ചാത്തന്നൂര്‍: യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രി 8.30-നാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ മീനാട് പാലമുക്കിലെ വീട്ടില്‍ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരിശോധനയ്ക്കിടയാണ് യുവതി തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മക്കള്‍: ധനശ്രീ, ദിയ ലക്ഷ്മി.
യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഓയൂര്‍: വെളിയം പരുത്തിയറയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗ് കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൊല്ലം മയ്യനാട് കൊന്നയില്‍ കിഴക്കതില്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ ദേവദത്തന്‍ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.50 നായിരുന്നു സംഭവം. പൂയപ്പള്ളി ഭാഗത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ദേവദത്തന്റെ ബൈക്കും എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസും വെളിയം പരുത്തിയറ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. പൂയപ്പള്ളി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
സൂപ്പര്‍ സ്മാർട്ട് ഓട്ടോ ഡ്രൈവർ! കേന്ദ്രമന്ത്രിയടക്കം ചിത്രം പങ്കുവെച്ച് പ്രശംസിച്ചു, ‘ഡിജിറ്റൽ ഇന്ത്യ മാജിക്’
ബെംഗളൂരു: ഓട്ടോ കൂലി വാങ്ങുന്നതിനായി ബംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് രീതിയെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡ്രൈവർ യുപിഐ പേയ്‌മെന്‍റുകൾക്കായി ക്യുആർ കോഡ് സ്‌കാനറുള്ള ഒരു സ്മാർട്ട് വാച്ച് ധരിച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. യുപിഐ വന്നതോടെ പേയ്‌മെൻ്റുകൾ വളരെ എളുപ്പമായി എന്ന് കുറിച്ചാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. വിശ്വജീത്ത് എന്നയാളാണ് എക്സില്‍ ആദ്യം ഈ പോസ്റ്റ് പങ്കുവെച്ചത്.
ഓട്ടോ ഡ്രൈവറുടെ ആധുനിക സമീപനത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറെ പ്രശംസിക്കുന്നുണ്ട്. ‘ഇത് പുതിയ ഇന്ത്യയുടെ ചിത്രമാണ്’ എന്നും ‘ജീവിതത്തിന്‍റെ ട്രെൻഡുകൾ ബെംഗളൂരു എങ്ങനെ തുടരുന്നു’വെന്ന് ചിത്രം കാണിക്കുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. ഇതാണ് ഡിജിറ്റൽ ഇന്ത്യയുടെ മാജിക് എന്നും ഒരാൾ അഭിപ്രായപ്പെട്ടു.
നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2016ൽ ആരംഭിച്ച യുപിഐ, പേയ്‌മെന്‍റുകളില്‍ പുതിയ വിപ്ലവമാണ് സൃഷ്ടിച്ചത്. ഈ സാങ്കേതികവിദ്യ, അതിൻ്റെ അനായാസതയ്‌ക്കായി വ്യാപകമായി സ്വീകരിച്ചു, ഒരു ഓട്ടോ യാത്രയ്‌ക്ക് പണം നൽകുന്നത് പോലെ ദൈനംദിന ഇടപാടുകൾ പോലും ആക്കിയിട്ടുണ്ട്.
എആർഎമ്മിനെ തൂക്കി കിഷ്‍കിന്ധാ കാണ്ഡം, അതും ബഹുദൂരം മുന്നിൽ, ഞെട്ടിച്ച് ആസിഫ് അലി
മലയാളത്തില്‍ അടുത്തിടെ ഒരു സര്‍പ്രൈസ് ചിത്രമായി കിഷ്‍കിന്ധാ കാണ്ഡം മാറിയെന്നാണ് റിപ്പോര്‍ട്ട്. ഓണത്തിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം കളക്ഷനില്‍ വൻ മുന്നേറ്റമുണ്ടാക്കുന്നു. അജയന്റെ രണ്ടാം മോഷണമായിരുന്നു ഓണത്തിന് ആദ്യം മുന്നിട്ട് നിന്നത്. എന്നാല്‍ കിഷ്‍കിന്ധാ കാണ്ഡം സിനിമ തിയറ്ററില്‍ കണ്ടവര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയതോടെ എആര്‍എമ്മിന്റെ ടിക്കറ്റ് വില്‍പന പിന്നിലായിരിക്കുകയാണ്.
ടിക്കറ്റ് വില്‍പന ബുക്ക് മൈ ഷോയില്‍ ഇന്ത്യയില്‍ ഒന്നാമത് ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാണ്ഡമാണ്. ശനിയാഴ്‍ചത്തെ 24 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലാണ് ആസിഫ് അലി നായകനായ ചിത്രം മുന്നിലെത്തിയത്. 1.34 ലക്ഷമാണ് കിഷ്‍കിന്ധാ കാണ്ഡത്തിന്റെ ടിക്കറ്റ് വിറ്റിരിക്കുന്നത്. എആര്‍എമ്മിന്റേതാകട്ടെ 24 മണിക്കൂറില്‍ 96000 ടിക്കറ്റുകളാണ് വിറ്റത്.
സ്‍ത്രീ 2വിന്റേതായി വിറ്റത് 74000 ടിക്കറ്റുകളും തുമ്പാഡിന്റെ 71000 എണ്ണവും വിജയ്‍യുടെ ദ ഗോട്ടിന്റെ എല്ലാ പതിപ്പിന്റേതുമായി 69000 ടിക്കറ്റുകളുമാണ് അഡ്വാൻസായി വിറ്റത്. ഇന്ത്യയില്‍ നിന്ന് മാത്രം 21.9 കോടി കിഷ്‍കിന്ധാ കാണ്ഡം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും കിഷ്‍കിന്ധാ കാണ്ഡം 50 കോടി ആഗോളതലത്തില്‍ അധികം വൈകാതെ നേടുമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബില്‍ നേരത്തെ ഇടം നേടിയിരുന്നു.
അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ജിതിൻ ലാല്‍ ആണ്. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുമുണ്ട്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.
വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
നാവില്‍ ചുവപ്പ് നിറവും വായില്‍ അള്‍സറും ഉണ്ടാകുന്നത് പലപ്പോഴും വിറ്റാമിന്‍ ബി 12 -ന്റെ കുറവു കൊണ്ടാകാം.
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
കൈകാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം.
വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
- മുട്ട
മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം.
- മത്സ്യം, ബീഫ്, ചിക്കന്‍
ചൂര, മത്തി പോലെയുള്ള മത്സ്യങ്ങള്‍, ബീഫ്, ചിക്കന്‍ തുടങ്ങിയവയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
- പാലുല്‍പന്നങ്ങള്‍
പാല്‍, യോഗര്‍ട്ട്, ചീസ് പോലെയുള്ള പാലുൽപന്നങ്ങളില്‍ നിന്നും വിറ്റാമിന്‍ ബി12 ലഭിക്കും.
- സോയ മിൽക്ക്
സോയ മിൽക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
- അവക്കാഡോ
അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
‘സമ്മർദത്തെ നേരിടാൻ വീട്ടിൽനിന്നു പഠിക്കണം’: അന്നയുടെ മരണത്തിൽ വിചിത്രവാദവുമായി നിർമല
ചെന്നൈ: ജോലി സമ്മർദത്തെ തുടർന്ന് അന്ന സെബാസ്റ്റ്യൻ മരിച്ചതിൽ വിചിത്ര പരാമർശവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ എന്നുമായിരുന്നു പരാമർശം. ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘‘രണ്ട് ദിവസം മുൻപ് ജോലി സമ്മർദം കാരണം ഒരു പെൺകുട്ടി മരണപ്പെട്ടതായി വാർത്ത കണ്ടു. കോളജുകൾ വിദ്യാർഥികളെ നന്നായി പഠിപ്പിക്കുകയും ക്യാംപസ് റിക്രൂട്ട്മെന്റിലൂടെ അവർക്ക് ജോലി നേടി കൊടുക്കുകയും ചെയ്യുന്നുണ്ട്. എത്ര വലിയ ജോലി നേടിയാലും സമ്മർദങ്ങളെ നേരിടാൻ വിട്ടീൽനിന്നും പഠിപ്പിച്ചു കൊടുക്കണം.
എങ്ങനെ സമ്മർദങ്ങളെ നേരിടണമെന്ന് വീട്ടിൽ നിന്നാണ് പഠിക്കേണ്ടത്. സമ്മർദങ്ങളെ നേരിടാൻ ഒരു ഉൾശക്തി ഉണ്ടാകണം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂ’’ – എന്നായിരുന്നു നിർമല സീതാരാമന്റെ വാക്കുകൾ.
ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
ശുചിമുറിയിലെ ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കടമ്പാറിലെ ഹാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടിക്ക് ഒരുവയസും രണ്ട് മാസവുമാണ് പ്രായം. അയല്‍പക്കത്തെ മറ്റ് കുട്ടികളോടൊപ്പം കളിക്കാന്‍ പോയിരിക്കുകയായിരുന്നു അതിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ വരാന്തയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്. കുട്ടിയെ കാണാതായപ്പോള്‍ വീട്ടില്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് ശുചിമുറിയിലെ ബക്കറ്റില്‍ വീണ് മരണപ്പെട്ട നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; പൊലീസും ഭരണകൂടവും സഹകരിക്കുന്നില്ല: തെരച്ചിൽ നിർത്തി മൽപെ
ഷിരൂർ: അർജുനു വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ. വെള്ളത്തിൽ മുങ്ങിയുള്ള തെരച്ചിലിന് അനുമതി നൽകാത്തതിനെ തുടർന്നാണ് മൽപെയും സംഘവും മടങ്ങിയത്. ഇനി ഷിരൂരിലേക്ക് ഇല്ലെന്നും ഉഡുപ്പിയിലേക്ക് മടങ്ങുകയാണെന്നും അറിയിച്ച മൽപെ അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ഡ്രജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ അതിന് സമീപത്തായി വെള്ളത്തിൽ മുങ്ങി പരിശോധന നടത്താനാവില്ലെന്നായിരുന്നു പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാട്. അതുകൂടാതെ ഡ്രജർ എത്തിച്ച ഗോവയിലെ കമ്പനി ഒരു ഡൈവറെയും ഷിരൂരിലെത്തിച്ചിരുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം അർജുൻ ഉൾപ്പെടെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി തെരച്ചിൽ നടത്തിയാൽ മതിയെന്ന നിർദേശത്തെ തുടർന്നാണ് മൽപെയുടെ മടക്കം. ഷിരൂർ ജില്ലാ ഭരണകൂടവും അർജുന്റെ കുടുംബത്തിനുവേണ്ടി തെരച്ചിലിന് ഇറങ്ങിയ മൽപെയുടെ സംഘവും തമ്മിൽ തുടക്കത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
‘മകന്റെ ഫീസടയ്ക്കാനായി എനിക്ക് യാചിക്കേണ്ടി വന്നു; കെജ്‌രിവാളാണ് കുടുക്കിയതെന്നു പറഞ്ഞു’
ന്യൂഡൽഹി; മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായതിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ തന്നെ തിരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായെന്ന് എഎപി നേതാവ് മനീഷ് സിസോദിയ. രണ്ടു മൂന്നു മാസത്തിനുള്ളിൽ കെജ്‌രിവാൾ തിരിച്ച് മുഖ്യമന്ത്രിപദത്തിലെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
‘‘അവർ എന്നെ തകർക്കാൻ ശ്രമിച്ചു. കെജ്‌രിവാളാണ് എന്നെ കുടുക്കിയതെന്നാണ് അവർ എന്നോടു പറഞ്ഞത്. അവർ കോടതിയിൽ മനീഷ് സിസോദിയയുടെ പേര് പറഞ്ഞത് അരവിന്ദ് കെജ്‌രിവാളാണെന്ന് പറഞ്ഞു. ജയിലിൽ വച്ച് എന്നോട് കെജ്‌രിവാളിന്റെ പേര് പറഞ്ഞാൽ രക്ഷപ്പെടാം എന്നു പറഞ്ഞു.’’ ജനതാ കി അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നോട് ബിജെപിയിലേക്ക് മാറാൻ നിർദേശിച്ചെന്നും സിസോദിയ പറഞ്ഞു. ‘‘അവരെന്നോട് എന്നെ കുറിച്ച് ചിന്തിക്കാൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ആരും ആരെക്കുറിച്ചും ചിന്തിക്കില്ലെന്ന് പറഞ്ഞു. എന്നോട് കുടുംബത്തെ കുറിച്ചും രോഗബാധിതയായ ഭാര്യയെ കുറിച്ചും മകനെ കുറിച്ചും ചിന്തിക്കാൻ പറഞ്ഞു. നിങ്ങൾ രാമനെയും ലക്ഷ്മണനെയും പിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഞാൻ അവരോട് പറഞ്ഞു. അതുചെയ്യാൻ ലോകത്തിലെ ഒരു രാവണനും ശക്തിയില്ലെന്നും ഞാൻ പറഞ്ഞു. കഴിഞ്ഞ 26 വർഷമായി കെജ്‌രിവാൾ എന്റെ സഹോദരനും രാഷ്ട്രീയത്തിൽ വഴികാട്ടിയുമാണ്.’’ സിസോദിയ പറഞ്ഞു.
താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.‘‘ 2002ൽ ഞാൻ മാധ്യമ പ്രവർത്തകനായിരുന്ന കാലത്ത്, അഞ്ചുലക്ഷം രൂപയുള്ള ഫ്ളാറ്റ് ഞാൻ വാങ്ങിയിരുന്നു. അത് പോയി. എന്റെ അക്കൗണ്ടിൽ 10 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. അതും എടുത്തു. മകന്റെ ഫീസടയ്ക്കാനായി എനിക്ക് യാചിക്കേണ്ടി വന്നു. ഞാനവരോട് പറഞ്ഞു എനിക്ക് മകന്റെ ഫീസടയ്ക്കേണ്ടതുണ്ടെന്ന്, ഇഡി എന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്. ’’- സിസോദിയ പറഞ്ഞു. ഏകദേശം ഒന്നരവർഷത്തോളമാണ് സിസോദിയ ജയിലിൽ കിടന്നത്. അറസ്റ്റിലായതിനെ തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു.
ജില്ലാ ഭരണകൂടവുമായി ഭിന്നത; അർജുൻ്റെ കുടുംബത്തോട് മാപ്പ്, ഷിരൂർ ദൗത്യം അവസാനിപ്പിച്ച് മാൽപെ
കർണ്ണാടക:
ഷിരൂർ ദൗത്യം അവസാനിപ്പിച്ച് ഇശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്‍റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെയോടെ തെരച്ചിലിനായി എത്തിയിരുന്ന മാൽപെയെ കോൺടാക്ട് പോയിന്‍റ് 4 ൽ ഇറങ്ങാൻ ഡ്രെഡ്ജിങ് കമ്പനി അനുവദിച്ചിരുന്നില്ല. പിന്നാലെ മാൽപെ നിരാശ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ദൗത്യത്തിൽ നിന്നും പിന്മാറി ഉടുപ്പിയിലേക്ക് പോവാനുള്ള മാൽപെയുടെ തീരുമാനം.
സ്വമേധയാ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജീവൻപോലും പണയംവെച്ചാണ് തിരച്ചിലിനായി ഇറങ്ങിയത്. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ല. എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ല, തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ. അർജുന്‍റെ വീട്ടിൽപോയ സമയത്ത് അവർക്കെല്ലാം വാക്ക് കൊടുത്തതാണ് ദൗത്യത്തിന്‍റെ അവസാന നിമിഷം വരെ തിരച്ചിലിന്‍റെ ഭാഗമായിരിക്കുമെന്ന്. എന്നാൽ ആ വാക്ക് തനിക്ക് പാലിക്കാനായില്ല. അർജുന്‍റെ കുടുംബത്തോട് മാപ്പു ചോദിക്കുന്നു”- മാൽപെ പറഞ്ഞു.





































