24.6 C
Kollam
Saturday 27th December, 2025 | 12:44:46 AM
Home Blog Page 2157

എം എം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകും,അപ്പീൽ പോകാൻ ആശ

കൊച്ചി. അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ വൈദ്യ പഠനത്തിനായി വിട്ടുനൽകും.ഹൈക്കോടതി നിർദേശിച്ച മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടേതാണ് തീരുമാനം.വിശ്വസനീയമായ സാക്ഷി മൊഴികളാണ് തീരുമാനമെടുക്കാൻ കാരണമെന്ന് പ്രിൻസിപ്പാൾ പ്രതാപ് സോമനാഥൻ വ്യക്തമാക്കി.കളമശ്ശേരി മെഡിക്കൽ കോളജിൽ വെച്ച് നടന്ന ചർച്ചയിൽ മക്കളായ ആശ ലോറൻസ്,സുജാത, എം എൽ സജീവൻ എന്നിവർ ഹാജരായി.സാക്ഷി മൊഴികൾ നൽകിയ ആളുകൾ കള്ളന്മാർ ആണെന്നും ഒരിക്കലും വിശ്വസിക്കരുതെന്നും ആശ ലോറൻസ് പൊട്ടിത്തെറിച്ചു.പ്രിൻസിപ്പാൾ ആരോഗ്യ മന്ത്രിയുടെയും സിപിഎമ്മിൻ്റെയും ഏജൻ്റ് ആയി പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു.

അതേ സമയം പ്രിൻസിപ്പാൾ ആശയുടെ അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി കളമശ്ശേരി പോലീസിൽ പരാതി നൽകി.ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകാൻ ആണ് ആശയുടെ തീരുമാനം.ഹൈക്കോടതിയിൽ നീതി ലഭിച്ചില്ലെങ്കിൽ സുപ്രീം കോടതി വരെ പോരാട്ടം തുടരുമെന്നും ആശ ലോറൻസ് പറഞ്ഞു .

പുനർഗേഹം, മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മാണം അന്തിമഘട്ടത്തിൽ

തിരുവനന്തപുരം. പുനർഗേഹം പദ്ധതിയിൽ തിരുവനന്തപുരം മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മാണം അന്തിമഘട്ടത്തിൽ. മത്സ്യത്തൊഴിലാളികൾക്കായി 81 കോടി രൂപ ചിലവിൽ 400 ഫ്ളാറ്റുകളാണ് മുട്ടത്തറയിൽ നിർമ്മിക്കുന്നത്. വർഷാവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കുമെന്നും 2025 ഫെബ്രുവരിയിൽ മത്സ്യത്തൊഴിലാളികൾക്ക് കൈമാറാൻ കഴിയുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മുട്ടത്തറയിലെ ഫ്ലാറ്റുകളുടെ നിർമ്മാണം അടുത്ത വര്ഷം പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിട്ടിരുന്നത് . പ്രവർത്തനങ്ങൾ വേഗത്തിലായതോടെ ഈ വര്ഷം ഡിസംബറിൽ തന്നെ നിർമ്മാണം പൂർത്തിയാകും. റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി പൂർത്തിയായാൽ അടുത്ത വര്ഷം ആദ്യം തന്നെ മത്സ്യത്തൊഴിലാളികൾക്ക് ഫ്ളാറ്ററുകൾ കൈമാറുമെന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ഫിഷറീസ് മന്ത്രി സജി ചെറിയാൻ.

UDF സർക്കാരിന്റെ കാലത്താണ് മത്സ്യത്തൊഴിലാളികൾക്ക് വീടുകൾ നഷ്ടപ്പെട്ടത്. വീടുനഷ്ടപ്പെട്ടവർക്ക് അവർ സഹായം ചെയ്തില്ല എന്നും LDF സർക്കാരാണ് വീടുകൾ വെച്ച് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കാണ് മുട്ടത്തറയിൽ 400 ഫ്ളാറ്ററുകൾ നിർമ്മിക്കുന്നത്.

ഇങ്ങനെയൊക്കെ പറയാമോ…,സിദ്ദിഖിനെ പിടികൂടാത്തത്തിനെ വിമർശിച്ച് ജനയുഗം, ഉന്നതരുടെ നോട്ടത്തില്‍ സുരക്ഷിതനായി സിദ്ദിഖ്

തിരുവനന്തപുരം. സിദ്ദിഖിനെ പിടികൂടാത്തത്തിൽ പോലീസിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നത്തിൽ പൊലീസിന് അമാന്തമുണ്ടായോ എന്ന് സംശയം. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസ് സ്വീകരിച്ച ജാഗ്രത സിദ്ദിഖിൻ്റെ കാര്യത്തിൽ ഉണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങിനെ കുറ്റപ്പെടുത്തും എന്നാണ് പത്രം ചോദിക്കുന്നത്.

പീഡകസ്ഥനത്ത് പ്രമുഖരാണ്. കേസിനെ സ്വാധീനിക്കാൻ പണവും പ്രാപ്തിയും ഉണ്ടാകും. നീതി ഉറപ്പാക്കാൻ അന്വേഷണ സംഘം ഉണർന്നു പ്രവർത്തിക്കും എന്ന് പ്രത്യാശിക്കാം എന്നും പത്രം .

അതിനിടെ ഉന്നതതല ഇടപെടല്‍ സിദ്ദിഖിന് തുണയായി എന്നാണ് വിവരം. ഒളിച്ചുകളിച്ച് തുടരുകയാണ് അന്വേഷണസംഘം. വ്യക്തമായ വിവരം ലഭിച്ചിട്ടും സിദ്ദിഖിനെ പിടികൂടാതെ അന്വേഷണസംഘം വിട്ടതായാണ് ആക്ഷേപം. സുപ്രീംകോടതിയെ സമീപിക്കും മുൻപ് തന്നെ സിദ്ദിഖിനെ പിടികൂടേണ്ട എന്ന നിർദ്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് അറിവ്.

അന്വേഷണസംഘം ആലുവയിൽ തന്നെ ക്യാമ്പ് ചെയ്യുന്നു. സിദ്ദിഖിന്റെ ഒരു വാഹനത്തിന്റെ ജിപിഎസ് സംവിധാനം വിച്ഛേദിക്കപ്പെട്ട നിലയിൽ ആണ്. ജിപിഎസ് ട്രാക്ക് ചെയ്യാൻ ആവാതെ പോലീസ്

ജിപിഎസ് അവസാനം ട്രാക്ക് ചെയ്തത് പൊന്നാനി എത്തുന്നതിനു മുൻപ് വെളിയംകോട് എന്ന സ്ഥലത്ത്. അവിടെനിന്ന് ജിപിഎസ് സംവിധാനം വിച്ഛേദിച്ചു. അറസ്റ്റിന് തടയിട്ടത് ഉന്നതല ഇടപെടൽ എന്ന് ആക്ഷേപം

സിദ്ദിഖിനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും നോട്ടീസ് അയച്ചുനൽകി. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നോട്ടീസ് നൽകി. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കണമെന്നും നിർദേശം ഉണ്ട്.

നീലഗിരി ചേരമ്പാടിയിൽ മലയാളി കാട്ടാന ആക്രമണത്തിൽ മരിച്ചു

വയനാട് .തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് സ്വദേശി വി ടി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അന്തർസംസ്ഥാന പാത നാട്ടുകാർ ഉപരോധിച്ചു


പുലർച്ചെ വീട്ടുമുറ്റത്ത് ശബ്ദം കേട്ട് പുറത്തിറങ്ങിയ കുഞ്ഞുമൊയ്തീനെ ആന കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിനിടെ നാലുപേരാണ് ഇവിടെ കാട്ടാനക്കലിക്ക് ഇരകളായിട്ടുള്ളത്.ഇതോടെ പ്രതിഷേധമാണ് അണപൊട്ടി.

കോഴിക്കോട് ഊട്ടി അന്തർ സംസ്ഥാനപാത ഉപരോധിച്ച ആയിരുന്നു പ്രതിഷേധം. കുടുംബത്തിൽ ഒരാൾക്ക് ജോലിയും നഷ്ടപരിഹാരവും നൽകുമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്. കുങ്കി ആനകളെ ഉപയോഗിച്ച് കാട്ടാനയെ തുരത്തും എന്നും അധികൃതർ ഉറപ്പ് നൽകി

മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കണ്ണൂര്‍: മുന്‍ എം.എല്‍.എ.യും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു
അന്ത്യം. വാഹന അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം
സെപ്റ്റംബര്‍ നാലിന് ഉച്ചയ്ക്ക് ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തില്‍ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം.

1987-ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍നിന്നാണ് അദ്ദേഹം കേരള നിയമസഭയിലെത്തിയത്. കാസര്‍കോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡി.സി.സി. പ്രസിഡന്റ് ആയിരുന്നു കുഞ്ഞിക്കണ്ണന്‍

പ്രശ്നക്കാരായ കാട്ടാനകളെ തുരത്താനുള്ള പ്രത്യേക ദൗത്യം 9 മണിക്ക് തുടങ്ങും

മൂന്നാര്‍. മറയൂർ,കാന്തല്ലൂർ ജനവാസ മേഖലയിൽ ഇറങ്ങിയ പ്രശ്നക്കാരായ കാട്ടാനകളെ തുരത്താനുള്ള പ്രത്യേക ദൗത്യം 9 മണിക്ക് തുടങ്ങും. പ്രശ്നക്കാരായ അഞ്ച് ആനകളാണ് ജനവാസ മേഖലയിൽ മൂന്നുമാസമായി തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആളുകളെ ആക്രമിച്ച മോഴ ആനയെ തുരത്തുന്നതിനാണ് പ്രഥമ പരിഗണന

ചിന്നാർ വനത്തിലേക്കാണ് ആനകളെ തുരത്തുക. മറയൂർ ഡി എഫ് ഓ സുഹൈബിന്റെ നേതൃത്വത്തിൽ 80 പേർ അടങ്ങുന്ന സംഘം 5 ടീമുകളായാണ് ദൗത്യം

സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം – 2024

കരുനാഗപ്പള്ളി -എഴുത്തുകാരനും, വിദ്യാഭ്യാസ വിദഗ്ധനും, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ അവാർഡിനായി കൃതികൾ ക്ഷണിച്ചു.2020,2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലിന് 25000 രൂപയും പ്രശസ്തിപത്രവും, ഫലകവുമാണ് അവാർഡ്.ഒക്ടോബർ 24 ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ചേരുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. പുസ്തകത്തിൻ്റെ 4 കോപ്പികൾ ഒക്ടോബർ 10 ന് മുമ്പായി കൺവീനർ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല, ടൗൺ ക്ലബ്ബ്, കരുനാഗപ്പള്ളി – 690518, ഫോൺ 9447479905, 9447398718

പുതിയ ചുമതലകളിൽ സ്വയം മാതൃകകളാകാൻ കഴിയണം, രാജൻ കരൂർ

‘കൊല്ലം – ഉത്തരവാദിത്വമുള്ള പദവികളിലും അധികാരസ്ഥാനങ്ങളിലും ചുമതലകളിലും പുതിയതായി നിയോഗിക്കപ്പെടുന്നവർക്ക് സ്വയം മികച്ച മാതൃകകളായി മാറാൻ കഴിയണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം (ആർ എസ് എസ്) ദക്ഷിണകേരള പ്രാന്ത വ്യവസ്ഥാ പ്രമുഖ് രാജൻ കരൂർ അഭിപ്രായപ്പെട്ടു. കേരള സർവകലാശാലാ സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാറിന് ജില്ലാ കമ്മിറ്റി പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുൻ അനുഭവങ്ങളോ പ്രവർത്തന പരിചയമോ ഇല്ലാതെ വ്യത്യസ്ത വഴികളിലൂടെ വിജയകരമായി സഞ്ചരിച്ച് മികച്ച മാതൃകകളായി മാറിയിട്ടുള്ളവരെയാണ് സമൂഹം അംഗീകരിക്കുകയെന്നും രാജൻ കരൂർ കൂട്ടിച്ചേർത്തു.

എൻ ടി യു ജില്ലാ പ്രസിഡണ്ട് എസ് കെ ദിലീപ് കുമാർ അധ്യക്ഷനായിരുന്നു. ആർ എസ് എസ് പ്രാന്തീയ കാര്യകാരീ സദസ്യനും ജന്മഭൂമി പ്രിൻ്റർ ആൻ്റ് പബ്ലിഷറുമായ വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മഹാനഗർ സഹ സംഘചാലക് ഡോ. മോഹൻ, ബി ജെ പി ദേശീയ സമിതിയംഗം എം എസ് ശ്യാംകുമാർ, അഭിഭാഷക പരിഷത്ത് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ആർ രാജേന്ദ്രൻ, പരിസ്ഥിതി സംരക്ഷണ സമിതി ജില്ലാ സംയോജക് എസ് രഞ്ചൻ, കേരള എൻ ജി ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്യ, പെൻഷണേഴ്സ് സംഘ് ജില്ലാ സെക്രട്ടറി ഡി ബാബു പിള്ള, എൻ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എം ടി സുരേഷ് കുമാർ, ആർ ജിഗി, ട്രഷറർ കെ കെ ഗിരീഷ് കുമാർ, വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി, പ്രൈമറി വിഭാഗം കൺവീനർ പാറങ്കോട് ബിജു, ദക്ഷിണമേഖലാ സെക്രട്ടറി ജെ ഹരീഷ് കുമാർ, സംസ്ഥാന സമിതിയംഗങ്ങളായ ടി ജെ ഹരികുമാർ, ബി പി അജൻ, അനിത ജി നായർ, ലേഖാ ജി നായർ, ജില്ലാ ഭാരമാഹികളായ ആർ ശിവൻപിള്ള, ആർ ഹരികൃഷ്ണൻ, സന്ധ്യാകുമാരി കെ ആർ, ശ്രീജിത്ത് പി.എസ്,ഷീബ പി ജി, രാജേഷ് അർക്കന്നൂർ, ജില്ലാ വനിതാ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത് മുതലായവർ സംസാരിച്ചു. എസ് കെ ദീപു സ്വാഗതവും എ ജി കവിത നന്ദിയും പറഞ്ഞു. ജില്ലാ സമിതിയുടെ ഉപഹാരം ജില്ലാ പ്രസിഡണ്ടും ഉപജില്ലകളുടേത് ഉപജില്ലാ ഭാരവാഹികളും സമ്മാനിച്ചു.

കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സായാഹ്നം നടത്തി

ചക്കുവള്ളി. കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഫിയ കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപെട്ടുകൊണ്ട് ചക്കുവള്ളി ടൗണിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. കെ പി സി സി അംഗം എം വി. ശശികുമാരൻ നായർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അനിൽ കാരക്കാട് അധ്യക്ഷധ വഹിച്ചു. ഡി സി സി ഭാരവാഹികളായ, പി കെ. രവി, കാഞ്ഞിരവിള അജയകുമാർ,കെ. സുകുമാരൻ നായർ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി,ഐ എൻ ടി യൂ സി നേതാവ് എസ്. സുഭാഷ്, മഹിളാ കോൺഗ്രസ്‌ നേതാവ് സി. സരസ്വതി അമ്മ,മഹിളാ കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ജയശ്രീ, പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, സി കെ. പൊടിയൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ ആർ ഡി. പ്രകാശ്, പ്രസന്നൻ വില്ലടൻ, ചക്കുവള്ളി നസീർ, പദ്മസുന്ദരൻ പിള്ള, ശശി ഏഴാംമൈൽ, രവി കുമാർ, സുകേഷ്, മുൻ മണ്ഡലം പ്രസിഡന്റ്‌മാരായ കൊമ്പിപള്ളിൽ സന്തോഷ്‌, നാസർ കിണറുവിള,സദാശിവൻപിള്ള,ടി എ. സുരേഷ് കുമാർ, എസ്. ശ്രീകുമാർ, രാജൻ അമ്പലത്തും ഭാഗം എന്നിവർ സംസാരിച്ചു.

കാലികള്‍ക്ക് ബ്രൂസല്ലോസിസ് രോഗം: പ്രതിരോധ കുത്തിവയ്പ് തുടങ്ങി

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയില്‍ കന്നുകാലികള്‍ക്കുള്ള കുത്തിവയ്പ് ക്യാമ്പുകള്‍ ആരംഭിച്ചു. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന കുത്തിവയ്പിലൂടെ പൂര്‍ണ്ണരോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശു, എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുക. ഒരിക്കല്‍ കുത്തിവയ്പിനു വിധേയമായാല്‍ ജീവിതകാലം മുഴുവന്‍ ബ്രൂസല്ല രോഗത്തില്‍ നിന്നും പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ബ്രൂസല്ല രോഗനിയന്ത്രണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇതോടെ തുടക്കമായത.് ജില്ലയിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ 165 സ്‌ക്വാഡുകള്‍ കുത്തിവയ്പ് ക്യാമ്പയിനായി രൂപീകരിച്ചിട്ടുണ്ട്. പി.പി.ഇ കിറ്റുകള്‍ ധരിച്ചാണ് സ്‌ക്വാഡുകള്‍ കുത്തിവയ്പിനായി ഇറങ്ങുക. ക്ഷീര സംഘങ്ങള്‍, സന്നദ്ധ സംഘടനകളുടെ ഓഫീസുകള്‍ , കര്‍ഷക സംഘടന ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ് ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാക്‌സിന്‍ ബോക്‌സുകള്‍ കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍.അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍, വകുപ്പിലെ അസി പ്രോജക്ട് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.