വാഹനത്തിന്റെ ടയർ അർജുന്റെ ലോറിയുടേതല്ല. അത് ടാങ്കർ ലോറിയുടേതാണെന്നു സ്ഥിരീകരിച്ചതായി എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. ലോറിയുടമ മനാഫും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്നത്തെ തെരച്ചിലി‍ൽ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു. സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. നാവികസേന നിർദേശിച്ച മൂന്നു പോയിന്റുകളിൽ സിപി4 എന്ന് രേഖപ്പെടുത്തിയ ഭാഗത്തുനിന്ന് ഏകദേശം 30 മീറ്റർ മാറിയാണ് ലോറിയുടെ സ്ഥാനമെന്നും തലകീഴായി മറിഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നുമാണ് മൽപെ പറഞ്ഞത്.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ഈശ്വർ മൽപെയും സംഘവും പുഴയിലിറങ്ങി തെരച്ചിൽ നടത്തുകയാണ്. നേരത്തെ പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

കാലാവസ്ഥ അനുകൂലമായതിൽ വലിയ പ്രതീക്ഷയിലാണെന്ന് അർജുന്റെ സഹോദരി അഞ്ജു രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ വേലിയേറ്റ സമയത്ത് പുഴയിൽ അൽപം വെള്ളം കൂടുതലുണ്ടായിരുന്നെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായി. വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്. എൻഡിആർഎഫ് സംഘവും സ്ഥലത്തുണ്ടെന്നും അഞ്ജു പറഞ്ഞു.

നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തെരച്ചിൽ നടത്തുന്നത്. കാർവാറിൽനിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. വെള്ളിയാഴ്ച ഡ്രജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തെരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ. ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് അനുമതി നൽകിയിരുന്നു. വൈകീട്ട് ആറു വരെയാണ് തെരച്ചിൽ നടത്തുക. അർജുൻ ഓടിച്ച ലോറിയാണെന്ന് കരുതുന്ന ലോഹസാന്നിധ്യം കണ്ട സ്ഥലം അടയാളപ്പെടുത്തി മണ്ണ് നീക്കാൻ കഴിയും വിധമാണ് ഡ്രഡ്ജർ സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസമാണ് അർജുന്റെ സഹോദരിയും ഷിരൂരിൽ എത്തിയത്. ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടർ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂൺ 16നാണ് മണ്ണിടിച്ചിലിൽ ലോറിയുമായി അർജുനെ കാണാതായത്.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ‘ഉച്ചാരണ യുദ്ധം’

ഹൂസ്റ്റണ്‍: വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസിന്റെ മിമിക്രിയാണ് ഇപ്പോള്‍ യുഎസ് രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. വാഷിങ്ടൻ ഡിസിയില്‍ നടന്ന ഒരു ഹിസ്പാനിക് കോക്കസ് പ്രസംഗത്തിനിടെ തന്റെ ഉച്ചാരണം തന്നെ മാറ്റി വൈസ് പ്രസിഡന്റ് കമല ഹാരിസ് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസമാണ് ഉയര്‍ത്തുന്നത്.

വാഷിങ്ടൻ ഡിസിയില്‍ നടന്ന കോണ്‍ഗ്രസ് ഹിസ്പാനിക് കോക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ‘ലാറ്റിന’ ഉച്ചാരണം സ്വീകരിച്ചുവെന്നാണ് കമലയ്‌ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കമല ഹാരിസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു!’ എന്ന് ഒരു അനുയായി അലറി വിളിച്ചു. ‘ഞാന്‍ നിന്നെയും തിരികെ സ്‌നേഹിക്കുന്നു!’ എന്ന് ഹാരിസ് മറുപടി പറഞ്ഞു. ഇതാകട്ടെ അല്പം മാറിയ സ്വരത്തില്‍ മറ്റൊരു ഉച്ഛാരണത്തില്‍ ആയിരുന്നു.

”ഹിസ്പാനിക് കോക്കസിനോട് സംസാരിക്കുന്നതിനിടെ കമല തന്റെ വ്യാജ ഹിസ്പാനിക് ഉച്ചാരണത്തില്‍ അരങ്ങേറ്റം കുറിച്ചു.’ മുന്‍ യുഎസ് പ്രസിഡന്റ് ട്രംപിന്റെ 2024-ലെ പ്രചാരണ അക്കൗണ്ടായ ട്രംപ് വാര്‍ റൂം എക്സില്‍ കമലയെ കണക്കിന് പരിഹസിച്ചു. ‘അവള്‍ എപ്പോഴാണ് ലാറ്റിന ആയത്??? എന്നാണ് മുന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ജ്ജ് സാന്റോസ് പരിഹസിച്ചുകൊണ്ട് ചോദിച്ചത്. ‘ഓ, കമലാ, എന്നെ ഇവിടെ കൊല്ലുന്നത് നിര്‍ത്തൂ!’ എന്നും പരിഹസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ്, ഡിട്രോയിറ്റിലെ ഒരു ലേബര്‍ ഡേ ക്യാംപെയ്നിടെ, ”നിങ്ങള്‍ ഒരു യൂണിയന്‍ അംഗത്തിന് നന്ദി പറയുന്നതാണ് നല്ലത്!” എന്ന് പറയുമ്പോള്‍ ഹാരിസ് ഇതുവരെ കേള്‍ക്കാത്ത ശബ്ദമാണ് പുറപ്പെടുവിച്ചത് എന്ന് നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ഓഗസ്റ്റില്‍, ജോര്‍ജിയയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അവര്‍ തെക്കന്‍ ഉച്ചാരണം ഉപയോഗിക്കുന്നതായി കാണപ്പെട്ടു. ഡിട്രോയിറ്റില്‍ അതേ ദിവസം പിറ്റ്‌സ്ബര്‍ഗില്‍ സംസാരിച്ചതില്‍ നിന്ന് വ്യത്യസ്തമായാണ് കമല സംസാരിച്ചത്.

അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആംആദ്മി പാര്‍ട്ടി നേതാവ് അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ ഡല്‍ഹിയുടെ എട്ടാമത് മുഖ്യമന്ത്രിയും മൂന്നാമത് വനിതാ മുഖ്യമന്ത്രിയുമായി അതീഷി മാറി. ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രികൂടിയായി അതീഷി.
രാജ് നിവാസിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ച് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് രാജിവച്ച അരവിന്ദ് കെജരിവാളിന് പകരക്കാരിയായാണ് അതീഷി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മറ്റംഗങ്ങള്‍
നാളെ കെജരിവാള്‍ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും. ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.

വീടിന്റെ വടക്കുകിഴക്കേ ഭാഗം ഇങ്ങനെ എങ്കിൽ ഭാഗ്യം തേടിയെത്തും

ഈശാനൻ എന്നാൽ പരമശിവൻ എന്നാണ് അർഥം. അഥവാ മഹാദേവന്റെ 5 മുഖങ്ങളിൽ ഒന്ന്. എന്നാൽ ഈശാന കോണിന്റെ അർഥം വടക്ക് കിഴക്കേ മൂല എന്നാണ്. ഈ മൂലയിൽ സകല ദേവന്മാരുടെയും സാന്നിധ്യം ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഞ്ചഭൂതങ്ങളിൽ ഇത് ജലത്തിന്റെ സ്ഥാനമാണ്. അതിനാൽ ഇവിടെ കിണർ,കുളം, ഫൗണ്ടൻ, താമരക്കുളം എന്നിവ സ്ഥാപിക്കുന്നത് ഉത്തമമാണ്. ഈ മൂലയിലെ കിണറ്റിലെ ജലം കുടിക്കുന്നത് ആ വീട്ടുകാർക്ക് ആരോഗ്യവും ഐശ്വര്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം.

മലിന വസ്തുക്കൾ ഒരു കാരണവശാലും ഈ മൂലയിൽ വരാൻ പാടില്ല. വടക്ക് ആണ് കുബേരന്റെ ദിക്ക്. വടക്ക് കിഴക്കേ മൂലയെ ആണ് കുബേര മൂല എന്ന് പറയുന്നത്. കുബേരൻ അഥവാ വൈശ്രവണൻ ആണ് ധനത്തിന്റെ ദേവൻ. പറമ്പിന്റെ ഏറ്റവും താഴ്ന്ന സ്ഥലം ഇവിടെയായിരിക്കണം.

ഈ മൂലയിൽ ഒരു പ്രവേശന കവാടം അഥവാ ഗേറ്റ് ഉണ്ടാകുന്നത് ശ്രേഷ്ഠമാണ്. അത് വീട്ടിലേക്കുള്ള ഐശ്വര്യത്തെയും പോസിറ്റീവ് എനർ ജിയും വർധിപ്പിക്കും എന്നാണ് വിശ്വാസം. വീടിൻറെ ദർശനം വടക്ക് കിഴക്കേ മൂലയിൽ ആവുന്നത് വളരെ ഐശ്വര്യം നൽകുന്നതാണ്. ബിസിനസ് സ്ഥാപനങ്ങളുടെ റിസപ്ഷൻ ഈ ദിശയിൽ ആണെങ്കിൽ വ്യാപാരം വർധിക്കുന്നതാണ്. ഇല്ലിമുള ഈശാന കോണിൽ നടുന്നത് സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കും.

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് നാടിന്റെ യാത്രാമൊഴി

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് നാടിന്റെ യാത്രാമൊഴി. അന്തരിച്ച മലയാള സിനിമ നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ പെരിയാറിന്റെ തീരത്തെ ശ്രീപീഠം വീട്ടുവളപ്പില്‍ നടന്നു. ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയായിരുന്നു യാത്രയയപ്പ്.
ഇന്നലെ വൈകിട്ടാണ് കവിയൂര്‍ പൊന്നമ്മ വിടപറഞ്ഞത്. രാവിലെ 9 മുതല്‍ 12 വരെ കളമശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് തന്നെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. കവിയൂര്‍ പൊന്നമ്മയുടെ വിയോഗം അറിഞ്ഞു മലയാള സിനിമ മേഖലയിലെ ഏറെപ്പേര്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് ഇന്നലെ വൈകിട്ടുതന്നെ എത്തിയിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ്, നടിമാരായ മഞ്ജു പിള്ള, ജോമോള്‍, സരയൂ, സംവിധായകരായ സിബിമലയില്‍, ബി.ഉണ്ണിക്കൃഷ്ണന്‍, നടന്‍ ചേര്‍ത്തല ജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

ആമസോൺ മീറ്റിങ്ങിൽ ഒരു ആളില്ലാ കസേരയുണ്ടാകും, കാരണമറിയണമോ?

ആമസോൺ സ്ഥാപകന്‍ ജെഫ് ബെസോസ് കമ്പനിയിൽ പുലർത്തിയിരുന്ന വിചിത്രമായ ഒരു മീറ്റിങ് രീതി ചർച്ചയാകുകയാണ്. ബെസോസ് ഉള്ള സമയത്ത് ആമസോണിൽ മീറ്റിങ്ങുകൾ നടക്കുമ്പോൾ മറ്റെല്ലാവരും ഇരിക്കുന്ന ഇരിപ്പിടങ്ങൾക്കു സമീപം ഒരു ഒഴിഞ്ഞ കസേര സൂക്ഷിക്കുമായിരുന്നത്രേ. എന്തിനായിരുന്നു ഈ കസേര?

ബെസോസിന്റെ അഭിപ്രായപ്രകാരം മീറ്റിങ്ങിൽ പങ്കെടുക്കാത്ത, എന്നാൽ വലിയ പ്രാധാന്യമുള്ള ഒരു വിഭാഗത്തെ ഈ കസേര സൂചിപ്പിക്കുന്നു. ഉപഭോക്താക്കളാണ് ആ വിഭാഗം.ഉപഭോക്താക്കളുടെ സംതൃപ്തിയാണ് കമ്പനിയുടെ വിജയത്തിന്റെ പ്രധാന നട്ടെല്ലെന്ന് ബെസോസ് ഉറച്ചുവിശ്വസിച്ചിരുന്നത്രേ.

കൗബോയ് സംസ്കാരത്തിനു പേരുകേട്ട ന്യൂ മെക്സിക്കോയിലെ അൽബുക്കർക്കിലാണ് ബെസോസിന്റെ ജനനം 1964 ൽ.മോട്ടർ സൈക്കിൾ ഷോറൂം ഉടമയായ ടെഡ് ജോർഗൻസനിന്റെയും ജാക്‌ലിന്റെയും മകനായി. ബെസോസിന് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. ജാക്വിലിൻ താമസിയാതെ മിഗ്വൽ ബെസോസിനെ വിവാഹം കഴിച്ചു.

പഠനകാലത്തു തന്നെ കംപ്യൂട്ടറുകളോട് താൽപര്യം പുലർത്തിയ ബെസോസ്, പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി.തുടർന്ന് വാൾ സ്ട്രീറ്റിലും ചില ഇൻവെസ്റ്റ്മെന്റ് കമ്പനികളിലും ജോലി.ഇതിനിടെ ഡി.ഇ.ഷോ എന്ന പ്രശസ്തമായ ഇൻവെസ്റ്റ് കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ സീനിയർ വൈസ് പ്രസിഡന്റായി.

സിയാറ്റിലിലെ തന്റെ വീടിന്റെ ഗാരിജായിരുന്നു ഓൺലൈൻ ബുക്സ്റ്റോറായി ആമസോണിന്റെ ആദ്യ ഓഫിസ്. ഇവിടെ ആമസോൺ ഡോട് കോം എന്നെഴുതിയ ബാനറിനു താഴെ ഒരു കംപ്യൂട്ടറുമായി ഇരിക്കുന്ന ബെസോസിന്റെ ചിത്രം ലോകപ്രശസ്തമാണ്.

ആമസോൺ തുടങ്ങിയ കാലം തൊട്ടുതന്നെ വെന്നിക്കൊടിയേന്തി. ആദ്യ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ അൻപതോളം രാജ്യങ്ങളിൽ പുസ്തകം വിൽക്കാൻ ഓൺലൈൻ ബുക്‌സ്റ്റോറിനു സാധിച്ചു. രണ്ടുമാസങ്ങൾക്കുള്ളിൽ ഇരുപതിനായിരം യുഎസ് ഡോളർ വരുമാനം ശേഖരിക്കാൻ കമ്പനിക്കു കഴിഞ്ഞു.1997 ആയപ്പോഴേക്കും ഇ കൊമേഴ്സ് രംഗത്തെ മാർക്കറ്റ് ലീഡറായി ആമസോൺ മാറി.

ആമസോണിനൊപ്പം ബെസോസും വളർന്നു. 2013ൽ വിഖ്യാത ദിനപത്രമായ വാഷിങ്ടൻ പോസ്റ്റിന്റെ ഉടമസ്ഥാവകാശം അദ്ദേഹം 25 കോടി യുഎസ് ഡോളറിന് സ്വന്തമാക്കി. നാലു തലമുറകളായി പത്രത്തിന്റെ ഉടമകളായിരുന്ന ഗ്രഹാം കുടുംബത്തിൽ നിന്നായിരുന്നു ഈ വാങ്ങൽ.

2000 ലാണ് അദ്ദേഹം ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശകമ്പനിക്ക് ജനനമേകിയത്. ബ്ലൂ ഒറിജിന്റെ സിദ്ധാന്തം ലളിതമായിരുന്നു. പണം നൽകാൻ തയാറുള്ള എല്ലാ ഉപയോക്താക്കൾക്കും ബഹിരാകാശത്തെത്താൻ അവസരമൊരുക്കുക. ഒന്നരപ്പതിറ്റാണ്ടോളം നിശബ്ദതയിൽ കഴിഞ്ഞ ബ്ലൂ ഒറിജിൻ ഒടുവിൽ എല്ലാ ശക്തിയോടെയും ബഹിരാകാശത്തു നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇന്നത്തെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. നാസയുടെ ഒട്ടേറെ പ്രോഗ്രാമുകളിലും ബ്ലൂ ഒറിജിൻ പങ്കാളിയാണ്.

ഇതോടൊപ്പം തന്നെ കുറെയേറെ കാരുണ്യപദ്ധതികൾക്കും ബെസോസ് തുടക്കമിട്ടു.ബെസോസ് ഡേ വൺ ഫണ്ട്, ബെർക്‌ഷയർ ഹാത്ത്‌വെ, ജെപി മോർഗൻ എന്നിവരുമായി ചേർന്നുള്ള ആരോഗ്യപദ്ധതി, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള എർത്ത് ഫണ്ട് തുടങ്ങിയവ ഇതിൽ പെടും.

1993ൽ മക്കിൻസിയുമായി ബെസോസിന്റെ വിവാഹം.വളരെ നിശബ്ദമായ സ്വകാര്യജീവിതമായിരുന്നു ബെസോസിന്റേത്.ഇതിനിടെ ടിവി അവതാരകയായ ലോറൻ സാഞ്ചസുമായി ബെസോസ് അടുപ്പത്തിലായി. ലോറനുമായുള്ള അടുപ്പം ബെസോസിന്റെ വിവാഹജീവിതത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. 2019 ജനുവരിയിൽ ഇവർ വേർപിരിഞ്ഞു. 3700 കോടി യുഎസ് ഡോളറാണ് വിവാഹ മോചനത്തിന്റെ ഭാഗമായി മക്കിൻസിക്ക് ലഭിച്ചത്. ഇതോടെ അവർ ലോകത്തിലെ ഏറ്റവും ധനികയായ നാലാമത്തെ വനിതയായി.